നിറത്തിന്റെ പേരിലുള്ള കളിയാക്കാലുകൾ ഇനി വേണ്ടേ വേണ്ട

ഇന്നത്തെ കുട്ടികൾ ആണ് നാളത്തെ പൗരൻ. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് കുടുംബം പങ്കു വഹിക്കുന്നുണ്ട്. കുട്ടികൾ തെറ്റായ ചിന്താഗതികൾ പറഞ്ഞ് തിരുത്തേണ്ടത് മാതാപിതാക്കൾ ആണ്.ബോഡി ഷെയമിങ് ഇന്ന് എല്ലാവർക്കും പരിചിതമാണ് അതുപോലെ തന്നെയാണ് വർണ ത്തിന്റെയും വംശത്തിന്റെയും പേരിലുള്ള കളിയാക്കാലുകളും

നിറത്തിന്റെയും വംശത്തിന്റെ പേരിൽ ഒരാളെയും തങ്ങളിൽ നിന്ന് അകറ്റിനിർത്തരുതെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടത് പേരെന്റ്‌സ് ആണ്.

മക്കളുടെ മനസ്സിൽ നിറത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒരു പരിധിവരെ അകറ്റാൻ നിങ്ങൾക്കാകും. നവമാധ്യങ്ങളിൽ വൈറൽ ആയ അശ്വതി ജോയ് അറക്കലിന്റെ പോസ്റ്റ്‌ വായിച്ചു നോക്കൂ

അശ്വതി ജോയ് അറക്കലിന്റെ പോസ്റ്റ്‌

കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് ബോഡിഷെയിമിങ്ങിന്റെ ബാലപാഠങ്ങളല്ല…

കുറച്ചുനാളുകൾക്ക് മുൻപ്, വളരെ വേണ്ടപ്പെട്ടയൊരു വീട്ടിലെ കല്യാണതലേന്ന് നടന്ന, വ്യക്തിപരമായി എന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിയ്ക്കുന്നത്. അന്ന്, ഞങ്ങൾ ചെറിയ മക്കളുള്ള സ്ത്രീകളൊക്കെ പന്തലിന്റെ ഒരുഭാഗത്ത് തമാശയും കളിചിരികളുമായി ഇരിക്കുകയാണ്. ഞങ്ങളുടെ മക്കളെല്ലാം ഞങ്ങൾ ഇരിക്കുന്ന ഭാഗത്ത് തന്നെ ഓടിച്ചാടി കളിച്ചു നടക്കുകയും ചെയ്യുന്നുണ്ട്. പലരും വന്നു ഞങ്ങളോട് സംസാരിക്കുന്നും, വിശേഷങ്ങൾ ചോദിക്കുന്നുമൊക്കെയുണ്ട്.

അതിനിടയിലാണ്, കല്യാണവീട്ടിലെ ബന്ധു തന്നെയായൊരു ആന്റി ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത് (ചിലതൊക്കെ എഴുതാൻ എനിക്ക് വിഷമമുണ്ട്. ഒപ്പം ഈ ബ്ലോഗ് വായിക്കുമ്പോൾ ഇതിലെ കഥാപാത്രങ്ങൾ ആയവർക്ക് എന്നോട് ദേഷ്യം തോന്നുമെന്നതും തീർച്ചയാണ്. പക്ഷെ എഴുതാതിരിക്കാൻ സാധിക്കുന്നില്ല). ഞാൻ മുകളിൽ സൂചിപ്പിച്ച ആന്റിയുടെ തൊലിയുടെ നിറം കറുപ്പാണ്. അത്യാവശ്യം തടിച്ച ശരീരപ്രകൃതിയും ആണവർക്ക്. കറുത്തനിറവും, തടിച്ചശരീരവും ഒരു കുറവാണെന്നല്ല കെട്ടോ ഞാൻ എഴുതിയിരിക്കുന്നത്. ഞാൻ ഉദ്ദേശിക്കുന്ന സംഭവം കൺവെ ആകണം എന്നുണ്ടെങ്കിൽ ഇതൊക്കെ എഴുതണം എന്നുള്ളത് കൊണ്ട് മാത്രമാണ് നിറവും, ശരീരപ്രകൃതിയുമൊക്കെ എനിക്ക് എഴുതേണ്ടി വരുന്നത്.

ആന്റി ഞങ്ങളോട് തമാശകളൊക്കെ പറഞ്ഞു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മക്കൾക്കിടയിൽ കളിച്ചുകൊണ്ടിരുന്ന ഒരു മോളുടെ (നാലുവയസ്സുള്ള കുഞ്ഞാണ് ) മുഖത്ത് പിടിച്ചു “എന്തൊക്കെയാ കുഞ്ഞിപ്പെണ്ണിന്റെ വിശേഷം?” എന്നു സ്നേഹത്തോടെ ചോദിച്ചു. കുഞ്ഞ് എടുത്തടിച്ച പോലെ ആന്റിയോടായി “എന്നെ തൊടണ്ട, എനിക്ക് പേടിയാ.. ഹിപ്പോയിനെപ്പോലെയുണ്ട് കാണാൻ, എന്റെ മേലിൽ കരി ആകും തൊട്ടാൽ…” എന്നൊക്കെ പറഞ്ഞു.

ഞാൻ സത്യത്തിൽ ആ കുഞ്ഞിന്റെ സംസാരം കേട്ട് ഞെട്ടിപ്പോയി എന്നുതന്നെ പറയാം. നാലുവയസ്സുള്ള കുഞ്ഞിന്റെ നാവിൽ നിന്നും എന്തൊക്കെയാ വീഴുന്നതെന്ന് പകപ്പോടെ ഞാൻ നോക്കി. എന്നെപ്പോലെ തന്നെ എല്ലാവർക്കും ആ സംസാരം കേട്ടപ്പോൾ എന്തോപോലെ ആയിപ്പോയെന്ന് ഓരോരുത്തരുടെയും മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. അപ്പോൾപ്പിന്നെ ആന്റിക്ക് എത്ര വിഷമം ആയിക്കാണും എന്നു പറയേണ്ടതില്ലല്ലോ.”എന്തൊക്കെയാ മോളെ പറയുന്നേ. ഇങ്ങനെയൊക്കെ സംസാരിക്കാൻ ആരാ പഠിപ്പിച്ചത്, ആന്റിയോട് സോറി പറയൂ..” എന്ന് ആദ്യം പറഞ്ഞത് ഞാനാണ്. കുഞ്ഞതൊന്നും ശ്രദ്ധിക്കാതെ എനിക്കിഷ്ട്ടല്ല എന്നും പറഞ്ഞു കരച്ചിലായി. കുഞ്ഞിന്റെ അമ്മ ഉത്തരം മുട്ടിയത് പോലെ ഇരിക്കുകയാണ്.

ആന്റിയ്ക്ക് നല്ല വിഷമം ആയെങ്കിലും അത് പുറത്തു കാണിക്കാതെ “കുഞ്ഞല്ലേ, അവൾക്കെന്തറിയാം ” എന്നൊക്കെ ചോദിച്ച് ഒന്നും കാര്യമാക്കണ്ട എന്നു പറഞ്ഞശേഷം ഞങ്ങൾക്കരികിൽ നിന്നും പോയി.

ആന്റി അവിടെ നിന്നും മാറിയ അടുത്തനിമിഷം ഈ കുഞ്ഞിന്റെ അമ്മ പറയുകയാണ് “അവരുടെ മുൻപിൽ വെച്ചു ചിന്നു അങ്ങനെ പറഞ്ഞപ്പോൾ ഞാനാകെ ചൂളിപ്പോയി എന്നത് സത്യമാണ്. പിന്നെ കുഞ്ഞിനെ പറഞ്ഞിട്ടെന്താ കാര്യം. അവരെ തൊട്ട് കണ്മഷി എഴുതാം അങ്ങനെയല്ലേ ഇരിക്കുന്നത്. പിന്നെ കുഞ്ഞ് പേടിക്കാതെ ഇരിക്കുവോ…”

സത്യം പറയാമല്ലോ ഞാൻ മരവിച്ചുപോയി ആ അമ്മയുടെ സംസാരം കേട്ടപ്പോൾ. ഇതുപോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന അമ്മയുടെ കുഞ്ഞെങ്ങനെ അങ്ങനെ പറയാതിരിക്കാം. മാതാപിതാക്കൾ കാണിക്കുന്നതല്ലേ കുഞ്ഞുങ്ങൾ കുറെയൊക്കെ കണ്ടുപഠിക്കുന്നത്.

“എന്തൊക്കെയാ ചേച്ചി പറയുന്നത്, കുഞ്ഞും ഇതൊക്കെ കേട്ട് പഠിക്കില്ലേ,” എന്ന് ചോദിച്ച് അവരെയൊന്നു പറഞ്ഞ് മനസ്സിലാക്കാൻ ഞങ്ങൾ ഒന്നുരണ്ടുപേർ ശ്രമിച്ചെങ്കിലും തെറ്റ് അംഗീകരിക്കാനോ, തിരുത്താനോ അവർ തയ്യാറായിരുന്നില്ല. അവർ മാത്രമല്ല അവരുടെയാ ക്രൂരമായ സംസാരത്തിൽ പങ്കുചേർന്ന പലർക്കും കുഞ്ഞ് പറഞ്ഞതോ, കുഞ്ഞിന്റെ അമ്മ കൂട്ടിച്ചേർത്ത കമന്റോ തെറ്റായി തോന്നിയില്ല എന്നതാണ് സത്യം. എത്ര ക്രൂരമല്ലേ?

ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നും അല്ലെന്നു പറയേണ്ടതില്ലല്ലോ. ഇതുപോലെ പല സംഭവങ്ങൾക്കും പലരെയും പോലെ എനിക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.സ്കൂൾബസ് കാത്തു നിൽക്കുന്നതിനിടയിൽ, ആറുവയസ്സുള്ളൊരു ആൺകുട്ടി സഹപാഠിയായൊരു കുഞ്ഞിനെ ‘കറുത്ത തടിയൻ’ എന്നു കളിയാക്കി വിളിക്കുന്നത് കണ്ട് അവനെയൊന്നു തിരുത്താതെ ചിരിയോടെ നിൽക്കുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങള് സ്കൂളിൽ പഠിക്കുന്ന കാലത്ത് കുഞ്ഞുങ്ങൾ തമ്മിൽ തല്ലുകൂടിയപ്പോൾ അതിൽ ഒരുവന്റെ അമ്മ സ്കൂളിൽ വന്ന് “ഈ ചോചെക്കൻ എന്റെ മോനെ തല്ലാറായോ?” എന്നു ചോദിച്ചു ആക്രോശിച്ച മുന്തിയ ജാതിയെന്ന് സ്വയം ധരിച്ച ഒരമ്മയും ഓർമ്മയിലുണ്ട്. ഡാൻസ് പ്രോഗ്രാമിനൊക്കെ സ്കൂളിൽ കുട്ടികളെ സെലക്ട്‌ ചെയ്യുമ്പോൾ കഴിവിനെക്കാൾ വെളുത്തനിറം മാനദണ്ഡമാക്കിയ ടീച്ചേഴ്സും ഓർമ്മകളിലുണ്ട്. പലപ്പോഴും തന്റെ മക്കളുടെ വെളുത്തനിറം പൊങ്ങച്ചം പോലെ പറഞ്ഞു ബാക്കിയുള്ളവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ നിറത്തെ ഒളിഞ്ഞും തെളിഞ്ഞും കളിയാക്കുന്ന ഒരു സ്ത്രീ കുടുംബത്തിൽ തന്നെയുണ്ട് എന്നു പറയുമ്പോൾ നാണക്കേട് തോന്നുന്നുണ്ട്.

അങ്ങനെ എത്രയെത്ര അനുഭവങ്ങൾ. എന്തിന് അഗ്ലി(Ugly) എന്ന വാക്കിന് ഉദാഹരണമായി കറുത്തനിറമുള്ള സ്ത്രീയുടെ ചിത്രവും, ബ്യൂട്ടിഫുൾ (Beautiful) എന്ന വാക്കിനു വെളുത്തനിറമുള്ള സ്ത്രീയുടെ ചിത്രവും കുട്ടികൾക്ക് പഠിക്കാൻ പുസ്തകത്തിൽ ചേർത്ത ചരിത്രവും ഉള്ളതല്ലേ. സത്യത്തിൽ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വിഷം കുത്തിവെയ്ക്കുകയല്ലേ ഇവരൊക്കെ ചെയ്യുന്നത്. കറുപ്പ്, വെളുപ്പ്, വണ്ണമുള്ളത്, മെലിഞ്ഞത്, കഷണ്ടി, കുള്ളൻ അങ്ങനെ വേർതിരിച്ചു പറഞ്ഞു ചിലതൊക്കെ മോശമാണെന്ന് സ്ഥാപിച്ചു കുഞ്ഞിന്റെ നിഷ്കളങ്കമായ മനസ്സിൽ ബോഡി ഷെമിങ്ങിന്റെ വിഷവിത്ത് ഇട്ടുകൊടുക്കുന്നത് എത്ര വലിയ തെറ്റാണ്. ജനനം തൊട്ട് ഈ വ്യത്യാസങ്ങൾ കണ്ടും കേട്ടും വളരുന്ന കുഞ്ഞിന് കറുപ്പ് മോശവും വെളുപ്പ് സൗന്ദര്യവും ആയി മാറും. അത് സ്വാഭാവികം ആണ്. ചിലരൊക്കെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടിട്ടുണ്ട്, മര്യാദയ്ക്ക് ഫുഡ്‌ കഴിച്ചില്ലെങ്കിൽ കറുത്ത കൊക്കാച്ചി പിടിയ്ക്കും, തടിച്ച ഭൂതം പിടിയ്ക്കും എന്നൊക്കെ പറഞ്ഞു. ഇതൊക്കെ കേൾക്കുന്ന കുഞ്ഞ് കറുപ്പും തടിയുമൊക്കെ മോശമെന്ന് ചിന്തിച്ചേ വളരൂ.അതിന് പകരം സൗന്ദര്യത്തിന് നിറവും, പൊക്കവും, വണ്ണവും, മുടിയും ഒന്നും ബാധകം അല്ലെന്നുള്ള ബേസിക് കാര്യങ്ങൾ പഠിപ്പിക്കാൻ ഇവർക്കൊക്കെ കഴിഞ്ഞിരുന്നെങ്കിൽ.

എങ്ങനെ കഴിയും… വെളുക്കാനുള്ള ക്രീമുകളുടെ പരസ്യങ്ങൾ അരങ്ങുവാഴുന്ന നാട്ടിൽ, അച്ഛന്റെ നരച്ചമുടി കാരണം അച്ഛൻ സ്കൂളിൽ വരുന്നത് നാണക്കേടാണ് എന്ന പരസ്യം സൂപ്പർഹിറ്റ് ആയ നാട്ടിൽ, കഷണ്ടി കാരണം പെണ്ണുകിട്ടുന്നില്ല എന്നത് കൊണ്ട് ഹെയർഫിക്സിങ് വേണമെന്ന പരസ്യം പാടി നടക്കുന്നവരുടെ ഇടയിൽ, വെളുക്കാനുള്ള കണ്ടെന്റ് മാത്രം വെച്ച് ലക്ഷങ്ങളുടെ വ്യൂസുമായി യൂട്യൂബ് ചാനലുകൾ ഓടിക്കുന്നവരുടെ ഇടയിൽ സൗന്ദര്യത്തെക്കുറിച്ച് കാലങ്ങളായി പിന്തുടർന്ന് വരുന്ന വെളുത്ത നിറവും, വട്ടമുഖവും, നീണ്ടമുടിയും, മെലിഞ്ഞശരീരവും എന്നൊക്കെയുള്ള ക്ലീഷേ സങ്കൽപ്പങ്ങൾ എങ്ങനെ മാറും. മുതിർന്നവർ മാറ്റിചിന്തിച്ചാൽ അല്ലേ കുഞ്ഞുങ്ങളിലേക്കും അതൊക്കെ പകർന്നുകിട്ടൂ… ഹെയർഫിക്സിംഗ് ചെയ്യുന്നതും, മുടികറപ്പിയ്ക്കുന്നതുമൊന്നും തെറ്റ് എന്നല്ല പറയുന്നത്, അതൊക്കെ പ്രമോട്ട് ചെയ്യുന്നത് കറുപ്പും, വണ്ണവും, കഷണ്ടിയും ഒന്നും മോശമാണ് എന്ന ചിന്ത അടിച്ചേൽപ്പിച്ചു കൊണ്ടാകരുത് എന്നുമാത്രം.

ഇതു മാത്രമല്ല കുഞ്ഞുങ്ങൾക്കെന്നു പറഞ്ഞുള്ള കാർട്ടൂൺ ചാനലുകളിലും ദുഷ്ടകഥാപാത്രങ്ങൾ എല്ലാം കറുത്തനിറമുള്ളവരും, തടിച്ചവരും, മുടിയില്ലാത്തവരുമൊക്കെയാണ്. അവിടെയും പഠിപ്പിക്കുന്നത് ബോഡിഷേമിങ് തന്നെയല്ലേ?.

വർണ്ണവെറിയുടെ മാത്രമല്ല ലിംഗവിവേചനത്തിന്റെയും വിത്തുകൾ കുഞ്ഞുമനസ്സുകളിൽ ഇട്ടുകൊടുക്കുന്നത് കുടുംബവും സമൂഹവുമൊക്കെ തന്നെയാണ്. ആൺകുഞ്ഞാണെങ്കിൽ കുറുമ്പാകാം, പെണ്ണ് ആണെങ്കിൽ ഒതുങ്ങണം എന്നും പറഞ്ഞു വിവേചനത്തിന്റ വിത്ത് കുഞ്ഞുമനസ്സുകളിൽ ഇട്ടുകൊടുക്കുന്നതിന്റെ തുടക്കം കുടുംബങ്ങളിൽ നിന്നും തന്നെയാണ്. പിന്നെ സമൂഹവും, സിനിമയും, സീരിയലുകളും അങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്ന പല പരിപാടികളും ചേർന്ന് സ്ത്രീവിരുദ്ധതയും, പുരുഷമേധാവിത്വവും, ട്രാൻസ്‌ഫോബിയയും എല്ലാം അടിച്ചേൽപ്പിച്ചുകൊടുക്കും. അങ്ങനെ കളങ്കമില്ലാത്ത മനസ്സുകളിലേയ്ക്ക് ഇതൊക്കെ പകർന്നു കൊടുക്കും.

ഈയിടെ യൂട്യൂബിൽ കണ്ടൊരു മലയാളം സീരിയൽ റിവ്യൂവിനെപ്പറ്റി കൂടി പറയാൻ ആഗ്രഹിക്കുകയാണ്. ജർമ്മൻ പൗരനായ ഭർത്താവും, മലയാളിയായ ഭാര്യയും കൂടി ആണ് റിവ്യൂ ചെയ്യുന്നത്. അദ്ദേഹത്തിനു മനസ്സിലാകാത്ത കാര്യങ്ങൾ ഭാര്യ പറഞ്ഞു കൊടുക്കുന്നുണ്ട്. സ്നേഹമെന്ന പേരിൽ കാട്ടിക്കൂട്ടുന്ന കലിപ്പൻ കാന്താരി കളിയാണ് സീരിയലിൽ കാണിക്കുന്നത്. അതുകണ്ടിട്ട് ഇത് സ്നേഹമല്ല അബ്യൂസ്സ് ആണെന്നും, ഇതുപോലുള്ള പരിപാടികളൊക്കെ സമൂഹത്തെയും വളർന്നുവരുന്ന യുവതലമുറയെയും തെറ്റായി ബാധിക്കും എന്ന പഠനങ്ങളുടെ ഫലമായി 60 വർഷങ്ങൾക്ക് മുൻപ് തന്നെ ജർമനിയിലൊക്കെ നിരോധിച്ചതാണെന്നും അദ്ദേഹം പറയുന്നു.

എന്നാൽ നമ്മുടെ സമൂഹത്തിൽ നല്ലൊരു ശതമാനവും വർണ്ണവെറിയും, ലിംഗവിവേചനവും ഒക്കെ പ്രമോട്ട് ചെയ്തു അടുത്ത തലമുറയെ കൂടി തെറ്റായ വഴിയ്ക്ക് നയിക്കുന്നു. ഇതെഴുതുന്ന എന്നെ കുറ്റപ്പെടുത്തും എന്നല്ലാതെ ആരും മാറ്റിചിന്തിക്കാൻ പോകുന്നില്ല എന്നറിയാം എങ്കിലും എഴുതാതിരിക്കാൻ ആവുന്നില്ല.

കുഞ്ഞുങ്ങളുടെ മനസ്സ് സത്യത്തിൽ ഒരു ബ്ലാങ്ക് ഷീറ്റ് പോലെ ആണെന്ന് നമ്മൾ എപ്പോഴും പറയാറുണ്ടല്ലോ. നമ്മൾ എന്ത് അതിലേക്ക് പകർന്നു കൊടുക്കുന്നോ അതാണ് അവിടെ പതിയുന്നത്. നേരായ മാർഗ്ഗത്തിൽ അവരെ നയിക്കാതെ തെറ്റുകൾ അവിടെ എഴുതിച്ചേർക്കപ്പെട്ടാൽ സ്വഭാവികമായും അവർ ആ വഴിയ്ക്കേ സഞ്ചരിയ്ക്കൂ. അതിന് കുഞ്ഞുങ്ങളെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് മാറിചിന്തിക്കാം. വർണ്ണവെറിയും, ബോഡി ഷെയിമിങ്ങും, ലിംഗവിവേചനവും, ജാതിമത വിദ്വേഷങ്ങളും പഠിപ്പിയ്ക്കാതെ മികച്ച സ്വഭാവവും പെരുമാറ്റവുമാണ് നല്ല വ്യക്തിത്വത്തിന്റെ ലക്ഷണം എന്ന ചിന്ത പകരാം അടുത്ത തലമുറകളിലേയ്ക്ക് എങ്കിലും.

Leave a Reply

Your email address will not be published. Required fields are marked *