കഥകളുടെ തമ്പുരാന് ഇന്ന് ജന്മദിനം

ഭാവന ഉത്തമന്‍

മലയാള സാഹിത്യത്തിന്റെ സാമ്രാട്ട്, സ്വാതന്ത്രസമര പോരാളി, പ്രശസ്ത നോവലിസ്റ്റ് കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാള മണ്ണിന്റെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളും, കഥാപാത്രങ്ങളും, കഥാസന്ദർഭങ്ങളും നമ്മെ അനുഭൂതിയുടെ അങ്ങേ തലത്തിലേക്ക് എത്തിക്കുവാൻ കഴിവുള്ളവയാണ്. ആത്മാംശം കലർന്ന ഇതിവൃത്തം വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളുടെ മാത്രം സവിശേഷതയാണ്. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ യഥാർത്ഥത്തിൽ മലയാള സാഹിത്യ ശാഖയുടെ തന്നെ സുൽത്താനാണ്.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ ( വൈക്കം) 1908 ജനുവരി 21നാണ് വൈക്കം മുഹമ്മദ് ബഷീർ ജനിക്കുന്നത്. കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും ആറു മക്കളിൽ മൂത്ത മകനായിരുന്നു ബഷീർ. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. കരുത്തുറ്റ സ്വാതന്ത്രസമര പോരാളി കൂടിയായിരുന്നു ബഷീർ. അഞ്ചാം തരത്തിൽ പഠിക്കുന്ന കാലഘട്ടത്തിൽ കേരളത്തിലെത്തിയ ഗാന്ധിയെ കാണാൻ നാട്ടിൽ നിന്നും ഒളിച്ചോടിയ ഒരു ചെറു ബാലകന്റെ കഥ നമ്മളിൽ ചിരി ഉണർത്തുമെങ്കിലും അത് ബഷീറിന്റെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു.

1930 കോഴിക്കോട് വെച്ച് നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുകയും ജയിലിലാവുകയും ചെയ്തു. എന്നാൽ ഇതൊന്നും ബഷീറെന്ന യുവാവിനെ തളർത്തിയില്ല. പിന്നീട് തന്റെ നേതൃത്വത്തിൽ ഒരു തീവ്രവാദ സംഘടനയ്ക്ക് രൂപം നൽകുകയും സംഘടനയുടെ മുഖപത്രമായ ഉപജ്ജീവനത്തിൽ പ്രഭ എന്ന തൂലികാനാമത്തിൽ ലേഖനങ്ങളെഴുതി.വാരിക പിന്നീടു കണ്ടുകെട്ടി.

ബഷീർ മലയാള സാഹിത്യ ലോകത്ത് നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. ഒട്ടനവധി നോവലുകളും കഥകളും, ചെറുകഥകൾ,ലേഖനങ്ങൾ,തിരക്കഥകൾ എന്നിവ അദ്ദേഹത്തിന്റെ പേരിലുണ്ട്. ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ചിരിക്കുന്ന മരപ്പാവ, വിശപ്പ്, അനർഘ നിമിഷം, ധർമ രാജ്യം, പ്രേമലേഖനം, വിശ്വവിഖ്യാതമായ മൂക്ക്, നീലവെളിച്ചം, ഭാർഗവീ നിലയം, പൂവൻപഴം, ജീവിതനിഴൽപ്പാടുകൾ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സൃഷ്ടികൾ. പ്രേമലേഖനമാണ് ബഷീറിന്റെ ആദ്യ നോവൽ. ഇതിൽ ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ വിവിധ ഭാഷകളിൽ തർജ്ജിമ ചെയ്തിട്ടുണ്ട്. ബഷീറിനെ മതിലുകൾ എന്ന നോവൽ സിനിമയാക്കിയപ്പോൾ മലയാളക്കര ഒട്ടാകെ വൻ വിജയമായിരുന്നു. ഇതിൽ ബഷീറായി വേഷമിട്ടത് മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയാണ്. സ്ത്രീ കഥാപാത്രങ്ങൾ ആരുംതന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രമാണ് മതിലുകൾ. ഇതിൽ സ്ത്രീ സാന്നിധ്യമായി കെ.പി.എ.സി ലളിതയുടെ ശബ്ദമാണ് നൽകിയിരിക്കുന്നത്.

ബഷീറിന്റെ കഥയിലെ ഓരോ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും നമുക്കുചുറ്റുമുള്ളതു തന്നെ. ഹാസ്യം കൊണ്ട് ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാകൃത്ത്. സമൂഹത്തിലെ അവഗണിക്കപ്പെട്ട ജനതയുടെ ജീവിതമാണ് അദ്ദേഹത്തിന് കഥയായത്. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളുംനിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇന്നും ബഷീറിന്റെ കഥാപാത്രങ്ങൾ മലയാളി മനസ്സുകൾ നെഞ്ചിലേറ്റുന്നു. ബഷീറിന്റെ വേർപാട് മലയാള സാഹിത്യ ലോകത്തിന്റെ തന്നെ എക്കാലത്തെയും മായാത്ത മുറിവാണ്.1982ലെ ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ പുരസ്കാരം ,1970 ലെ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ,1981ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1987ലെ കാലിക്കറ്റ് സർവ്വകലാശാലയുടെ ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ ബിരുദം,1987ലെ സംസ്കാരദീപം അവാർഡ്, 1992ലെ പ്രേംനസീർ അവാർഡ്, 1992ലെ ലളിതാംബിക അന്തർജ്ജനം അവാർഡ് ,1993ലെ മുട്ടത്തുവർക്കി അവാർഡ് ,1993ലെ വള്ളത്തോൾ പുരസ്കാരം‌ എന്നിവയും ലഭിച്ചു.

1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു. ഭാര്യ: ഫാത്തിമ ബീവി, മക്കൾ : അനീസ്, ഷാഹിന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!