ലളിതസംഗീതത്തിന്‍റെ ചക്രവര്‍ത്തി മണ്‍മറഞ്ഞിട്ട് ഇന്നേക്ക് പതിമൂന്നാണ്ട്..
ലളിതസംഗീതത്തിന്റെ വശ്യമനോഹാരിതയാണ് എം. ജി. രാധാകൃഷ്ണന്‍ എന്ന സംഗീതജ്ഞന്റെ കൈമുതല്‍. ദീര്‍ഘകാലം ആകാശവാണിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സിനിമയ്ക്ക് മാത്രമല്ല മലയാള ലളിതഗാനശാഖയ്ക്ക് മൊത്തത്തില്‍ നല്‍കിയിട്ടുള്ള സംഭാവന ഏറെ വിലപ്പെട്ടതാണ് പ്രത്യേകിച്ച് പാട്ടുകളില്‍ നിന്ന് ലാളിത്യം പടിയിറക്കപ്പെട്ട ഈ കാലത്ത്.
1940 ല്‍ ഹരിപ്പാട്ട് ജനിച്ച എം.ജി. രാധാകൃഷ്ണന്റെ ബാല്യവും സ്‌കൂള്‍ വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. ആലപ്പുഴ എസ്.ഡി. കോളേജില്‍ പ്രീഡിഗ്രി പഠനത്തിനുശേഷം തിരുവനന്തപുരത്തെത്തി. കാരണം അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായരും ഗായികയും സംഗീതാധ്യാപികയുമായ അമ്മ കമലാക്ഷിയമ്മയും തൈക്കാട്ട് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
അന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും പ്രശസ്തനായ ഹാര്‍മോണിസ്റ്റും ശാസ്ത്രീയസംഗീതജ്ഞനുമായിരുന്നു മലബാര്‍ ഗോപാലന്‍ നായര്‍. തമിഴ്‌നാട്ടുകാര്‍ക്ക് അക്കാലത്ത് മലയാളിയെന്നാല്‍ മലബാറുകാരനായിരുന്നു. അങ്ങനെയാണ് മേടയില്‍ ഗോപാലന്‍ നായര്‍ മലബാര്‍ ഗോപാലന്‍ നായരായത്. മലബാര്‍ ഗോപാലന്‍ നായരുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് എം.ജി. രാധാകൃഷ്ണന്‍ എന്ന സംഗീതപ്രതിഭ. കര്‍ണാടക സംഗീതജ്ഞ പ്രൊഫ. കെ. ഓമനക്കുട്ടി സഹോദരിയും ചലച്ചിത്ര പിന്നണിഗായകന്‍ എം.ജി. ശ്രീകുമാര്‍ സഹോദരനുമാണ്.
തിരുവനന്തപുരത്ത് എത്തിയശേഷം സ്വാതിതിരുനാള്‍ അക്കാദമിയില്‍ പഠനത്തിനായി ചേര്‍ന്നു രാധാകൃഷ്ണന്‍. സംഗീത അക്കാദമിയിലെ പഠനത്തിനുശേഷം തിരുവനന്തപുരം ആകാശവാണിയില്‍ തമ്പുരു ആര്‍ട്ടിസ്റ്റായി ജോലി ലഭിച്ചു.ആകാശവാണിയില്‍ ലളിതഗാനങ്ങളുടെ കമ്പോസര്‍ ആകുന്നതിന് മുമ്പുതന്നെ സിനാമരംഗത്തേക്ക് രാധാകൃഷ്ണന്‍ വന്നു. ‘കള്ളിച്ചെല്ലമ്മ’യിലെ ‘ഉണ്ണിഗണപതിയെ വന്നു വരം തരണം’ എന്ന ഗാനം പാടിയാണ് രാധാകൃഷ്ണന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്വീകരണ മുറികളില്‍ ടി.വി.യെക്കാളും പ്രാധാന്യത്തോടെ റേഡിയോ വേണ്ട കാലമായിരുന്നു അറുപതുകളും എഴുപതുകളും. അന്ന് വളരെ പോപ്പുലറായിരുന്ന ലളിതഗാന പാഠത്തിന്റെ പിന്നില്‍ എം.ജി. രാധാകൃഷ്ണന്‍ സജീവമായിരുന്നു.
എം.ജി. രാധാകൃഷ്ണന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം കരമന കൃഷ്ണന്‍ നായരാണ് ആലപിച്ചത്.’കള്ളിച്ചെല്ലമ്മ’യിലെ ഗാനത്തിന് ശേഷം ‘ഉത്തിഷ്ഠത ജാഗ്രത’ (ശരശയ്യ), ‘പല്ലനയാറ്റിന്‍ തീരത്ത്’ (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി) എന്നീ ഗാനങ്ങളും രാധാകൃഷ്ണന്‍ പാടി.
സംഗീത സംവിധാനത്തില്‍ രാധാകൃഷ്ണന്റെ തുടക്കം പിഴച്ചില്ല. തുടങ്ങിയ വര്‍ഷം 1978ല്‍ തന്നെ നാല് ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നടത്തി. ‘തമ്പ്’, ‘രണ്ടുജന്മം’, ‘ആരവം’, ‘പെരുവഴിയമ്പലം’.1979ല്‍ ‘കുമ്മാട്ടി’ക്കും ‘തകര’യ്ക്കും സംഗീതംനല്‍കി. തുടര്‍ന്ന് നൂറോളം ചിത്രങ്ങളിലൂടെ നിരവധി ഗാനങ്ങള്‍ക്ക് രാധാകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. ‘ചാമരം’, ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’, ‘ഞാന്‍ ഏകനാണ്’, ‘രതിലയം’, ‘വേട്ട’ ‘ഓടരുതമ്മാവാ ആളറിയാം’, ‘അയല്‍വാസി ഒരു ദരിദ്രവാസി’, രാക്കുയിലിന്‍ രാഗസദസില്‍’, നൊമ്പരത്തിപൂവ്’, ‘സര്‍വകലാശാല’, ‘തനിയാവര്‍ത്തനം’, ‘അയിത്തം’, ‘വെള്ളാനകളുടെ നാട്’, ‘അഭയം’, ‘അദൈ്വതം’, ‘മിഥുനം’, ‘ദേവാസുരം’, ‘മണിച്ചിത്രത്താഴ്’, ‘കിന്നരിപ്പുഴയോരം’, ‘തക്ഷശില’, ‘കുലം’, ‘രക്തസാക്ഷികള്‍ സിന്ദാബാദ്’, ‘ഋഷിവംശം’, ‘സാഫല്യം’, ‘കണ്ണെഴുതി പൊട്ടുംതൊട്ട്’, പൂത്തിരുവാതിര രാവില്‍’, ‘മേഘസന്ദേശം’, ‘അനന്തഭദ്രം’, ‘പകല്‍’ തുടങ്ങി ഒട്ടേറെ സിനിമകളിലെ പാട്ടുകള്‍ ശ്രദ്ധേയങ്ങളായി.
യുവജനോത്സവ വേദികളില്‍ ലളിതഗാന മത്സരങ്ങളില്‍ എക്കാലവും കുട്ടികള്‍പാടിയ മിക്കവാറും പാട്ടുകള്‍ എം. ജിയുടെ സംഗീതത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ഘനശ്യാമ സന്ധ്യാഹൃദയം, ഓടക്കുഴല്‍ വിളി, ജയദേവ കവിയുടെ…തുടങ്ങിയ എത്രയോ ലളിതഗാനങ്ങള്‍ക്ക് ആകാശവാണിയിലൂടെ അദ്ദേഹം ജീവന്‍ നല്‍കി പുറത്തുവന്നു. അരവിന്ദന്റെ തമ്പിലൂടെ സിനിമയിലേക്ക് എത്തിയ അദ്ദേഹം മലയാളത്തിലെ മികച്ച ഗാനങ്ങളുടെ സൃഷ്ടാക്കളുടെ പട്ടികയില്‍ പെട്ടെന്നുതന്നെ ഇടംനേടുകയും ചെയ്തു.
സഹോദരി കെ.എസ് ബീനയുടെ യുടെ മുന്നില്‍ പാട്ടുപഠിച്ചിരുന്ന കെ എസ് ചിത്ര എന്ന സംഗീതവിദ്യാര്‍ത്ഥിനിയെ പിന്നണിഗാനരംഗത്ത് എത്തിച്ചതും അരുന്ധതി എന്ന ഗായികയെ പരിചയപ്പെടുത്തിയതും എം. ജി. രാധാകൃഷ്ണന്‍ തന്നെ. കര്‍ണ്ണാടക സംഗീതത്തില്‍ അത്രമേല്‍ പാണ്ഡിത്യം ഉണ്ടായിരുന്നിട്ടും സംഗീതകുടുംബത്തിന്റെ പാരമ്പര്യത്തില്‍ നിറഞ്ഞുനിന്നിട്ടും സിനിമാപാട്ടുകളില്‍ ലളിതാഖ്യാനത്തിന്റെ ശൈലിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
തമ്പും തകരയും ചാമരവും ജാലകവും മാത്രമല്ല സര്‍വകലാശാല, ഞാന്‍ ഏകനാണ്, അച്ഛനെയാണെനിക്കിഷ്ടം, മണിച്ചിത്രത്താഴ്, ദേവാസുരം, അദൈ്വതം, മിഥുനം, അഗ്നിദേവന്‍, കണ്ണെഴുതി പൊട്ടുംതൊട്ട്, രക്തസാക്ഷികള്‍ സിന്ദാബാദ്, വെള്ളാനകളുടെ നാട്, കാറ്റ് വന്ന് വിളിച്ചപ്പോള്‍, അനന്തഭദ്രം തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ പാട്ടുകള്‍ ചെയ്തു. എസ്. ജാനകിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത ”മൗനമേ നിറയും മൗനമേ തുടങ്ങി നാഥാ നീ വരൂ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്ത് ഞാനിരുന്നു, ഒരുമിച്ച് ചേരുംനാം ഇനിയുമെന്നാശിച്ച് വിടപറയൂ, ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ, എത്ര പൂക്കാലം, ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍, പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന, പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍, പാടുവാന്‍ ഓര്‍മ്മകളില്‍, അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍, നീലക്കുയിലേ ചൊല്ലൂ, അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ… തുടങ്ങി വാണിജ്യവും സമാന്തരവുമായ നിരവധി ചിത്രങ്ങള്‍ക്കായി എത്രയോ ഹൃദ്യസുന്ദരമായ പാട്ടുകള്‍ രാധാകൃഷ്ണന്‍ സൃഷ്ടിച്ചു.
അപ്പോഴേക്കും നിരവധി പുരസ്‌കാരങ്ങളിലൂടെ സംഗീതം വഴിഞ്ഞൊഴുകിയ എത്രയോ കച്ചേരികളിലൂടെ എം ജി. രാധാകൃഷ്ണന്‍ എന്ന സംഗീതകാരനേയും പാട്ടുകാരനേയും മലയാളി ആസ്വാദക സമൂഹം ഏറ്റെടുത്തുകഴിഞ്ഞിരുന്നു. സിനിമാരംഗത്ത് നിന്ന് തിരക്കൊഴിഞ്ഞിട്ടും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള ടി. കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തില്‍ കാവാലവും രാധാകൃഷ്ണന്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍ ലഭിച്ചതും കൈതപ്പൂവിന്‍, മീനക്കൊടി കാറ്റേ.. അടക്കമുള്ള മികച്ച ഗാനങ്ങള്‍.
മലയാള ലളിതഗാനശാഖയ്ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ ആള്‍ എന്ന നിലയ്ക്കാണ് രാധാകൃഷ്ണന്റെ സംഗീത ജീവിതത്തെ അടയാളപ്പെടുത്തേണ്ടത്. കാരണം ഏറെക്കുറെ സമകാലികരായ രവീന്ദ്രനും ജോണ്‍സനും മികച്ച പാട്ടുകളുമായി രംഗത്തുള്ള കാലത്താണ് അവര്‍ക്കൊപ്പവും എം. ബി. ശ്രീനിവാസന്‍, കെ. വി. മഹാദേവന്‍ തുടങ്ങിയ മുതിര്‍ന്ന തലമുറയ്ക്കും ഇടയില്‍ അവരില്‍ നിന്ന് വ്യത്യസ്തമായ പാട്ടുകള്‍ രാധാകൃഷ്ണനില്‍ നിന്നുണ്ടായത്. സത്യന്‍ അന്തിക്കാട് ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ച ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ ഓ മൃദുലേ… എന്ന ഗാനം മലയാളികള്‍ക്ക് മറക്കാനാവില്ല.
തിരുനെല്ലൂര്‍ കരുണാകരന്റെ കവിതയില്‍ നിന്ന് ജനിച്ച കാറ്റേ നീ വീശരുതിപ്പോള്‍, ഒ. എന്‍. വി. എഴുതിയ ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ തുടങ്ങി എത്രയോ കാവ്യഗുണമുള്ള പാട്ടുകള്‍ക്ക് അതിന്റെ തനിമ നഷ്ടപ്പെടാതെ ലാളിത്യവിശുദ്ധിയോടെ ഹൃദ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി ഭക്തിഗാനങ്ങളും കാവ്യസംഗീതികളും രാധാകൃഷ്ണന്റെ സംവിധാനത്താല്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ജ്യേഷ്ഠന്‍ എന്ന നിലയില്‍ ആകാം ഏറ്റവും പുതിയ തലമുറ ഒരു പക്ഷേ ഓര്‍ക്കുക. പക്ഷേ മലയാളത്തിലെ സംഗീതാസ്വാദക സമൂഹത്തിന് രാധാകൃഷ്ണനെ ആരും പരിചയപ്പെടുത്തേണ്ട കാര്യമില്ല. സംവത്സരങ്ങള്‍ പിന്നിട്ടുപോകുന്ന ആ സംഗീത ഓര്‍മ്മകള്‍ക്ക് എം. ജി. രാധാകൃഷ്ണന്‍ ഹൃദയം കൊണ്ട് ചിട്ടപ്പെടുത്തിയ പാട്ടുകളാണ് ഏറ്റവും നല്ല സ്മരണ.
എഴുത്തിന് കടപ്പാട് Saji Abhiramam