മരണകുരുക്കാവുന്ന കല്യാണങ്ങൾ

വിസ്മയ, അർച്ചന, സുചിത്ര, ഉത്തര ഗാർഹിക പീഡനങ്ങളെ തുടർന്നുള്ള പെൺകുട്ടികളുടെ ആത്മഹത്യകൾ തുടർകഥയാകുന്നു.പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു എന്നറിഞ്ഞിട്ടും പ്രതികരിക്കാത്ത മാതാപിതാക്കൾ…നിയമം ഇന്നാട്ടിലെ പെൺകുട്ടികൾക്കും വേണ്ടി ഉള്ളതാണ്.ആക്ടിവിസ്റ്റ് സുധമേനോൻ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം.

കല്യാണം കഴിക്കാത്ത പുരുഷന്മാരോട്..

കൂടെ ജീവിക്കാൻ പോകുന്ന പെൺകുട്ടിയുടെ അച്ഛനും അമ്മയും സമ്പാദിക്കുന്ന പണവും സ്വത്തും ഒരു തരത്തിലും തനിക്ക് അവകാശപ്പെട്ടതല്ല എന്ന് നിങ്ങൾ മനസിലാക്കണം. ഇത്തിരിയെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ഈ കച്ചവടത്തിന് നിൽക്കരുത്. പ്രായപൂർത്തിയായ പുരുഷന്റെയും സ്ത്രീയുടെയും ജീവിതം അവർ സ്വന്തമായി ഉണ്ടാക്കിയെടുക്കേണ്ടതാണ്. അല്ലാതെ ഏതോ സാധുക്കൾ അദ്ധ്വാനിച്ചു ഉണ്ടാക്കിയ പണം അവരുടെ മകളുടെ കൂടെ ജീവിക്കുന്നതിന്റെ പേരിൽ നിങ്ങൾക്കു ചിലവാക്കാൻ ഒരു അർഹതയും ഇല്ല. ചോദിച്ചു വാങ്ങുകയോ, അതിന്റെ പേരിൽ ആ പെൺകുട്ടിയെ അപമാനിക്കുകയോ ചെയ്താൽ വെറും സാമൂഹ്യദ്രോഹി മാത്രമായി നിങ്ങൾ മാറും! കണ്ണാടിയിൽ ഒന്ന് കൂടി നോക്കൂ..

പെൺകുട്ടികളുടെ രക്ഷിതാക്കളോട്…

നിങ്ങളുടെ കുട്ടികൾക്ക് ഒരു ജോലിയോ വരുമാനമാർഗ്ഗമോ ആണ് അത്യാവശ്യം. വിവാഹം അല്ല. സാമ്പത്തികസ്വാതന്ത്ര്യം ഇല്ലാതെ വിവാഹം കഴിപ്പിക്കരുത്. അവർക്കു എന്തെങ്കിലും കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു ഫ്ലാറ്റ് അല്ലെങ്കിൽ വീട് അവരുടെ പേരിൽ വാങ്ങിക്കൊടുക്കൂ. അല്ലാതെ നാട്ടുകാരുടെ മുന്നിൽ അഭിമാനം കാണിക്കാൻ സ്വർണ്ണവും, കാറും, കൊടുത്തു ആഡംബരകല്യാണവും നടത്തി കടക്കാർ ആവുകയില്ല വേണ്ടത്. അന്യവീട്ടിൽ പോയി ജീവിക്കാനുള്ളതാണ് എന്ന് നിരന്തരം പറഞ്ഞു കൊണ്ടല്ല അവരെ വളർത്തേണ്ടത്. പകരം അവരെ ദിവസവും ഓർമ്മിപ്പിക്കേണ്ടത്, ദേഹത്തു കൈവെക്കുന്ന, സ്വത്ത് മോഹിയായ, പങ്കാളിയെ ബഹുമാനിക്കാത്ത ഒരാളെ താലി, സിന്ദൂരം തുടങ്ങിയ അനാവശ്യ വൈകാരികതകളിൽ കുരുങ്ങി ഒരു നിമിഷം പോലും സഹിക്കേണ്ട കാര്യമില്ല എന്നാണ്. ഒപ്പം, അവൾക്കായി ഒരു മുറി നിങ്ങളുടെ വീട്ടിൽ എപ്പൊഴും ഉണ്ടാവട്ടെ. നിങ്ങളുടെ മടിയിൽ കിടന്നു വളർന്ന കുഞ്ഞാണ് എന്ന് ഓർമ്മ വേണം, എന്നും. നിങ്ങളുടെ ഉത്തരവാദിത്വമാണ് അവളുടെ സുരക്ഷിതത്വം.

സർക്കാരിനോടും, സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളോടും കൂടി ഒരു വാക്ക് ..

വനിതാ ശിശുവികസന വകുപ്പ്, സ്ത്രീധന സമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തത് 2019ഇൽ ആയിരുന്നു. നടൻ ടോവിനോ ആയിരുന്നു ബ്രാൻഡ് അംബാസഡർ. നവംബര്‍ 26- ന് സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുമെന്നും സ്ത്രീധന സമ്പ്രദായം അഞ്ചു വര്‍ഷം കൊണ്ട് ഇല്ലാതാക്കാനുള്ള കഠിന പ്രയത്നത്തിലാണെന്നും അന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞത് ഓർമയുണ്ട്. അതിന് എന്ത് സംഭവിച്ചു എന്നറിയില്ല. പിന്നെ എവിടെയും കേട്ടില്ല.

ഇനിയും ഒരു ഉത്രയോ വിസ്മയയോ ഉണ്ടാകാൻ പാടില്ല എന്നുറപ്പിച്ചു നമ്മൾ എല്ലാവരും ഈ നെറികെട്ട സമ്പ്രദായം നിർത്താൻ സാധ്യമായ എല്ലാ വഴികളും സ്വീകരിച്ചേ തീരൂ. പ്രായോഗികമായ വഴികൾ ആലോചിക്കൂ, പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ അവസാനിക്കരുത്. ഇങ്ങനെ കത്തിഎരിഞ്ഞും, പാമ്പ് കടിച്ചും, കയറിൻ തുമ്പിൽ തൂങ്ങിയും ഒടുങ്ങാൻ ആണോ നമ്മൾ കുട്ടികളെ വളർത്തുന്നത് എന്ന് ഓരോരുത്തരും ഓർത്തു നോക്കൂ.

സുധമേനോൻ :ഫേസ്ബുക് പോസ്റ്റ്‌

Leave a Reply

Your email address will not be published. Required fields are marked *