കോവിലന്‍ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നാം ആണ്ട്

വായനയെന്നാല്‍ നേരം പോക്കല്ല അല്‍പം ഗൌരവവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് മലയാളിയെ പഠിപ്പിച്ച കോവിലന്‍ എന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം തികയുന്നു. കോവിലന്‍ എന്ന എഴുത്തുകാരന് ഒരു ഭാഷയേ വശം ഉണ്ടായിരുന്നുള്ളു. അത് ജീവിതത്തിന്‍റെ ഭാഷയായിരുന്നു. കണ്ടാണിശ്ശേരിയെ പ്രമേയമാക്കി രചിച്ച കൃതികളില്‍ ലോകത്തിന്‍റെ സമസ്ത ആധികളും ഉത്കണ്ഠകളും തന്നിലേക്ക് ആവാഹിച്ചെടുക്കുകയയാിരുന്നു കോവിലന്‍.

കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.

ഗ്രാമ്യഭാഷയുടെ ചൂടും ചൂരുമുള്ള കഥകളിലൂടെ മലയാളസാഹിത്യത്തില്‍ നാട്ടുവഴക്കങ്ങളുടെ നവഭാവുകത്വം സൃഷ്ടിച്ചു. കേരളീയ ഗ്രാമങ്ങളുടെ വിറങ്ങലിച്ച ജീവിതപ്രാന്തങ്ങളിലേക്ക് തന്റെ എഴുത്തിനെ തിരിച്ചുവിട്ടു അദ്ദേഹം. അനുഭവേദ്യമായ എഴുത്താണ് കോവിലന്റെ പ്രത്യേകത. അതുകൊണ്ട്തന്നെ മലയാളഭാഷയുടെ റിയലിസ്റ്റിക്ക് എഴുത്തിന് പുതിയ ശൈലീഭാവം നല്‍കിയത് കോവിലനാണെന്ന് നിസ്സംശയം പറയാം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് 1923 ജൂലൈ 9-ന് കോവിലൻ ജനിച്ചത്. വട്ടോമ്പറമ്പിൽ വേലപ്പനും കൊടക്കാട്ടിൽ കാളിയുമായിരുന്നു മാതാപിതാക്കൾ. കണ്ടാണശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 മുതൽ 1946 വരെ റോയൽ ഇന്ത്യൻ നേവിയിലും, 1948 മുതൽ 1968 വരെ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.

ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അനുഭവിച്ചിരുന്ന കോവിലൻ 87-ആം വയസ്സിൽ 2010 ജൂൺ 2-ന് അന്തരിച്ചു. പരേതയായ ശാരദയായിരുന്നു ഭാര്യ .വിജയ, അജിതന്‍, അമിത എന്നിവരാണ് മക്കള്‍.

കൃതികൾ


തോറ്റങ്ങൾ
ശകുനം
ഏ മൈനസ് ബി
ഏഴമെടങ്ങൾ
താഴ്വരകൾ
ഭരതൻ
ഹിമാലയം
തേർവാഴ്ചകൾ
ഒരു കഷ്ണം അസ്ഥി
ഈ ജീവിതം അനാഥമാണ്
സുജാത
ഒരിക്കൽ മനുഷ്യനായിരുന്നു
തിരഞ്ഞെടുത്ത കഥകൾ
പിത്തം
തകർന്ന ഹൃദയങ്ങൾ
ആദ്യത്തെ കഥകൾ
ബോർഡ്‌ഔട്ട്
കോവിലന്റെ കഥകൾ
കോവിലന്റെ ലേഖനങ്ങൾ
ആത്മഭാവങ്ങൾ
തട്ടകം
നാമൊരു ക്രിമിനൽ സമൂഹം


പുരസ്കാരങ്ങൾ


കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങൾ എന്ന നോവലിനു്
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാ‍രം)[2]
മുട്ടത്തു വർക്കി പുരസ്കാരം (1995)
ബഷീർ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏർപ്പെടുത്തിയത്), (1995)
എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവൽ)
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
കേരള സാഹിത്യ പരിഷത്ത് അവാർഡ് (1998): തട്ടകം (നോവൽ)
സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവൽ)
എൻ.വി. പുരസ്കാരം (1999): തട്ടകം (നോവൽ)
വയലാർ പുരസ്കാരം (1999): തട്ടകം (നോവൽ)
എഴുത്തച്ഛൻ പുരസ്കാരം (2006)
ഖത്തർ ‘പ്രവാസി’യുടെ ബഷീർ പുരസ്കാരം
മാതൃഭൂമി സാഹിത്യ പുരസ്കാരം (2009)

Leave a Reply

Your email address will not be published. Required fields are marked *