ചലച്ചിത്ര ലോകത്തിനിത് നഷ്ടങ്ങളുടെ ഏപ്രില്‍
സൂര്യ സുരേഷ്
ചലച്ചിത്രലോകത്തിന് കനത്ത നഷ്ടങ്ങളുടെ ദിനങ്ങളാണ് കടന്നുപോയത്. മണിക്കൂറുകളുടെയും ദിവസങ്ങളുടെയും വ്യത്യാസത്തിന് കുറച്ചധികം പ്രതിഭാധനരായ കലാകാരന്മാരെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി നഷ്ടമായി.
ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഇതിഹാസമായ ഋഷി കപൂര്‍ ഇന്ന് വിടപറഞ്ഞിരിക്കുന്നു. ഇര്‍ഫാന്‍ ഖാന്റെ വേര്‍പാടിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് ഋഷി കപൂറിന്റെ വിയോഗവാര്‍ത്ത. ഒരുകാലത്ത് യുവാക്കള്‍ക്ക് ഒരുതരം ലഹരി തന്നെയായിരുന്നു ഋഷി കപൂര്‍ എന്ന നടന്‍. ദശാബ്ദങ്ങള്‍ നീണ്ട ചലച്ചിത്ര ജീവിതത്തില്‍ അദ്ദേഹം സ്വയംമറന്ന് അഭിനയിച്ച എത്രയെത്ര അനശ്വര പ്രണയരംഗങ്ങളും പാട്ടുകളുമാണ് ഇന്നും ആരാധകര്‍ നെഞ്ചേറ്റുന്നത്. 1973ല്‍ പിതാവ് രാജ്കപൂര്‍ സംവിധാനം ചെയ്ത ബോബി എന്ന ചിത്രത്തിലൂടെ വന്ന് പിന്നീട് ബോളിവുഡിന്റെ മുഖമായി മാറിയ നടന്‍. അതെ ഋഷി കപൂറിന്റെ വേര്‍പാട് ഒരു യുഗത്തിന്റെ അവസാനം കൂടിയാണ്. മെ ഷായര്‍ തോ നഹീ..ഹം തും ഏക് കമരേ മേം ബന്ദ് ഹോ.. മേരി കിസ്മത്ത് മെ തു നഹീം….എന്തിനധികം….ഇതിഹാസങ്ങളുടെ ആ രാജകുമാരന്‍ ആരാധക മനസ്സില്‍ ജീവിക്കുക തന്നെ ചെയ്യും.
ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത ശൂന്യത നല്‍കിയാണ് ഇര്‍ഫാന്‍ ഖാന്‍ വിടപറഞ്ഞിരിക്കുന്നത്. ചലച്ചിത്രലോകത്ത് തന്റേതായ ഒരിടം ഒരുക്കി സ്വയം ആവിഷ്‌ക്കരിച്ച ഒരു നടന്‍. അത്തരം നടന്മാര്‍ വിരളമാണ്. ചിന്തിക്കുന്ന നടന്‍ എന്നായിരുന്നു ബോളിവുഡ് ഇര്‍ഫാന് നല്‍കിയ എക്കാലത്തെയും വിശേഷണം. ” അവസാനവലയം ഞാന്‍ ഒരിക്കലും പൂര്‍ത്തിയാക്കില്ലായിരിക്കും. എങ്കിലും ഞാനതിന് ശ്രമിക്കും…” എന്ന തന്റെ അവസാന ചിത്രമായ ‘ അംഗ്രേസി മീഡിയം ‘ റീലീസിന് തൊട്ടുമുമ്പ് ജര്‍മ്മന്‍ കവിയുടെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം സമൂഹമാധ്യമത്തില്‍ എഴുതിയ വാക്കുകള്‍.
മലയാള ചലച്ചിത്രലോകത്തെ സംബന്ധിച്ചെടുത്തോളം എന്നെന്നും കേള്‍ക്കാനും താലോലിക്കാനും ഇമ്പമാര്‍ന്ന ഒരുപിടി നല്ല ഈണങ്ങള്‍ സമ്മാനിച്ച സംഗീതസംവിധായകന്‍ അര്‍ജുനന്‍ മാഷ് വിട പറഞ്ഞതും രണ്ടാഴ്ച മുമ്പാണ്. വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന എത്രയെത്ര നിത്യഹരിത ഗാനങ്ങള്‍. മാഷ് വിട പറഞ്ഞെങ്കിലും സംഗീതലോകത്തെ അദൃശ്യസാന്നിധ്യമായി തന്റെ പാട്ടുകളിലൂടെ അദ്ദേഹം ഇവിടെത്തന്നെയുണ്ടാകുമെന്നുറപ്പ്.
ചലച്ചിത്രലോകത്തും സാഹിത്യരംഗത്തും ഒരുപോലെ തിളങ്ങിയ രവി വളളത്തോള്‍ നമ്മോട് വിടപറഞ്ഞതും പോയ വാരമായിരുന്നു. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയനായ നടനായിരുന്നു രവി വളളത്തോള്‍. അടൂര്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം തന്റേതായ അഭിനയശൈലിയിലൂടെ എന്നും വേറിട്ടുനിന്നു. മിനിസ്‌ക്രീനിലെ മമ്മൂട്ടി എന്നറിയപ്പെട്ട ഇദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്രലോകത്തിന് തീരാനഷ്ടം തന്നെയാണ്.
ഒട്ടനവധി ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ശശി കലിംഗയും ഓര്‍മ്മയായത് ഈയ്യിടെയാണ്. രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ഇദ്ദേഹം നാടകരംഗത്തും സജീവമായിരുന്നു. മലയാളത്തില്‍ മാത്രമല്ല ഹോളിവുഡിലടക്കം അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. മോണകാട്ടിയുളള ചിരിയും സ്വാഭാവിക അനുഭവശൈലിയുമെല്ലാം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. മറ്റാര്‍ക്കും പകരം വെക്കാനാവാത്ത സിനിമയുടെ അലങ്കാരങ്ങളൊന്നുമില്ലാത്ത ആ കലാകാരന്‍ പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ എന്നുമുണ്ടായിരിക്കുമെന്ന് ഉറപ്പാണ്.