അനുരാധയുടെജീവിതവഴികൾ 3

photo courtesy: google

ഗീത പുഷ്കരന്‍

ലക്ഷ്മി ആകെ ചമ്മിയും വിഷമിച്ചുമാണ് ശാരദയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം വീട്ടിലേക്കു നടന്നത്. ഭാഗ്യം പോലെ ക്ഷേത്രത്തിനുമുന്നിലെ വയൽ വരമ്പിൽ വച്ചു തന്നെ സുന്ദരേശൻ എതിരെ വരുന്നതു കാണാൻകഴിഞ്ഞു. സമാധാനമായി .തേടിയ വള്ളി കാലിൽചുറ്റി എന്നു പറയുന്നതു പോലെ.. സുന്ദരേശൻ മുന്നിൽ.
.. അവൻ കണ്ടപ്പോഴെ ഒരരുകിലെ കരയിലേക്കു കയറി നിന്നു..
അമ്മായി തൊഴുതു വരുന്നതേയുള്ളോ?

അതേടാ എനിക്കു മരുമക്കടെ പാകം നോക്കേണ്ട ദുര്യോഗം ഒന്നും വന്നിട്ടില്ല നിന്റെ അമ്മയെപ്പോലെ .അതുകൊണ്ട് സമാധാനമായി അമ്പലത്തിൽ പോയി തൊഴുതു വരാം.

അമ്മായി കുന്തമുന.. ചെറുക്കന്റെ നെഞ്ചത്തു കേറ്റി.

അതിനിപ്പോ അമ്മ എന്തു പാകം നോക്കുന്നെന്നാ പറയുന്നത്?. അവൾപോകുന്നതിനു മുൻപു കാപ്പിയും പലഹാരവും ഉണ്ടാക്കി വക്കും. ചോറും കറിയും ഏഴരമണിക്കേ ഉണ്ടാക്കി വച്ചിട്ടാണ് അവൾ ജോലിക്കുപോകുന്നത്.

അതേടാ.. പാവം തന്തേം തളളം ഉച്ചക്കു തണുത്തു മരവിച്ചതു കഴിച്ചോളുമല്ലോ.
എടാ നിന്റെ കൈയ്ക്ക് എല്ലില്ലാഞ്ഞിട്ടാ ഇതൊക്കെ. നീയവളെ ജോലിക്കു വിടുന്നത് എന്തിനാണ്?

അവളുപോകട്ടേ അമ്മായീ മാസാമാസം മുപ്പതിനായിരം രൂപയാ ശമ്പളം. അച്ഛന്റെ ബുദ്ധിമുട്ടിന് അത്രയും അറുതി വരുമല്ലോ.

പിന്നെ പിന്നെ.. ഒന്നോ രണ്ടോ മാസം അവൾ ആ പണം തരും. പിന്നെ നീ നോക്കിയിരുന്നോ
വല്ലതും തന്നാലായി. നിന്റെ ജീവിതം ഭർത്താവുദ്യോഗം നോക്കിത്തീർന്നോളുമെടാ വിഡ്ഢീ..

.സുന്ദരേശൻ ഇനിയും എന്തു പറയാനാണ് എന്നോർത്ത് വേഗം സ്ഥലംവിട്ടു.

അമ്മായിയും ഒരല്പം സ്പീഡിൽ സ്ഥലം വിട്ടു.
ഇനി സുന്ദരേശനെങ്ങാനും അമ്മായിടെ രണ്ടു പെൺമക്കളും ജോലിക്കു പോകുന്നുണ്ടല്ലോ എന്നു ചോദിച്ചാലോ എന്നു ഭയന്ന് വേഗതകൂട്ടി നടന്നു.

സുന്ദരേശന്റെ മനസ്സ് ആകെ കലങ്ങി. സാരമില്ല എന്നു സ്വയം സമാധാനിച്ച്
അമ്പല മുറ്റത്തേക്കു കടക്കുമ്പോഴേ
അമ്പലമുറ്റം അടിച്ചുവാരുന്ന തങ്കമ്മച്ചേച്ചി ഓടി അടുത്തു വന്നു. പഞ്ചാര നാവിലിട്ട ഇനിപ്പിൽ ചോദിച്ചു…
” സുന്ദരാ : നീ കെട്ടിയത് നായരു പെണ്ണിനെയാണല്ലേ? കഷ്ടമായല്ലോടാ..
പെണ്ണിനു ഉദ്യോഗോം ഒണ്ടല്ലേ. ഇനി നീ തന്നെ
വീട്ടുജോലികൂടി പഠിച്ചോ.. കുഞ്ഞൊ ണ്ടായാൽ അതിനെ വളത്താനും നീയേ ഒണ്ടാകുവൊളളു. കഷ്ടം തന്നെ. നീ കോളേജിൽ പഠിച്ചിട്ട് നിനക്ക് പണിയൊന്നും കിട്ടീല്ലേ? നീ സൂക്ഷിക്കണം. അവളെ നിന്റെ വിളിപ്പുറത്തു നിറുത്തണം. ഇല്ലേ പ്പിന്നെ പിടിച്ചാ കിട്ടൂല്ലേ.. ശൂദ്രച്ചിയാജാതി.

തേങ്ങാക്കൊല.. സുന്ദരൻ പിറുപിറുത്തു കൊണ്ട് ക്ഷേത്രത്തിനകത്തേക്ക് കയറി.

തങ്കമ്മച്ചേച്ചി പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.. ഞാൻ നിന്റെ നല്ലതിനാടാ ഉവ്വേ പറഞ്ഞത്. കേക്കെണ്ടങ്കി വേണ്ട.. എനിക്കിപ്പം എന്തു ചേതം.

സുന്ദരേശന് ശ്രീകോവിലിൽ ഇരുന്നു ചിരിക്കുന്ന കൃഷ്ണൻപോലും തന്നെ കളിയാകുന്നതായിട്ടാണ് തോന്നിയത്.

തിരിച്ചു വീട്ടിലെത്തിയപ്പോൾ അമ്മ യുദ്ധസന്നാഹത്തോടെ കോപാകുലയായി നിൽപ്പുണ്ട്. ഒന്നും മിണ്ടാതെ പ്രസാദം നീട്ടി.
ഒറെറ്റത്തട്ട്… പ്രസാദം നിലത്തുവീണു.

നീയെന്നെ വേലക്കാരിയാക്കാനാണോടാ
പെണ്ണിനേം വിളിച്ചോണ്ടു വന്നത്?

അമ്മായി വന്നിട്ടുണ്ടെന്ന് സുന്ദരേശനുമനസ്സിലായി.

അമ്മായി ഇവടെ വന്നോ അമ്മേ?

അടുക്കളേ ന്ന് അമ്മായി പുറത്തേക്കു ചാടി…
നാത്തൂനെ നിങ്ങൾ അനുഭവിച്ചോ , ഞാൻ ദേ പോവുകയാണ്…
അമ്മായി വാണം കത്തിച്ചു വിട്ടതുപോലെ ശീഘ്രം പടിഞ്ഞാറോട്ട് ഓടി.

ഇനിയൊന്നും പറഞ്ഞിട്ടുകാര്യമില്ല. അമ്മായിടെ നാക്കും വാക്കും കൊലശ്ശേരിയും സിമന്റുമാണ് ,അമ്മേടെ മനസിൽ വിഷം കലർത്തി മിനുക്കിയടച്ചു വച്ചു. ഇനി അങ്ങോട്ട് ഒന്നും കടക്കില്ല.

സുന്ദരേശൻ വേഗം കടയിലേക്ക് പോയി.

തുടരും

നോവല്‍ തുടക്കം മുതല്‍ക്കേ വായിച്ചു തുടങ്ങുവാന്‍

Leave a Reply

Your email address will not be published. Required fields are marked *