കനി

ഭാവന


വാട്ടിയ തൂശനിലയിലേക്ക് ആവിപാറുന്ന ചോറും നടുവിലായി വറുത്ത മീനും അതിനരികിലായി കണ്ണുകിട്ടാതിരിക്കാൻ തക്കവണ്ണം കാന്താരി മുളക് ചമ്മന്തിയും പാവയ്ക്ക ഉപ്പേരിയും വെച്ചിട്ട് അമ്മ പറഞ്ഞു ” പെണ്ണേ കാലത്തെഴുന്നേറ്റ് ഇതൊക്കെ ഉണ്ടാക്കി തരുന്നേ തിന്നാനാണ് കേട്ടോ ……” ശരിയാണ് എന്റെ മടിയുടെ ഏറിയപങ്കും പ്രോത്സാഹിപ്പിക്കുന്നത് എന്റെ മാതാശ്രീ തന്നെയാണെന്ന് ഒരു കുസൃതിയോടെ പറയാനാണെനിക്കിഷ്ടം. കരിപിടിച്ച പാത്രങ്ങളോടും വെട്ടിനുറുക്കിയ സാമ്പാറിൻ കഷ്ണങ്ങളോടും തല്ലി കീറുന്ന വസ്ത്രങ്ങളോടും ഉള്ള കലഹം കഴിഞ്ഞു വരുമ്പോൾ പകലന്തിയോളമാവും. പണ്ട് മുത്തശ്ശി പറഞ്ഞ കഥയിലെ ആയിരം കൈകളുള്ള ദേവി ആണോ ഇതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

എന്തെന്നാൽ പരാതിയോ പരിഭവമോ ഇല്ലാതെ വീട്ടിലെ എത്രയെത്ര ജോലികളാണ് മുത്തശ്ശിക്കഥയിലെ ആയിരം കൈയുള്ള ദേവിയെ പോലെ ചെയ്തു തീർക്കുന്നത് അമ്മ. അതും ആലോചിച്ചു കൊണ്ട് വരിഞ്ഞുകെട്ടിയ പൊതിച്ചോറുമായി, അതിവേഗം ബഹുദൂരം കോളേജ് ബസ് പിടിക്കാൻ ആയി ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടി. എനിക്ക് ബസ്സിൽ യാത്ര ചെയ്യുന്നത് വളരെയധികം ഇഷ്ടമായിരുന്നു. യാത്ര വളരെയധികം ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെ നിർഭാഗ്യവശാൽ സ്കൂൾ ജീവിതം നടന്ന് തീർക്കേണ്ടതായി വന്നു. അതിനെനിക്ക് ഖേദമുണ്ട്. അപ്പോഴും ഞാൻ ആഗ്രഹിച്ചത് ഒരു ദിവസമെങ്കിൽ ഒരു ദിവസം ബസ്സിൽ യാത്ര ചെയ്തു പോയി പഠിക്കണം എന്നായിരുന്നു. എന്റെ പ്രാർത്ഥന ദൈവം കേട്ടെന്നു തോന്നുന്നു.ഇപ്പോൾ ഇടിച്ചു ഞെരുങ്ങി ആണെങ്കിലും ബസ്സിൽ കോളേജിൽ പോകാൻ പറ്റുന്ന സന്തോഷത്തിലാണ് ഈ ഭവതി.
സ്വപ്നങ്ങളുടെ വിശാലമായ ചിറകിലേറി അങ്ങ് വനിലേക്ക് ഉയർന്ന് പറന്നപ്പോഴേക്കും ഒരു ഓർഡിനറി ബസ് എന്റെ സ്വപ്നങ്ങളിലേക്ക് ഇടിച്ചുകയറി. ഓടിച്ചാടി ബസ്സിൽ കയറി ആളൊഴിഞ്ഞ സൈഡ് സീറ്റിൽ തന്നെ സ്ഥാനം ഉറപ്പിച്ചു. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മറന്ന് നമ്മൾ നമ്മുടെ ചുറ്റുമുള്ളവരിലേക്ക് കണ്ണോടിക്കുന്നത് പലപ്പോഴും ഈ ആനവണ്ടി യാത്രകളിൽ ആവും. ഒപ്പം വിൻഡോ സൈഡിൽ ഇരിപ്പിടം കൂടി കിട്ടിയാൽ യാത്ര രാജകീയമാവും. എത്രയെത്ര വഴിയോരക്കച്ചവടക്കാർ, അവരോട് വിലപേശി കൊണ്ടിരിക്കുന്ന കണ്ടാൽ സമ്പന്നർ എന്നു തോന്നുന്ന ആളുകൾ, ജീവിക്കാനായി ആളുകൾ പരക്കം പായുകയാണ്. ഈ കാഴ്ചകൾ എല്ലാം കണ്ട് കോളേജ് എത്തുമ്പോഴേക്കും ഒരു മെഡിറ്റേഷൻ ക്ലാസ്സ് കഴിഞ്ഞു വന്ന ബുദ്ധനെ പോലെയാവും എന്റെ മനസ്സ്.


അങ്ങനെയിരിക്കെയാണ് വീട്ടിലേക്ക് തിരിച്ചുള്ള സായാഹ്ന യാത്രയിൽ എന്റെ കണ്ണുകളിൽ അവൾ ഉടക്കിയത്.കണ്ടാൽ ഒരു പത്ത് 12 വയസ്സ് തോന്നിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടി. തന്റെ ചെറിയ കടയിൽ ഒത്തുകൂടിയ വർക്ക് ചായയും നാലുമണി പലഹാരങ്ങളും നൽകുന്നു. അതൊരു ചെറിയ ചായക്കട ആയിരുന്നു.ഒപ്പം അവളുടെ സ്വപ്നങ്ങളിലെ വിശാലതയും.ആത്മവിശ്വാസം ഉള്ള കണ്ണുകൾ… എല്ലാവരെയും മനോഹരമായ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ആ നിഷ്കളങ്കത ഒക്കെ തന്നെയും എനിക്കൊരു അത്ഭുതമായി തോന്നി. എത്ര വേഗത്തിലാണ് ആ കൊച്ചുമിടുക്കി അവളുടെ ജോലികൾ ചെയ്തു തീർക്കുന്നത്. കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. അത് ആ കുട്ടിയുടെ അമ്മ ആണെന്ന് തോന്നുന്നു. ദിവസവും ആ സ്റ്റോപ്പിൽ ബസ്സ് വന്ന് നിർത്തുമ്പോൾ അവളെ നിരീക്ഷിക്കുക എന്നത് എന്റെ ശീലമായി മാറി. അറിയാതെ തന്നെ എന്റെ കണ്ണുകൾ ബസ്സി നേക്കാൾ വേഗത്തിൽ അവളിലേക്ക് ഓടി അടുക്കുവാൻ ആഗ്രഹിച്ചു. എല്ലാ തിരക്കുകളിലും അലച്ചിലിലും അസ്വസ്ഥമായിരുന്ന എന്റെ മനസ്സിനെ ആ കൊച്ചുസുന്ദരിയുടെ പുഞ്ചിരി സന്തോഷവതി ആക്കിയിരുന്നു.


ഒരു ദിവസം അവളെ കണ്ട് സംസാരിക്കണം എന്നായി എന്റെ ആഗ്രഹം. അങ്ങനെ വീട്ടിലേക്കുള്ള തിരിച്ചുവരവിൽ ഞാനാ കൊച്ചുമിടുക്കിയുടെ കടയിൽ പോകുവാൻ തീരുമാനിച്ചു. അത്രയും സന്തോഷത്തോടെ ഓടി അടുത്ത എനിക്ക് വേദനയോടെ ഒരു കാര്യം മനസ്സിലായി ആ കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്ക് കാലുകൾക്ക് ചലനശേഷി ഉണ്ടായിരുന്നില്ല. ജീവിക്കുവാൻ ഉള്ള വക കണ്ടെത്തുവാനുള്ള ആത്മധൈര്യവും ചങ്കുറപ്പും ആയിരുന്നു ആ കൊച്ചുമിടുക്കിയുടെ കണ്ണുകളിൽ ഞാൻ കണ്ട തിളക്കം. അവൾ ഒരു ചെറു പുഞ്ചിരിയോടെ ഒരു ചൂട് ചായ എനിക്ക് നേരെ നീട്ടി. ഞാൻ ചോദിച്ചു മോളുടെ പേര് എന്താണ്? ” കനി “…. ശരിയാണ് അവളൊരു കനി തന്നെയാണ്. അവളുടെ കുടുംബത്തെ രക്ഷിക്കുന്നതിനായി പോരാടി കൊണ്ടിരിക്കുന്ന “കനി “. പിന്നീട് ഞാൻ ആ കടയിലെ സ്ഥിരം സന്ദർശകയായി മാറി. കടയിലേക്ക് വരുമ്പോൾ ഒക്കെയും അവൾക്കായി ഞാൻ മിഠായികൾ കരുതിയിരുന്നു. ഞങ്ങൾ വളരെയധികം അടുത്തു.കഥകൾ പറയുവാൻ തുടങ്ങി. വിശേഷങ്ങൾ പറയുവാൻ തുടങ്ങി. അങ്ങനെ ആ ബന്ധം ഉറപ്പുള്ള എന്തോ ഒന്നായി മാറി.


സമ്പന്നമായ ഒരു നായർ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു അവളുടെ അമ്മ. താഴ്ന്ന ജാതിയിൽപ്പെട്ട ഒരു യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ കുടുംബത്തിൽ നിന്നും പുറത്താക്കി. അവരുടെ ആ സ്നേഹബന്ധത്തിൽ അസൂയ തോന്നിയത് കൊണ്ടോ അതോ അവരുടെ സന്തോഷം ഇല്ലാതാക്കാൻ വേണ്ടിയോ ആവോ ദൈവം കനിയുടെ അച്ഛനെ നേരത്തെ വിളിച്ചു. അന്ന് അവളുടെ അമ്മ 9 മാസം ഗർഭിണിയായിരുന്നു. പരസഹായമില്ലാതെ വീടുകളിൽ പണിയെടുത്തും രാത്രികാലങ്ങളിൽ ചായക്കട നടത്തിയുമാണ് അവർ ജീവിച്ചത്. അധികം വൈകാതെ തന്നെ കനിയുടെ അമ്മയുടെ കൈകാലുകളുടെ ചലനശേഷി നഷ്ടമായി. അമ്മയെ സഹായിക്കുന്നതിനും അന്നത്തിനുള്ള വക കണ്ടെത്തുന്നതിനുമായി രാവിലെ പഠിക്കാൻ പോയി വന്നിട്ടാണ്. വൈകുന്നേരങ്ങളിൽ അവൾ ചായക്കട നടത്തുന്നത്.


കഥകളൊക്കെ അറിഞ്ഞപ്പോൾ എനിക്ക് അവളോടുള്ള വാത്സല്യം വർധിക്കുകയാണുണ്ടായത്. എന്റെ അനിയത്തി കുട്ടിയെ പോലെ അവളെ ചേർത്തു പിടിക്കാൻ ആഗ്രഹിച്ചു. എത്ര പക്വതയുള്ള സ്ത്രീയെ പോലെയാണ് അവൾ സധൈര്യം തന്റെ ഇല്ലായ്മകളെ നേടിയെടുക്കുവാനായി പോരാടുന്നത്. അവളുടെ കണ്ണുകളിലെ തിളക്കം എന്തും നേരിടുവാൻ എന്തിനേയും നേരിടുന്ന ഉയരങ്ങളിലേക്ക് പറക്കുവാൻ ആഗ്രഹിക്കുന്ന ജ്വാലയായ് എനിക്ക് തോന്നി.


ചായക്കടയിലെ തിരക്കുകൾ കുറയുമ്പോൾ പുസ്തകങ്ങൾ എടുത്ത് വായിച്ചുകൊണ്ട് അവളെന്നോട് പറഞ്ഞു. ഞാൻ മിടുക്കിയായി പഠിച്ച് ഒരു കലക്ടർ ആകുമ്പോൾ ഈ പ്രശ്നങ്ങൾ ഒക്കെ മാറും. എന്നെപ്പോലെ ബുദ്ധിമുട്ടുന്ന കുട്ടികളെ ഞാൻ സഹായിക്കും. നല്ലൊരു കൊച്ചു വീട് പണിത് എന്റെ അമ്മയെ സുരക്ഷിതയായി സന്തോഷത്തോടെ ഞാൻ നോക്കും. അവളുടെ വാക്കുകൾ എന്നിൽ ഒരു പ്രകാശം പരത്തി.


കുറച്ചു കഷ്ടപ്പെട്ടാലും സന്തോഷകരമായ ഒരു ജീവിതത്തിനു വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഈ കഷ്ടപ്പാട് ഒക്കെയും എനിക്ക് മനോഹരമായി തോന്നുന്നുണ്ട് എന്നവൾ എന്നോട് പറഞ്ഞു. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അവൾ എന്നോട് ചോദിച്ചു:” ചേച്ചി പുസ്തകങ്ങളൊക്കെ വായിക്കാറുണ്ടോ? ” ഉവ്വ്. അവൾ തന്റെ സഞ്ചിയിൽ നിന്നും തുന്നലുകൾ അഴിഞ്ഞ ഒരു ചെറു പുസ്തകം എനിക്ക് നേരെ നീട്ടി. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ അതു വാങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഞാനാ പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് നോക്കി…….. ” ഞാൻ മലാല യൂസഫ് സായി…….. ” ചില മനുഷ്യരുണ്ട് നമ്മൾ അവർക്ക് എല്ലാമായിരുന്നുയെന്ന് തോന്നിപ്പിച്ചു കൊണ്ട് ഒരു വാക്കിൽ ആരുമല്ലാതായി തീരുന്നവർ. മറ്റു ചിലരുണ്ട് നമ്മൾ അവർക്ക് ആരും അല്ലാതിരുന്നിട്ടു കൂടി ചില വാക്കുകളിൽ നമ്മുടെ ഹൃദയം കീഴടക്കി ആരൊക്കെയോ ആയി മാറുന്നവർ.
ശുഭം –

Leave a Reply

Your email address will not be published. Required fields are marked *