ഇങ്ങനെയുമുണ്ട് ആരുമറിയാതെ ചില പെൺജീവിതങ്ങൾ

സുമംഗല സാരംഗി

വീടിന്റെ പിന്നാമ്പുറത്തുനിന്നും അസാധാരണമായ ഒരു ശബ്ദം കേട്ട് തങ്കമണി ഉറക്കത്തിൽ നിന്നും ഞെട്ടി യുണർന്നു. ലൈറ്റിട്ട് ക്ലോക്കിലേക്ക് നോക്കി.
കൃത്യം മൂന്നു മണി ! നേരം വെളുക്കാൻ ഇനിയും സമയമുണ്ട്.
സാധാരണയായി അടുത്ത വീട്ടിലെ രമണിയുടെ പൂവൻ കോഴിയുടെ കൂകൽ കേൾക്കുന്നതോടെയാണ് അവളുടെ ഒരു ദിവസം ആരംഭിക്കുന്നത്.
ഇനിയെന്തായാലും ഉറങ്ങാൻ കഴിയില്ല.

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി അവൾ കിടക്കയിൽ നിന്നെഴുന്നേറ്റു .
പുലർച്ചെ എഴുന്നേറ്റു കഴിഞ്ഞാൽ ടൈം ടേബിൾ അനുസരിച്ചെന്നതുപോലെ എല്ലാക്കാര്യങ്ങളും നടന്നുകൊള്ളും.
പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞ് സ്‌റ്റൗ കത്തിച്ച് കട്ടൻ ചായയ്ക്ക് വെള്ളം വച്ചു. തിളച്ചപ്പോൾ തേയിലയും പഞ്ചസാരയുമിട്ട് വാങ്ങി അതേ ചൂടോടെ ഗ്ലാസ്സിൽ പകർന്നു . കട്ടൻ ചായയ്ക്ക് മധുരം അല്പം കുറഞ്ഞാലും നല്ല ചൂടു വേണം . അവൾക്കത് നിർബ്ബന്ധമാണ്.

അടുപ്പ് കത്തിച്ച് കഞ്ഞിക്ക് വെള്ളം വച്ചിട്ട് തലേ ദിവസം ആട്ടി വച്ചിരുന്ന മാവെടുത്ത് മൂന്നു ദോശയുണ്ടാക്കി. വെള്ളം തിളച്ചപ്പോൾ അരനാഴി അരിയെടുത്ത് കഴുകിയിട്ടു. തേങ്ങ ചുരണ്ടി ചമ്മന്തിയുണ്ടാക്കിയിട്ട് അടുത്ത പണിയിലേക്ക് കടന്നു.

മൂന്നു കിലോമീറ്റർ അകലെയുള്ള ചന്തയിലെഉമിക്കരിക്കച്ചവടക്കാരിയാണ് തങ്കമണി. ഒപ്പം വെറ്റില അടയ്ക്ക കച്ചവടവുമുണ്ട്. തലേന്ന് രാത്രിയിൽ ഉമിനീറ്റി തറയിൽ നിരത്തിയിടും. എല്ലാം കരിഞ്ഞെന്ന് ഉറപ്പു വരുത്തിയിട്ടെ തങ്കമണി ഉറങ്ങാറുള്ളൂ.
ഉമിക്കരിയെല്ലാം നീക്കിക്കൂട്ടി പൊടിച്ചു വച്ചിരുന്ന കുരുമുളകും ഉപ്പും ചേർത്ത് ചെറിയ പ്ലാസ്റ്റിക് കവറുകളിൽ നിറയ്ക്കാൻ തുടങ്ങി.
ചെയ്യുന്ന ജോലി എന്തായാലും ഒരു തപസ്യയാണ് തങ്കമണിയ്ക്ക് .
പാരമ്പര്യമായി കിട്ടിയ തൊഴിലാണ്.
“ഇനിയും ഉമിക്കരിക്കച്ചവടം നിർത്തി ക്കൂടെ .മക്കൾക്ക് നാണക്കേടല്ലേ ” ആരെങ്കിലും ചോദിച്ചാൽ തങ്കമണിയുടെ ഭാവം മാറും.
“നിങ്ങക്കെന്തറിയാം. എന്റെ അമ്മ ഈ തൊഴിൽ ചെയ്തിട്ടാണ് ഞങ്ങൾ ആറുമക്കളെ വളർത്തിയത് . കുഞ്ഞു നാൾ മുതൽ ഞാനും അമ്മയോടൊപ്പം പോകാറുണ്ടായിരുന്നു. ഇതായിരുന്നു ഞങ്ങളുടെ ജീവിത മാർഗ്ഗം ” .
അൻപത് കവറുകൾ നിറച്ചു കഴിഞ്ഞു
അവൾ എഴുന്നേറ്റു .അതൊരു കണക്കാണ്. ഒരു കവർ പോലും കൂടുതൽ എടുക്കാറില്ല.
അടുത്തതായി വെറ്റില കൊടിക്കാരൻ രാഘവന്റെ വീട്ടിൽ നിന്നും വാങ്ങി വച്ചി രുന്ന വെറ്റില നൂറെണ്ണം വീതെമുള്ള കെട്ടുകളാക്കി വച്ചു. അടയ്ക്ക മറ്റൊരു സഞ്ചിയിലാക്കി എല്ലാം കൂടി ബിഗ് ഷോപ്പറിലാക്കി വച്ചു.

ചോറുവാർത്തിട്ട് കുളിക്കുവാനുള്ള തയ്യാറെടുപ്പായി.
തലയിൽ എണ്ണ തേയ്ക്കാതെയാണ് രാവിലെയുള്ള കുളി.
ചന്തയിലെ വെയിലു കൊള്ളേണ്ടതല്ലെ . വെറുതെ സൂക്കേട് വരുത്തേണ്ടല്ലോ.!
കുളിച്ചു വന്ന് അലമാരയിൽ നിന്ന്
സാരിയും ബ്ലൗസുമെടുത്തു.
നന്നായി വസ്ത്രധാരണം ചെയ്യുക , അതിഞ്ഞൊരുങ്ങി നടക്കുക. ഇതൊക്കെ തങ്കമണിയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ്.
അതിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ അവളുടെ ഭാവം മാറും.
“നമ്മൾ സ്വന്തമായി പാടുപെട്ട് പണിയെടുത്തിട്ടല്ലെ . അതിന് മറ്റുള്ളവർക്കെന്താണ് . മണ്ണായിത്തീരാനുള്ള ശരീരമല്ലേ …. ജീവിക്കുമ്പോൾ നന്നായിത്തന്നെ ജീവിക്കണം. “

അരയ്ക്കൊപ്പം നീളമുള്ള കറുത്തിരുണ്ട
തലമുടി നന്നായി മെടഞ്ഞിട്ടു. മുഖത്ത് ക്രീമിട്ടതിനു ശേഷം പൗഡർ പൂശി. ശിങ്കാറിന്റെ പൊട്ടുതൊട്ടു. ചരിഞ്ഞും
തിരിഞ്ഞുമൊക്കെ നിന്ന് കണ്ണാടിയിൽ നോക്കി തൃപ്തി വരുത്തി.
കാക്കക്കറുമ്പിയാണവൾ. 45 വയസ്സുണ്ട്. ഒരു മുടി പോലും നരച്ചിട്ടില്ല
സുന്ദരി തന്നെ. ഐശ്വര്യമുളള മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും.
എന്നു കരുതി ആരെങ്കിലും അവളോട് ശൃംഗരിക്കുവാൻ ചെന്നാൽ സാക്ഷാൽ
ഭദ്രകാളിയാകും.
ചന്തയിലെ മറ്റു കച്ചവടക്കാർക്കെല്ലാം ഒരു വട്ടമെങ്കിലും അവളുടെ ഭദ്രകാളി രൂപം കാണുവാനുള്ള അവസരമുണ്ടായിട്ടുണ്ട്. അതുകാരണം എല്ലാവർക്കും ബഹുമാനമാണ് അവളോട് .
മക്കളെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ തങ്കമണി വാചാലയാകും. അടുത്ത നിമിഷം കണ്ണുകൾ നിറയും.

“എനിക്ക് രണ്ട് പെൺ മക്കളാണ്. മൂത്തോൾക്ക് മൂന്നും ഇളയോൾക്ക് ആറുമാസവുമായപ്പോഴാണ് തന്ത മരിച്ചത്. നല്ല മനുഷേനാർന്ന് കേട്ടോ : എന്നേയും പിള്ളാരേയും നന്നായി നോക്കുമാർന്നു. ഒരു ദെവസം കൂലിവേലയ്ക്ക് പോയിട്ടു വരുമ്പം പാണ്ടി ലോറി ഇടിച്ചാണ് ചത്തത്. അന്നുമുതൽ ഞാനും എന്റെ മക്കളും അനാഥരായി. ചന്തയിൽ ഉമിക്കരിയും മുറുക്കാനും കച്ചവടം ചെയ്ത് എന്റെ അമ്മ ഞങ്ങളെ വളത്തിയ പോലെ ഞാനും എന്റെ മക്കളെ വളത്താൻ ഈ പണി തന്നെ ചെയ്തു.
ഈ തൊഴിലാണെന്റെ ദൈവം. ആരെമുമ്പിലും കൈ നീട്ടാൻ പോയില്ല. ഇതുകൊണ്ട് തന്നെ രണ്ടു മക്കളേം വളത്തി പഠിപ്പിച്ചു. മുത്തോളെ പതിനെട്ടാമത്തെ വയസ്സിൽ കെട്ടിച്ചു വിട്ടു. രണ്ടാമത്തോൾ പിന്നേം പഠിക്കണമെന്നു പറഞ്ഞു. പഠിപ്പിച്ചു കറണ്ടാപ്പീസിൽ ജോലിയും കിട്ടി. കല്യാണോം കഴിഞ്ഞു.

എനിക്ക് നാലു സെന്റ് പെരേടവും ഒരു കൊച്ചു കൂരയും ഉണ്ടായിരുന്നു. എളേവളുടെ കല്യാണം കഴിഞ്ഞപ്പോൾ മൂത്തോളും കെട്ടിയോനും എന്റെ കൂടെ താമസിക്കാൻ വന്നു.
കുറച്ചീസം കഴിഞ്ഞപ്പോ ഞാനവർക്കൊരു പുത്തി മുട്ടായി . മോള് ഒരീസം എന്റടുത്ത് പറഞ്ഞ്
“അമ്മാ ഈ സ്ഥലവും വീടും എനിക്ക് തരണം. നിങ്ങളെ ഞങ്ങൾ പൊന്നുപോലെ നോക്കാം. “
ഞാൻ പറഞ്ഞു
” അതു പറ്റില്ലെടി , കണ്ണടയുന്നതു വരെ എനിക്കീ മണ്ണിൽ കിടക്കണം.
നാളെ നിന്റെ കെട്ടിയോൻ എന്നെ എറക്കി വിട്ടാ ഞാനെവിടെപ്പോകും ” ?
നിങ്ങൾക്ക് ഞാൻ മാത്രമല്ലല്ലോ മകൾ . മായ കൂടിയില്ലേ..? അവൾക്ക് അല്ലെ കൂടുതൽ സ്വർണ്ണവും പണവുമൊക്കെ കൊടുത്തത് ,.?
നീ എന്തരെടീ പറേണത്! അവൾ കെട്ടിയോന്റെ വീട്ടിലല്ലേ അവള് താമസിക്കണത്. അവിടെ അവന്റെ തന്തേം തള്ളേം കൂടപ്പിറപ്പുകളുമൊക്കെ യില്ലേ..” തങ്കമണിക്ക് ദേഷ്യം വന്നു.

ഇതൊക്കെ പറയുന്നതിനിടയിലും അവൾ ആവർത്തിച്ചു പറയുന്നൊരു കാര്യമുണ്ട്.
“എന്റെ രണ്ടുമക്കളും പാവമാണു കേട്ടോ . എന്റടുത്ത് വലിയ സ്നേഹമാണ്. “
കുറച്ചു ദിവസം കഴിഞ്ഞ് ചന്തയിൽ നിന്ന് മടങ്ങിയെത്തിയ തങ്കമണി കണ്ടത് അവളുടെ തുണികളും മറ്റ് സാധനങ്ങളും വരാന്തയിൽ വാരിക്കൂട്ടി ഇട്ടിരിക്കുന്നതാണ്.
എന്റെ നെഞ്ചു പൊടിഞ്ഞു പോയി. ഞാനിനി എവിടെപ്പോകും ? മായ മോളെ വിളിക്കണോ ? പിന്നെ സ്വയം വേണ്ടെന്നുവച്ചു.
അഭിമാനം സമ്മതിക്കുന്നില്ല.
പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. റോഡിലേക്കിറങ്ങി ഒരു ആട്ടോറിക്ഷക്ക് കൈ കാണിച്ചു.
എങ്ങോട്ടാണ് പോകേണ്ടതെന്ന ഡ്രൈവറുടെ ചോദ്യം സ്വയം ഏറ്റെടുത്ത് തന്നോടു തന്നെ ചോദിച്ചു.
എങ്ങോട്ട്?
പെട്ടെന്നൊരുത്തരത്തിനായി മനസ്സിൽ തെരഞ്ഞപ്പോൾ ഒരു ലക്ഷ്യം മുന്നിൽ തെളിഞ്ഞു.
“പള്ളിമേട വരെ പോണം”.
ആട്ടോറിക്ഷാക്കാരൻ പള്ളി മുറ്റത്ത് വണ്ടി നിർത്തി. കൂലി കൊടുത്ത് തിരിഞ്ഞപ്പോൾ അച്ചൻ മേടയിൽ നിന്നും പുറത്തേക്കിങ്ങുകയായിരുന്നു. “എന്താ തങ്കമണീ വിശേഷിച്ച് : ?
അച്ചൻ ചോദിച്ചു.
“വിശേഷങ്ങളൊക്കെ ഉണ്ടച്ചോ “.
അവൾ പറയാൻ തുടങ്ങി.
തങ്കമണീ നീ ഇപ്പോൾ വീട്ടിൽ പോകൂ . ഞാൻ അവരോടൊന്ന് സംസാരിക്കട്ടെ !

“വേണ്ടച്ചോ , ഇനി ഞാനവിടെ താമസിക്കണില്ല . അവർക്ക് വേണ്ടത് അവരെടുത്തോട്ടെ. അല്ലെങ്കിൽ ഒരു ദിവസം അവരെന്നെ കൊല്ലും. അന്തസ്സായി ജീവിച്ച ഒരമ്മേരെ മോളാ ഞാൻ . എണീക്കാമ്പറ്റാതാവും വരെ ജോലി ചെയ്തു തന്നെ ജീവിക്കും. അച്ചൻ ഇന്നുതന്നെ ഒരു കൊച്ചു വാടകവീട് തരപ്പെടുത്തി തന്നാ മതി. “

അങ്ങനെയാണ് ഈ കുഞ്ഞു വീട്ടിൽ അവൾ താമസം തുടങ്ങിയത്.

ബിഗ്‌ ഷോപ്പുമെടുത്ത് കതകു പൂട്ടി റോഡിലേക്കിറങ്ങിയതും തങ്കമണിയുടെ ‘സ്ഥിരം, ബസ്സ് മുന്നിൽ കൊണ്ടു നിർത്തി.
ചന്തയിലെത്തിയപ്പോൾ കച്ചവടക്കാരൊക്കെ വന്നു തുടങ്ങിയിരുന്നു.
തങ്കമണിയെക്കാത്ത് ആൾക്കാരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. അവളുടെ വെറ്റില, അടയ്ക്ക ഉമിക്കരി എന്നിവയ്ക്കൊക്കെ നല്ല ഡിമാന്റാണ്.
ഒരു പുഞ്ചിരിയോടെ എല്ലാവരോടും കുശലം പറഞ്ഞ് കച്ചവടം നടത്തുന്നത് തങ്കമണിയുടെ ‘ബിസിനസ്സ് ട്രിക്കാണ് ,
.
ഉമിക്കരിവാങ്ങാനെത്തുന്നവരോട് ഒരു ദന്തിസ്റ്റിനെപ്പോലെ നല്ല വിവരണവും കൊടുക്കാറുണ്ട്.
” ഈ ഉമിക്കരി കൊണ്ട് പല്ലുതേച്ചാപല്ലു വേദനയും മോണപഴുപ്പുമൊന്നും ഉണ്ടാവൂല്ല. ഇന്ന് എല്ലാവർക്കും പേസ്റ്റ് മതി. ഉപ്പും കുരുമുളകും ചേർത്തുണ്ടാക്കുന്ന ഈ ഉമിക്കരിയുടെ ഗുണം അറിയാവുന്നവർക്കറിയാം ” .

അതു വാസ്തവവുമാണ്. 12 മണിക്കു മുമ്പ് തന്നെ അവളുടെ കച്ചവടം കഴിയാറുണ്ട്.
പിന്നെ അത്യാവശ്യം വേണ്ടതൊക്കെ വാങ്ങും ചന്തയ്ക്കകത്തെ ബഷീറിന്റെ കടയിൽ പുതിയ സാരികണ്ടാൽ ഇഷ്ടപ്പെട്ടതാണെങ്കിൽ അന്നു തന്നെ വാങ്ങും.
സാരിയും ആഭരണങ്ങളുമൊക്കെ അവളുടെ വീക്ക് നെസ്സാണ്.
ഇതിനിടയ്ക്ക് മക്കൾ വിളിച്ചിട്ടുണ്ടാകും. അവരോട് പരിസരം മറന്ന് സംസാരിക്കും.
അതു കഴിഞ്ഞ് പറയും.
‘എന്റെ മക്കൾ പാവമാണ് കേട്ടോ ! അവർക്കെന്നോട് വലിയ സ്നേഹമാണ് “

തങ്കമണിയുടെ മൊബൈലിൽ ആകെ മൂന്നു നമ്പരെ സേവ് ചെയ്തിട്ടുള്ളൂ. രണ്ട് മക്കളുടേതും പിന്നൊന്ന് പോലീസ് സ്റ്റേഷനിലേതും.
അതിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ഉടനടി ഉത്തരവുമുണ്ട്.
“അതു പിന്നെ എത്രയായാലും എന്റെ മക്കളല്ലെ . എന്റടുത്ത് എന്തര് കാണിച്ചാലും ഞാനങ്ങ് ക്ഷമിക്കും. അവർക്ക് ഞാനല്ലേയുള്ളൂ “.

എന്നെങ്കിലും നിങ്ങളെന്റെ മക്കളെ കണ്ടാൽ ഇതൊന്നും പറയല്ലേ ..അവർക്കതു കുറച്ചിലാകും”.

“പിന്നെ ഞാനൊറ്റയ്ക്കല്ലെ താമസിക്കണത്. എന്തരെങ്കിലും കൊഴപ്പമൊണ്ടാക്കാൻ ആരെങ്കിലും വന്നാ ആദ്യം പോലീസിനെയല്ലേ വിളിക്കേണ്ടത്. അതുകൊണ്ടാണ് അവിടത്തെ നമ്പര് ഫോണിലടിച്ചിട്ടിരിക്കണത് ” .

ഒന്നിരാടം ദിവസങ്ങളിൽ ചന്തയിൽ നിന്നിറങ്ങി രണ്ട് കിലോമീറ്റർ അകലെയുള്ള ആയൂർവ്വേദ ആശുപത്രിയിൽ പോകാറുണ്ട്. “അവിടത്തെ പൊക്കമുള്ള ഡോക്ടർ എഴുതുന്ന കഷായം കുടിച്ചാലേ എന്റെ മുട്ടുവേദന കുറയൂ. പണ്ട് എന്റെ അമ്മ ആ ആശൂത്രീല് കെടന്നിട്ടൊണ്ട്. കഷായം വാങ്ങി എല്ലാവരോടും കുശലമൊക്കെ പറഞ്ഞ് തിരിച്ചു പോകും. തങ്കമണിയുടെ ദിന രാത്രങ്ങൾ അങ്ങനെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു…….. ജീവിതവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!