സാഹിത്യകാരന്‍ പ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു.

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു.മൃതദേഹം ഇന്ന് 10 മണി മുതൽ ഉച്ചയ്‌ക്ക്‌ 2 മണി വരെ രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും.തുടർന്ന് ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക്‌ രവിപുരം ശ്‌മശാനത്തിൽ സംസ്കാരം.

23 വർഷം എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്നു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2010 ൽ, ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1943 ഫെബ്രുവരി 13ന് കോട്ടയത്ത് തിരുനക്കരയിലായിരുന്നു ജനനം. കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സിഎംഎസ് കോളജ്, കൊല്ലം എസ്എൻ കോളജ്, ചങ്ങനാശ്ശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അക്കാലത്തുതന്നെ മികച്ച വായനക്കാരനും സിനിമാപ്രേമിയുമായിരുന്നു. സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പ്രസിദ്ധീകരണങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. 4 വർഷം പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫിസറായി ജോലി ചെയ്തു. 1973 ൽ മലയാളം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. വിവിധ സർക്കാർ‌ കോളജുകളിൽ ജോലി ചെയ്തിട്ടുണ്ട്. 23 വർഷം എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകനായിരുന്നു. 1998ൽ വിരമിച്ചു. നടന്മാരായ മമ്മൂട്ടിയും സലിം കുമാറും അടക്കമുള്ള ധാരാളം പ്രമുഖരുടെ അധ്യാപകനായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി, കേരള സര്‍ക്കാർ സാംസ്കാരിക വകുപ്പ് ഉപദേശക സമിതി, സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ്, മഹാത്മാഗാന്ധി സർവകലാശാല പാഠ്യപദ്ധതി പരിഷ്കരണ സമിതി, വിശ്വ വിജ്ഞാനകോശം പത്രാധിപ സമിതി എന്നിവയിൽ അംഗമായിരുന്നു.

ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. എലിസബത്ത്‌ ടെയ്‌ലർ, മിസ്‌ കുമാരി എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത്‌ സി ആർ എഴുതി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ‘ശവം തീനികൾ’ വലിയ ചർച്ചയായിരുന്നു. പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര. കാണാതാകുമ്പോൾ രാജന്റെ അച്ഛൻ ഈച്ചരവാര്യരും ഓമനക്കുട്ടനും ഒരേമുറിയിലായിരുന്നു താമസം. എറണാകുളം മഹാരാജാസിൽ അധ്യാപകവൃത്തി ആരംഭിച്ച കാലമായിരുന്നു അത്‌.

മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങൾ അടുത്തുനിന്ന്‌ കണ്ടതിന്റെ ആത്മസംഘർഷം വാക്കുകളിലാക്കിയതായിരുന്നു ‘ശവം തീനികൾ’. അഘശംസി എന്ന പേരിൽ ദേശാഭിമാനിയിൽ നർമ്മപംക്തിയും എഴുതിയിരുന്നു. ഇക്കഴിഞ്ഞ സെപ്‌തംബർ മൂന്നിന്‌ അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലവും എൻജിനിയറിങ്‌ വിദ്യാർഥി രാജന്റെ തിരോധാനവും അനാവരണം ചെയ്യുന്ന പ്രൊഫ. സി ആർ ഓമനക്കുട്ടന്റെ ‘ശവംതീനികൾ’, “തെരഞ്ഞെടുത്ത കഥകൾ’ എന്നീ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചിരുന്നു. നടൻ മമ്മൂട്ടിയായിരുന്നു ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ഭാര്യ: പരേതയായ എസ്‌. ഹേമലത. മക്കൾ: ചലച്ചിത്ര സംവിധായകൻ അമൽ നീരദ്, മഹാരാജാസ് കോളജ് അധ്യാപിക അനുപ. മരുമക്കൾ: ചലച്ചിത്രതാരം ജ്യോതിർമയി, തിരക്കഥാകൃത്തും നാടകപ്രവർ‌ത്തകനുമായ ഗോപൻ ചിദംബരം.

പ്രധാനകൃതികള്‍

കാൽപ്പാട്, ഓമനക്കഥകൾ, പകർന്നാട്ടം, ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികൾ, ഫാദർ സെർജിയസ്, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർതണ്ണീർ, ദേവദാസ്, നാണു, കുമാരു തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!