ഐ പി എൽ: ബാംഗ്ലൂരിനെ 59 റൺസിന് തകർത്ത് ഡൽഹി
ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് വിജയം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 59 റൺസിനാണ് ഡൽഹി തകർത്തത്. ബാറ്റിംഗിലും ബൗളിംഗിലും ഗംഭീര പ്രകടനമാണ് ഡൽഹി കാഴ്ചവച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് പടുത്തുയർത്തി. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും ശിഖാർ ധവാനും ചേർന്ന് മികച്ച തുടക്കം നൽകി. പൃഥ്വി ഷാ 23 പന്തിൽ 42 ഉം ധവാൻ 28 പന്തിൽ 32 ഉം റൺസെടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരാജയപ്പെട്ടെങ്കിലും പിന്നീടെത്തിയ സ്റ്റോയിനിസും ഋഷഭ് പന്തും ചേർന്നാണ് ഡൽഹിയെ മികച്ച ടോട്ടലിലേയ്ക്ക് നയിച്ചത്. 26 പന്തിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്ന സ്റ്റോയിനിസാണ് ടോപ് സ്കോറർ. ഋഷഭ് പന്ത് 37 റൺസെടുത്തു.
197 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തിലേ പിഴച്ചു. ഫോമിലായിരുന്ന ദേവദത്ത് പടിക്കലിൻ്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ടു. ക്യാപ്റ്റൻ വിരാട് കോഹ്ലി (39 പന്തിൽ 43) ഒഴികെയുള്ളവർക്കൊന്നും ഡൽഹി ബൗളിംഗിനെതിരെ പിടിച്ചു നിൽക്കാനായില്ല. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കാനേ ബാംഗ്ലൂരിന് കഴിഞ്ഞുള്ളൂ. നാല് ഓവറിൽ റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത റബാഡയാണ് ബാംഗ്ലൂരിനെ തകർത്തത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നോർജെയും അക്ഷർ പട്ടേലും റബാഡയ്ക്ക് മികച്ച പിന്തുണ നൽകി.