സത്യന്‍ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്


പാര്‍വതി


സത്യന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് പിന്നിടുന്നു. തന്‍റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച ആ അനശ്വര നടന്‍റെ വിടവ് നികത്താന്‍ ഒരു സൂപ്പര്‍ താരത്തിനും കഴിഞ്ഞിട്ടില്ലെന്നത് വാസ്തവമാണ
തന്‍റേതായ അഭിനയ ശൈലി കൊണ്ട് സിനിമയിലെ നിറസാന്നിധ്യമായി മാറിയ പ്രതിഭയാണ് സത്യന്‍. സ്വാഭാവിക അഭിനയത്തിന് തുടക്കം കുറിച്ച ആദ്യകാല നടന്മാരിൽ ഒരാളാള്‍ കൂടിയാണ് അദ്ദേഹം. അഭിനയിക്കാന്‍ വേണ്ടി പോലീസ് ഉദ്യോഗം രാജിവച്ച മാനുവൽ സത്യനേശൻ എന്ന സത്യൻ മാഷിൻറെ കയ്യൊപ്പു പതിഞ്ഞഇടങ്ങിലേക്ക് ഒരു എത്തിനോട്ടം.

1912 നവംബര്‍ 9 ന് തിരുവനന്തപുരത്ത് ചെരുവിലകത്തു വീട്ടില്‍ മാനുവേലിന്റെയും എമിലിയുടെയും മൂത്ത മകനായി ജനനം.വിദ്വാന്‍ പരീക്ഷയില്‍ വിജയിച്ച് തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളില്‍ അദ്ധ്യായപകനായി ജോലി ചെയ്തു. അതിനുശേഷം ഒരു വര്‍ഷം ഗുമസ്തനായി സെക്രട്ടറിയേറ്റില്‍. പിന്നീട് രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. സൈന്യത്തില്‍ നിന്നും പോലീസിൽ ചേർന്നു്. പുന്നപ്ര _വയലാര്‍ കലാപം നടക്കുമ്പോൾ സത്യനായിരുന്നു ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍. ഈ സമയത്ത് ജെസ്സിയെ വിവാഹം ചെയ്തു. പ്രകാശ്, സതീഷ്, ജീവന്‍ എന്നീ മൂന്ന് കുട്ടികളും ഇവര്‍ക്ക് പിറന്നു. കാക്കി കുപ്പായത്തിനുള്ളിൽ നിന്നും നിരവധി അമേച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. ഇത് അഭിനയത്തോടുള്ള താല്‍പര്യം ഇരട്ടിയാക്കി. സിനിമയില്‍ മുഖം കാണിക്കണമെന്നുള്ള ആഗ്രഹവും മനസ്സില്‍ നിറഞ്ഞു. അതിനായി പല വാതിലുകളിലും മുട്ടി. ആദ്യം അവസരങ്ങൾ നിഷേധിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിൻറെ താല്പര്യം പോലെ എല്ലാം വന്നുചേർന്നു.


അങ്ങനെ ആദ്യ ചിത്രമായ ആത്മസഖി 1952 ൽ പുറത്തിറങ്ങി. സത്യനെ പ്രശസ്തനാക്കിയത് നീലക്കുയില്‍ എന്ന ചിത്രമാണ്. പോലീസ് ഉദ്യോഗസ്തന്‍റെ പദവിയിൽ ഇരിക്കുമ്പോൾ സിനിമയില്‍ അഭിനയിക്കുന്നതിനോട് മേലുദ്യോഗസ്ഥരില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നു. അതേ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും രണ്ടു ചിത്രങ്ങൾ ചെയ്തു.


നിരവധി പ്രശസ്ത സംവിധായകരുടെ കൂടെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഓടയില്‍ നിന്ന് എന്ന ചിത്രത്തിലെ പപ്പുവും, ദാഹത്തിലെ ജയരാജനും, യക്ഷിയിലെ പ്രൊഫസര്‍ ശ്രീനിയും എല്ലാം സത്യന്റെ അഭിനയ മികവിന് തെളിവായി അവശേഷിക്കുന്നു. കഥാപാത്രങ്ങളുടെ പട്ടിക നോക്കിയാല്‍ ചെമ്മീനിലെ പളനി ആണ് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്.

1969 ലെ കടൽപ്പാലം എന്ന ചിത്രത്തിലെ അഭിനയം മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. കരകാണാക്കടൽ എന്ന ചിത്രം വീണ്ടും അദ്ദേഹത്തെ ഇതേ പുരസ്കാരത്തിന് അർഹനാക്കി. 1971ൽ സ്റ്റേറ്റ് അവാർഡ് ജേതാവായി ഇരിക്കെ ജൂൺ 15ന് അദ്ദേഹം വിടപറഞ്ഞു. മരിക്കുമ്പോൾ 59 വയസ്സായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഗുരുതരമായ രോഗത്തിന് അടിമപ്പെടുന്നത്. എങ്കിലും തളരാതെ പിടിച്ചു നിന്നു. വിശ്രമമില്ലാതെ അഭിനയം തുടർന്നു. മലയാളി മനസ്സുകളിൽ ഇന്നും ഈ അനശ്വര പ്രതിഭ കുടികൊള്ളന്നു.

Leave a Reply

Your email address will not be published. Required fields are marked *