പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ
19-ാം വയസില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ കമ്മിഷന്‍ ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാന്‍ – ഇന്‍ഡോറിലെ ഡാലി കേഡറ്റ് കോളജില്‍ നിന്നും കമ്മിഷന്‍ ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ കേഡറ്റ് – ആദ്യ ഇന്ത്യന്‍ ബ്രിഗേഡിയര്‍ – ആദ്യ ഇന്ത്യന്‍ മേജര്‍ ജനറല്‍ (1947) – ആദ്യത്തെ ഇന്ത്യന്‍ ചീഫ് ഓഫ് സ്റ്റാഫ് – ഇംഗ്ലണ്ടിലെ ഇംപീരിയല്‍ ഡിഫന്‍സ് കോളജില്‍ പ്രവേശനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ – ക്വറ്റയിലെ സ്റ്റാഫ് കോളജില്‍ പ്രവേശനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്നിങ്ങനെ ഇന്ത്യന്‍ സൈന്യത്തില്‍ നിരവധി നേട്ടങ്ങളില്‍ ആദ്യ പേരുകാരനായ… സ്വതന്ത്ര ഇന്ത്യയുടെ സൈന്യത്തിന്റെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്ന കൊടന്‍ഡേര മഡഗപ്പ കരിയപ്പയെന്ന കെ.എം. കരിയപ്പ. 1899 ജനുവരി 28-ന് കർണാടകയിലെ കൂർഗ് പ്രവിശ്യയിലെ (ഇന്നത്തെ കുടക് ജില്ല) ശനിവർഷാന്തയിൽ കൊടവ വംശത്തിൽപ്പെട്ട കർഷക കുടുംബത്തിലാണ് കരിയപ്പ ജനിച്ചത്. അച്ഛൻ
റവന്യൂ വകുപ്പിൽ ജോലിക്കാരനായിരുന്ന മടപ്പ. കോളജ് വിദ്യാര്‍ഥിയായിരിക്കെ തന്നെ 19-ാം വയസില്‍ ബ്രിട്ടിഷ് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു.
ഇന്ത്യക്ക് കരിയപ്പ നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് തുടക്കം മുതലേ സൈന്യത്തെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള നിര്‍ബന്ധ ബുദ്ധി കാണിച്ചുവെന്നതാണ്. നമ്മുടെ അയല്‍ രാജ്യങ്ങളിടക്കം പട്ടാളം അധികാരം പിടിച്ചെടുക്കുന്നതിലേക്ക് എത്തിയപ്പോഴും ഇന്ത്യയില്‍ എന്നും ഭരണകൂടത്തിന്റെ വിശ്വസ്ത കാവല്‍ക്കാരായി നില്‍ക്കുകയാണ് സൈന്യം ചെയ്തത്. നീതി, ന്യായം, നിയമം, അച്ചടക്കം എന്നിവക്കൊക്കെയായിരുന്നു കരിയപ്പയുടെ നിഘണ്ടുവിൽ മുന്നിലുള്ള വാക്കുകള്‍.
നിങ്ങള്‍ ഹിന്ദുവോ മുസ്‌ലിമോ സിക്കോ പാഴ്‌സിയോ ക്രിസ്ത്യനോ എന്നത് എന്റെ വിഷയമല്ല. രാജ്യത്തെ സേവിക്കുന്നുണ്ടോ എന്നതില്‍ മാത്രമാണ് കാര്യം. എല്ലാക്കാലത്തും അത് അങ്ങനെ തന്നെയായിരിക്കും…. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട രാജ്യത്തെ സൈനിക മേധാവി ഇങ്ങനെ പറയുന്നത് പട്ടാളക്കാരില്‍ ചില്ലറ ഊര്‍ജവും ഉള്‍ക്കാഴ്ച്ചയുമല്ല നിറക്കുക. 29 വര്‍ഷത്തോളം കരിയപ്പ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷവും ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചു.
1953 ല്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം 1962ലും 1965ലും 1971ലും നടന്ന യുദ്ധത്തിൽ സൈനികര്‍ക്ക് വീര്യം പകരാന്‍ നേരിട്ടെത്തിയിട്ടുള്ള കരിയപ്പയുടെ സാന്നിധ്യം സൈനികര്‍ക്ക് എന്നും പ്രചോദനമായിരുന്നു. ഹിന്ദി അത്ര വശമില്ലായിരുന്ന അദ്ദേഹത്തിന് ബ്രിട്ടിഷുകാരെ വെല്ലുന്ന രീതിയില്‍ ഇംഗ്ലിഷ് വഴങ്ങുമായിരുന്നു. അതുകൊണ്ടുതന്നെ നിരവധി വിദേശ രാജ്യങ്ങളിലെ സൈനിക മേധാവികളായും സര്‍ക്കാര്‍ പ്രതിനിധികളായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. 1941-42 കാലത്ത് ഇറാക്ക്, സിറിയ, ഇറാന്‍ എന്നിവിടങ്ങളിലും 1943-44ല്‍ ബര്‍മയിലും അദ്ദേഹം ബ്രിട്ടിഷ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സൈനിക മേധാവിയായ ശേഷം ചൈന, ജപ്പാന്‍, അമേരിക്ക, ബ്രിട്ടന്‍, കാനഡ, യൂറോപിലെ ഭൂരിഭാഗം രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം കരിയപ്പ ഔദ്യോഗിക ദൗത്യങ്ങള്‍ക്കായി സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്‍ ഓര്‍ഡര്‍ ഓഫ് ദ ചീഫ് കമാന്‍ഡര്‍ ഓഫ് ദ ലീജിയന്‍ ഓഫ് മെരിറ്റ് ബഹുമതി നല്‍കി കരിയപ്പയെ ആദരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം സൈനികമായും ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ഭാഗം വെപ്പിൽ സൈനിക സ്വത്തുക്കളുടെ വിഭജനം ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ നടത്താന്‍ നിയോഗിക്കപ്പെട്ടയാള്‍ കരിയപ്പയായിരുന്നു. 1947ല്‍ നടന്ന ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയുടെ പടിഞ്ഞാറന്‍ യുദ്ധമുന്നണിയെ മുന്നില്‍ നിന്നു നയിച്ചത് കരിയപ്പയായിരുന്നു. ലേ ഇന്ത്യയുടെ ഭാഗമായ നിലനിര്‍ത്തിയതിലും സോജിലയും ദ്രാസും കാര്‍ഗിലും പിടിച്ചെടുത്ത് ലേയിലേക്കുള്ള ബന്ധം പുനഃസ്ഥാപിച്ചതും കരിയപ്പയിലെ ദീര്‍ഘദര്‍ശിയായിരുന്നു.
1949 ജനുവരി 15ന് ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫായി ഔദ്യോഗികമായി കെ.എം. കരിയപ്പ നിയമിതനായി. ഇന്ത്യന്‍ സൈന്യത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമാനവും ഇതോടെ കരിയപ്പ നേടി. ഈ ദിവസമാണ് നമ്മള്‍ ഇന്ത്യന്‍ ആര്‍മി ഡേയായി ആചരിക്കുന്നത്. 4 വര്‍ഷം കമാന്‍ഡര്‍ ഇന്‍ ചീഫായി തുടര്‍ന്ന കരിയപ്പ 1953 ജനുവരി 14ന് സൈന്യത്തില്‍ നിന്നും വിരമിക്കുന്നത്. രാജ്യം പരോന്നത സൈനിക ബഹുമിയായ ഫീല്‍ഡ് മാര്‍ഷല്‍ പദവി 1986 ജനുവരി 15നാണ് കരിയപ്പക്ക് നല്‍കി ആദരിക്കുന്നത്. ഈ ആദരം ഏറ്റുവാങ്ങാനായി പോകുമ്പോള്‍ 87കാരനായ കരിയപ്പയെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. വസ്ത്രധാരണത്തിലും അച്ചടക്കത്തിലും അങ്ങേയറ്റത്തെ നിഷ്‌കര്‍ഷത പുലര്‍ത്തുന്ന കരിയപ്പ അസഹനീയമായ കാൽ വേദനയിലും ഷൂ ധരിച്ചു തന്നെ വേദന കടിച്ചമര്‍ത്തിക്കൊണ്ട് ആ ചടങ്ങില്‍ പങ്കെടുത്തു. 1993 മെയ് 15ന് തന്റെ 92ാം വയസിലാണ് കെ.എം. കരിയപ്പ വിടവാങ്ങുന്നത്. ഇന്ത്യന്‍ സൈന്യത്തിന് അച്ചടക്കത്തിന്റേയും ദേശീയബോധത്തിന്റേയും സമഭാവനയുടേയും ആത്മവീര്യത്തിന്റേയും അടിത്തറ നല്‍കിയ വ്യക്തിത്വമെന്ന നിലയില്‍ കരിയപ്പ ഇന്നും സ്മരിക്കപ്പെടുന്നു.
1965ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ട സമയം. പാക്കിസ്ഥാനിലെ ലാഹോറിലെ ശത്രു പാളയം തകര്‍ത്ത് തിരിച്ചു വരികയായിരുന്ന ഇന്ത്യന്‍ പോര്‍വിമാനം പാക്ക് സൈനികര്‍ വെടിവെച്ചിട്ടു. വിമാനത്തിലെ പൈലറ്റായിരുന്ന മകന്‍ നന്ദു (കെ.സി. കരിയപ്പ) വിനെ പരുക്കുകളോടെ പിടികൂടി യുദ്ധ തടവുകാരനാക്കി. പൈലറ്റിന്റെ പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞ അന്നത്തെ പാക്ക് പ്രസിഡന്റ് അയൂബ് ഖാന്‍ തന്നെ വിശ്രമജീവിതം നയിക്കുകയായിരുന്ന കരിയപ്പയെ ഫോണില്‍ ബന്ധപ്പെട്ടു, മകനെ തിരിച്ചയക്കാന്‍ തയാറാണെന്ന് പറഞ്ഞ അയൂബ്ഖാനോട് കരിയുപ്പയുടെ മറുപടി ഇങ്ങനെയായിരുന്നു.
യുദ്ധതടവുകാരായി പാക്കിസ്ഥാന്റെ കൈവശമുള്ള എല്ലാ ഇന്ത്യക്കാരും എന്റെ മക്കളാണ്. അവരെ വിട്ടയക്കുമ്പോള്‍ മാത്രം എന്റെ മകനേയും വിടുക.1940കളില്‍ അയൂബ്ഖാനും കരിയപ്പയും ഒന്നിച്ച് സൈനിക സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആ ബന്ധവും ബഹുമാനവുമാണ് കെ.എം. കരിയപ്പയുടെ മകന്‍ നന്ദു എന്നു വിളിക്കുന്ന കെ.സി. കരിയപ്പ പാക്കിസ്ഥാന്റെ പിടിയിലായപ്പോള്‍ ആ വിവരം കരിയപ്പയെ നേരിട്ട് വിളിച്ച് അറിയിക്കുന്നതിലേക്ക് വരെ അയൂബ്ഖാനെ എത്തിച്ചത്. ഇന്ത്യക്കാര്‍ മാത്രമല്ല പാക്ക് പ്രസിഡന്റും സൈനികരും വരെ ബഹുമാനിക്കുകയും ആയുധം താഴ്ത്തുകയും ചെയ്ത വ്യക്തിത്വമാണ് ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയുടേത്.
കടപ്പാട് വിവിധ മാധ്യമങ്ങള്‍