കോവിഡ് കാലത്തെ നേത്രസംരക്ഷണം എങ്ങനെ?
ഡോ. അനുപ്രീയ ലതീഷ്
കോവിഡ് കാലമായതുകൊണ്ടുതന്നെ വര്‍ക്ക് ഫ്രം ഹോമിലാണ് എല്ലാവരും.വീട്ടിലാണെന്ന പറച്ചില്‍ മത്രമേ ഉള്ളു. വര്‍ക്ക് ലോഡിനാല്‍ നട്ടം തിരിയുകയാണ് പലരും. ഐടി ഫേര്‍മില്‍ വര്‍ക്ക് ചെയ്യുന്നവരുടെ കാര്യം പറയുകയേ വേണ്ട. ഇത് സംബന്ധിച്ച് രസകരമായ ട്രോളുകള്‍ ഇറങ്ങിയത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇത് ചിരിച്ച് തള്ളേണ്ട കാര്യമല്ലെന്ന് ആദ്യമേ പറയട്ടേ. കമ്പ്യൂട്ടറിന് മുന്നില്‍ അധികനേരം ഇരിക്കുന്നവരില്‍ കാണുന്ന ആരോഗ്യപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും പരാമര്‍ശിക്കുന്നത്.
കണ്ണ് പിന്‍വലിക്കാന്‍ തന്നെ ആര്‍ക്കും കണ്ണ് വരളുക, തലവേദന, കാഴ്ച മങ്ങുക, ഹ്രസ്വദൃഷ്ടി, കണ്ണില്‍ വെള്ളം നിറയുക, ഇരട്ടയായി തോന്നുക തുടങ്ങിയവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍. രണ്ടു മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് കണ്ണ് വരളാന്‍ ഇടയാക്കും. തൊഴിലുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലും കാണുന്ന പ്രശ്നവും കണ്ണുവരള്‍ച്ചയാണ്.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കാണുന്ന ആരോഗ്യ പ്രശ്നങ്ങള്‍
കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് കണ്ണീര്. കണ്ണിന് ഈര്‍പ്പവും, സ്നിഗ്ദധയും, പ്രതിരോധശേഷിയും നല്‍കുന്നതിന് കണ്ണീര്‍ അനിവാര്യമാണ്. കണ്ണിമകള്‍ അടച്ചുതുറക്കുമ്പോഴാണ് കൃഷ്ണമണി കണ്ണീരില്‍ കുതിരുന്നത്. ഇങ്ങനെ കണ്ണീരില്‍ കുതിര്‍ന്നാല്‍ മാത്രമേ കണ്ണിന് തെളിമയോടെ പ്രവര്‍ത്തിക്കാനാകൂ. കമ്പ്യൂട്ടര്‍ ഉപഗോഗിക്കുമ്പോള്‍ മിനിറ്റില്‍ 3-4 തവണ മാത്രമേ ഇമ ചിമ്മല്‍ ഉണ്ടാകാറുള്ളു. ഇത് കണ്ണു വരളാന്‍ ഇടയാക്കും. കൂടാതെ വളരെനേരം കമ്പ്യൂട്ടറിന് നുമുമ്പില്‍ ഇരുക്കുന്നവരില്‍ കണ്ണീര്‍ വേഗം ബാഷ്പീകരിക്കുന്നതും കണ്ണു വരളാനിടയാക്കും. എയര്‍കൂളറില്‍നിന്ന് കാറ്റ് നേരിട്ട് കണ്ണിലടിക്കുന്നതും വരള്‍ച്ച കൂട്ടാറുണ്ട്. പ്രായമാകുമ്പോള്‍ പ്രത്യേകിച്ചു കാരണമൊന്നും ഇല്ലാതെയും കണ്ണു വരളാം. കണ്ണില്‍ കരട് വീണതുപോലെ തോന്നുക, ഇടയ്ക്കിടെ കണ്ണ് ചുവക്കുകയും, വേദനിക്കുകയും ചെയ്യുക, കാഴ്ച മങ്ങുക, കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക എന്നിവയൊക്കെ കണ്ണിലെ വരള്‍ച്ചയുടെ ലക്ഷണങ്ങളാണ്.
ഇടയ്ക്ക് ഇരിപ്പിടങ്ങളില്‍നിന്ന് മാറി കണ്ണടച്ച് കണ്ണിന് വിശ്രമം നല്‍കുന്നതും, ബോധപൂര്‍വം ഇമകള്‍ ചിമ്മുന്നതും വരള്‍ച്ച തടയും. തണുത്ത ശദ്ധജലം ഇടയ്ക്ക് കണ്ണില്‍ തെറിപ്പിക്കുന്നതും ഏറെ ഗുണംചെയ്യാറുണ്ട്. ചില ഘട്ടങ്ങളില്‍ ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടിയും വരും.
ചികിത്സ
നേത്രരോഗങ്ങള്‍ക്ക് സാമാന്യചികിത്സകള്‍ക്കു പുറമേ വിശേഷചികിത്സകളും ആയുര്‍വേദം നിര്‍ദേശിക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്ന ഔഷധങ്ങള്‍ക്കൊപ്പം തര്‍പ്പണം, ആശ്ച്യോതനം, ധാര, നസ്യം തുടങ്ങിയ വിശേഷചികിത്സകളും അവസ്ഥകള്‍ക്കനുസരിച്ച് നല്‍കാറുണ്ട്. പ്രമേഹംമൂലം ഉണ്ടാകുന്ന രക്തസ്രാവം നിയന്ത്രിക്കാന്‍ ശിരോവസ്തി, ധാര ഇവ ഏറെ ഫലപ്രദമാണ്.
ഇളനീര്‍, വേവിക്കാത്ത കാരറ്റ്, നെയ്യുചേര്‍ത്ത ചെറുപയര്‍, പാല്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ബീന്‍സ്, ഇലക്കറികള്‍, തക്കാളി, കുരുമുളക്, നട്ട്സ്, മുന്തിരി, മുട്ട ഇവ കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇലക്കറികളില്‍ത്തന്നെ അടപതിയനില, ചീര, മുരിങ്ങയില ഇവ കണ്ണിന് ഏറെ പഥ്യമാണ്. കൃത്രിമനിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങളും, ശീതളപാനീയങ്ങളും കണ്ണിന് ഗുണമല്ല.
പകലുറക്കം, രാത്രി ഉറക്കമൊഴിയുക, ഉയരമുള്ള തലയണ ഉപയോഗിക്കുക, പുകവലി, മദ്യപാനം, ചൂടുവെള്ളം തലയിലൊഴിക്കുക തുടങ്ങിയവ വിവിധ നേത്രരോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണും സ്ക്രീനും തമ്മില്‍ 20-30 ഇഞ്ച് അകലം പാലിക്കണം. എല്ലാ 20 മിനിറ്റ് കൂടുമ്പോഴും കണ്ണിന് വിശ്രമം നല്‍കുകയും വേണം. കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ ബ്രൈറ്റ്നസ് പരമാവധി കുറച്ചുവയ്ക്കുക. അതുപോലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആള്‍ ഇരിക്കുന്ന അതേദിശയില്‍ മുറിയിലെ വെളിച്ചം ക്രമീകരിക്കുന്നതാണ് കണ്ണിന്റെ ആരോഗ്യത്തിനു നല്ലത്.
വ്യായാമക്കുറവ്, ടിവിയുടെയും കംപ്യൂട്ടറിന്റെയും അമിത ഉപയോഗം എന്നിവ കുട്ടികളില്‍ പലതരം കാഴ്ചാപ്രശ്നങ്ങള്‍ക്കിടയാക്കും. എന്നാല്‍ പുറത്തിറങ്ങി നടക്കുകയും കിടക്കുകയും ചെയ്യുന്നവരില്‍ കണ്ണുകളുടെ സ്വാഭാവിക പ്രവര്‍ത്തനശേഷി വര്‍ധിക്കാറുണ്ട്.
കണ്ണിനും വേണം വ്യായാമങ്ങള്‍
കണ്ണിന്റെ ക്ഷീണവും തളര്‍ച്ചയും മാറ്റാന്‍ വ്യായാമങ്ങള്‍ക്ക് കഴിയും.
3-5 സെക്കന്‍ഡ് വരെ കണ്ണ് മുറുക്കി അടയ്ക്കുക. അത്രനേരംതന്നെ തുറന്നുപിടിക്കുക. അഞ്ചുതവണ ഇത് ആവര്‍ത്തിക്കുക.
കണ്ണടച്ച് കൃഷ്ണമണി ഘടികാരദിശയിലും എതിര്‍ ഘടികാര ദിശിയിലും ചലിപ്പിക്കുക. അഞ്ചുതവണ ആവര്‍ത്തിക്കാം..