മലയാളത്തിന്‍റെ സ്വന്തം തക്കാക്കോ

ജിബി ദീപക്

മലയാളത്തിലെ എക്കാലത്തെയും വലിയൊരു കഥയെഴുത്തുകാരനെ അങ്ങുദൂരെ ജപ്പാനിലേക്ക് വിവര്‍ത്തനത്തിലൂടെ എത്തിച്ച വ്യക്തിയാണ് തക്കാക്കോ. തക്കാക്കോയെക്കുറിച്ച് ഒരു കാലത്ത് മാധ്യമങ്ങള്‍ ഏറെ ചര്‍ച്ചചെയ്തതാണ്. വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിന്‍റെ പ്രശസ്തമായ ജാപ്പനീസ് വിവര്‍ത്തകയാണ് ഇവര്‍.

ജപ്പാനിലെ ഇറ്റാമിയിലാണ് തക്കാക്കോയുടെ വീട്. ജപ്പാനില്‍ ഉദ്ദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരുമായ പരിചയം പതിയെ പ്രണയബന്ധത്തിലെക്കും തുടര്‍ന്ന് വിവാഹത്തിലുമെത്തി. മര്‍ച്ചന്റ് നേവിയില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലായിരുന്നു തോമസ് മുല്ലൂര്‍ ജോലി ചെയ്തിരുന്നത്.

തക്കാക്കോയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കുമുന്നേ ഇന്ത്യ സന്ദര്‍ശിച്ച ഒരു വ്യക്തിയായിരുന്നു. അച്ഛനില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്ന് ഭാരതത്തെക്കുറിച്ച് അറിഞ്ഞിരുന്ന തക്കാക്കോ ഇന്ത്യയില്‍ വന്ന് മുല്ലൂരുമൊത്ത് താമസിക്കാനായി താല്പര്യപ്പെട്ടു. അങ്ങനെ 1967 തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചു അവര്‍ ഉടനെ ഇന്ത്യയിലേക്ക് മടങ്ങി.

ജിബി ദീപക് തക്കാക്കോയ്ക്ക് ഒപ്പം

വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തക്കാക്കോയുടെ മുഖത്ത് അവശതയൊന്നും കണ്ടില്ല. തങ്ങളുടെ വെറും പ്രണയവിവാഹം മാത്രമായിരുന്നില്ലെന്നും രായ്ക്കുരാമാനം വീട്ടീല്‍ നിന്നും ഒളിച്ചോടിയാണ് മുല്ലൂരുമൊത്തുള്ള ജീവിതം തുടങ്ങിയത് എന്ന് തക്കാക്കോ സ്വതസിദ്ധമായ ചിരിയിലൂടെ പങ്കുവെച്ചു.

പ്രണയത്തിന് ഭാഷയ്‌ക്കോ, ദേശത്തിനോ അതിരുകള്‍ കല്‍പ്പിച്ച് നല്‍കാനാകില്ലെന്ന് തക്കാക്കോ തോമസ്സ് ദമ്പതികളുടെ ജീവിതം നമ്മോട് പറയുന്നുണ്ട്. വിവാഹത്തെ തുടര്‍ന്ന് തക്കാക്കോയുടെ വീട്ടുകാര്‍ അവരെ കുടുംബത്തുനിന്നും പുറത്താക്കി. എന്നാല്‍ മുല്ലൂരിന്‍റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതിനാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചെുന്നും തക്കാക്കോ പറയുന്നു.

വിവാഹം കഴിച്ച് മുല്ലൂരിന്‍റെ വീട്ടിലെത്തി. അതൊരു വലിയ കൂട്ടുകുടുംബ മായിരുന്നു.അവിടെയുള്ള ബന്ധുക്കളെല്ലാം അവരെ മലയാളം പഠിക്കാന്‍ സഹായിച്ചു. എല്ലാവരോടും എളുപ്പം ഇണങ്ങിച്ചേരുന്ന പ്രകൃതക്കാരിയാണ് തക്കാക്കോ.

അതുകൊണ്ട് തന്നെ നിത്യേനയുള്ള ബന്ധുവീട് സന്ദര്‍ശനത്തിലൂടെ വളരെ എളുപ്പത്തില്‍ ഒഴുക്കോടെ മലയാളഭാഷ പറയാന്‍ അവര്‍ പഠിച്ചു. പതിയെ എഴുതാനും ശീലിച്ചു. അഞ്ചാംക്ലാസ്സിലെ മലയാളം പാഠാവലി വെച്ച് പഠിച്ചു തുടങ്ങി. പിന്നീട് മലയാളത്തിലെ സാഹിത്യകൃതികള്‍ വായിക്കാനാരംഭിച്ചു.

നല്ല വായനക്കാരിയായിരുന്ന തക്കാക്കോയ്ക്ക് ഭര്‍ത്താവ് മുല്ലൂരാണ് തകഴിയുടെ ചെമ്മീന്‍റെ ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചത്. പിന്നീടാണ് മലയാളത്തിലെ മൂലകൃതി വായിക്കാനിടയായത്. മലയാളത്തില്‍ വായിച്ചപ്പോഴാണ് അതിന്‍റെ ഭംഗിയും ശക്തിയുമെല്ലാം കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. എനിക്ക് അതിനോട് വലിയ ഇഷ്ടം തോന്നി. മാത്രമല്ല, അത് എന്‍റെ ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യണമെന്ന് ആഗ്രവും കലശലായി. മലയാളവും ജാപ്പനീസും ഇണക്കിച്ചേര്‍ക്കാന്‍ താരതമ്യേന എളുപ്പമാണ്. എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. തക്കാക്കോ പ്രായം സമ്മാനിച്ചു അവശതകള്‍ മറന്ന് വാചാലയായി.മാധ്യമങ്ങളില്‍ അന്ന് ആ പരിഭാഷയെകുറിച്ച് നിറയെ വാര്‍ത്തകള്‍ വന്നിരുന്നു. 1976-ലാണ് ‘എബി’ എന്ന പേരില്‍ ചെമ്മീനിന്‍റെ ജാപ്പനീസ് പരിഭാഷ പൂര്‍ത്തിയാക്കുന്നത്. തകഴിയുടെ വീട്ടീല്‍ ചെന്ന് അദ്ദേഹത്തിന്‍റെ അനുവാദം നേരിട്ട് വാങ്ങിയാണ് തക്കാക്കോ ഈ ശ്രമം തുടങ്ങിയത്. എന്നാല്‍ തകഴിയുടെ അനുവാദമില്ലാതെ തന്നെ അതിനുമുന്നേ ബംഗാളി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ചെമ്മീനില്‍ നിന്നും ആരോ ജപ്പാനിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ടായിരുന്നു. ആ കാരണം കൊണ്ടുതന്നെ സാഹിത്യ പ്രസ്ഥാനങ്ങളാലോ വേദികളാലോ അക്കാദമികളാലോ ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളാലോ പരിഗണിക്കപ്പെടാതെ തക്കാക്കോയുടെ തര്‍ജ്ജിമ ഇന്നും ഇരുളില്‍ നില്‍ക്കുന്നു.

എന്നാല്‍ ഈ സംഭവത്തെപ്പറ്റി പറഞ്ഞപ്പോള്‍ തക്കാക്കോയുടെ മുഖത്ത് യാതാരുവിധ സങ്കടങ്ങളും കണ്ടില്ല. അവര്‍ പറഞ്ഞു തുടങ്ങി. ”ഞാന്‍ പ്രസിദ്ധി ഒന്നുംം ആഗ്രഹിക്കുന്നില്ല. തകഴിച്ചേട്ടന്‍റെ ഈ കൃതി വായിച്ചപ്പോഴുണ്ടായ ഒരാഗ്രഹം മാത്രം. അത് എന്‍റെ ഭാഷയില്‍ തര്‍ജ്ജിമ ചെയ്താല്‍ എന്താ എന്ന ഒരു വിചാരം. അദ്ദേഹം അതിന് അനുവദിച്ചു, ഞാനത് ചെയ്തു. അത്രമാത്രം.”

തകഴിയുമായി വളരെ വലിയ ആത്മബന്ധം തക്കാക്കോ സൂക്ഷിച്ചിരുന്നു. പലപ്പോഴും തകഴിയുടെ വീട്ടീല്‍ തക്കാക്കോയുടെ കുടുംബം സന്ദര്‍ശനവും വിരുന്നും നടത്തിയിരുന്നു. ചെമ്മീന്‍ വായിച്ചപ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തെ നേരില്‍ കാണണമെന്ന് തോന്നിയിരുന്നു. ഞങ്ങള്‍ തുറന്ന് സംസാരിച്ചിരുന്നു. അദ്ദേഹം ഈ തര്‍ജ്ജിമയ്ക്ക് നല്ല പ്രോത്സാഹനം തന്നിരുന്നു. ആ മനുഷ്യനോട് എനിക്ക് പറഞ്ഞാല്‍ തീരാത്ത സ്‌നേഹാദരങ്ങളുണ്ട്. തകഴിച്ചേട്ടന്‍ മരിച്ച സമയത്ത് ഞാന്‍ സങ്കടപ്പെട്ട് കരഞ്ഞത് പത്രങ്ങള്‍ ഫോട്ടോ കൊടുത്തിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ മരണം എന്നെ പിന്നീടുംവല്ലാതെ ബാധിച്ചു. എത്ര നല്ല മനുഷ്യനായിരുന്നു. സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം എന്നെ കരുതിയിരുന്നത്. തക്കാക്കോ വാചാലയായി തീര്‍ന്നു. പഴയകാല സ്മരണകളില്‍ അവര്‍ മുങ്ങി നിവര്‍ന്നു. തകഴിയോടുള്ള ആരാധനയും ആത്ബന്ധവും അദ്ദേഹത്തിന്‍റെ ഏതാനും കഥകള്‍ കൂടി ജാപ്പനിസീലേക്ക് പരിഭാഷപ്പെടുത്താന്‍ അവരെ പ്രേരിപ്പിച്ചു. ഇന്‍ഡോ തുശിന്‍ എ ഇന്ത്യയെക്കുറിച്ചുള്ള ജപ്പാനിലെ ഒരു മാഗസിന്‍ അത് പ്രസിദ്ധീകരിച്ചു. തകഴിയുടെ വളരെ പ്രശസ്തമായ കഥയായ വെള്ളപ്പൊക്കം ഈ പരിഭാഷപ്പെടുത്തിയ കഥകളില്‍ പെടുന്നുണ്ട്.
തക്കാക്കോ കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചററായി 16 വര്‍ഷത്തോളം ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ ജോലിചെയ്തിട്ടുണ്ട്. പിന്നീട് ദ്വിഭാഷിയായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ മൂന്നൂവര്‍ഷം ജോലിചെയ്തു.


തക്കാക്കോ തോമസ് ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണ്. ഒരു മകള്‍ കാനഡയിലാണ്. മകന്‍ മര്‍ച്ചന്‍റ് നേവിയിലും. ഒരു മകളുടെ ഒപ്പമാണ് തക്കാക്കോയും ഭര്‍ത്താവും താമസിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായ ഒരു ബസ് അപകടത്തെ തുടര്‍ന്ന് തലച്ചോറിന് ക്ഷതം പറ്റിയിരുന്നു. വലിയ ഒരു ഓപ്പറേഷനിലൂടെയാണ് ഓര്‍മ്മ വീണ്ടെടുത്തത്.സംസാരശേഷി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നതും എന്നാല്‍ തക്കാക്കോ രോഗാവസ്ഥകളെ അതിവേഗം അതിജീവിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു.


വലതുകൈക്ക് ചെറിയ സ്വാധീനക്കുറവ് വന്നിട്ടുണ്ട്. അതിനാല്‍ എഴുത്ത് പൂര്‍ണ്ണമായും നിറുത്തി. എന്നാല്‍ വായന ഇന്നും തുടരുന്നു. മലയാള ദിനപത്രങ്ങളിലും മാസികകളും തക്കാക്കോ മുടങ്ങാതെ വായിക്കുന്നു.
സ്ത്രീകളുടെ അവസ്ഥ എല്ലാ ദേശങ്ങളിലും ഒരുപോലെ തന്നെയാണെന്ന് തക്കാക്കോ സമര്‍ത്ഥിക്കുന്നു. ലോകത്തെവിടെയും എല്ലാ കുടുംബങ്ങളിലും, എല്ലാ സമൂഹങ്ങളിലും സ്ത്രീയുടെ ജീവിതം ദുരിതപൂര്‍ണ്ണമാണെന്ന് തക്കാക്കോ ചൂണ്ടിക്കാണിക്കുന്നു. ജപ്പാനിലുള്ളത് പുരുഷധനം ആണെന്നും, കേരളത്തില്‍ വന്നപ്പോള്‍, ഇവിടത്തെ സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് കേട്ടപ്പോള്‍ വലിയ ആശ്ചര്യം തോന്നിയെന്നും തക്കാക്കോ കൂട്ടീച്ചേര്‍ത്തു.


മതവിവേചനത്തിന് പ്രാധാന്യം നല്‍കുന്നവരല്ല ജപ്പാന്‍കാരെന്നും, വര്‍ഗ്ഗീയതക്കും വംശീയതയ്ക്കും അവിടെ സ്ഥാനമില്ലെന്നും തക്കാക്കോ അഭിമാനത്തോടെ പറയുന്നു. ഒരു കുടുംബത്തില്‍ തന്നെ ഒന്നിലേറെ മതവിശ്വാസികള്‍ ഒത്തൊരുമയോടെ ഒരുമിച്ച് കഴിയുന്ന സമ്പ്രദായമാണ് ജപ്പാനിലുള്ളത് എന്ന് പറയുമ്പോള്‍ തക്കാക്കോയുടെ മുഖത്ത് അഭിമാനം നിറഞ്ഞ് തുളുമ്പി.
77 വയസ്സുള്ള തക്കാക്കോ 88 കാരനായ തോമസ്സ് മുല്ലൂരുമൊത്ത് എറണാകുളം ജില്ലയില്‍ കൂനമ്മാവിനടുത്ത് കൊച്ചാല്‍ എന്ന ഗ്രാമത്തില്‍ സസന്തോഷം ജീവിച്ച് പോരുന്നു. മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് വീല്‍ചെയറിലായെങ്കിലും തക്കാക്കോയുടെ മുഖത്തെ പ്രസരിപ്പ് കവര്‍ന്നെടുക്കാന്‍ പ്രായത്തിനോ കാലത്തിനോ കഴിഞ്ഞിട്ടില്ല. പരാതികളും പരിഭവങ്ങളുമില്ലാതെ തക്കാക്കോ ഭാരതത്തെയും, കേരളത്തെയും സ്‌നേഹിച്ചുകൊണ്ട്, മലയാളമണ്ണിന്‍റെ ഗന്ധം ആസ്വദിച്ചു കൊണ്ട് സ്വതസിദ്ധമായ പുഞ്ചിരിയോടെ ഏവരെയും വരവേല്‍ക്കുന്ന തക്കാക്കോ നമ്മളിലും ആഹ്‌ളാദാനുഭൂതി ഉണര്‍ത്തുന്നു.


ഇക്കഴിഞ്ഞ ലോകവനിതാദിനത്തില്‍ എന്‍റെ നാടായ കെടാമംഗലം പപ്പുക്കുട്ടി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ തക്കാക്കോയെ ആദരിക്കുന്ന ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നേരം കാഥിക സാമ്രാട്ട് കെടാമംഗലം സദാനന്ദനുമായുള്ള സൗഹൃദ്ദവും തന്നെ സന്ദര്‍ശിക്കാന്‍ അദ്ദേഹം ആദ്യമായെത്തിയ വിശേഷങ്ങളും അവര്‍ സ്‌നേഹപൂര്‍വ്വം അനുസ്മരിച്ചു.മലയാള സാഹിത്യത്തെ ഇത്രമേല്‍ ഹൃദയത്തില്‍ ഏറ്റുന്ന തക്കാക്കോ നമ്മള്‍ മലയാളികളുടെ മുന്നില്‍ ആദരവിന്‍റെ പ്രതീകമായി ജ്വലിച്ച് നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *