പറച്ചിക്കല്ലില്‍ ഒളിഞ്ഞുകിടക്കുന്ന ചരിത്രം

അക്ഷരനഗരിയില്‍ തിരുനക്കര ക്ഷേത്രത്തിന് മുന്നിലായി ഒരു പാറകല്ല് ഇരുമ്പ് വളയത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. തിരുനക്കര മൈതാനം പണ്ട് കയ്യാലക്കകം ചന്ത എന്നാണ് അറിയപ്പെട്ടിരുന്നത്. അടിമ വ്യാപാരമാണ് ഇവിടെ നടന്നിരുന്നതെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

തദ്ദേശീയരായ ദ്രാവിഡ ജനതകളായ അടിമകളെ വരിവരിയായി ഇവിടെ നിർത്തും. ഈ നിര അങ്ങു കാരാപ്പുഴ വരെ നീണ്ടിരുന്നു. തോളിൽ ഇടിച്ചും തള്ളിയും കാലിൽ ചവിട്ടി പുറകോട്ടു തളളിയും കുനിച്ചും നിവർത്തിയും അടിമയുടെ കായബലം അന്ന് സവർണ്ണ ഭൂപ്രഭുക്കൾ പരിശോധിക്കും. തുടർന്ന് കന്നുകാലി കണക്കെ വില പേശി വില പറഞ്ഞ് കച്ചവടം ഉറപ്പിക്കും. അറവുമാടു കണക്കെ കൂട്ടിക്കെട്ടി പുതിയ യജമാനന്റെ ലാവണത്തിലേക്ക് അവർ നടന്നു നീങ്ങും.

ദമ്പതികളായ അടിമകളെ വേറിട്ട് വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നു. ഭാര്യ ഭർത്താക്കൻമാർ പിരിയുമ്പോഴും, കുട്ടികളെ പിരിയുമ്പോഴും, സഹോദരങ്ങൾ തമ്മിൽ പിരിയുമ്പോഴും അവിടെ ഉയർന്നിരുന്ന തേങ്ങൽ ആരുടെയും കരള്‍ അലിയിക്കുന്നതായിരുന്നു. തൻ്റെ കൺമുന്നിൽ വച്ച് തൻ്റെ ഭർത്താവിനെയും, മക്കളെയും വേറെ വേറെ ഇടങ്ങളിലേക്ക് അടിമകളാക്കി കൊണ്ട് പോകുന്നത് കണ്ട് മക്കളെയും, ഭർത്താവിനെയും പിരിയാൻ കഴിയാതെ അടിമയാക്കപ്പെട്ട ഒരു പറയപെൺകൊടി ഈ കല്ല് നിന്ന സ്ഥലത്ത് ഹൃദയം പൊട്ടി മരിച്ചു. പിന്നീട് ആ ദ്രാവിഡ സ്ത്രീയുടെ ആത്മാവ് എന്നു പറഞ്ഞ് ആ കാണുന്ന പാറക്കല്ലിൽ അവരെ കുടിയിരുത്തി ബന്ധിച്ചുവെന്നും പറയപ്പെടുന്നു. കേരളത്തിലെ തദ്ദേശീയ ജനതയുടെ യാതനയുടെയും നൊമ്പരങ്ങളുടെയും സ്മാരകമാണ്‌ ഈ കാണുന്ന പറച്ചിക്കല്ല്.കേരളത്തിലെ അടിമ വ്യാപാരം നിയമം മൂലം നിരോധിക്കുന്നതിനായി പോരാടിയ മഹാത്മാവാണ് പൊയ്കയിൽ കുമാര ഗുരുദേവൻ.

Leave a Reply

Your email address will not be published. Required fields are marked *