നിങ്ങള്‍ ഒരു വിഷാദ രോഗിയാണോ?

വിഷാദരോഗം സ്വയം കണ്ടെത്താനും മറ്റുള്ളവരിലെ രോഗാവസ്ഥ തിരിച്ചറിയുവാനും മാര്‍ഗങ്ങളുണ്ട്.

  1. വിഷാദാത്മകമായ മാനസികാവസ്ഥ :-
    എപ്പോഴും ദുഃഖഭാവം ഉണ്ടോ എന്ന് സ്വയം ചിന്തിക്കുക. സന്തോഷമുണ്ടാകേണ്ട അവസരങ്ങളിലും മുഖം തെളിയില്ല. ചിരി വിടരില്ല. സ്ഥായിയായ ദുഃഖഭാവം. ചിലപ്പോള്‍ പെട്ടെന്ന് കരയും.
  1. ജീവിതം ആസ്വദിക്കുന്നതിനുള്ള താല്‍പര്യമില്ലായ്മ :-
    ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടുക. ദൈനംദിന പ്രവൃത്തികളില്‍ താല്‍പര്യം കുറയുന്നു. ഇഷ്ടമുള്ള പ്രവൃത്തികളില്‍നിന്നും വിട്ടുനില്‍ക്കാനുള്ള പ്രവണത. മുന്നോട്ട് ജീവിക്കണം എന്ന തോന്നല്‍ നഷ്ടമാകുന്നു.
  1. അകാരണമായ ക്ഷീണം :-
    ഉന്മേഷക്കുറവും ക്ഷീണവും അനുഭവപ്പെടുക. ഇതുമൂലം ജോലി ചെയ്യാന്‍ കഴിയാതെ വരുന്നു. ഒഴിഞ്ഞു മാറി എപ്പോഴും സ്വസ്ഥമായിരിക്കാന്‍ തോന്നുക.
  1. ശ്രദ്ധക്കുറവ് :-
    ഒരു കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ. ശ്രദ്ധക്കുറവു മൂലം ജോലിയില്‍ വീഴ്ചയുണ്ടാവുകയും ചിലപ്പോള്‍ ജോലി നഷ്ടമാകുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുക.
  1. ആത്മവിശ്വാസവും മതിപ്പും കുറയുക : –
    ആത്മവിശ്വാസം തകരുക. മറ്റുള്ളവരെപ്പോലെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് സ്വയം വിശ്വസിക്കുക. സ്വന്തം കഴിവുകള്‍ നിസാരമായി കാണുക. കഴിവില്ലായ്മയില്‍ സ്വയം ഒതുങ്ങിക്കൂടുക.
  1. കുറ്റബോധം നിറഞ്ഞ മനസ് :-
    മനസില്‍ അകാരണമായി കുറ്റബോധം നിറയുക. മറ്റുള്ളവരോട് തെറ്റുചെയ്തുവോ എന്ന ചിന്ത വേട്ടയാടുക. മുന്‍കാല പ്രവര്‍ത്തികള്‍ തെറ്റായി പോയി എന്നു വിശ്വസിച്ച് പരിതപിക്കുക.
  1. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷക്കുറവ് :-
    ജീവിതം ഇതോടെ അവസാനിച്ചു എന്ന ചിന്ത മനസില്‍ നിറയുക. ഭാവി ഇരുളടഞ്ഞതായി കരുതുക. ജീവിതത്തില്‍ ഇനി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് വിശ്വാസം
  1. ആത്മഹത്യാ പ്രവണത :-
    ചില സന്ദര്‍ഭങ്ങളിലെങ്കിലും ജീവന്‍ ഒടുക്കുന്നതിനെക്കുറിച്ചുള്ള ചിന്ത. അതിനുള്ള ശ്രമം. എല്ലാവര്‍ക്കും ഭാരമാകുന്നു എന്ന തോന്നല്‍ മനസില്‍ ശക്തമാവുക.
  1. ഉറക്കത്തിലെ തകരാറ് :-
    ഉറക്കം കുറയുകയോ അമിതമായി ഉറങ്ങുകയോ ചെയ്യുന്നു. രാത്രി ഉറങ്ങാന്‍ കഴിയാതെ വരുന്നു. പാതി ഉറക്കത്തില്‍ ഉണരുകയും പിന്നീട് ഉറക്കം ലഭിക്കാതെ വരികയും ചെയ്യുന്നു. വളരെ നേരത്തേ ഉറക്കം തെളിയുക.
  1. വിശപ്പില്ലായ്മയും അമിത വിശപ്പും :-
    ആഹാരം രുചിയില്ലെന്ന തോന്നല്‍. വിശപ്പില്ലായ്മയോ അമിതമായ ആഹാരം കഴിക്കുകയോ ചെയ്യുന്നു. ഇതുമൂലം ശരീരഭാരം വര്‍ധിക്കുകയോ അമിതമായി കുറയുകയോ ചെയ്യുന്നു.
  1. വൈകാരികമായി പ്രതികരിക്കാന്‍ കഴിയാതെ വരിക :-
    യാതൊരുവിധ വൈകാരിക പ്രതികരണവും ഉണ്ടാകാതിരിക്കുക. തമാശ കേട്ടാല്‍ ചിരിക്കില്ല. പ്രതികരിക്കേണ്ട അവസരങ്ങളില്‍പോലും അതിനാകാതിരിക്കുക.
  1. മൂഡ് രാവിലെ മോശമായിരിക്കുക :-
    ഉറക്കമുണരുമ്പോള്‍ കടുത്ത നിരാശയും സങ്കടവും തോന്നല്‍. ജോലികളൊന്നും ചെയ്യാന്‍ കഴിയാതെ വരിക.
  1. ശാരീരിക ക്ഷമതയും ചലനവും കുറയുക :-
    ഓടാനും നടക്കാനും കഴിയാതെ വരിക. പെട്ടെന്ന് തളരുക. ശരീരത്തിന്റെ ആകെ ചലനശേഷി കുറയുക.

ഈ ലക്ഷണങ്ങളില്‍ മൂന്നില്‍ കൂടുതല്‍ എണ്ണം രണ്ടാഴ്ചയിലേറെ കാലം കാണപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുണ്ട്. വിഷാദം കണ്ടെത്തി ഉടന്‍ പ്രതിവിധി തേടിയാല്‍ രോഗികളെ സാധാരണ ജീവിതത്തിലേക്ക് എളുപ്പം മടക്കിക്കൊണ്ടുവരാനാവും.

Leave a Reply

Your email address will not be published. Required fields are marked *