ചില സ്ത്രീ വിചിന്തനങ്ങൾ……………
ശ്രീകുമാർ ചേർത്തല
“യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവതാ:”- മനുസ്മൃതി
(എവിടെയൊക്കെ സ്ത്രീകൾ ആരാധിക്കപ്പെടുന്നോ, അവിടെ ദേവതമാരുടെ അനുഗ്രഹങ്ങൾ ഉണ്ടാകുന്നു”). മനുസ്മൃതി സ്ത്രീസംരക്ഷണം ഉറപ്പുവരുത്തി ഉദ്ഘോഷിച്ച വരികളാണിവ. അടിസ്ഥാന പരമായി സ്ത്രീകൾ ദേവതമാരാണ് എന്നു പറഞ്ഞു വയ്ക്കുന്നുണ്ട് ഈ ശ്ലോകം. വിവിധ മത വിശ്വാസങ്ങളിൽ സ്ത്രീകളുടെ പ്രാധാന്യം മനസ്സിലാക്കി ഭഗവതി, മാതാവ് തുടങ്ങിയ സത്രീദൈവങ്ങൾ ഉണ്ട്.(ഹിന്ദു മതത്തിൽ സരസ്വതി, ലക്ഷ്മി, ക്രിസ്തു മതത്തിൽ മാതാവ്, ഗ്രീക്കു സംസ്കാരത്തിൽ അഥീന, പുരാതന റോമൻ മതത്തിൽ മിനെർവ തുടങ്ങിയവ)അർദ്ധനാരീശ്വര സങ്കല്പം സ്ത്രീപുരുഷ സമത്വം ഉദ്ഘോഷിക്കുന്ന ഒന്നാണ് എന്നത് വസ്തുതയാണ്.
“പിതാ രക്ഷതി കൗമാരേ,
ഭർത്താ രക്ഷതി യൗവനേ,
പുത്രോ രക്ഷതി വാർധക്യേ,
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി”
എന്ന് മനുസ്മൃതി നിരീക്ഷിക്കുന്നത് സ്ത്രീ സ്വാതന്ത്ര്യം പാടില്ല എന്ന വാച്യാർതഥത്തിലല്ല, മറിച്ച് സ്ത്രീകൾ ഏതു കാലത്തും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന അർത്ഥത്തിലാവണം. പുതു തലമുറയ്ക്ക് ജന്മം നൽകി, കർമ്മോത്സുകരായി അവരെ വാർത്തെടുക്കുക എന്ന മഹത്തായ ധർമ്മം സ്ത്രീകൾ നിറവേറ്റുന്നതു കൊണ്ടാവണം ഇത്.
” Frailty, thy name is women”(ചാപല്യമേ, നിന്റെ പേരോ സ്ത്രീ Hamlet- Shakespeare)
എന്നും സമാനമായി, “അങ്കുശമില്ലാത്ത ചാപല്യമേ, മണ്ണിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ” എന്നും ” നാരികൾ, നാരികൾ വിശ്വവിപത്തിൻറെ നാരായവേരുകൾ നരകമീയഗ്നികൾ”
എന്നു മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയും പ്രസ്താവിച്ചത് വൈയക്തിക അനുഭവങ്ങൾ കൊണ്ടാവാം.
“പെൺബുദ്ധി പിൻബുദ്ധി”,
” നാരി ഭരിച്ചിടം, നാരകം നട്ടിടം, കൂവളം കെട്ടിടം” എന്നീ നാടൻചൊല്ലുകൾ സ്ത്രീ വിരോധിയായ ഏതോ പുരുഷ കേസരി ഭാഷക്കു സമ്മാനിച്ചതാകാം.
കാരണം ഇന്ദിരാഗാന്ധി, മാർഗരറ്റ് താച്ചർ, ഷേക്ക് ഹസീന, ബേനസീർ ഭൂട്ടോ തുടങ്ങിയവർ ഭരണരംഗത്തും രാഷ്ട്രീയത്തിലും പ്രശോഭിച്ചവരാണ്. സോണിയ ഗാന്ധി, ഗൗരിയമ്മ, സുഷമാസ്വരാജ്, ഉമാഭാരതി, മമതാബാനർജി, തുടങ്ങിയവർ രാഷ്ട്രീയ രംഗത്ത് ഇന്ന് പ്രോജ്വലിച്ചു നില്ക്കുന്ന സ്ത്രീ രത്നങ്ങളാണ്.
സുനിത വില്യംസ്, കൽപനാ ചൗള തുടങ്ങിയവർ ബഹിരാകാശ രംഗത്ത് എന്ന പോലെ നിരവധി സ്ത്രീകൾ പുരുഷന്മാരുടെ സേവനം മേഖലകളിൽ, അവരോടൊപ്പം, ഒരു പക്ഷേ, അവരെക്കാൾ ഔന്നത്യത്തിൽ മാതൃകകളായി മിന്നിത്തിളങ്ങുന്നു.
സ്ത്രീകളുടെ അടിസ്ഥാന ഭാവം മാതൃത്വവും സ്നേഹവുമാണെന്ന് സിഗ്മണ്ട് ഫ്രോയിഡ് നിരീക്ഷിക്കുന്നു. സ്ത്രീകളുടെ അടിസ്ഥാന ഭാവം തൊണ്ണൂറു ശതമാനവും മാതൃഭാവമാണത്രേ. പ്രായത്തിൽ ഏറ്റക്കുറച്ചിലുകൾ, വൈജാത്യങ്ങൾ ഉള്ള പുരുഷന്മാരെപ്പോലും സ്ത്രീകൾ നിരീക്ഷിക്കുന്നതിലുള്ള മാനദണ്ഡം മാതൃഭാവമാണ്. ഇത് തികച്ചും ജൈവികവും പ്രകൃത്യാധിഷ്ഠിതവുമാണ്. കുഞ്ഞുങ്ങളെ പെറ്റു വളർത്തേണ്ടുന്ന പ്രകൃതി പരമായ ബാധ്യത സ്ത്രീകൾക്കുള്ളതു കൊണ്ടാവാം.
“അശ്വപ്ലവം ചാംബുദഗർജനഞ്ച
സ്ത്രീണാഞ്ച ചിത്തം പുരുഷസ്യ ഭാഗ്യം,
അവർഷണഞ്ചാപ്യതി വർഷണഞ്ച
ദേവോ ന ജാനാതി കുതോ മനുഷ്യ”
(നീതിസാരം)( കുതിരയുടെ ചാട്ടവും ഇടിമിന്നലും സ്ത്രീ മനസ്സും പുരുഷന്മാരുടെ ഭാഗ്യവും മഴ പെയ്യുന്നതും ദേവന്മാർക്കു പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല, പിന്നെയാണോ നിസ്സാരനായ മനുഷ്യന്.)
നീതിസാരത്തിനു സമാനമായി സ്ത്രീമനസ്സ് പ്രഹേളികയാണെന്ന് എഴുത്തുകാരും പറഞ്ഞു വച്ചിരിക്കുന്നു. പുരുഷന്മാരുടെ മനസ്സ് ഏകമാന( one diamensional)മാണെങ്കിൽ സ്ത്രീമനസ്സ് ബഹുമാനക ( multi diamensional) മാണെന്ന് വിഖ്യാത മനഃശാസ്ത്രജ്ഞരും പ്രസ്താവിച്ചിരിക്കുന്നു. പുരുഷന് ഒരു സമയം ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമ്പോൾ, സ്ത്രീകൾക്ക് ഒരു സമയം വിവിധ കാര്യങ്ങളിൽ മനസ് വ്യാപരിപ്പിക്കാനാവുമെന്നത് നിസ്തർക്കമാണ്. അതുകൊണ്ടാണ് തുന്നൽ ചെയ്യുമ്പോൾ തന്നെ, കുട്ടിയെ പഠിപ്പിക്കാനും അടുക്കളയിൽ ദോശ മറിച്ചിടാനും ടി.വി. കാണാനും ഭർത്താവ് പറയുന്നത് കേൾക്കാനും സ്ത്രീക്ക് ഒരേ സമയം കഴിയുന്നത്. ഈ സവിശേഷത പരിണാമമവുമായി ബന്ധപ്പെടുത്തി വിശദമാക്കാനാവും. കാടുകളിൽ കഴിഞ്ഞിരുന്ന ആദിമമനുഷ്യകുലം ആയാസം കുറഞ്ഞ ഗൃഹഭരണം സ്ത്രീക്കു നല്കുകയും ശാരീരിക അധ്വാനമേറെയുള്ള മൃഗവേട്ട പുരുഷന്റെ ധർമ്മമാകുകയും ചെയ്തതുകൊണ്ടാവാം. വന്യമൃഗങ്ങളെ വേട്ടയാടുമ്പോൾ മുഴുവൻ ശ്രദ്ധയും അക്കാര്യത്തിൽ മാത്രമർപ്പിപ്പിക്കാത്ത പക്ഷം സ്വജീവനു തന്നെ ആപത്തുണ്ടാകുമല്ലോ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ താരതമ്യേന മാനസിക, വൈകാരികാരോഗ്യത്തിൽ മെച്ചപ്പെട്ടവരായിരിക്കാനും കാരണമിതാകാം. മൃഗവേട്ടയിൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ (flee or fight) അമിതശ്രദ്ധ പുലർത്തേണ്ടുന്നതിനാൽ അടിയന്തര ഹോർമ്മോണായ അഡ്രിനാലിൻ, നോർ അഡ്രിനാലിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനം സ്ത്രീ ശരീരത്തിലേക്കാൾ പുരുഷശരീരത്തിൽ വർധമാനമാണ് എന്നതിനാലാവാം ടെൻഷനും സ്ട്രെസ്സും പുരുഷന്മാരിൽ പൊതുവെ കൂടുതൽ കണ്ടുവരുന്നത്. ശാരീരികമായി പുരുഷൻ ശക്തനാണെങ്കിൽ മാനസികമായി സ്ത്രീ ശക്തയായിരിക്കുന്നു.
പുരുഷന്മാരുടെ സംസാരത്തിൽ ലോകകാര്യങ്ങൾ പൊതുവെ കൂടുതലും വ്യക്തിപരമായ വിഷയങ്ങൾ കുറവുമാകുമ്പോൾ സ്ത്രീകളിൽ നേരേമറിച്ചാണ്. സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് സംസാരത്തിലും ആശയവിനിമയത്തിലും മുൻപന്തിയിലാണെന്നുള്ളതും തർക്കമറ്റതാണ്. അദ്ധ്യാപക വൃത്തിയിൽ കൂടുതൽ ശോഭിക്കുന്നത് സ്ത്രീകളാണെന്നുള്ളതാണ് കണ്ടുവരുന്നത്. കാരണം ഭാഷയുടേയും സംസാരത്തിന്റെയും ചിന്തയുടേയും കേന്ദ്രങ്ങൾ മസ്തിഷ്കത്തിന്റെ ഇടതുവലതു അർദ്ധ ഗോളങ്ങളിൽ ചിതറിക്കിടക്കുമ്പോൾ ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന നാഡീകലയായ ‘കോർപ്പസ് കൊളോസം’ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതൽ വികസിതവും ധാരാളം ന്യൂറോണുകൾ( മസ്തിഷ്ക കോശങ്ങൾ) ഉൾക്കൊള്ളുന്നതുമാകയാലാണെന്ന് ശാസ്ത്രലോകം നിരീക്ഷിക്കുന്നു.
സ്ത്രീകൾ ‘വാചക’ത്തിലും ‘പാചക’ത്തിലും നിപുണരായിരിക്കുന്നതിനും കാരണം മറ്റൊന്നല്ല തന്നെ. സ്ത്രീകൾ രഹസ്യം സൂക്ഷിക്കാൻ കെല്പുള്ളവരല്ലാത്തതും
തുറന്നു സംസാരിക്കുന്നതും അതുകൊണ്ടാവാം. സ്ത്രീകൾക്കാണ് പുരുഷന്മാരേക്കാൾ ആയുർദൈർഘ്യം കൂടുതൽ എന്നതിനു കാരണം അവരുടെ തുറന്നു പറച്ചിലുകൾ മൂലം ലഭിക്കുന്ന ആശ്വാസം മൂലമാവാം. “സ്ത്രീണാമ മൈഥുനം ജരാ, പുരുഷസ്യ മൈഥുനം ജരാ” എന്ന് ചാണക്യ സൂത്രത്തിൽ പരാമർശിച്ചിരിക്കുന്നു. പുരുഷന് ജരാനരക്ക് കാരണം മൈഥുനമാണെങ്കിൽ മൈഥുനത്തിൻറെ അഭാവം സ്ത്രീകളിൽ ജരാനരകളുണ്ടാക്കുന്നുവത്രേ.
സ്ത്രീകളിൽ സൗമ്യവികാരങ്ങളായ സ്നേഹം, സഹാനുഭൂതി, ഭയം, പരദൂഷണം, അസൂയ,ക്ഷമ,ഭക്തി,ലജ്ജ തുടങ്ങിയവ അധികരിച്ചിരിക്കുന്നുവെങ്കിൽ പുരുഷന്മാരിൽ പക, ലൈംഗിക തൃഷ്ണ, കോപം, അഹംബോധം(ego) ആക്രമണോത്സുകത, നേതൃപാടവം, അധികാരമോഹം തുടങ്ങിയ ശക്തമായ വൈകാരികാവസ്ഥയാണ് ഏറിയിരിക്കുന്നത്. ഇതും പ്രകൃത്യായാണെന്നു പറയാം. സ്ത്രീകൾ പൊതുവെ സ്നേഹമെന്നു തെറ്റിദ്ധരിച്ചു പുരുഷന്റെ കാപട്യത്തിന്റെ വലയിൽ വീണ് ഇരകളാകുന്നതിന് ഹേതു ഇതാകാം. അതുകൊണ്ടാണ് പുരുഷൻ ജീവിതപ്രശ്നങ്ങളിൽ മദ്യത്തിലും മയക്കുമരുന്നിലും അഭയം കണ്ടെത്തുമ്പോൾ സ്ത്രീകൾ ഭക്തിയിൽ ആശ്വാസം കണ്ടെത്തുന്നത്.
സ്ത്രീകൾ സ്നേഹം കാംക്ഷിച്ച് പ്രണയബദ്ധരാകുന്നുവെങ്കിൽ പുരുഷൻ പ്രണയത്തിൽ കാമം പ്രതീക്ഷിക്കുന്നുവെന്ന് സിഗ്മണ്ട് ഫ്രോയിഡ് തന്നെ പറഞ്ഞു വച്ചിരിക്കുന്നു. അടിസ്ഥാന പരമായി പുതുതലമുറയുടെ നിലനില്പു പരിഗണിച്ച് വിശ്വപ്രകൃതി ഇത്തരത്തിൽ സ്ത്രീ-പുരുഷ ചേതന വാർത്തെടുത്തിട്ടുള്ളതാവാം. എന്നാൽ ഇരുകൂട്ടരും തൻകാര്യം നേടിയെടുക്കാൻ ഏതു കുത്സിതപ്രവൃത്തിയുമേറ്റെടുക്കാൻ സദാദത്തശ്രദ്ധരുമാണ്. സർഗ്ഗാത്മകതയുടെ കാര്യത്തിൽ പുരുഷന്മാരാണ് ഏറെ മുന്നിൽ എന്നു പറയേണ്ടി വരും. ശില്പികൾ, ചിത്രകാരന്മാർ, എഴുത്തുകാർ എന്നിവരുടെ എണ്ണത്തിൽ പുരുഷന്മാരാണ് കൂടുതൽ. കുട്ടിക്കാലത്തെ വാസന വിവാഹിതയായി, കുടുംബജീവിതത്തിനും കുട്ടികളെ പരിപാലിക്കുന്നതിനുമായി സ്വയം സമർപ്പിക്കുന്നതിനാൽ നഷ്ടപ്പെടുന്നതിനാലാവാം ഇങ്ങനെ സ്ത്രീകളിൽ സംഭവിക്കുന്നത്. ദ്രുത സർഗ്ഗാത്മക പ്രവൃത്തിയായ പാചകത്തിൽ സ്ത്രീകൾ സന്തോഷം കണ്ടെത്തുന്നുമുണ്ട്.
അതേസമയം, പാചകത്തിൽ, പുരുഷന്മാരായ ‘നളനെ’യും ഭീമസേനനേയും പോലുള്ളവരുടെ പ്രാഗത്ഭ്യം ഇതിഹാസങ്ങളിൽ വിവരിക്കുന്നുണ്ട്. വീടു പോലുള്ള ചെറിയ യൂണിറ്റുകളിൽ സ്ത്രീകളുടെ പാചകം മികച്ചതാകുമ്പോൾ, വിവാഹം തുടങ്ങിയ വലിയ ചടങ്ങുകളിൽ പുരുഷന്മാരാണ് പാചകകാര്യങ്ങൾ ഏറ്റെടുത്തു നടത്തുന്നത്. പകയുടെയും ചതിയുടേയും കാര്യത്തിൽ സ്ത്രീകൾ ഒട്ടും പിന്നിലല്ലായെന്നുള്ളതാണ് ദ്രൗപദി (ദു:ശ്ശാസനൻറെ മാറുപിളർന്ന രക്തം പുരണ്ട കൈകൊണ്ട് ഭീമൻ തന്റെ മുടി കെട്ടണമെന്ന് പ്രതിജ്ഞ) അംബ ( ആത്മാഹൂതി ചെയ്ത് ശിഖണ്ഡിയായി പുനർജന്മം പൂണ്ട് ഭീഷ്മരുടെ മരണത്തിനു നിദാനമായി), ഉണ്ണിയാർച്ച എന്നിവരുടെ കഥകൾ പറഞ്ഞു വയ്ക്കുന്നത്.
ജീവജാലങ്ങളിൽ ആൺ ജീവികൾ സൗന്ദര്യവും ആകർഷണീയതയും കൂടുതലുള്ളവരായാണ് കണ്ടുവരുന്നത്. ആൺമയിലും പൂവൻകോഴിയും ആൺസിംഹവും ആൺപൂച്ചയും കൂടുതൽ സൗന്ദര്യമുള്ളവരാണല്ലോ, എന്നാൽ മനുഷ്യവംശത്തിൽ ഇത് അപവാദമായിരിക്കുന്നത് വിചിത്രം തന്നെ.
വനിതകളുടെ സംരക്ഷണത്തിന് ഇന്ന് നിയമങ്ങൾ കർക്കശമാണെങ്കിലും അവ വളച്ചൊടിച്ച്, അസത്യമായി തനിക്കനുകൂലമായി മാറ്റുന്ന പ്രവണത മൂലമാവാം “പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ” എന്ന ചൊല്ലുണ്ടായത്. പുരുഷന്മാർക്ക് ചില ദു: ശീലങ്ങൾക്ക് സമൂഹം ” ആണുങ്ങളാകുമ്പോൾ അങ്ങനെയൊക്കെയാ” എന്ന് ലൈസൻസ് നല്കുമ്പോൾ സ്ത്രീകൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ സമൂഹം അവരെ ദുഷിച്ചു സംസാരിക്കുമെന്നത് ശ്രദ്ധേയമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഈ അവസ്ഥ കണ്ടുവരുന്നില്ല. ഭാരതത്തിലെ സ്ത്രീകളെ പരിഗണിക്കുമ്പോൾ, മദ്യപിക്കുകയൊ ദു: ശീലങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം തുലോം കുറവാണെന്നത് അനുകരണീയവുമാണ്. ദു: ശീലങ്ങൾക്ക് അടിമപ്പെട്ടതോ, രോഗാവസ്ഥയിലുള്ളതോ ആയ കുടുംബനാഥരുള്ള വീടുകളിൽ സ്ത്രീകൾ ഉത്തരവാദിത്വവും ബാധ്യതയുമേറ്റെടുത്ത് നിറവേറ്റുന്നതിന് ഉത്തമ ദൃഷ്ടാന്തങ്ങൾ നമുക്കിടയിൽ കാണുന്നുവെന്നത് മാതൃകാപരമാണ്.