അടിമുടി മാറ്റവുമായി പബ്ജി ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നു
ഭാവത്തിലും രൂപത്തിലും വ്യത്യസ്തയുമായി പബ്ജി ഗെയിം ഇന്തയിലേക്ക് തിരിച്ചുവരുന്നു.പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ പുതിയ ഗെയിം അവതരിപ്പിക്കാനാണ് മൊബൈല്‍ ഗെയിം വികസിപ്പിച്ച പബ്ജി കോര്‍പ്പറേഷന്‍ ഒരുങ്ങുന്നത്.
ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ ഗെയിം അവതരിപ്പിക്കും. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചാണ് പുതിയ ഗെയിം ഒരുക്കുന്നതെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.
ഈ ഗെയിം ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയ്ക്ക് പരമാവധി പ്രാധാന്യം നല്‍കിയിട്ടുള്ളതായും കമ്പനി അധികൃതര്‍ പറഞ്ഞു.
ഗെയിമിലെ കഥാപാത്രങ്ങള്‍, വസ്ത്രധാരണം, വെര്‍ച്വല്‍ സിമുലേഷന്‍ ട്രെയിനിംഗ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റങ്ങളുണ്ടാകും. പ്രായം കുറഞ്ഞവര്‍ ഗെയിം കളിക്കുന്ന സമയം നിജപ്പെടുത്താനുള്ള സംവിധാനവും ഇന്ത്യന്‍ വെര്‍ഷനില്‍ ഉണ്ടാകും.
ഉപഭോക്താക്കളുമായുള്ള ആശയവിനിമയവും ഗെയിമിംഗ് സേവനങ്ങളും മെച്ചപ്പെടുത്താന്‍ ഇന്ത്യയില്‍ പുതിയ ഓഫീസ് ആരംഭിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
പബ്ജി കോര്‍പ്പറേഷനും പേരന്റ് കമ്പനിയായ ക്രാഫ്‌റ്റോണും ഇന്ത്യയില്‍ 746 കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക വീഡിയോ ഗെയിം, ഇ-സ്‌പോര്‍ട്‌സ്, വിനോദം, ഐടി മേഖലകളിലായിരിക്കും നിക്ഷേപം. സുരക്ഷാ കാരണങ്ങളാല്‍ സെപ്റ്റംബറിലാണ് പബ്ജി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.