കിണറ്റിൽ വീണ കോവിഡ്!!!!!!
ചിപ്പി സംഗീത
കോവിഡ് ആശങ്കയിൽ മനസ്സ് ദ്രുതതാളത്തിൽ ചലിച്ചപ്പോൾ പതിനേഴിന്‍റെ രക്തസമ്മർദ്ദവുമായി നടന്നിരുന്ന എന്‍റെ ഹൃദയത്തിനൊരു ചാഞ്ചല്യം.അവനങ്ങനെ പതിവ് താളം മറന്നാൽ എന്‍റെ ദൃഷ്ടികൾക്കു എങ്ങനെയാണു നിദ്രയെ പുല്‍കാനാവുക.ഏതാണ്ട് ദേ ഈ അവസ്ഥ …
“താനേ തിരിഞ്ഞും മറിഞ്ഞും
തൻ താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസ സുന്ദരചന്ദ്രലേഖ ” !!!.
ഇങ്ങനെയുള്ള അവസരങ്ങളിൽ എപ്പോഴും എനിക്ക് ആശ്വാസവുമായി വേതാളത്തെ പോലെ തോളിൽ ചാടികയറുന്ന ഒരു വിരുതനുണ്ട് ; “ബാല്യകാല സ്മൃതികള്‍” , .
“എന്താ ഹേ ഇത്! പോകാൻ പറ, ഒരു കൊറോണ!”,
അവന്‍റെ സംസാരം കേട്ട് ഞാൻ ചിരിച്ചു .
“പണ്ട് കിണറ്റിൽ വീണ പൂച്ചയെ നിനക്ക് ഓർമയില്ലേ? ആ പൂച്ചയെ കോവിഡ് ആയങ്ങു സങ്കൽപ്പിക്കുക . അപ്പോൾ തീരാവുന്ന പ്രശ്‍നം.”,
അതെ ശരിയാണ് ,“ജാവ സിംപിളാണ്, ബട്ട് പവർഫുൾ!!” എന്റെ മറുപടിയിൽ അവനും ചിരിച്ചു .
“അന്ന് പതിവുപോലെ പുതുമയുടെ പുതുകിരണങ്ങളുമായി ഉദയസൂര്യനെ കണ്ടതും കുട്ടൻ പൂവൻ തല നീട്ടിപിടിച്ചു കൂകിയതും ഞാൻ ഓർക്കുന്നു .കൂകൽ കേട്ടതും ബക്കറ്റുമായി അച്ഛൻ കിണറ്റിൻ ചുവട്ടിലേക്ക് പോയി .പോയ അതെ സ്പീഡിൽ തിരിച്ചു വന്നു ഞങ്ങളോട് പറഞ്ഞു.
“കിണറ്റിൽ പൂച്ച ചത്ത് കിടക്കുന്നു .ആരും വെള്ളം അതിൽ നിന്നെടുക്കരുത് “,
ഇന്ന് കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും അക്കാലത്തു ഞങ്ങളെ പോലെ നാട്ടുകാർക്കും ആ സംഭവം വലിയ പ്രതിസന്ധി സൃഷ്ടിച്ചു .അന്ന് കുടിവെള്ളത്തിന് നാട്ടിലെ ഒരുവിധപ്പെട്ട ആൾക്കാരൊക്കെ ഞങ്ങളുടെ കിണറിനെയാണ് ആശ്രയിച്ചിരുന്നത് .
പൂച്ചയെ മാറ്റി കിണറു തേകാനും വൃത്തിയാക്കാനും ആൾക്കാർ എത്തി പണിതുടങ്ങുമ്പോൾ അച്ഛന്‍റെ നിർദേശ പ്രകാരം മുറ്റത്തു വലിയ അടുപ്പുകൾ കൂട്ടി നെല്ല് പുഴുങ്ങുന്ന ചെമ്പുകലങ്ങളിൽ വെള്ളം തിളക്കാൻ വച്ചു. അങ്ങനെ ഒൻപതു റിങ്ങുകൾ ഉള്ള കിണർ ചെറുപ്പക്കാർ എല്ലാം കൂടി നന്നായി വറ്റിച്ചു .പിന്നീട് മുറ്റത്തെ അടുപ്പിൽ തിളച്ചു മറിഞ്ഞ വെള്ളം ചെറുപ്പക്കാർ എല്ലാം കൂടി ഉറുമ്പു കൂട്ടങ്ങൾ അരിമണി പൊക്കിക്കൊണ്ട് പോകുന്ന പോലെ കിണറിനടുത്തെത്തിച്ചു .തിളച്ച വെള്ളമൊഴിച്ചു കിണറു സ്റ്റെറിലൈസഷൻ പരിപാടി പൊടി പൊടിക്കുമ്പോൾ ‘അമ്മ അടുക്കളയിൽ അധ്വാനിക്കുന്ന ജനവിഭാഗത്തിന് കപ്പയും ചെമ്മീനും കുഴക്കുന്ന തിരക്കിൽ ആയിരുന്നു .
കുട്ടികളായ ഞങ്ങൾ പൂച്ചയെ കുഴിച്ചിട്ട സ്ഥലത്തു കമ്പു നാട്ടി പൂവിട്ടു പൂജിച്ചു തിരിച്ചു വരുമ്പോൾ സ്റ്റെറിലൈസേഷൻ കഴിഞ്ഞ കിണർ വീണ്ടും തേകി ക്ലോറിൻ പ്രത്യേക അനുപാതത്തിൽ കലക്കി ഒഴിച്ച് ക്ലീൻ ചെയുന്ന തിരക്കിലായിരുന്നു അച്ഛനും കൂട്ടരും . ക്ലോറിൻ ഒഴിച്ച കിണർ അന്നത്തെ ദിവസം അങ്ങനെ തന്നെ മൂടിയിട്ടു .പിറ്റേന്ന് വീണ്ടും തേകി വൃത്തിയാക്കി . പ്രഹരങ്ങൾ ഏറെ ഏൽക്കേണ്ടി വന്ന ഞങ്ങളുടെ കിണർ പിന്നെയുള്ള നാലഞ്ച് ദിവസം നെറ്റിൽ മൂടി പുതച്ചു സുഖമായുറങ്ങി .
ഉറക്കമുണർന്ന അവൾ വീണ്ടും വീടിനും നാട്ടുകാർക്കും കുടിവെള്ള ദാതാവായി അധികാരമേറ്റു .”
കഥ ഞാൻ ഓർത്തു പറഞ്ഞപ്പോൾ “എന്റെ വേതാളം” ഇങ്ങനെ എന്നോട് പറഞ്ഞു .
“എന്തായാലും ക്വാറന്‍റൈൻ ആയി .ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല .ബിപി കുറക്കാൻ ഇതുപോലെ വല്ലതുമൊക്കെ ചെയ്യൂ …ഇടക്ക് സഹായം വേണേൽ വിളിക്ക്…..”
“ഫീൽ ബെറ്റർ “പറഞ്ഞു വേതാളം പോകുമ്പോൾ പിണങ്ങി നിന്ന ഉറക്കം കൺപോളകളെ തഴുകാൻ തുടങ്ങി …..