ശരീര പ്രകൃതത്തിനനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം
പലരെയും അലട്ടുന്ന പ്രശ്നമാണ് വണ്ണ കൂടുതൽ. ഇതു കൊണ്ട് മിക്ക ആളുകളും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ മടി കാണിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകൾ. തള്ളി നിൽക്കുന്ന വയറാണ് പ്രധാന വിഷമം. വ്യായാമത്തിലൂടെ വെയിറ്റ് നിയന്ത്രിക്കാം എങ്കിലും, എല്ലാവർക്കും ഒന്നും അത് പറ്റണമെന്നില്ലല്ലോ. എന്തായാലും വണ്ണ കൂടുതൽ ആണെന്ന് പറഞ്ഞ് ചില വസ്ത്രങ്ങൾ ഇനി ഉപേക്ഷിക്കേണ്ടതില്ല. അതിനുള്ള വഴികൾ പറഞ്ഞുതരാം.
ട്യൂണിക്കും ടോപ്പും – ട്യൂണിക്കും ടോപ്പും ഇപ്പോഴത്തെ ഫാഷൻ ട്രെന്‍റാണ്. വണ്ണവും അൽപം കുടവയറുമുണ്ടെങ്കിൽ വൈഡ് നെക്കുള്ള ടോപ്പ് അണിയുന്നത് അനുയോജ്യമായിരിക്കും. അല്ലെങ്കിൽ നെക്കിന്‍റെ ആകൃതി അൽപം ഇറങ്ങിയതോ ചതുര ഷെയ്‌പ് ഉള്ളതോ ആവാം. സ്ലീവ്‌ലെസ് ടോപ്പ് ഒഴിവാക്കുക. ടോപ്പ് തെരഞ്ഞെടുക്കുമ്പോൾ നെക്കിൽ ഡിസൈനർ ലേസുകളുള്ളവയായാൽ ഏറെ നന്ന്.
പൊതുവെ ഡിസൈനർ ലേസ് വസ്‌ത്രത്തിന് താഴെ അരികിലായാണ് തുന്നിപിടിപ്പിക്കുക. എന്നാൽ ഇത് ടോപ്പിന് മുകൾഭാഗത്തായാൽ കാണുന്നവരുടെ ശ്രദ്ധയകലും. ടോപ്പ് അമിതമായി ലോംഗോ ഷോർട്ടോ ആവരുത്. മുട്ടറ്റം വരെ ലെങ്‌തുള്ള ടോപ്പായാൽ ശരീരഭാഗങ്ങൾ ശരിയായ വണ്ണം മറഞ്ഞിരിക്കും. അമിതമായി ഇറുക്കമുള്ള ടോപ്പ് അണിയരുത്. അത്തരം വേഷങ്ങൾ അണിയാൻ താൽപര്യമുണ്ടെങ്കിൽ ശരീരത്തിന് ഷെയ്‌പ് പകരുന്ന ജാക്കറ്റ് ടോപ്പിന് മുകളിൽ അണിയാം. അനാർക്കലി സ്യൂട്ട്, കുറുകെ വരകളുള്ള ഗാഗ്ര, എ കട്ടുള്ള കുർത്തി എന്നിവയൊരിക്കലും ധരിക്കരുത്. കുർത്തിയായാലും ടോപ്പായാലും തെരഞ്ഞെടുക്കുന്ന ഫാബ്രിക്ക് പ്രധാനമാണ്. ജോർജറ്റ്, ഷിഫോൺ, ലൈക്ര, സിൽക്ക്, കോട്ടൺ എന്നിവയിൽ നല്ല ഷെയ്‌പിൽ ട്യൂണിക്കോ ടോപ്പോ വാങ്ങിക്കുകയോ തയ്‌പിച്ചെടുക്കുകയോ ചെയ്യാം.
സ്‌കർട്ട് – നിങ്ങളുടെ വ്യക്‌തിത്വത്തെ മികച്ചതാക്കാനോ വികലമാക്കാനോ കഴിയുന്ന വേഷമാണ് സ്‌കർട്ടും ഗാഗ്രയും. നല്ല ഉയരവും മാംസളമായ ശരീരവുമുള്ളവർ കുറുകെ വരകളുള്ള ഗാഗ്രയ്‌ക്കൊപ്പം അരക്കെട്ടു വരെ ഇറക്കമുള്ള കൈ ഇറക്കം കുറഞ്ഞതുമായ ചോളി ധരിക്കാം. സ്‌ട്രെയിറ്റ് കട്ട് സ്‌കർട്ടും അൽപം ഇറുക്കമുള്ള ടീ ഷർട്ടും ജാക്കറ്റും അണിയുകയാണെങ്കിൽ ശരീരത്തിൽ തള്ളിനിൽക്കുന്ന മാംസളമായ ഭാഗങ്ങൾ ഷെയ്പായി തോന്നിക്കും.
ജീൻസ് – ഓരോരുത്തരുടേയും വ്യക്‌തിത്വത്തെ മാറ്റിമറിയ്‌ക്കുന്ന തരം വേഷമാണ് ജീൻസ്. എന്നാൽ സ്വന്തം ശരീരത്തിന്‍റെ ആകൃതിക്കനുസരിച്ച് ജീൻസ് ധരിച്ചില്ലെങ്കിൽ അത് വ്യക്‌തിത്വത്തെ വികലമാക്കും. തടിച്ച തുടകളാണെങ്കിൽ ജീൻസ് ടൈറ്റായതോ സ്‌ട്രെയിറ്റായതോ തെരഞ്ഞെടുക്കാം. ഒപ്പം ഫാബ്രിക് കട്ടിയുള്ളതോ സ്‌ട്രെച്ചബിളോ ആകണം.
കട്ടിയുള്ള ഫാബ്രിക് ശരീരത്തിനോട് അമർന്നിരിക്കുകയാണെങ്കിൽ വയറും അരക്കെട്ടും ഒതുക്കമുള്ളതാക്കും. അരക്കെട്ടിൽ അമർന്നിരിക്കുന്ന ബൂട്ട്‌ലാഗ് ജീൻസോ (ബെൽബോട്ടം) അല്ലെങ്കിൽ ഫോർമൽ പാന്‍റോ അണിയാം. എന്നാൽ അമിത വലിപ്പമുള്ള ബെൽബോട്ടം ധരിക്കരുത്. അതണിഞ്ഞാൽ നിങ്ങൾക്ക് ഒന്നുകൂടി വണ്ണം തോന്നിപ്പിക്കും. നിങ്ങളുടെ ജീൻസോ പാന്‍റോ എ ഷെയ്‌പിൽ വരണം. ലോ വെയ്‌സ്‌റ്റ് ജീൻസ് വാങ്ങരുത്. അത് വണ്ണം തോന്നിപ്പിക്കും.
ഷെയ്‌പ് വിയർ – അസാധാരണമായ വണ്ണമുള്ള ശരീരത്തിന് ആകർഷണീയത പകരുന്ന വേഷമാണ് ഷെയ്‌പ് വിയർ. വസ്‌ത്രത്തിനടിയിൽ അണിയുന്നതാണിത്. എന്നാൽ ഇത് അടിവസ്‌ത്രമല്ല. തുടവണ്ണത്തെക്കുറിച്ച് ശരിയായ ആകൃതി പകരുന്നു ഷെയ്‌പ് വിയർ. ഇത് ധരിച്ച ശേഷമാണ് അതിന് മീതെ സ്‌കർട്ടോ മറ്റോ ധരിക്കുക. അതിനാൽ ശരീരവണ്ണം പുറമേക്ക് പ്രകടമാവുകയില്ല. ഉദരത്തെ ഒതുക്കി നിർത്തുന്ന ഷെയ്‌പ് വിയറുമുണ്ട്. ഒപ്പം അരക്കെട്ടിൽ നിന്നും തുടങ്ങി തുടകൾ വരെ ഒതുക്കുന്നവയുമുണ്ട്. ഷെയ്‌പ് വിയർ എന്നും ധരിച്ചില്ലെങ്കിലും വിശേഷാവസരങ്ങളിൽ ധരിക്കാം. ശരീരത്തിന് ഒതുക്കമുണ്ടാക്കി ആകർഷണീയത പകരുന്നതിന് ഇത് സഹായകമാണ്.
ഒപ്പം സ്വന്തം വ്യക്‌തിത്വത്തെ തിളക്കമുള്ളതാക്കുന്നു. ശരീരാകർഷണീയത കൂട്ടാൻ ധാരാളം പണം ചെലവഴിക്കേണ്ടതില്ല. മറിച്ച് സ്വന്തം ശരീരത്തിനനുസരിച്ച് വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്യുകയോ വസ്‌ത്രങ്ങൾ വാങ്ങുകയോ ചെയ്യാം. എപ്പോൾ ഷെയ്‌പിംഗ് നടത്തിയാലും സ്വന്തം ഉയരത്തിനും വണ്ണത്തിനും അനുസരിച്ചുള്ള വസ്‌ത്രങ്ങളും നിറങ്ങളും തെരഞ്ഞെടുക്കുക.
വെസ്‌റ്റേൺ മോഡൽ ഡ്രസ്സുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നുണ്ട് എങ്കിൽ ഡെനിം അല്ലെങ്കിൽ ഫ്‌ളക്സിബിൾ, ലെതർ, മെറ്റീരിയലിലുള്ള ജാക്കറ്റ് ഉപയോഗിക്കാം. കാലുകൾക്ക് വലുപ്പും കുടുതൽ, അമിത ഉയരമൊക്കെ ഉള്ള ആളുകൾക്ക് പെൻസിൽ സ്‌കർട്ടും മുട്ടിന് താഴെ കിടക്കുന്ന ജാക്കറ്റും അനുയോജ്യമായിരിക്കും. അപ്പോ ഇനി വസ്ത്ര ധാരണത്തിന്റെ പേരിൽ കോൺഫിഡൻസ് പോവില്ല.