‘രമേശ് കോരപ്പത്ത് ‘ചിതകളുടെ കാവല്‍ക്കാരന്‍ കുറിപ്പ്

തിരുവില്വാമലയിലെ ഭേദപ്പെട്ടൊരു വീട്ടിൽ ജനിച്ച രമേശിന് ഒരു ശ്മശാനത്തിൻറെ നാഥനാകേണ്ടി വന്നത് യാദൃശ്ചികമായാണ്. അധ്യാപകനായും പത്രപ്രവർത്തകനായും സൈനികനായും സേവനമനുഷ്ഠിച്ച രമേശ് ചെറുപ്പത്തിൽ തന്നെ മരിച്ചവരെ സംസ്കരിക്കുന്നതിന് ഉത്സാഹം കാണിച്ചിരുന്നു. രമേശുണ്ടെങ്കിൽ പിന്നെ ശവസംസ്കാരത്തെ ചൊല്ലി വേവലാതിപ്പെടേണ്ടെന്ന് അന്ന് തിരുവില്വാമലക്കാർ പറയുമായിരുന്നു. മരണത്തോടുള്ള ഈ വ്യാഖ്യാനക്ഷമമല്ലാത്ത ആകർഷണീയതയാണ് രമേശിനെ ഐവർമഠത്തിലും എത്തിച്ചത്.

പോസ്റ്റ് വായിക്കാം

സാധാരണയായി ആരും പരിചയപ്പെടാൻ മടിക്കുന്ന വ്യക്തി. തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല പാമ്പാടി ഐവർമഠത്തിലെ ഹരിശ്ചന്ദ്രൻ. തൻറെ നിയോഗം ചെറുപുഞ്ചിരിയോടെ ഏറ്റുവാങ്ങിയ അവിവാഹിതൻ.
തിരുവില്വാമലയിലെ ഭേദപ്പെട്ടൊരു വീട്ടിൽ ജനിച്ച രമേശിന് ഒരു ശ്മശാനത്തിൻറെ നാഥനാകേണ്ടി വന്നത് യാദൃശ്ചികമായാണ്. അധ്യാപകനായും പത്രപ്രവർത്തകനായും സൈനികനായും സേവനമനുഷ്ഠിച്ച രമേശ് ചെറുപ്പത്തിൽ തന്നെ മരിച്ചവരെ സംസ്കരിക്കുന്നതിന് ഉത്സാഹം കാണിച്ചിരുന്നു. രമേശുണ്ടെങ്കിൽ പിന്നെ ശവസംസ്കാരത്തെ ചൊല്ലി വേവലാതിപ്പെടേണ്ടെന്ന് അന്ന് തിരുവില്വാമലക്കാർ പറയുമായിരുന്നു. മരണത്തോടുള്ള ഈ വ്യാഖ്യാനക്ഷമമല്ലാത്ത ആകർഷണീയതയാണ് രമേശിനെ ഐവർമഠത്തിലും എത്തിച്ചത്. മൊബൈൽ മോർച്ചറിയിലെ ചോരക്കറ കഴുകാനും അനാഥജഡങ്ങൾക്ക് ബലിയിടാനും എരിഞ്ഞുതീരാറായ ചിതകൾക്ക് കാവലിരിക്കാനും ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയ രമേശിനെ പ്രാപ്തനാക്കിയെടുത്തത് നിയോഗമാണെന്നു പറയാം.
പഠിക്കുന്ന കാലത്ത് മരണവീട്ടിൽ നിന്നും ആളുകൾ രമേശിനെത്തേടി കോളേജിലും എത്തിയിരുന്നു. മറ്റു മക്കൾ സർക്കാർ സർവ്വീസിൽ ഉയർന്ന പദവിയിലിരിക്കുമ്പോൾ ഒരാൾ മാത്രം ചുടലവൃത്തി ചെയ്യുന്നത് രമേശിൻറെ മാതാപിതാക്കൾക്ക് നിസ്സഹായരായി നോക്കിനിൽക്കേണ്ടിവന്നു. എന്നാൽ രമേഷിൻറെ മനസ്സിൽ ജ്വലിച്ചു നിന്നത് ചിതയുടെ തത്വചിന്ത മാത്രമായിരുന്നു. ആകാശവും ഭൂമിയും കീഴടക്കുന്നവനെപ്പോലും കീഴടക്കുന്ന പരമസത്യമാണ് മരണമെന്നും തപസ്സ് ചെയ്തു കിട്ടാവുന്നതിലും വലിയ തിരിച്ചറിവ് നൽകും ചുടലപ്പറമ്പെന്നും അനുഭവങ്ങൾ രമേശിനെ പഠിപ്പിച്ചു. മരണത്തെ മനസ്സിലാക്കുന്നവൻ നിർഭയനാകുമെന്നും അവനെ പേടിപ്പിക്കുന്നതൊന്നും പിന്നെയീ പ്രപഞ്ചത്തിലുണ്ടാകില്ലെന്നും രമേശ് തിരിച്ചറിഞ്ഞു.


വി.കെ.എൻ, ഒ.വി. വിജയൻ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ലോഹിതദാസ് തുടങ്ങിയ പ്രതിഭകളുടെ ഉറ്റസ്നേഹിതനായിരുന്നു രമേശ്. ‘അടുത്തു നിൽക്കരുത്. കണ്ണുതെറ്റിയാൽ ഇവൻ നമ്മളെ കത്തിച്ചു കളയുമെന്ന്’ വി കെ എൻ തമാശയായി പറയാറുണ്ടായിരുന്നു. ഒടുവിൽ എല്ലാവരും രമേശിൻറെ മണ്ണിലേക്ക് മടങ്ങുകയായിരുന്നു.മുൻപ് രമേശ് പത്രവിതരണക്കാരനായിരുന്നപ്പോൾ ജ്യോൽസ്യത്തിൽ പ്രാഗൽഭ്യമുള്ള വി കെ എൻറെ അടുത്ത് തൻറെ ജാതകവുമായി എത്തി. ജാതകം സൂക്ഷ്മമായി പരിശോധിച്ച് വി കെ എൻ പറഞ്ഞു: നീയ് ഒറ്റത്തടേൃന്നെ….ആജീവനാന്തം. വി കെ എൻറെ ആ പ്രവചനം ഫലിച്ചു. ഇന്നും രമേശ് അവിവാഹിതനായി തുടരുന്നു.


സമൂഹത്തിൻറെ പല തുരുമ്പിച്ച ചങ്ങലകളും പൊട്ടിച്ചെറിയുകയായിരുന്നു രമേശ്. ചണ്ഡാലവൃത്തി സ്വയം സ്വീകരിച്ച് കർമ്മങ്ങൾക്ക് അയിത്തമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു അയാൾ.
മരണത്തിൻറെ ഇരുണ്ടലോകത്താണ് കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിലേറെയായി രമേശ് കോരപ്പത്ത് എന്ന ഈ യുവാവ്. ദിവസം മുഴുവനും നിർത്താതെ ശബ്ദിക്കുന്ന മൊബൈൽ ഫോൺ, ഒന്നിനു പുറകെ ഒന്നായി എത്തുന്ന ആംബുലൻസുകൾ, ഒരിക്കലും തീയണയാത്ത ചുടലപ്പറമ്പ് …ഇതാണ് രമേഷിൻറെ ലോകം. എങ്കിലും ഇതിൽ നിന്നെല്ലാം ആശ്വാസം നൽകാനായി നൂറോളം വില്വാദ്രി പശുക്കളെ സംരക്ഷിക്കുന്നു. ഏഴേക്കർ സ്ഥലത്ത് ജൈവനെൽകൃഷി, അനാഥരും അശരണയുമായ കുട്ടികൾക്കുവേണ്ടിയുള്ള ‘തണൽ’, ഒറ്റപ്പെട്ട വർദ്ധക്യങ്ങൾക്ക് കൂട്ടാകുന്ന’അഭയം’ എന്നിവയിലെല്ലാം രമേശിൻറെ കാരുണ്യമെത്തുന്നു.


കാശി കഴിഞ്ഞാൽ ഏറ്റവുമധികം ശവശരീരങ്ങൾ കത്തിയെരിയുന്ന സ്ഥലങ്ങളിലൊന്നായിരുന്നു നിളാതീരത്തെ ഐവർമഠം. പഞ്ചായത്തിൻറെ പുതിയ നിയമങ്ങൾ വന്നതോടെ അതിനൊരു കുറവുണ്ടായി. എന്നാൽ കോവിഡിൻറെ ഈ മരണകാലത്ത് 20 -30 മൃതദേഹങ്ങൾ ദിവസവും ഇവിടെ എത്തുന്നു. ഒരു മൃതദേഹത്തിന് നാലോളം ജീവനക്കാർ പി പി ഇ കിറ്റ് ധരിച്ച് സംസ്കാരം നടത്തേണ്ടി വരുന്നത് ഒരു വെല്ലുവിളിയായിരുന്നു. പി പി ഇ കിറ്റിൻറെ ദൗർലഭ്യമായിരുന്നു പ്രധാനകാരണം. കിറ്റിനു പുറമേ, ഫെയ്സ് ഷീൽഡും കൈമുട്ടു വരെ നീളുന്ന ഗ്ലൗസും എല്ലാം ധരിച്ചു വേണം ഇവർ സംസ്കാര ക്രിയകൾ ചെയ്യാൻ. നേരത്തേ 6 മണി വരെയായിരുന്നു സംസ്കാരങ്ങൾ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ പലയിടത്തു നിന്നും വിളി വരുന്നതിനാൽ രാത്രി 8 മണി വരെയും ചിതകളെരിയുന്നുണ്ട്.


നാളെ മരിക്കാൻ പോകുന്നതാരൊക്കെയാണെന്ന് രമേശിനറിയില്ല. പക്ഷേ, നല്ല ഉറപ്പുണ്ട്, മന്നവനായാലും യാചകനായാലും നാളെ മുന്നിലെത്തും. അതുകൊണ്ടുതന്നെ പഴയ ചിതകളിലെ ചാരവും അസ്ഥിക്കഷണങ്ങളും മാറ്റി പുതിയ തൊണ്ടടുക്കി വിറക് നിറച്ച് മരിച്ചുപോയൊരാൾക്ക് നീണ്ടുനിവർന്ന് കിടക്കാൻ പാകത്തിൽ എപ്പോഴും ഐവർ മഠത്തിലെ ചിതകൾ തയ്യാറായിട്ടുണ്ടാവും.


മരണാനന്തരകർമ്മത്തിൻറെ അടയാളവാക്യമായി ഐവർമഠത്തിൻറെ ഈ കാവൽക്കാരൻ ചിതയൊരുക്കിക്കൊണ്ടിരിക്കുകയാണ്, ഇടവേളകളില്ലാതെ

Leave a Reply

Your email address will not be published. Required fields are marked *