കരിമ്പനകളുടെ നാട്ടിൽ

സവിൻ .കെഎസ്

കാർഷിക പാരമ്പര്യത്തിന്റെ ഈറ്റില്ലമായ പാലക്കാടേക്കാണ് ഇത്തവണത്തെ യാത്ര. കേരളത്തിന്റെ നെല്ലറ കൂടിയാണ് പാലക്കാട്. നട്ടപ്പാതിരായ്ക്ക് തുടങ്ങിയ യാത്രയിൽ അങ്കമാലിയിൽ നിന്നും ബിനു ചേട്ടനും നിബിനും സൻജീവ് ചേട്ടനും കൂടെക്കൂടിയിരുന്നു.നാടുണരും നഗരവും തിരക്കിലേക്ക് അമരുന്നതിനു മുമ്പേ കുതിരിനിലെ കുണ്ടും കുഴിയും കടന്നു പാലക്കാടിന്റെ മണ്ണിലേക്ക് പ്രവേശിച്ചിരുന്നു. മഞ്ഞിൽ പൊതിപ്രഭാത കിരണങ്ങൾ കണ്ട് ചൂടു കട്ടനും തട്ടി ഞങ്ങൾ പതിയെ യാത്ര തുടങ്ങി. ഹൈവേയിലൂടെ ചരക്കു വാഹനങ്ങൾ ഇടയ്ക്കിടെ ചീറിപ്പാഞ്ഞു പോയിത്തുടങ്ങിയിരുന്നു. വടക്കാഞ്ചേരിയിൽ നിന്നും നെന്മാറ റൂട്ടിലേക്ക് യാത്ര തുടങ്ങിയപ്പോഴേക്കും സീതാർകുണ്ടു നിന്നും പറമ്പിക്കുളത്തേക്ക് യാത്ര നീട്ടി.പതിയെ ഉണർന്നു തുടങ്ങിയ ഗ്രാമത്തിലൂടെ കാഴ്ചകളുടെ പറുദീസ്സയും തേടി ഞങ്ങളുടെ ബൈക്ക് മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു.നെന്മാറയും പിന്നിട്ട് കൊല്ലംകോട് എത്തിയപ്പോഴേക്കും പാലക്കാടിന്റെ ഗ്രാമഭംഗിയും പ്രകൃതിയുടെ മനോഹാരിതയും അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. വിശാലമായ പാടശേഖത്തെ കീറിമുറിച്ച് നിർമ്മിച്ച സുന്ദരമായ റോഡിനിരുവശവും ഇതുവരെ കാണാൻ സാധിക്കാത്ത കാഴ്ചകളായിരുന്നു.

സമയം എട്ടു മണിയോടടുക്കുകയാണ്. ദൂരെയുള്ള മലമുകളിൽ വെളിച്ചം തൂകി സൂര്യൻ ഉദിച്ചുയർന്നിരുന്നു. ബൈക്കിനു ചെറിയ വിശ്രമം നല്കി വണ്ടി ഒതുക്കി. പാതയോരത്തിനിരുവശവും വിശാലമായ നെല്ല്പ്പാടങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. തങ്കക്കതിരണിഞ്ഞ പാടശേഖരത്തിൽ അവിടിവിടെയായി കരിമ്പനകൾ തലയുയർത്തി നിന്നിരുന്നു. നാട്ടിൽ നെല്പ്പാടങ്ങൾ ഉണ്ടെങ്കിലും ഈ പാടവരമ്പിലൂടെ നടക്കാൻ ഒരു വല്ലാത്ത ഒരു കൊതി തോന്നി.പ്രായം അറുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന ചിലർ ഞങ്ങളേയും നോക്കി നില്ക്കുകയാണ്,അവരാണ് ഈ മണ്ണിന്റെ ഉടയോൻമാർ എന്നു മനസ്സിലായി.അവരുടെ അനുവാദത്തോടെ കതിര് ചൂടി നില്ക്കുന്ന പാടത്തിന്റെ വരമ്പിലൂടെ ഞാനും അജിത്തും നടന്നു തുടങ്ങി.മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചു നില്ക്കുന്ന കതിർക്കുലകളെ കൈ കൊണ്ട് ഒതുക്കി നിർത്തി പ്രകൃതിയുടെ മടിത്തട്ടിലേക്ക് നടന്നു. ഞങ്ങളുടെ വരവിൽ അസ്വസ്തരായ ചെറു ഞണ്ടുകൾ ഇടയ്ക്കിടയ്ക്ക് കണ്ടത്തിലേക്ക് ഓടി ഒളിച്ചു കൊണ്ടിരുന്നു. പാടത്തിന്റെ കരയിൽ കരിമ്പനകൾ നിരനിരയായി നില്ക്കുന്ന കാഴ്ച ആരേയും ആകർഷിക്കുന്ന ഒന്നാണ്. നടത്തിനിടയിലാണ് ദൂരെ മലയിൽ നിന്നും വെള്ളച്ചാട്ടം നുരഞ്ഞു പതഞ്ഞൊഴുകിപ്പതിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.പിന്നീടാണ് അത് സീതാർക്കുണ്ടിന്റെ തുടക്കം കുറിക്കുന്ന ജലപാതമാണെന്ന് മനസ്സിലായത്. എന്തായാലും കാഴ്ചകളുടെ നിറകുടം ആയി നില്ക്കുന്ന കൊല്ലംകോടിനോട് വല്ലാത്ത കുശുമ്പ് തോന്നി. പാടത്തിന്റെ ഒത്ത നടുക്കായി നിർമ്മിച്ച ചെറിയ വിശ്രമകേന്ദ്രത്തിൽ ഞാനും ചെന്നിരുന്നു. പൊരിവെയിലിൽ നിന്നും ചെറിയ വിശ്രമത്തിനായി കർഷകർ നിർമ്മിച്ചതാണെങ്കിലും ഇതിലിരുന്ന് കാഴ്ച കാണുന്നതിന്റെ ഒരു സുഖം ഒന്നു വേറൊന്നു തന്നെയാണ്. ബിനു ചേട്ടന്റെ വിളി എത്തിയതിനാൽ തെല്ല് സങ്കടത്തോടെ തിരികെ നടന്നു. കരിമ്പനകളിൽ നൊങ്ങുകൾ കുലയായി കിടക്കുകയാണ്. മാമലകൾ അതിരിട്ടു നില്ക്കുന്ന കാർഷിക ഗ്രാമത്തിനോട് വിട പറഞ്ഞു യാത്ര തുടർന്നു.ഗട്ടറുകൾ നിറഞ്ഞ വഴി മാത്രയായിരുന്നു ഞങ്ങളെ അലോസരപ്പെടുത്തിയ ഏക ഘടകം.ഗോവിന്ദാപുരം എന്ന പാലക്കാടൻ ഗ്രാമാന്തരീക്ഷം നിറഞ്ഞു നില്ക്കുന്ന നാടു പിന്നിടുന്നതോടെ തമിഴന്റെ മണ്ണായി എന്നു മനസ്സിലാക്കി തന്നു കൊണ്ട് മനോഹരമായ വഴിത്താരകൾ ദൃശ്യമായിത്തുടങ്ങിയിരുന്നു.ചെക്ക് പോസ്റ്റ് പിന്നിട്ട് മുന്നോട്ടുള്ള യാത്രയിൽ ചൂടായിരുന്നു വില്ലനായി കടന്നു വന്നത്. കാർഷിക പാരമ്പര്യം വിളിച്ചോതിക്കോണ്ട്‌ മാവിൻ തോട്ടവും ചോളപ്പാടും എല്ലാം റോഡിനിരുവശവും കാഴ്ചകളായി മുന്നിൽ വന്നു കൊണ്ടിരുന്നു. ഇടയ്ക്ക് നാടുകാണാൻ ഇറങ്ങിയ മയിലും കുഞ്ഞുങ്ങളും മുന്നോട്ട് പോകാൻ വല്ലാത്ത ഊർജ്ജമാണ് നല്കിയത്. പറമ്പിക്കുളത്തേക്കുള്ള യാത്രയിൽ നീണ്ടു കിടക്കുന്ന വഴിത്താരയിൽ ചിലപ്പോൾ കാണുന്ന വനം വകുപ്പിന്റെ ബോർഡുകളാണ് ദിശാബോധവും ദൂരവും കാണിച്ചു തന്നുകൊണ്ടിരുന്നത്.പൊള്ളാച്ചിയോട് അടുത്തു തുടങ്ങിയപ്പോഴേക്കും തനി നാടൻ കാഴ്ചകൾ എത്തിത്തുടങ്ങിയിരുന്നു. കാളവണ്ടികൾ ആയിരുന്നു ആദ്യ കാഴ്ചകൾ എങ്കിൽ പിന്നീട് അതു നെടുനീളത്തിൽ നീണ്ടു കിടക്കുന്ന പാതക്കിരുവശവും തണൽ വിരിച്ചു നില്ക്കുന്ന പുളിമരങ്ങളായിരുന്നു. സൂര്യകിരണങ്ങളെ നിലം തൊടാൻ അനുവദിക്കാതെ ചാവേർ പോരാളികളെപ്പോലെ പുളിയിലകൾ വിരിഞ്ഞു നിന്നപ്പോൾ ഞങ്ങളുടെ യാത്ര തികച്ചും തണലിൽ ആയിരുന്നു. സീബ്രാ ലൈൻ കണക്കെ ചിലയിടങ്ങളിൽ സൂര്യരശ്മികൾ ഭൂമിയിൽ പതിച്ച കാഴ്ചയും മനോഹരമായിരുന്നു.

സമയം ഒൻപതു കഴിഞ്ഞിട്ടേയുള്ളു, പറമ്പിക്കുളത്തെക്കുള്ള ആദ്യ കടമ്പടയായ സേതുമട ചെക്ക് പോസ്റ്റിലേക്ക് ഞങ്ങൾ അടുത്തു കൊണ്ടിരുന്നു. കടുവയും പുലിയും പുള്ളിമാനുമെല്ലാം സഞ്ചാരികളെ ആകർഷിക്കാൻ വലിയ ഇരുമ്പുതകിടിൽ ചിത്രങ്ങളായി ഇടയ്ക്ക് നിറഞ്ഞു നിന്നിരുന്നു. റോഡിനിരുവശത്തും തരിശു പോലെ കിടക്കുന്ന വനഭൂമിയിൽ അവിടവിടെയായി ചില വൃക്ഷങ്ങൾ കാണാമായിരുന്നു. തമിഴ്നാട്ടിലെ വനങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥയാണ്.വലിയ താമസം കൂടാതെ ഞങ്ങൾ സേതുമടയിൽ എത്തിച്ചേർന്നു. വലിയ ഗോപുരത്തോടു കൂടിയ ചെക്ക് പോസ്റ്റ് ഞങ്ങൾക്ക് മുന്നിൽ അടഞ്ഞുകിടക്കുകയാണ്. ബൈക്കുമായി സഞ്ചാരികളെ കടത്തിവിടില്ല എന്ന സത്യം മനസ്സിലാക്കിയ ഞങ്ങൾ 10.30നുള്ള ആനവണ്ടിക്കായി കാത്തിരുന്നു. ഒരു പക്ഷേ കേരളത്തിലെ ഒരു വന്യ ജീവി സങ്കേതം സന്ദർശിക്കാൻ തമിഴ്നാട്ടിലൂടെ അവരുടെ അവനുവാദം വാങ്ങി യാത്ര തുടരേണ്ട ഏക സ്ഥലം പറമ്പിക്കുളമാണ്.അങ്ങനെ ചെറിയ വിശ്രമത്തിനു ശേഷം നമ്മുടെ സ്വന്തം ആനവണ്ടിയിൽ പറമ്പിക്കുളത്തിനു യാത്ര തുടങ്ങി.കാഴ്ചകൾ കാണാൻ കൃത്യമായി മുന്നിലെ സീറ്റുതന്നെ കിട്ടിയതിനാൽ ഞാനും സന്തോഷിച്ചു.സേതുമടയും പിന്നിട്ട് വണ്ടി വനാന്തർഭാഗത്തേക്ക് പ്രവേശിച്ചു. വലിയ കാട്ടുപോത്തിന്റെ കൂട്ടം ചവിട്ടിമെതിച്ചു പോയതിന്റെ അവശേഷിപ്പുകളാണ് ആദ്യമായി കണ്ണിലുടക്കിയത്.നല്ല പച്ചപ്പുള്ളതിനാൽ ആനയെ കാണും എന്ന പ്രതീക്ഷയിലാണ് യാത്ര.പച്ചപ്പ് നിറഞ്ഞു നിന്ന വനത്തിലും ചൂട് നല്ല പോലെ അടിക്കുന്നുണ്ട്. പതിയെ ചെറുതും വലുതുമായ മാൻ കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. വലിയ പുല്ത്തകിടികളിൽ ഭക്ഷണം കഴിച്ച് വിശ്രമിക്കുകയാണ്. ദൂരെ മരക്കൊമ്പിൽ ഇരിക്കുന്ന സിംഹവാലൻ കുരങ്ങിനെ കാട്ടിത്തന്നത് ഡ്രൈവർ സാർ ആണ്.പീലി വിടർത്തി നില്ക്കുന്ന മയിലുകൾ ആദ്യം മനോഹരമായ ദൃശ്യഭംഗി കാട്ടിത്തന്നെങ്കിലും ആനക്കൂട്ടത്തെത്തേടിയുള്ള കാത്തിരിപ്പ് പിന്നേയും തുടർന്നു. മുളങ്കൂട്ടങ്ങൾ അതിരിട്ടു നില്ക്കുന്ന ജലാശയത്തിന്റെ തുടക്കത്തിൽ തന്നെ കാട്ടുപന്നികളും ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കാടിനുള്ളിലെ ചാലുകൾ അവസാനിക്കുന്നതിവിടെയാണ്.ഈ റിസർവ്വേയറിനപ്പുറം ആദിവാസി ഊരുകളും കാടിന്റെ ഉള്ളറകളും മനുഷ്യസ്പർശം ഏൽക്കാത്ത നീർച്ചോലകളും വന്യമൃഗങ്ങൾ സ്വര്യ വിഹാരം നടത്തുന്ന സുന്ദരഭൂമിയാണ് തുണക്കടവ് ആയതോടെ വണ്ടിക്ക് ആദ്യ സ്റ്റോപ്പ് ആയി. ഫോറെസ്റ്റ് ഓഫീസും സ്കൂളും ആദിവാസി വീടുകളും എല്ലാം ചേർന്ന കാടിനുള്ളിലെ ഒരു കൊച്ച് നാട്.ഇതിനിടയിൽ പത്രവും തിരക്കി കണ്ടക്ടറുടെ അടുത്തെത്തിയ ആദിവാസി പയ്യനോട് വല്ലാത്ത ബഹുമാനം തോന്നി. ഇവിടെ സ്ഥിരം പത്രം കിട്ടിയിട്ടു നോക്കാത്ത എന്നോട് എനിക്ക് തന്നെ പുഞ്ചം തോന്നിയ നിമിഷം. വണ്ടിയുടെ ചക്രങ്ങൾ വീണ്ടും ഉരുണ്ടു തുടങ്ങി, മുളങ്കാടുകളും നിറഞ്ഞു കിടക്കുന്ന ജലാശയവും മറുവശത്ത് അതിസമ്പന്നമായ കാടും. വന്യജീവികളെ കാണാനുള്ള ഞാനുൾപ്പെടെയുള്ളവരുടെ കാത്തിരിപ്പും.ചെറുതും വലുതുമായ നിരവധിമുളയിൽ തീർത്ത ചെങ്ങാടങ്ങൾ ആരേയൊ കാത്തു കിടക്കുന്നതു പോലെ പുഴക്കരയിൽ കിടക്കുകയാണ്. കുറേ കുഞ്ഞുങ്ങൾ പുഴയിൽ ചൂണ്ടയിടുണ്ട്.നല്ല ഭംഗിയിൽ തുണക്കടവ് ഡാമിനഭിമുഖമായി നിർമ്മിച്ച ഏറുമാടം ഒന്നു കാണേണ്ടതു തന്നെയാണ്. പച്ചപ്പ് നിറഞ്ഞ കാട്ടിലൂടെ ആനവണ്ടിയുടെ ജൈത്രയാത്ര തുടരുകയാണ്. വളഞ്ഞുപുളഞ്ഞു പോകുന്ന കാനനപാതയിലൂടെ യാത്രക്ക് കുറേ പേർ വിട പറഞ്ഞിറങ്ങാൻ തുടങ്ങി. വലിയ കടുവയുടെ പ്രതിമയോടു കൂടിയ കവാടം പിന്നിട്ടത്തോടെ കേരള വനംവകുപ്പിന്റെ കാനനസവാരിക്കുള്ള ടിക്കറ്റ് കൗണ്ടർ ആയി. 220 രൂപ ഫീസിൽ ചെറിയ വാനിൽ ഉൾക്കാടും കന്നിമാരത്തേക്കും വന്യമൃഗങ്ങളേയും കണ്ടു തിരികെ വരാം. സമയം ഇല്ലാത്തതിനാൽ ഞങ്ങൾ വീണ്ടും പറമ്പിക്കുളത്തേക്ക് യാത്ര തുടർന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ യാത്ര തെല്ല് ദുഷ്കരമാക്കിയെന്ന് പറയാതെ വയ്യ. ശാന്തമായ വനപ്രദേശങ്ങളും മുളങ്കാടുകളും പുല്മേടുകളും നിറഞ്ഞ കാനനസ്വർഗം. ഫോൺ കോളുകൾക്ക് വിശ്രമം നല്കി സിമം കാർഡുകൾ പരിധിക്ക് പുറത്തായി. ഉച്ചയോടെ ഞങ്ങളുടെ വണ്ടി പറമ്പിക്കുളം എന്ന കാടിനുള്ള സ്വർഗ്ഗ ഭൂമിയിൽ എത്തിയിരുന്നു. പണ്ട് എപ്പോഴോ സ്ഥാപിച്ച കൂറ്റൻ സ്തൂപവും ഒന്നു രണ്ട് ഫോറസ്റ്റ് ഓഫീസും ചെറിയ ഒരു പാർക്കും കുഞ്ഞിക്കടകളും നിറഞ്ഞ ഒരു നാട്ടിൻ പുറം എന്നു വേണേൽ പറയാം.ഗവി സിനിമയിൽ കാണുന്നതുപോലെയുള്ള നാട്. ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിക്കാൻ പോയി.20 മിനിട്ടിനുള്ളിൽ തിരികെ പോകും എന്നും പറഞ്ഞിരുന്നു.ചുറ്റിക്കാണാൻ സമയം ഇല്ലാത്തതിനാൽ പാർക്കിലൂടെ വെറുതെ ഒന്നു നടന്നു. കലപില വെക്കുന്ന കിളികൾ നിറഞ്ഞ മരങ്ങളാണ് പാർക്കിലെ സവിശേഷ കാഴ്ച. പിന്നെ അലസമായി നടക്കുന്ന പന്നിയും കുഞ്ഞുങ്ങളും എണ്ണമില്ലാത്തത്ര കുരങ്ങമ്മാരും ചേർന്നപ്പോൾ കാട് കാട് തന്നെയായി മാറി.കന്നിമാരത്തേക്ക് ഇവിടെ നിന്നും വലിയ ദൂരത്തിലല്ല എന്നും അറിയാൻ കഴിഞ്ഞു.രണ്ടു ഭാഗത്തേക്കും അനന്തമായി നീണ്ടുപോകുന്ന വഴിയിൽ ഒരുപാട് നോക്കിയെങ്കിലും ഒരു കുട്ടിയാനയെപ്പോലും കാണാൻ സാധിച്ചില്ല. പിന്നെ നല്ല ഒന്നാന്തരം നന്നാറിസത്ത് ഇട്ട സർബത്ത് കുടിച്ച് ആ സങ്കടം അങ്ങു അടക്കി. തിരികെ മടങ്ങാൻ സമയമായി. വണ്ടി ഞങ്ങളേയും കൊണ്ട് മടക്കയാത്ര തുടങ്ങിയിരുന്നു. ഒരിക്കൽ കൂടിവരണം എന്നും ആ മുളഞ്ചങ്ങാടം കടന്ന് കാടിനുള്ളിലെ സ്വർഗ ഭൂമിയിൽ ഒരു രാവ് അന്തിയുറങ്ങാനും വരും എന്നുറപ്പിച്ച് തെല്ല് സങ്കടത്തോടെയാണ് മലയിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *