ജനശ്രദ്ധനേടി ഈ ഹരിത ഗൃഹം

ഹരിതഗൃഹം എന്ന ആശയം പ്രബല്യത്തില്‍ വരുത്തി പൊതുസമൂഹത്തിന് മാതൃകയാകുകയാണ് കായംകുളം സ്വദേശി പ്രദീപും കുടുംബവും. ഇരുന്നൂറ് വർഷം പഴക്കമുള്ള മുതുകുളത്തെ ” പടീശ്ശേരിൽ ” എന്ന വീടന്‍റെ തനിമ ഒട്ടും പോകാതെതന്നെയാണ് പുതിയ ഗൃഹം നിര്‍മ്മിക്കാന്‍ കോൺട്രാക്ടര്‍ കൂടിയായ പ്രദീപ് ശ്രമിച്ചിരിക്കുന്നത്. പ്രദീപിന് പിന്തുണനല്‍കികൊണ്ട് ഭാര്യ ഹേമയും ഉണ്ട്.


അയ്യായിരം സ്ക്വയര്‍ഫീറ്റില്‍ തീര്‍ത്ത വീട് പരമ്പരാഗത രീതികൾ പിന്തുടര്‍ന്നാണ് നിര്‍മ്മിച്ചതെന്ന് പ്രദീപ് പറയുന്നു. സിമന്‍റിന്‍റെയും കട്ടകളുടെയും ഉപയോഗം കുറച്ച് ,തടികളും ഓടുകളുമാണ് വീട് നിർമ്മിക്കാൻ കൂടുതലായി ഉപയോഗിച്ചത്. പറമ്പിൽ തന്നെ ഉള്ള ഈട്ടിയും ,തേക്കുമൊക്കെ തടിപ്പണികൾക്ക് ഉപയോഗിച്ചു. വിശാലമായ പൂമുഖവും വരാന്തയും വീടിന്‍റെ മാറ്റുകൂട്ടുന്നു.

പൂമുഖത്തെ തൂണുകളിൽ വിളക്ക് കത്തിച്ചു വെച്ച പ്രതീതി ഉണ്ടാക്കുന്ന തരത്തിൽ ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നു. ഓടുകൾ പാകിയിരിക്കുന്നതിനാൽ പുറത്തുള്ള ചൂട് അകത്ത് അനുഭവപ്പെടുന്നില്ല. ഹാളും നാല് മുറികളും അടുക്കളയുമാണ് വീടിനുള്ളത്.


തറവാട് വീടിന്‍റെ അറയും പെരയും അതുപോലെതന്നെ നിലനിർത്തിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വായനയ്ക്കു മാത്രമായി ഒരിടവും വീട്ടില്‍ ക്രമീകരിച്ചിരിക്കുന്നു..പരമ്പരാഗതമായി ഉപയോഗിച്ചു വന്ന വസ്തുക്കളും സൂക്ഷിക്കുന്നതിനായി ഒരിടവും ഹരിതഗൃഹത്തിലുണ്ട്.

വീടിന്റെ പല ഭാഗങ്ങളിലായി മനോഹരമായ ചുമർ ചിത്രങ്ങൾ ഹാംഗ് ചെയിരിക്കുന്നു.. പോസിറ്റീവ് ഫീലും ബ്രൈറ്റ്നസും നൽകുന്നതിനാൽ വെള്ളനിറമാണ് ഭിത്തികളിൽ ഉപയോഗിച്ചിരുന്നത്. ടെക്സ്ചർ പെയിന്റിങ് ആണ് ഹാളിലെ മുകൾ ഭിത്തിയിൽ നൽകിയിരിക്കുന്നത്. പ്രകൃതി സൗഹാർദപരമായ രീതിയിൽ സോളാർ വാട്ടർ ഹീറ്ററും, സോളാർ കണക്ഷനും വീട്ടിൽ നൽകിയിട്ടുണ്ട്. കുളിച്ചു നേരെ പൂജാമുറിയിലേക്ക് കയറാൻ കഴിയുന്ന രീതിയിൽ ആണ് പൂജാമുറി പണിതിരിക്കുന്നത്.

മനോഹരമായ ഗാർഡനും വീടിനു മുന്നിലായി ഒരുക്കിയിരിക്കുന്നു. വീടിന്‍റെ മുതല്‍ മുടക്ക് ഏകദേശം ഒരുകോടി അമ്പത് ലക്ഷം രൂപയായെന്ന് പ്രദീപ് കൂട്ടിച്ചേര്‍ക്കുന്നു.

എന്താണ് ഹരിത ഗൃഹം


നാം കൂടുതല്‍ കേട്ടു കൊണ്ടിരിക്കുന്ന ഒരു പദമാണ് ഗ്രീന്‍ ഹോം. പക്ഷേ പലര്‍ക്കും ഇതു കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ പൂര്‍ണ്ണമായും മനസിലായിട്ടില്ല. പ്രകൃതിക്കനുയോജ്യമായ വീടുകള്‍ എന്നാല്‍ മണ്ണും ചെളിയും മറ്റും ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന, വളരെ പരിമിതികളുള്ള ചെറിയ വീടുകളാണെന്ന്‌ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു.
ചുരുക്കം വാക്കുകളില്‍ പറഞ്ഞാല്‍ പ്രകൃതിയോടിണങ്ങുന്ന രീതിയില്‍ വീടു നിര്‍മ്മിക്കുന്നതിനാണ്‌’ ഗ്രീന്‍ ബില്‍ഡിംഗ്‌ അഥവാ ഗ്രീന്‍ ഹോം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.


എന്നാല്‍ എത്ര വലിയ വീടുകളും എല്ലാ വിധ സുഖ സൗകര്യങ്ങളോടും കൂടി തന്നെ ഗ്രീന്‍ ബില്‍ഡിംഗ്‌ കണ്‍സെപ്‌റ്റില്‍ നിര്‍മ്മിക്കാവുന്നതാണ്‌. ഹരിത ഭവനങ്ങള്‍ക്കു നിര്‍മ്മാണ ചിലവ്‌ കൂടുതലാണെന്നത് മിഥ്യാധാരണയാണ്..

തയ്യാറാക്കിയത്: അഖില

Leave a Reply

Your email address will not be published. Required fields are marked *