തിലകകുറി മാഞ്ഞിട്ട് ഒന്‍പാതാണ്ട്

വര്‍ഷങ്ങള്‍നീണ്ട അഭിനയസപര്യക്കിടയില്‍ എപ്പോഴും തിലകനെന്ന നടൻ നമ്മെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. നായകന്മാരെ മാത്രം മികച്ചനടന്മാരായി കാണപ്പെടുന്ന സിനിമാലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് മലയാളികള്‍ ഒന്നടങ്കം പറയാതെ പറഞ്ഞു. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍കൊണ്ടും സൂക്ഷ്മമായ അഭിനയംകൊണ്ടും ആരാധകരുടെ മനസില്‍ അതിവേഗം ഇടംപിടിച്ച കലാകാരൻ


നാടകരംഗത്തുനിന്നുമെത്തിയ സുരേന്ദ്രനാഥതിലകനെന്ന പത്തനംതിട്ടക്കാരൻ അതിവേഗമായിരുന്നു മലയാളസിനിമയുടെ അവിഭാജ്യഘടകമായത്.പതിനെട്ടോളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യസംഘാടകനായിരുന്നു തിലകൻ. പതിനായിരത്തിലധികം വേദികളില്‍ വിവിധനാടകങ്ങളില്‍ അദ്ദേഹം തകർത്തഭിനയിച്ചു. നിരവധി നാടകങ്ങള്‍ സംവിധാനംചെയ്തു.


“പെരിയാർ” എന്നചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് ചുവടുവച്ച തിലകനുകിട്ടിയ കഥാപാത്രങ്ങൾക്കെല്ലാം
വല്ലാത്തൊരു ഭാവതീവ്രതയുണ്ടായിരുന്നു. കാട്ടുകുതിരയും കിരീടവും പെരുന്തച്ചനും
മൂന്നാംപക്കവും ഇന്ത്യൻറുപ്പിയുമൊക്കെ കഥാപാത്രങ്ങളായി ജീവിച്ചപ്പോൾ അതൊക്കെ നമ്മുടെമനസ്സിലും
മരണമില്ലാത്ത കഥാപാത്രങ്ങളായി. അച്ഛന്‍വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയനടന്‍ വേറെയുണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ സിനിമകളില്‍നിറഞ്ഞുനിന്നു. മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ടിലുള്ള അച്ഛന്‍-മകന്‍ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു.


കിരീടത്തിലെ പോലീസ് വേഷം ആർക്കാണ് മറക്കാനാവുക. അത്ര ഹൃദയസ്പര്‍ശിയായിരുന്നു അദ്ദേഹത്തിന്റെ അഭിനയം.
സ്ഫടികത്തിലെ ചാക്കോമാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകരമേനോന്‍ എന്നീകഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളാണ്.നെഗറ്റീവ് വേഷങ്ങളിലും കോമഡിറോളുകളിലും തിലകന്റെ അഭിനയമികവ് പ്രകടമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍നമ്പ്യാരും മൂക്കില്ലാത്തരാജ്യത്തെ ഭ്രാന്തൻകഥാപാത്രവുമെല്ലാം തിയേറ്ററുകളിൽചിരിയലകള്‍ സൃഷ്ടിച്ചു.മലയാളസിനിമയിലെ ഏറ്റവുംക്രൂരനായ വില്ലനായിട്ടാണ് നമുക്ക്പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ പോള്‍ പൌലോക്കാരനെ കണക്കാക്കുന്നത്. കണ്ണെഴുതിപൊട്ടും തൊട്ടിലെ സ്ത്രീലമ്പടനായ നടേശന്‍മുതലാളി പ്രേക്ഷകരില്‍ എത്രവെറുപ്പാണ്സൃഷ്ടിച്ചത്.


രണ്ട്തവണ മികച്ചനടനുള്ള സംസ്ഥാനപുരസ്കാരം, മികച്ചസഹനടനുള്ള ദേശീയപുരസ്കാരം,
ദേശീയസ്പെഷ്യല്‍ജൂറി പുരസ്കാരം, 2012ല്‍ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം,
ആറ്തവണ മികച്ചസഹനടനുള്ള സംസ്ഥാനപുരസ്കാരം,കൂടാതെ മറ്റ് അനേകം പുരസ്കാരങ്ങള്‍ സിനിമാലോകം തിലകന് നൽകി.2009ല്‍ പത്മശ്രീനല്കി രാഷ്ട്രം ഈ അതുല്യകലാകാരനെ ആദരിച്ചു.തിലകനില്ലാതെ മലയാളസിനിമ
ഒൻപതുവര്‍ഷങ്ങൾ കടന്നുപോയിരിക്കുന്നു.


അവസാനനിമിഷംവരെ അഭിനയത്തിനും സിനിമയ്ക്കുമായി ജീവിതംസമര്‍പ്പിച്ച വ്യക്തിയായിരുന്നു തിലകന്‍.
തിലകനില്ലാതെ മലയാളസിനിമ സുഗമമായി മുന്നോട്ടുപോയെങ്കിലും അദ്ദേഹത്തിലൂടെ ജനിക്കുമായിരുന്ന നിരവധികഥാപാത്രങ്ങള്‍ ഉണ്ടാകാതെപോയി എന്നസത്യത്തെ അംഗീകരിക്കാതിരിക്കാന്‍കഴിയില്ല. വെള്ളിത്തിരയിലും സ്റ്റേജിലുംഅവതരിപ്പിച്ച നിരവധികഥാപാത്രങ്ങളിലൂടെ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയുംചെയ്യുന്ന മലയാളികളുടെയെല്ലാം മനസ്സുകളിൽ തിലകനിപ്പോഴും ജീവിക്കുന്നുണ്ട്‌. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍
എക്കാലത്തും സജീവമായിനിലനില്‍ക്കാന്‍ അതുതന്നെ ധാരാളം.

കടപ്പാട്: കട്ടച്ചിറ വിനോജ് ഫേസ്ബുക്ക് പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *