ഇന്ന് ചിങ്ങം ഒന്ന്
കർക്കടകത്തിൽ തന്നെ അത്തം ഇങ്ങെത്തി. അത്തത്തിൽ തുടങ്ങി തിരുവോണം വരെയുള്ള ആ പത്ത് നാളുകൾ കേരളീയർ ഓണമായി ആഘോഷിക്കുന്നു. മാവേലി മന്നനെ വരവേൽക്കുവാൻ ഓരോ വീട്ടിലും പൂക്കളമൊരുക്കുന്നു. കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം നീങ്ങിയെങ്കിലും, അന്യ നാടുകളിൽ നിന്നും വില്‍പനയ്ക്കായി എത്തുന്ന പൂക്കൾ കൊണ്ട് നാം പൂക്കളം തീർക്കുവാൻ തുടങ്ങി.
അത്തം മുതലുള്ള ആദ്യ ദിനങ്ങളിലെ ഒരുക്കങ്ങൾക്ക് ഉത്രാടദിവസം വൈകുന്നേരത്തോടെ വിരാമമാകും. പൂക്കളും, തൃക്കാക്കരയപ്പനും, പൂവടയും ഒരുക്കുവാനും തിരുവോണ സദ്യയ്‌ക്കുവേണ്ട ഉപ്പു തൊട്ട് കർപ്പൂരം വരെ സംഘടിപ്പിക്കാനും ഉത്രാടദിവസം ജനങ്ങൾ തിരക്കിലാണ്. ‘ഉത്രാടപാച്ചിൽ’ എന്ന ഒരു പഴമൊഴി ഇതിനെ ചൊല്ലിയുണ്ട്.
തിരുവോണദിവസം വെളുപ്പിന് കുളിച്ച് ശുദ്ധിയായി ഓരോ വീട്ടുമുറ്റത്തും ചാണകം മെഴുകി അരിമാവണിഞ്ഞ്, തൃക്കാക്കരയപ്പനെ തുമ്പക്കുടം കൊണ്ട് അലങ്കരിക്കുന്നു.
പൂവടയും ശർക്കരയും വെച്ച്, നിലവിളക്ക് കൊളുത്തി, നാളികേരം ഉടച്ച്, ആരതി ഉഴിഞ്ഞ് മാവേലി മന്നനെ വരവേൽക്കുന്നു. വീട്ടിലെ കാരണവർ കുടുംബാങ്ങൾക്ക് ഓണക്കോടി സമ്മാനിക്കുന്നു. ശേഷം എല്ലാവരും ചേർന്നൊരുക്കുന്ന വിഭവ സമൃദ്ധമായ സദ്യ ഓണത്തിന്റെ ഹൈലൈറ്റാണ്. തുടർന്ന് ഓണക്കാല വിനോദങ്ങളായ ഓണക്കളി, ഊഞ്ഞാലാട്ടം, തുമ്പി തുള്ളൽ, കുമ്മാട്ടിക്കളി എന്നിവയുടെ അരങ്ങേറ്റം ആണ്. കലാസാംസ്‌കാരിക സംഘടനകൾ നടത്തുന്ന കലാകായിക മത്സരങ്ങളും, ഓണസദ്യയും, വള്ളംകളി, വടംവലി, പുലിക്കളി, പൂക്കളങ്ങൾ എല്ലാം തന്നെ നമ്മുടെ സംസ്ക്കാര തനിമ ഓണനാളുകളിൽ തെളിഞ്ഞു കാണാം
.
ഓണാഘോഷങ്ങളുടെ ശോഭ കെടുത്തിക്കൊണ്ട് ഈ വർഷവും കൊറോണക്കാലത്തെ ഓണമാണ് മലയാളികൾ ആഘോഷിക്കുന്നത്. അതിജീവനത്തിന്റെ ഈ കാലത്ത് സമൂഹ നന്മയ്‌ക്കായി എല്ലാവരും നിയന്ത്രണങ്ങൾ അനുസരിച്ചു കൊണ്ട് തന്നെ ഓണം ആഘോഷിക്കുക്കുന്നു എന്നതാണ് പോയ വർഷങ്ങളിൽ നിന്നുള്ള വ്യത്യാസം. ഓണത്തിനു മാത്രം എത്തിയിരുന്ന വിദൂര ദേശങ്ങളിലുള്ളവർ മാസങ്ങൾക്ക് മുൻപേ വീട്ടിലെത്തി എന്ന വ്യത്യാസവും ഇക്കുറി ഓണത്തിനുണ്ട്.