ആധുനിക മലയാള സാഹിത്യത്തിന്‍റെ വഴികാട്ടി എം ഗോവിന്ദൻ
മലയാള സാഹിത്യത്തെ ആധുനികതയിലേക്ക് കൈപിടിച്ച് നടത്തിയ എഴുത്തുകാരിൽ ഒരാളായിരുന്നു അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എം ഗോവിന്ദൻ. കലയ്ക്കും സാഹിത്യത്തിനും ചിന്തകൾക്കുമെല്ലാം നവീനതയിലേക്ക് മാറാൻ ഗോവിന്ദന്‍റെ ഇടപെടലുകൾ വഴിയൊരുക്കി. മലയാളം അതുവരെ പരിചയിച്ചതിൽ നിന്നു തീർത്തും വ്യത്യസ്തമായ പ്രമേയവും ആഖ്യാനരീതിയുമുണ്ടായിരുന്ന മഹത്തായ നോവലുകളിലൊന്നായ ആൾക്കൂട്ടം എന്ന നോവൽ എഴുതിത്തീർത്ത ആനന്ദ് അത് അയച്ചു കൊടുത്തത് ഗോവിന്ദനായിരുന്നു. നോവലിന്‍റെ മഹത്വം മനസിലാക്കിയ ഗോവിന്ദൻ അതു പുസ്തകമാക്കാൻ പ്രോത്സാഹിപ്പിക്കുകയുംചെയ്തു. അതുപോലെ മലയാള സാഹിത്യത്തിൽ ശ്രദ്ധേയരായ നിരവധി സാഹിത്യകാരന്മാരെ വളർത്തിക്കൊണ്ടുവന്നതിൽ എം.ഗോവിന്ദന് നിർണ്ണായക പങ്കുണ്ട്.
1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കൃണാപുരത്താണ് ഗോവിന്ദൻ ജനിച്ചത്. അചഛൻ കോയത്തു മനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ. 1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനം നടത്തിയെങ്കിലും പഠനം പൂർത്തിയാക്കും മുമ്പേ മദ്രാസിലേക്കു പോയി. മദ്രാസ് പബ്ലിക് റിലേഷൻസിലും പിന്നീട് കേരളത്തിലും ജോലി ചെയ്തു. മുൻ കമ്മ്യൂണിസ്റ്റ് നേതാവും റാഡിക്കൽ ഹ്യൂമനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനുമായിരുന്ന എം.എൻ റോയിയുമായുള്ള പരിചയവും സൗഹൃദവും അദ്ദേഹത്തിന്റെ മനസ്സിൽ റാഡിക്കൽ ഹ്യൂമനിസത്തിൽ താല്പര്യം ജനിപ്പിച്ചു. ഗോവിന്ദൻ എഴുതിയ ഒരു ഇംഗ്ലീഷ് ലേഖനത്തിൽ ആകൃഷ്ടനായ റോയി ഗോവിന്ദനെ തേടിയെത്തുകയായിരുന്നു. 1954 ജനവരി 25-ന് മരിക്കുംവരെ റോയി ഗോവിന്ദന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു.
പിന്നീട് സി. ജെ. തോമസ്, പി.കെ. ബാലകൃഷ്ണൻ, എൻ.പി. മുഹമ്മദ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പത്തോളം പേർ ചേർന്നു സമീക്ഷ എന്ന പേരിൽ ലിറ്റിൽ മാഗസിനും ആരംഭിച്ചു നവസാഹിതി, ഗോപുരം എന്നീ പ്രസിദ്ധീകരണങ്ങളും നടത്തി. കവിത, നാട്ടുവെളിച്ചം, ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം, തുടർക്കണി, നോക്കുകുത്തി, അരങ്ങേറ്റം, ജ്ഞാനസ്‌നാനം, മേനക, ഒരു കൂടിയാട്ടത്തിന്റെ കഥ, എം. ഗോവിന്ദന്റെ കവിതകൾ (ഒന്നും രണ്ടും ഭാഗങ്ങൾ) എന്നിവയാണ് കവിതാസമാഹാരങ്ങൾ.
അന്വേഷണത്തിന്റെ ആരംഭം, മാനുഷിക മൂല്യങ്ങൾ, സ്വല്പം ചിന്തിച്ചാൽ എന്ത്?, അറിവിന്റെ ഫലങ്ങൾ, കമ്യൂണിസത്തിൽ നിന്നു മുന്നോട്ട്, സമസ്യകൾ സമീപനങ്ങൾ, വിവേകമില്ലെങ്കിൽ വിനാശം (വിവർത്തനം), എം. ഗോവിന്ദന്റെ ഉപന്യാസങ്ങൾ, കരഞ്ഞ കവിയും ചിരിച്ച തത്ത്വജ്ഞാനിയും, മിത്തും മതവും (ലേഖനം), റാണിയുടെ പട്ടി, മണിയോർഡർ, ബഷീറിന്റെ പുന്നാരമൂഷികൻ (കഥ), സർപ്പം (നോവൽ), നീ മനുഷ്യനെ കൊല്ലരുത്, ചൈത്താനും മനുഷ്യനും, ഒസ്യത്ത് (നാടകം) തുടങ്ങിയവയാണ് പ്രധാന കൃതികൾ. നോക്കുകുത്തി എന്ന കവിത മങ്കട രവിവർമ്മ സിനിമയാക്കിയിട്ടുണ്ട്. 1973-ൽ നെഹ്‌റു ഫെലോഷിപ്പ് ലഭിച്ചു. 1989 ജനുവരി 22 ന് അന്തരിച്ചു.
കടപ്പാട് വിവിധ മാധ്യമങ്ങള്‍,വിക്കിപീഡിയ