ഗുഹാക്ഷേത്രങ്ങൾ

കേരളത്തിലുണ്ടായിരുന്നു എന്നറിയപ്പെടുന്ന ഏറ്റവും പഴയ ക്ഷേത്രങ്ങളിൽപ്പെട്ടവയാണ് പാറ തുരന്നുണ്ടാക്കിയ ദേവാലയങ്ങൾ. ക്രി. പി. 800-ാമാണ്ടിനു മുമ്പായിരിക്കണം അവയുടെ കാലം. ദക്ഷിണം,ഉത്തരം എന്നിങ്ങനെ രണ്ടായി അവയെ തിരിക്കാവുന്നതാണ്.


തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, മടവൂർപ്പാറ എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ കോട്ടുങ്കൽ എന്ന സ്ഥലത്തും ആലപ്പുഴ ജില്ലയിലെ കവിയൂരും സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രങ്ങൾ തെക്കൻ വിഭാഗത്തിലും തൃശ്ശൂർ ജില്ലയിലെ തൃക്കൂർ, ഇരുനിലക്കോട് എന്നീ സ്ഥലങ്ങളിലും മലപ്പുറം ജില്ലയിലെ ഭ്രാന്തൻപാറയിലുമുള്ളവ വടക്കൻ വിഭാഗത്തിലുംപെടുന്നു. ഈ രണ്ടു വകുപ്പുകളിലെയും വാസ്തുവിദ്യാശൈലിയിൽ ശൈവമതത്തിലെ ചിട്ടകൾക്കു മുൻതൂക്കം കാണാം. പല്ലവസ്വാധീനതയാണ് കേരളത്തിലെ എല്ലാ ഗുഹാക്ഷേത്രങ്ങളുടെയും പ്രഭവമായി ഇടക്കാലത്തു കരുതിപ്പോന്നത്. എന്നാൽ തെക്കൻ വകുപ്പിൽപ്പെട്ടവയെങ്കിലും തീർച്ചയായും ശൈലീപരമായി പാണ്ഡ്യവാസ്തുവിദ്യയുമായി അടുത്തു നില്‍ക്കുന്നു എന്നാണ് പുരാവസ്തുഗവേഷകരുടെ അഭിപ്രായം.

കല്ലില്‍ ഗുഹാക്ഷേത്രം

കല്ലിൽ ഗുഹാക്ഷേത്രം

പെരുമ്പാവൂരിനടുത്ത് കല്ലിൽ എന്ന സ്ഥലത്തുള്ള ഗുഹാക്ഷേത്രം പ്രത്യേക പരാമർശമർഹിക്കുന്നു. ഇപ്പോഴൊരു ഭഗവതീക്ഷേത്രമാണെങ്കിലും ആദ്യം അതൊരു ജൈനദേവാലയമായിരുന്നു. ശൈവസ്വാധീനതയുടെ പ്രകടമായ അഭാവം പ്രസ്തതക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം എടുത്തു പറ യേണ്ടുന്ന ഒരു പ്രത്യേകതയത്രേ. കല്ലിൽ ക്ഷേത്രത്തിന്റെ ഉദ്ഭവം ക്രി.പി. 8-ാമാണ്ടിനു ശേഷമാകാനാണിട.


ക്ഷേത്രത്തിന്‍റെ കവാടം കടക്കുന്നിടം മുതൽ പാറകൾ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേയ്ക്കു ചെല്ലും തോറും പാറക്കല്ലുകൾ കൂടുതൽ കൂടുതൽ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്കുള്ള പടികളത്രയും കരിങ്കല്ലിൽ തീർത്തതാണ്. പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകൾ ആരെയും അത്ഭുതപ്പെടുത്തും. പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെ കല്ലിന്‍റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപമാകട്ടെ മേൽക്കൂരയടക്കം മുഴുവനായും കരിങ്കല്ലിൽ തീർത്തതാണ്. ഭഗവതി ഇരുന്നരുളുന്ന ശ്രീകോവിൽ ഒരു പടുകൂറ്റൻ കല്ലിൽ ഉണ്ടായിരുന്നതോ നിർമ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലും. ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നിൽ ചെന്ന് ദർശനം നടത്താൻ ഇവിടെ സാധിക്കയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്

കവിയൂർ ക്ഷേത്രം

കവിയൂർ ക്ഷേത്രം


കേരളീയ ഗുഹാക്ഷേത്രങ്ങളിൽ മുൻപന്തിയിൽത്തന്നെ വേണം കവി യൂർ ക്ഷേത്രത്തിനു സ്ഥാനം നൽകാൻ. അസ്തമയസൂര്യനഭിമുഖമാണ് അവിടുത്തെ ശിവലിംഗവും അർദ്ധമണ്ഡപവും തൂണുകളോടുകൂടിയ മുഖപ്പുമെല്ലാം. അർദ്ധമണ്ഡപത്തിൽ ദാതാവിന്‍റെ അഥവാ നായകന്‍റെ രൂപവും ചതുർബാഹുവായ ഗണപതിയുടെയും താടി നീട്ടിയ ഒരു മഹർഷിയുടെയും രൂപങ്ങളും കല്ലിൽ കൊത്തിവച്ചിരിക്കുന്നു.

കോട്ടുക്കല്‍ ക്ഷേത്രം


കോട്ടുക്കല്‍ ക്ഷേത്രം


കോട്ടുക്കല്‍ ക്ഷേത്രം ക്ഷേത്രം നിർമ്മിച്ചതിന് കൃത്യമായ രേഖകളില്ല. ക്ഷേത്രോൽപ്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാർക്കുള്ളത്.ഏ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിർമ്മിതി നടന്നതായി കരുതപ്പെടുന്നു.യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം കൊത്തി എടുത്തിട്ടുള്ളത്.പാണ്ഢ്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കൽ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്.

ശിവ പ്രതിഷ്ഠയും, ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവൽക്കാരനും ഉളള ക്ഷേത്രങ്ങൾ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാൻ കഴിയുന്നത്. കറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാ ക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ്. പൂജയും മറ്റും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം.


കോട്ടുകൽ ഗുഹാക്ഷേത്രത്തിൽ കിഴക്കോട്ടു ദർശനമാകത്തക്കവണ്ണം കൊത്തിയെടുത്ത രണ്ടു ഗുഹകളുണ്ട്. അവയിൽ ചെറുതിന്റെ ഒരു കോണിൽ ഒരു നന്ദിവാനരൻ നിലകൊള്ളുന്നു. തൊട്ടുതന്നെയുള്ള വലിയ ഒരു ഗുഹയിലാകട്ടെ നാലു വശങ്ങളുള്ള ഗർഭ ഗൃഹവും അർദ്ധമണ്ഡപം, തൂണുകളോടുകൂടിയ മുഖപ്പ് എന്നിവയുമാണ് കാണ്മാനുള്ളത്. രണ്ടു ഗുഹകളിലുമുണ്ട് ഒറ്റക്കല്ലിൽ തീർത്ത നന്ദിരൂപം. നന്ദി കേശ്വരന്റെ വാനരാകൃതിസ്വീകാരത്തെപ്പറ്റിയുള്ള പുരാണോപാഖ്യാനത്തിന്റെ പ്രതീകാത്മകചിത്രീകരണമാണത്രേ കോട്ടുകൽ ക്ഷേത്രത്തിലെ ശില്പങ്ങളുടെ പ്രതിപാദ്യം.

വിഴിഞ്ഞം ഗുഹാക്ഷേത്രം

വിഴിഞ്ഞം ഗുഹാക്ഷേത്രം


ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ചെറിയ വിഴിഞ്ഞം ഗുഹാക്ഷേത്രം.
വിഴിഞ്ഞത്ത് പാറക്കല്ലിൽ കിളർത്തിക്കൊത്തിയ അപൂർണ്ണ ചിത്രങ്ങളുടെ വിഷയം കിരാതവേഷധാരിയായ ശിവനും ശിവപാർവ്വതിമാരുടെ നൃത്തവുമാണ്. മടവൂർപ്പാറയിലെ ശിവക്ഷേത്രം പണ്ടൊരു ബുദ്ധദേവാലയമായിരുന്നുവെന്നു കരുതിപ്പോരുന്നു.

തൃക്കൂർക്ഷേത്രത്തിലെ ഗർഭഗൃഹത്തിന്റെയും ദ്വിബാഹുക്കളായ ദ്വാര പാലകന്മാരുടെയും ദർശനം വടക്കോട്ടും ലിംഗപീഠത്തിന്റേത് കിഴക്കോട്ടു മാണ്. ഇരുനിലക്കോട്ടെ ഗുഹാക്ഷേത്രത്തിൽ വിഷ്ണു, ശിവൻ, ദക്ഷിണാ മൂർത്തി മുതലായി പത്തുപതിനഞ്ചു ദേവതകളുടെ രൂപം കൊത്തിവച്ചിരിക്കുന്നു. ഭ്രാന്തൻപാറയിലെ ഗുഹാക്ഷേത്രം അപൂർണ്ണമാണ്.


വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ,കേരളസംസ്ക്കാരം(ശ്രീധരമേനോന്‍)

Leave a Reply

Your email address will not be published. Required fields are marked *