വി.എം കുട്ടി മാപ്പിളപാട്ടിനെ ജനകീയമാക്കിയ കലാകാരന്‍

മാപ്പിളപാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച വിഎം കുട്ടി എന്ന വടക്കുങ്ങര മുഹമ്മദ് കുട്ടി വിടവാങ്ങുമ്പോള്‍ സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ്.കടുകട്ടിയായ മാപ്പിളപ്പാട്ടുകൾ പലതും മലയാളികൾ ഇന്നും പാടിക്കൊണ്ടിരിക്കുന്നതിന് പിന്നിൽ വിഎം കുട്ടി എന്ന അതുല്യകലാകാരന്റെ കയ്യൊപ്പുണ്ട്.

മലബാറിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മാപ്പിള പാട്ട് എന്ന ഗാനശാഖയെ കേരളത്തിനകത്തും പുറത്തും ലക്ഷദ്വീപിലും, ഗൾഫ് രാജ്യങ്ങളിലും, സർവത്രിക സ്വീകാര്യത നേടാൻ അദ്ദേഹം വഹിച്ച പങ്ക് ശ്ലാഘനീയമാണ്. ഗാനരചയിതാവ്,സംഗീത സംവിധായകൻ ഗായകൻ, നാടക രചയതിയാവ് എഴുത്തുകാരൻ എന്നീ മേഖലകളിലും അദ്ദേഹം തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു. പുളിക്കൽ പ്രദേശത്തും പാർട്ടി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്ന അദ്ദേഹം, തന്റെ ചെറുപ്പകാലത്ത് പാർട്ടി പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. ദീർഘകാലം പാർട്ടി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.


അധ്യാപന രംഗത്ത് പ്രവർത്തിച്ചിരുന്നപ്പോഴും അദ്ദേഹത്തിന്റെ സംരംഭമായ ചെന്താരക തീയറ്റേഴ്‌സ് എന്ന നാടക ഗാന സംഘം മാപ്പിള ഗാനങ്ങൾ ആലപിച്ച് ബഹുജനങൾക്കിടയിൽ പാർട്ടിയുടെ സന്ദേശം എത്തിക്കുവാൻ അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. സ. നായനാർ ഉൾപ്പടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്ന വേദികളിൽ പരിപാടികൾ ആരംഭിച്ചിരുന്നത് വി എം കുട്ടിയുടെ മാപ്പിള ഗാനത്തോട് കൂടിയായിരുന്നു. മലബാർ കലാപവുമായി ബന്ധപെട്ടു കമ്പളത്ത് ഗോവിന്ദൻ നായർ രചിച്ച “അന്ന് ഇരുപത്തിയൊന്നിൽ “എന്ന ഗാനം പാർട്ടിയുടെ പല വേദികളിലും പാടി അവതരിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു.


മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിലും അദ്ദേഹം പാടിയ ആ ഗാനം ജന്മനസ്സുകളിൽ നിറഞ്ഞു നില്കുന്നു. കേരള സംഗീത നാടക അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് ലക്ഷദ്വീപ് പരിഷത്ത് കേരള വെൽഫയർ അസോസിയേഷൻ എന്നിവയുടെ അവാർഡുകളും ടി ഉബൈദ് ട്രോഫിയും അദ്ദേഹത്തിനു ലഭിച്ചു.


കേരള സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, മൊയിൻ കുട്ടി വൈദ്യർ സ്മാരക കമ്മിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പ്രവർത്തക സമിതി മ്യൂസിഷ്യൻസ് വെൽഫയർ അസോസിയേഷൻ അംഗമായും
ഫോക്ക് ലോർ അക്കാദമി വൈസ് ചെയർമാൻ ആയും അദ്ദേഹം പ്രവർത്തനമനുഷ്ഠിച്ചു.മലയാള സർവകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു.1935 ഏപ്രിൽ 16 നു ജനിച്ചു അദ്ദേഹം 86 ആം വയസിൽ വാർദ്ധക്യസഹജമായ അസുഖത്താലാണ് മരണപെട്ടത്.സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ മാപ്പിള പാട്ടിനെ ജനകീയമാക്കിയ അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സംഗീത ശാഖക്ക് തീരാ നഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *