കവനകലയിലൂടെ എഴുത്തിന്‍റെ വസന്തംവിരിയിച്ച പാലാ നാരായണന്‍ നായര്‍
“കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ –
ന്നന്യമാം രാജ്യങ്ങളിൽ…. ”
എന്ന കവിത കേൾക്കാത്ത മലയാളിയില്ല.പാലാ നാരായണന്‍ നായരുടെ പ്രസിദ്ധമായ “കേരളം വളരുന്നു” എന്ന കാവ്യത്തിലെ വരികളാണത്. പ്രകൃതിയും വേദാന്തവും സാമൂഹ്യ ജീവിതത്തിന്റെ നിഴൽവഴികളും കവിതയിലൂടെ ദൃശ്യവൽക്കരിച്ചു. മലയാളകവിതാലോകത്ത് നിലയുറപ്പിച്ച മഹാകവി പാലാ, മലയാളത്തിൽ ഏറ്റവും കൂടുതൽ കവിതകളെഴുതിയ കവിയെന്ന ഖ്യാതി നേടിയിരുന്നു. പുഴ പോലെ ഒഴുകുന്ന കവിത എന്നാണ് നിരൂപകർ അദ്ദേഹത്തിന്റെ വരികളെ പേരിട്ട് വിളിച്ചത്. ആക്രോശങ്ങളും ബഹളങ്ങളുമില്ലാത്ത കാവ്യരീതിയായിരുന്നു പാലായുടെ ശൈലി. ആദ്യകവിത പതിനേഴാം വയസിൽ എഴുതിയ നിഴൽ ആണ്. 1935 ൽ പുറത്തിറങ്ങിയ പൂക്കളി ആണ് ആദ്യ കാവ്യസമാഹാരം. ഈ കൃതിയിലൂടെ പാലാ നാരായണൻ നായർ മഹാകവിയായി അറിയപ്പെട്ടു. എട്ട് വാല്യങ്ങളോടെ 1953 ൽ പുറത്തിറങ്ങിയ കേരളം വളരുന്നു എന്ന കവിതയുമായി സാഹിത്യരംഗത്ത് ശ്രദ്ധേയനായിത്തീര്‍ന്നു ഇദ്ദേഹം.1911 ഡിസംബര്‍ 11ന് കോട്ടയം ജില്ലയിലെ പാലായില്‍ കീപ്പള്ളില്‍ ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകനായി ജനിച്ചു. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ജനിച്ച അതേവർഷം എന്ന പ്രത്യേകതയും പാലായുടെ ജനന കാലത്തിനുണ്ട്.
പാലാ സെന്റ് തോമസ് സ്കൂളിലും വി. എം. സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് സൈന്യത്തിൽ ചേർന്ന അദ്ദേഹം രണ്ടാംലോക മഹായുദ്ധ കാലത്ത് ബർമ്മ അടക്കമുള്ള സ്ഥലങ്ങളിൽ സൈനിക സേവനം അനുഷ്ഠിച്ചു. പിന്നീട് നാട്ടിൽ തിരിച്ചെത്തി. 1950 ൽ അന്നത്തെ സർക്കാരിന്റെ നിയോഗപ്രകാരം മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രം സംശോധന ചെയ്‌ത് പുറത്തിറക്കുന്നതിലേക്കായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. കുട്ടിക്കൃഷ്ണമാരാർ, മഹാകവി പാലാ നാരായണൻ നായർ, എൻ വി കൃഷ്ണവാര്യർ എന്നിവരായിരുന്നു ആ കമ്മിറ്റിയിൽ. ആ ചുമതല നിർവ്വഹിക്കുന്നതിലേക്കായി രണ്ടുവർഷം കോഴിക്കോട്ടേയ്ക്ക് പോയി. 1956 ൽ കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും എം എ പരീക്ഷ ക്ലാസ്സും റാങ്കും നേടി പാസ്സായി. 1957 ൽ കേരള സാഹിത്യ അക്കാദമി രൂപം കൊണ്ടപ്പോൾ സർദാർ കെ എം പണിക്കർ പ്രസിഡന്റും പാലാ അതിന്റെ ആദ്യ അസി. സെക്രട്ടറിയും ആയിരുന്നു. 1965 ൽ യൂണിവേഴ്‌സിറ്റിയുടെ പബ്ലിക്കേഷൻ വകുപ്പ് മേധാവിയായ അദ്ദേഹം 1967 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. തുടർന്ന് പാലാ അൽഫോൺസാ വിമൻസ് കോളേജിലും, കൊട്ടിയം എൻ എസ് എസ് കോളേജിലും പ്രൊഫസറായിരുന്നു .
തന്റെ കൃതികളിലൂടെ മലയാളത്തിന്റെ കാവ്യപാരമ്പര്യത്തിനും ഭാവവിശുദ്ധിയ്ക്കും ഗരിമ നൽകിയ കവി ശ്രേഷ്ഠനാണ് അദ്ദേഹം. തികഞ്ഞ കേരളീയ ചിത്രണങ്ങളുടെ ഭാഷാ സന്നിവേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ.ഏറെ നിരൂപക ശ്രദ്ധ നേടിയ അമൃതകല, ശാന്തി വൈഖരി, കസ്തൂർബ, ആലിപ്പഴം, അന്ത്യപൂജ, എനിക്ക് ദാഹിക്കുന്നു, മലനാട്, പാലാഴി, വിളക്കുകൊളുത്തൂ, സുന്ദരകാണ്ഡം, ശ്രാവണഗീതം മുതലായ നാല്പത്തിയഞ്ചോളം കവിതാ സമാഹാരങ്ങൾ പാലയുടേതായി പുറത്തുവന്നിട്ടുണ്ട്. പട്ടാള ജീവിതത്തെ ആസ്പദമാക്കി ” സമരമുഖത്ത് “എന്ന കൃതിയും ഒട്ടനവധി ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1991 ൽ വള്ളത്തോൾ പുരസ്കാരവും 99 ൽ ഉളളൂർ പുരസ്കാരവും 2000 എഴുത്തച്ഛൻ പുരസ്കാരവും 2002 ൽ മാതൃഭൂമി സാഹിത്യപുരസ്കാരവും നേടിയ പാലായെ തേടി മറ്റനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കാളിദാസ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, പുത്തേഴൻ അവാർഡ്, ആശാൻ പുരസ്കാരം, മൂലൂർ അവാർഡ് എന്നിവയ്ക്കും അർഹനായി. ഭോപ്പാൽ സാഹിത്യ സമ്മേളനത്തിൽ ഭാരതഭൂഷൻ ബഹുമതി, ഓൾ ഇന്ത്യ റൈറ്റേഴ്സ് ഫോറത്തിന്റെ ബഹുമതി എന്നിയും 2006 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും നേടി. പാലാ കവിതകളുടെ പാലാഴി എന്ന പേരിൽ പാലാ നാരായണൻ നായരെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും പുറത്തുവന്നിട്ടുണ്ട്. 2008 ജൂൺ 11 ന് അന്തരിച്ചു.
വിവരങ്ങള്‍ക്ക് കടപ്പാട് : വിവധമാധ്യമങ്ങള്‍