ആട്ടുകല്ലും നിലവിളക്കും. 3

ഗീത പുഷ്കരന്‍

തോട്ടുവക്കത്തു കെടക്കണ ശവത്തിന്റെ കാരിയം ഷാപ്പിലാട്ടു സൈക്കളേ വച്ചു പിടിക്കുന്നതിനെടേ , എതിരേ വന്ന പച്ചക്കറിക്കാരി സത്യഭാമച്ചേച്ചി സൈക്കിളിനു വട്ടം നിന്നാണ് ചന്ദ്രപ്പനാടു പറഞ്ഞത്. പിന്നെ ഒരു കുതിപ്പാരുന്നു.

സത്യഭാമ പറഞ്ഞതു പോലെ ദാമോദരൻ
വാപ്പനും പത്തമ്പതു പേരും ചെറേലും തോട്ടരികിലും
കാവൽ പുരക്കുമുന്നിലും കൂട്ടം കൂടി നിപ്പൊ ണ്ടായിരുന്നു.

ചന്ദ്രപ്പൻ പതുക്കെ കാവൽക്കാരൻ ദാമോദരൻ വാപ്പ ന്റെ അടുക്കേലാട്ടുചെന്നു തോളേ കൈയ്യിട്ടു.
എടാ ചന്ദ്രപ്പാ… എനിക്കു മേലടാ .പണി കിട്ടിയല്ലാടാ ഈ വയസാം കാലത്ത് നുമ്മക്ക് .
മെമ്പറ് സുകുമാരൻ ഹെഡ് സദാനന്ദനെ കൂട്ടി പോലീറ്റേഷനിലാട്ടുപോയിട്ടൊണ്ട്. ഇപ്പം പോലീസു വരും .എന്നാടു വിവരം തെരക്കുമെന്നാണ് പഞ്ചായത്താപ്പീസിലെ
സാറു പറയുന്നതു കേട്ടാ. നീയൊന്നു നോക്കടാ , ആരാന്നറിയാവാ?

ചന്ദ്രപ്പൻ ഒന്നേ നോക്കിയൊള്ളു
ശവത്തിന്റെ മുഖത്ത് കണ്ണുകളുടെ സ്ഥാനത്ത് രണ്ടു ചോരപ്പുക്കൾ .
ചുറ്റും ചോരക്കളം. ചോരയിൽഅറ്റുവീണു കെടക്കണ കാലും കൈയ്യും.

തലകറങ്ങിപ്പോയ ചന്ദ്രപ്പൻ നിലത്തോട്ടിരുന്നു.

ചന്തകൂടുമ്പം പെണ്ണുങ്ങക്ക് മാത്രം അത്യാവശ്യം കാശു കടം കൊടുക്കുന്ന
നീലാംബരനാണ് അപ്പോ ചന്ദ്രപ്പന്റെ
മുമ്പി മുട്ടുകുത്തി ചെവീലോട്ടു പറഞ്ഞത്..

മീനാക്ഷിയെ കാണാനില്ലെന്നു കേട്ടെന്നും
ചന്തേലെ രണ്ടു പടുമരണങ്ങളെക്കുറിച്ചും . പെണ്ണു തൂങ്ങിക്കെടക്കേണന്നു കേട്ടപ്പ
ചന്ദ്രപ്പനു തലേദിവസത്തെ കാര്യം
മനസിൽ തെളിഞ്ഞു. രാത്രി ഷാപ്പടയ്ക്കണ സമയം.
പ്രായത്തിന്റെ തെറിപ്പും കാശിന്റെ ഹുങ്കും ഇങ്ങനേന്നും അല്ലടാ പന്നീ തീർക്കണ്ടത്.
ഷാപ്പുകാരൻ ഭാസ്കരൻ മൊതലാളി ,മകൻ കുരിപ്പു പ്രേംകുമാറിനോട്
പറയുന്നത് കേട്ടാണ്ടാണ് ഷാപ്പിലെ പിൻവാതിലടക്കുവാൻ പോയത്.

വാതിലേ കൈവയ്ക്കണപ്പ ചെറിയൊരു കരച്ചിലും മൂക്കുചീറ്റലും ചന്ദ്രപ്പന്റെ കാതിലേക്കു തടസമില്ലാതെ കടന്നുചെന്നു.
കാറ്റല്ലാതെ ആ നേരം മുണ്ടാനാ ഒച്ചയൊണ്ടാക്കാനാ ആ പാതിരാത്രിക്കാരും ആ പ്രദേശത്തില്ലല്ലാന്ന് വിചാരിച്ചും കൊണ്ട്
വാതിലടക്കാതെ മറേലാട്ട് ഒതുങ്ങി നിന്നു. ഇതു പണി വേറേണു കേട്ടാന്ന്
സാമാന്യബുദ്ധിക്കു തോന്നി. പെണ്ണാണെന്ന്
കരിച്ചിലിനെടേക്കേട്ട കൊലുസിന്റെ കിലുക്കം സൊകാര്യം പറഞ്ഞു.
എടപെടണ്ടാ തടി കേടാക്കണ്ടാന്നു തന്നെ തീരുമാനിച്ചു. വാതിലടച്ചു കുറ്റീട്ടിട്ട്
മൊതലാളീടടുത്താട്ട് ചെന്നപ്പം

എടാ നീയാ അപ്പോം കറീം എടുത്താണ്ടു പൊക്കോടാ
എന്ന് മുതലാളി. അല്ലേ വേണ്ട.മ്മക്കിത്തിരി മിനുങ്ങീട്ടെറങ്ങാടാന്ന് അയാ തിരുത്തി പറഞ്ഞു. ഒരു കുപ്പീ ഇങ്ങാട്ടെടുത്തോടാ
എന്ന് . കുടീം തീനും കഴിഞ്ഞപ്പഴാണ് മൊതലാളീടെ കാറു വന്നത്.
ഇപ്പ താമസിച്ചു പോയില്ലേടാ , നീ കൂടെ
ഇങ്ങാ കേറ് എന്ന് മൊതലാളി.

വണ്ടിയേക്കേറുമ്പഴാണ് പ്രേമകുമാരനെ
കണ്ടില്ലല്ലാ ,പോയാരിക്കുവാ, അവൻ എന്നാത്തിനാണാവാ വന്നത് എന്നു ഓർത്തത്.. ചോതിച്ചില്ല. അങ്ങാട്ടൊന്നും
ചോതിക്കണത് മൊതലാളിക്കിഷ്ടാല്ല.

ഇപ്പ തോന്നണത് ആ പെണ്ണാണാ തൂങ്ങിച്ചത്തത് ,ഷാപ്പിന്റെ പൊറകീ നിന്ന , അപ്പ പ്രേമകുമാരൻ എങ്ങാട്ടാരിക്കും പോയത്.
പ്രേമകുമാരന്റെ കൂടെ വല്ലാരുമൊണ്ടാരുന്നാ ഇനി അങ്ങനെ വല്ലോരുമാണാ ചത്തു കെടക്കണത്. ചന്ദ്രപ്പനാകെ ഉടലുതളർന്നു.

എരട്ടച്ചങ്കൻ പാലാൻ കുമാരൻചേട്ടൻ
അപ്പോഴാണ് രംഗപ്രവേശം നടത്തിയത്.
എഴുന്നേറ്റപടി കിറി തൂത്ത് പ്രഭാത
സുരപാനത്തിനിറങ്ങിത്തിരിച്ചതാണ്, ഷാപ്പീലെത്തു മുൻപേ കാവൽ പുരക്കുപിന്നിലെ ബഹളം കണ്ട് എത്തി
നോക്കിയതാണ്.

മാറിനെടാ കഴുവേർട മക്കളേ..
മനുഷേനെ കാണാനും സമ്മതിക്കേല
മൈരുക..

എരട്ടച്ചങ്കൻ അമറിക്കൊണ്ട് ശവത്തിനു ചുറ്റുംകൂടി നിന്ന മനുഷ്യരെ രണ്ടു കൈക്കും തുഴഞ്ഞു മാറ്റി
ശവത്തിനരുകിലെത്തിയതും
ഒരൊറ്റച്ചിരി.. അട്ടഹാസം തന്നെ
നിർത്താതെ

ഇയ്യാക്കെന്നാ പിരാന്തായിപ്പോയാ
കളത്തീ പകവതിയേ.. ചത്തു കെടക്കണവനെക്കണ്ടു ഇളിക്കാൻ.
പൂവൻ രാമന്റെ പെണ്ണുംപിള്ള മൂക്കത്തു വിരൽ വച്ചു..കൂടെ നിന്ന പരത്തിപ്പാറു
നേരുങ്കെ ഇയ്യാക്കു പിരാന്തായാ എന്ന്
അതിശയിച്ചു. എന്റെ കർത്താവേ ലോകാവസാനമായാ എന്ന് മറിയക്കുട്ടി വ്യസനിച്ചു.

ചിരി നിർത്താൻ വയ്യാതെ ഇരട്ടച്ചങ്കൻ
ചിരിച്ചു ചിരിച്ചു തോട്ടിറമ്പിൽ ഇരുന്നു
രണ്ടു കൈയ്യും തലേ വച്ചു കൊണ്ടു ചിരിയായി.

ചിരി നിർത്താതെതന്നെ ഇരട്ടച്ചങ്കൻ വിളിച്ചു കൂവി..
പിശാശുബാധയൊഴിഞ്ഞതാടാ മക്കളേ…
കൊടുത്താ കൊല്ലത്തു മാത്രല്ലേ മ്മടെ
നാട്ടിലും കിട്ടുവേ… ദൈവം തമ്പുരാൻ വലിയവനാടാ ..

അടുത്ത നിമിഷം ഒരുത്തൻ രണ്ടു കൈയ്യും കൂട്ടിയടിച്ചു.. അതു തെങ്ങുകേറ്റക്കാരൻ
പുരുഷന്റെ മകൻ ശിവനായിരുന്നു.
മറ്റൊരുത്തൻ , അത് പപ്പടക്കാരൻ
പങ്കുമൂപ്പന്റെ അനത്തിരക്കാരൻ ബാലനായിരുന്നു ,ഒരൊറ്റ കൂവ് …അത് അർത്തുങ്കപ്പള്ളീലെ
പെരുന്നാൾ അറിയിപ്പുപോലെ പടർന്നു , എല്ലാ കൈകളിലേക്കും. എല്ലാ വായും തുറന്നു… കൂട്ടക്കൂവൽ കൂട്ടകൈയ്യടി.

ഘോഷം കരിപ്രദേശമാകെ പടർന്ന് അങ്ങ് വടക്കു ചെല്ലാനം വരെയും തെക്ക് അന്ധകാരനഴിവരേയും കിഴക്ക്
തൈക്കാട്ടുശ്ശേരി കടവു വരേയും പടിഞ്ഞാറ് അറബിക്കടൽ വരേയും ഉത്സവം അറിഞ്ഞു.
പിശാശു വേലായുധൻ ചത്തതിന്റെ
ആഘോഷം..

കരഘോഷവും കൂവലും നിന്നപ്പ എരട്ടച്ചങ്ക
ൻ ചോദിച്ചു

എന്നാ കണ്ടു നിക്കുവാടാ തീട്ടം തീനികളേ
പെരേ പോടാ.. പോടാ… പോകിനെടാ
തന്തയില്ലാത്തവമ്മാരേ..നിന്റേന്നും
തള്ളേടെ ചേനാരല്ലല്ലാ ചത്തു കെടക്കണത്.
പഞ്ചായത്തു മെമ്പറും ഞാനും ദാമോദരൻ വാപ്പനും ഇവിടെണ്ടാവും. വേറെ ഒറ്റെണ്ണത്തിനെ ഇവടെ കണ്ടു പോകരുത്.
ഒരൊറ്റെണ്ണം സാക്ഷി പറയാനാ മറ്റാ ഇവടെക്കണ്ടാ നെഞ്ചിന്റെ പൂട്ടു ഞാം തകർക്കും .

ജനം നിമിഷം കൊണ്ട് കാറ്റടിച്ചു പതിരു പറന്നു പോവുമ്പോലെ പറന്നുപോയി.
മടീലും മനസ്സിലും ഒരു കനവുമില്ലാതെ.

തുടരും.

ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍

ആദ്യ ഭാഗം വായിച്ചു തുടങ്ങിയില്ലാത്തവര്‍ക്ക് വേണ്ടി

One thought on “ആട്ടുകല്ലും നിലവിളക്കും. 3

Leave a Reply

Your email address will not be published. Required fields are marked *