ചെപ്പിനുള്ളിൽ ഒളിപ്പിച്ചു വെച്ച ചെപ്പുകുളം
സവിന്‍ കെ.എസ്
എല്ലാവരും ഇപ്പോൾ വിചാരിക്കും എന്താണ് മാന്ത്രികചെപ്പ്, ചെപ്പുകുളം എന്താണെന്ന്. ഇത്തവണ യാത്ര തിരിച്ചത് ഇടുക്കിയുടെ കാണാകാഴ്ചകളിലേക്ക് ഊളിയിടാനാണ്. ആരും അധികം എത്തിപ്പെടാത്ത കാനനഭംഗിനുകാരാൻ പറ്റിയ സ്ഥലം.അതു നിബി ചേട്ടൻ കാട്ടിത്തരുകയും ചെയ്തു.
കരിമണ്ണൂർ കഴിയുന്നതോടെ കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ മലമ്പാത തന്നെയാണ്, റോഡ് നല്ലതായതിനാൽ വല്യ പ്രശ്നം തോന്നിയില്ല.പച്ചപ്പണിഞ്ഞ മലനിരകൾക്കിടയിലൂടെ വെളളിക്കൊലുസുപോലെ വെള്ളച്ചാട്ടങ്ങൾ കുതിച്ചു ചാടുകയാണ്. ആരും കാണാൻ കൊതിക്കുന്ന കാഴ്ചകൾ. കൊറോണക്കാലം ആയതു കൊണ്ടാണോന്നറിയില്ല വഴിയിൽ പല കടകളും അടഞ്ഞുകിടന്നിരുന്നു.കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ വിജനമായ വഴിത്താരകൾ,ദൂരെ പച്ചപ്പണിഞ്ഞ മലനിരകൾ പഴയ പ്രൗഢിയോടെ തലയുയർത്തി നിലക്കുകയാണ്. ചെറിയ തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്, ഉള്ളാകെ തണുത്തു തുടങ്ങിയിരുന്നു. വീണ്ടും മുന്നോട്ട് തന്നെ യാത്ര തുടർന്നു, അങ്ങനെ ചെപ്പുകുളം പള്ളിയുടെ അടുത്തു നിന്നും വലത്തേക്കുള്ള വഴി തിരിയുന്നതോടെ സാഹസിക യാത്രികരുടെ ഓഫ് റോഡ് തുടങ്ങുകയായി.കാടുകാണാൻ ഇറങ്ങിയതിനാൽ വണ്ടി അടുത്തുള്ള വീട്ടിൽ വെച്ച് മുന്നോട്ട് നടന്നു. മഴ ഇടക്ക് കിട്ടിയതു കൊണ്ടായിരിക്കാം കാട്ടരുവിയുടെ കളകൂജനത്തിന് ഇത്തിരി ശബ്ദം കൂടിയതെന്ന് മനസ്സിലായി. നിബിച്ചേട്ടനു പിന്നാലെ ഞാനും രാഹുലും നടന്നു. കല്ലുകൾ മാത്രം നിറഞ്ഞ പാതയിലൂടെ പ്രകൃതിയുടെ സ്പന്ദനം അറിഞ്ഞ് വളരെ നാളുകൾക്ക് ശേഷമുള്ള നടപ്പ് അതു വല്ലാത്ത അനുഭവമായിരുന്നു.കിതയ്ക്കുമ്പോൾ ഇടയ്ക്ക് വിശ്രമിച്ചും പാറയിലൂടെ ഊർന്നു വീഴുന്ന വെള്ളത്തുളളിയെ കാട്ടു കൂവയുടെ ഇലയിൽ ശേഖരിച്ച് കുടിച്ചും പാറി പറക്കുന്ന പൂമ്പാറ്റക്കൂട്ടങ്ങളെ കണ്ടും മുന്നോട്ട് നടന്നു. വഴിത്താരയിൽ അവിടവിടെയായി കണ്ട വെള്ളച്ചാട്ടങ്ങളായിരുന്നു മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്.പുല്ലിലൂടെ നടക്കുമ്പോൾ പേടിയോടെ ചാടിയകലുന്ന പച്ചത്തുള്ളന്മാരായിരുന്നു അടുത്ത അത്ഭുതം.നാട്ടിൻപുറങ്ങളിൽ കാണുന്നതിനേക്കാൾ ഇരട്ടി വലിപ്പത്തിലും എണ്ണത്തിലും കൂടുതലായിരുന്നു. ഒരുപക്ഷേ വറ്റാത്ത നീരുറവകളും പച്ചപ്പുല്ല് നിറഞ്ഞ വനപ്രദേശവുമാകാം ഇതിന്റെ എണ്ണം ഇത്രകണ്ട് കൂടുതലാകാൻ കാരണം.ദൂരെ മലനിരകൾ പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് അടുത്ത മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്നതു പോലെ തോന്നി.
കുത്തിറക്കത്തിൽ കരിങ്കൽ പാകി നിരപ്പാക്കിയിട്ടുണ്ടെങ്കിലും ബൈക്കിൽ ഇതിലൂടെയുള്ള യാത്ര ദുർഘടം തന്നെയാണ്. ഇറക്കം പിന്നിട്ട് എത്തിയത് കാഴ്ചയുടെ പറുദീസയിലേക്കായിരുന്നു. ചന്നംപിന്നം ചാടി മുളങ്കാടുകൾക്കിടയിലൂടെ കുതിച്ചൊഴുക്കുന്ന കാട്ടരുവിയിലേക്കായിരുന്നു. നല്ല തെളിനീരുവ, അതുവരെ മനുഷ്യ സ്പർശമില്ലാതെ ശാന്തമായി ഒഴുകി പരന്നു പോകുന്നു. നല്ല തണുത്ത നീർച്ചോല നടന്നു കയറിയത് രണ്ടു മരങ്ങൾക്കിടയിൽ കെട്ടിയുയർത്തിയ ഏറുമാടത്തിലേക്കാണ്.ഇരുമ്പ് പൈപ്പിൽ നിർമ്മിച്ച ഏറുമാടത്തിന്റെ മേൽക്കൂര പനയോല കൊണ്ടു മേഞ്ഞിരിക്കുന്നു. മുളയിൽ തീർത്ത ഭിത്തിയും ആഹാ എന്നാ അന്തസ്സ്.മനസ്സ് പാതി നിറഞ്ഞ അവസ്ഥ.
ഞങ്ങൾ ഏറുമാടത്തിലേക്ക് നടന്നു. ഒരു മുറിയേക്കാൾ വലുപ്പം ഉള്ള ഏറുമാടം. മുൻവശത്ത് കാഴ്ചകൾ കണ്ടിരിക്കാൻ ചെറിയ ബാൽക്കണിയും നിർമ്മിച്ചിട്ടുണ്ട്. പതിയെ അവിടെയിരുന്നു. താഴെ തട്ടുതട്ടായി കരിങ്കൽ പാകുന്ന ജോലികൾ നടക്കുന്നുണ്ട്. ദൂരെക്ക് നോക്കിയാൽ തലയുയർത്തി നില്ക്കുന്ന വൻമരങ്ങളും കളകളാരവം മുഴക്കുന്ന വെള്ളച്ചാട്ടത്തിന്റെ പ്രതിധ്വനിയും മാത്രം. കാടിന്റെ സംഗീതവും പച്ചപ്പും ശുദ്ധവായുവും, പാറി നടക്കുന്ന പക്ഷികളും ഇതു തന്നെയാണ് ഞാൻ കൊതിച്ചതും.
വിശ്രമത്തിന് ശേഷം മരക്കൂട്ടങ്ങൾക്കിടയിലൂടെ താഴേക്ക് നടന്നു. തെന്നിതെറിച്ചു പോകുന്ന ജലപാതം അതു ഭംഗിയുള്ള കാഴ്ച തന്നെയാണ്. വിശാലമായ പാറപ്പുറവും അവിടെയുള്ള വൻമരവുമാണ് എന്നെ ആകർഷിച്ചതെങ്കിൽ അത്ഭുതപ്പെടുത്തിയത് പേടി കൂടാതെപാറി നടക്കുകയും നമ്മുടെ കൈയ്യിൽ വന്നിരിക്കുകയും ചെയ്യുന്ന ശലഭങ്ങളായിരുന്നു. ദൂരെ മലനിരങ്ങൾ പതിയെ മൂടൽമഞ്ഞ് പൊതിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഞങ്ങളും തിരികെ നടന്നു.
നല്ല വേനൽകാലത്ത് കേഴയും മാനും കാട്ടുപന്നിയുമെല്ലാം വെള്ളം കുടിക്കാൻ വരുന്ന കുഴിയാണ്. ഇനി വേനൽ സമയത്തും ഒരു വരവ് വരേണ്ടി ഇരിക്കുന്നു.മഴയുടെ വരവ് അതും ഏറുമാടത്തിൽ ഇരുന്നു ആസ്വദിക്കാൻ പറ്റി. മഴക്ക് ശേഷമുള്ള തണുപ്പും ഏറ്റുവാങ്ങി ഇരുകല്ലും പാറയിലേക്ക് നടന്നു.
ഇരുകല്ലുംപാറ
ഇവിടെ വരെ വന്നിട്ട് ഒരു ട്രെക്കിംഗ് പോയില്ലെങ്കിൽ എങ്ങനെയാണ്.ഇരുകല്ലുംപാറ പേര് തന്നെ വ്യത്യസ്തമായതിനാൽ പോകാൻ തീരുമാനിച്ചു. റബ്ബർ തോട്ടവും കാടും പിന്നിട്ട് മുന്നോട്ട് തന്നെ നടന്നു. ദൂരെ വളരെ ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ സാധിക്കും. ഒരു പക്ഷേ ദൂരെ നിന്നും കണ്ടാസ്വദിക്കാൻ പ്രകൃതി സമ്മാനിച്ച കാഴ്ചകളിൽ ഒന്നാണ്. കയറ്റങ്ങൾ പിന്നിട്ട് കാഴ്ചയുടെ വാതായനങ്ങൾ തുറന്നിട്ട് പ്രകൃതി അതിന്റെ മടിത്തട്ടിലേക്ക് മാടിക്കുന്ന സുന്ദര ഭൂമിയാണ് ഇരുകല്ലുംപാറ. അസ്തമയമാണ് ഇവിടുത്തെ പ്രധാനകാഴ്ച.തുടർച്ചയായി വീശിയടിക്കുന്ന കാറ്റും ശാന്തമായ പ്രകൃതിയുമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. വലിയ കുരിശ് പാറയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുണ്ട്.സായംസന്ധ്യയുടെ വരവിനായി ഞങ്ങൾ കാത്തിരുന്നു. സമയം മെല്ലെ കടന്നു പോകുക യാണ്.പടിഞ്ഞാറൻ ചെരുവിലെ മലനിരകൾ പതിയെ കാഴ്ചയെ മറച്ചുകൊണ്ടു ഇരുൾമൂടുകയാണ്. ഇല്ലിക്കൽമലയും ഇലവീഴാപൂഞ്ചിറയുടെ കിഴക്കൻതാഴ്വാരവും ഇവിടെ നിന്നാൽ കാണാം.പതിയെ ചെഞ്ചായം തൂകി അരുണൻ വിടപറയുകയാണ്.മലമുകളിൽ നിന്നും മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ടു പോകുന്ന സൂര്യഭഗവാനെ നോക്കിയിരിക്കുമ്പോൾ കിട്ടുന്ന മനസ്സിന്റെ സന്തോഷം അതു പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഇരുൾമൂടിവരുന്ന കാട്ടുവഴികളിലൂടെ ഫോണിന്റെ വെളിച്ചത്തിൽ നടന്നു നീങ്ങുമ്പോൾ ഭയം ഞങ്ങളെ ചെറുതായി പിടികൂടിയിരുന്നു. കാട്ടുചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം കാടാകെ മുഴങ്ങി നില്ക്കുകയാണ്.വഴിത്താരയിൽ മാർഗം തടസ്സം സൃഷ്ടിച്ച് ഇടയ്ക്കിടയ്ക്ക് ചിലന്തിവലകൾ മേലാകെ പൊതിഞ്ഞു കൊണ്ടിരുന്നു.അതുവരെ സന്തോഷം നിറഞ്ഞു നിന്ന മുഖങ്ങളിൽ ചിരികളികൾ നിറഞ്ഞ സംസാരം കനത്ത നിശബ്ദതയ്ക്ക് വഴിമാറികൊടുത്തിരുന്നു.പാമ്പുകൾ കാട്ടുപാതയിൽ കാണാനുള്ള സാധ്യതയും നിലനില്ക്കുന്നതിനാൽ സാഹസികത നിറഞ്ഞ യാത്ര എന്നു പറയാതെ വയ്യ.ക്ഷമയോടെ മലയിറങ്ങി ഞങ്ങൾ ക്യാമ്പ് സൈറ്റിൽ എത്തി.
ഇരുളിലും കുലുങ്ങിച്ചിരിച്ചൊഴുകുന്ന അരുവിയുടെ ശബ്ദം കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.ചിക്കൻ ഗ്രില്ലടിച്ച് ചപ്പാത്തിയും കൂട്ടി അത്താഴം കഴിച്ചപ്പോഴേക്കും സമയം ഏറെ പിന്നിട്ടിരുന്നു. തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെയും കണ്ടു ടെന്റിനുള്ളിലേക്ക് ചേക്കേറി.
പുലരിയിൽ കിളികളുടെ കലപില ശബ്ദമാണ് ഞങ്ങളെ ഉണർത്തിയത്.ഉഷസ്സിന്റെ ആദ്യ കിരണങ്ങൾ മരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങി വന്നു തുടങ്ങിയിരിക്കുന്നു. വളർന്നു നില്ക്കുന്ന ചെടികളിലെ മഞ്ഞിൻ കണങ്ങളെ തട്ടിത്തൂക്കി വ്യൂ പോയിന്റിലേക്ക് എത്തിപ്പോഴേക്കും നല്ലപോലെ നനഞ്ഞു കഴിഞ്ഞിരുന്നു. മലനിരകളെ മൂടി നില്ക്കുന്ന കോടമഞ്ഞാണ് പ്രഭാതം ഞങ്ങൾ കണിയായി തന്നത്. തൂവെള്ള പട്ടു പോലെ ഒഴുകി പരന്നുകിടക്കുന്ന മഞ്ഞിൻ കണങ്ങൾ. എത്ര നേരം കണ്ടാലും മതിവരാത്ത പ്രകൃതിഭംഗി. കാട്ടുചോലയിൽ മുങ്ങി നീടാടി പ്രഭാത ഭക്ഷണമായ കപ്പയും മീനും കഴിച്ച് അവിടെ നിന്നും ഇറങ്ങിയത് പുതിയ വിസ്മയകാഴ്ചകളിലൊന്നായ ഓന്തുംപാറയിലേക്കാണ്.
ഓന്തുംപാറ
പതിയെ മുകളിലേക്കുള്ള കയറ്റം കയറി വീണ്ടും അടിക്കാടുകളിലൂടെ യാത്ര തുടങ്ങി. പച്ചപ്പ് നിറഞ്ഞ പ്രകൃതിയും നുകർന്ന് ഓന്തുംപാറയിലെത്തി.ആനയുടെ പുറത്തിന് സമാനമായ പാറ.കഷ്ടിച്ച് ഒരാൾക്ക് സാഹസികമായി നടന്നു പോകാൻ സാധിക്കുന്ന വീതി മാത്രമേ ഉള്ളൂ. ഇരുവശത്തും കുത്തനെയുള്ള താഴെയായതിനാൽ സൂക്ഷിച്ചു പോയിലെങ്കിൽ ഒരു പക്ഷേ അപകടം സംഭവിക്കാം. അധികമാരും കാണാത്ത ഒരുപാട് കാഴ്ചകളിൽ ഒന്നുമാത്രമാണിത്, പാറയിൽ നിന്നും കുറച്ചു മുന്നോട്ട് പോയാൽ അടിപൊളി വെള്ളച്ചാട്ടമാണ് നമ്മെ കാത്തിരിക്കുന്നത്. കാടും വെള്ളച്ചാട്ടവും വിശ്രമിക്കാൻ ഒരു പാറപ്പുറവും ഏതൊരു സഞ്ചാരിയും കൊതിക്കുന്നത് ഈ കാഴ്ചകൾ തന്നെയാണ്. പ്രകൃതിയുടെ മടിത്തട്ട് തേടി ഇനിയും വരുമെന്ന പ്രതീക്ഷയോടെ മലയിറങ്ങി.