ജവഹര്‍ ലാല്‍ നെഹ്‌റുവിന്‍റെ 133-ാം ജന്മദിനം

എം.വി.വി.

വീണ്ടുമൊരു ശിശുദിനം ആഘോഷിക്കുകയാണ് ഇന്ന് ഭാരതം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ 133-ാം ജന്മദിനം. നെഹ്‌റു എന്ന രാഷ്ട്രശില്പിയെ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നും പടിയിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇന്നത്തെ ദിനം കൂടുതല്‍ പ്രസക്തമാവുകയാണ്. എങ്ങിനെയെല്ലാമാണ് നെഹ്‌റുവിനെ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ നിന്നും കുടിയിറക്കേണ്ടതെന്ന കടുത്ത ചിന്തയിലാണ് രാജ്യം ഭരിക്കുന്നവര്‍. അതിനായി അവര്‍ അദ്ദേഹത്തെ പാഠപുസ്തകങ്ങളില്‍ നിന്നും പടിയിറക്കി. ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റിനെക്കുറിച്ചുള്ള ദേശീയ ആര്‍ക്കൈവ്‌സ് എക്‌സിബിഷനില്‍ നിന്നും ഒഴിവാക്കി. നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയിലെ നെഹ്‌റു സ്മാരക മ്യൂസിയം എല്ലാ പ്രധാനമന്ത്രിമാരുടേയും ചരിത്ര സ്മാരകമാക്കി മാറ്റാനുള്ള തീരുമാനവും സാംസ്‌ക്കാരിക വകുപ്പ് കൈക്കൊണ്ടു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലകളായ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും മരിക്കാത്തിടത്തോളം നെഹ്‌റു ചിരഞ്ജീവിയായി തുടരുക തന്നെ ചെയ്യും.

ദീര്‍ഘവീക്ഷണത്തോടെ ഇന്ത്യയെ വരും നൂറ്റാണ്ടിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ മികച്ച ഭരണതന്ത്രജ്ഞനായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു. സ്വാന്ത്ര്യാനന്തര ഭാരത്തില്‍ മതേതരത്വത്തിന്റേയും സോഷ്യലിസത്തിന്റേയും ജനാധിപത്യത്തിന്റേയും വിത്തുപാകിയ നവയുഗശില്പി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാട്ടത്തിലെ അസാമാന്യനായ പ്രതിഭാശാലിയായിരുന്നു നെഹ്‌റു. ആധുനിക ഇന്ത്യയുടെ ശില്പി. ബഹുസ്വരതയില്‍ ഊന്നിയ രാഷ്ട്രസങ്കല്പം, ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും സ്ഥിതിസമത്വവാദത്തിന്റേയും മതേതരകാഴ്ച്ചപ്പാടുകളുടേയും മുഖ്യശില്പി.

ഒരു സര്‍ക്കാരിന്റെ രൂപമായിരുന്നില്ല നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം ജനാധിപത്യം എന്ന വാക്കിന്. എന്നും ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന മൂല്യങ്ങളുടേയും ആദര്‍ശത്തിന്റേയും മിശ്രിതമായിരുന്നു അദ്ദേഹത്തിന് ജനാധിപത്യം. നിങ്ങള്‍ ഒരു ജനാധിപത്യവാദിയാണോ എന്ന് നിശ്ചയിക്കുക നിങ്ങള്‍ ഉയര്‍ത്തുന്ന ചിന്തകളും പ്രവൃത്തികളുമാണെന്ന് നെഹ്‌റു ഉറച്ചുവിശ്വസിച്ചു. അച്ചടക്കവും സഹിഷ്ണുതയും ജനാധിപത്യ ചിന്തയുടെ അടിസ്ഥാനശിലകളായി. കേവലം സാമ്പത്തിക സിദ്ധാന്തത്തിനുമപ്പുറത്ത് സോഷ്യലിസത്തിന് അദ്ദേഹം നല്‍കിയ മുഖം ജീവിതത്തിന്റെ തത്വശാസ്ത്രത്തിന്റേതായിരുന്നു.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു നെഹ്‌റുവിന്റെ ചിന്തകള്‍. വംശീയതയ്ക്കും സാമ്രാജ്വത്വത്തിനും എതിരായ പോരാട്ടം, ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ ഐക്യം, ലോകസമാധാനം എന്നിവയുടെ ലോകം അംഗീകരിച്ച ശബ്ദമായിരുന്നു നെഹ്‌റുവിന്റേത്. നെഹ്‌റു രൂപം നല്‍കിയ ചേരിചേരാ നയത്തില്‍ ഇരുന്നായിരുന്നു രാജ്യങ്ങള്‍ക്കിടയിലെ മധ്യസ്ഥരായും വികസ്വര രാജ്യങ്ങളുടെ നേതാവായും ഇന്ത്യ മാറിയത്. വ്യതിരിക്തവും സ്വതന്ത്രവുമായ അന്താരാഷ്ട്ര വ്യക്തിത്വമാണ് നെഹ്‌റുവിന്റെ ചേരിചേരാ നയത്തിലൂടെ ഇന്ത്യ കൈവരിച്ചതെന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയെ രൂപപ്പെടുത്തിയപ്പോള്‍ നെഹ്‌റു മതേതരത്വത്തിനാണ് ഊന്നല്‍ നല്‍കിയത്. അതൊരിക്കലും മതത്തിന് എതിരോ മതമില്ലാത്തതോ ആയിരുന്നില്ല. മറിച്ച് ഒരു മതത്തിന് മറ്റൊരു മതത്തിന് മേല്‍ മേല്‍ക്കോയ്മ അവകാശപ്പെടാന്‍ കഴിയാത്ത വിധത്തിലായിരുന്നു. ഇന്ത്യ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാ മതവിഭാഗത്തിലുമുള്ളവരുടേതുമാണെന്ന തിരിച്ചറിവാണ് അതിന് കാരണമായി ചരിത്രകാരന്‍മാര്‍ പറയുന്നത്. സാമുദായിക ഐക്യം. അഹിംസ, അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനം എന്നീ ഗാന്ധിയന്‍ തത്വങ്ങളോട് എന്നും കൂറുപുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ജനാധിപത്യം പുലരണമെങ്കില്‍ സഹിഷ്ണുതയും പരസ്പര സഹകരണവും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ നെഹ്‌റുവിന്റെ ഓരോ പ്രവൃത്തിയും ഈ സത്യം വിസ്മരിക്കാതെയായിരുന്നു.

സോഷ്യലിസ്റ്റ് രീതിയിലുള്ള ഇന്ത്യയെക്കുറിച്ചായിരുന്നു അദ്ദേഹം എന്നും സ്വപ്‌നം കണ്ടത്. അതിന് വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചതും. പുരുഷനും സ്ത്രീക്കും തുല്യ അവസരങ്ങള്‍ കിട്ടണമെന്ന് വാദിച്ച അദ്ദേഹം കുട്ടികള്‍ക്കും അതേ തുല്യ അവസരങ്ങള്‍ വേണമെന്ന് രാജ്യത്തെ ഓര്‍മ്മിപ്പിച്ചു.

ഇത്തരം കാഴ്ച്ചപ്പാടുകളിലൂടെ മുന്നോട്ടുപോകുമ്പോഴും ആധുനികതയെ മുറുകെ പിടിക്കാന്‍ നെഹ്‌റുവിന് കഴിഞ്ഞിരുന്നു. ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും രാജ്യത്തിന് പരിചയപ്പെടുത്തുന്നതില്‍ സദാ ശ്രദ്ധാലുവായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്താല്‍ ചവിട്ടിയരക്കപ്പെട്ട ഇന്ത്യയില്‍ നിന്നും ഒരു ആധുനിക ഇന്ത്യ രൂപപ്പെടുത്തിയെടുക്കുന്നതില്‍ നെഹ്‌റു വഹിച്ച പങ്ക് വളരെ വലുതാണ്. വിശപ്പ്, ദാരിദ്ര്യം, നിരക്ഷരത, അന്ധവിശ്വാസങ്ങള്‍, അനാരോഗ്യം എന്നിവയില്‍ നിന്നും മോചനം സാധ്യമാവണമെങ്കില്‍ ശാസ്ത്രം കൂടിയെ തീരൂ എന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്ത്യന്‍ ജനതയെ അന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പഞ്ചവത്സരപദ്ധതികള്‍ക്ക് രൂപം നല്‍കിയത്.

സ്വാന്ത്ര്യാനന്തര ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ജനാധിപത്യമൂല്യങ്ങള്‍ ചേര്‍ത്തുവെയ്ക്കുന്നതില്‍ നെഹ്‌റുവിനോളം പങ്ക് വഹിച്ച മറ്റൊരു രാഷ്ട്രീയനേതാവും ഉണ്ടെന്ന് പറയുക സാധ്യമല്ല. പാര്‍ലമെന്റിനോട് അദ്ദേഹം കാണിച്ച ആദരവ് എടുത്തുപറയേണ്ടതാണ്. പാര്‍ലമെന്റ് ചേരുന്ന സന്ദര്‍ഭങ്ങളിലെല്ലാം പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പ്രതിപക്ഷത്തെ ഓരോരുത്തരുടേയും വാക്കുകള്‍ക്ക് അദ്ദേഹം കാതോര്‍ത്തു. ക്യാബിനറ്ററിലെ മറ്റ് മന്ത്രിമാരോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നയപരമായ മറുപടിയാണ് ആവശ്യമെങ്കില്‍ ഉടന്‍ അക്കാര്യങ്ങളില്‍ അദ്ദേഹം ഇടപെടുമായിരുന്നു. ജുഡീഷ്യറിക്ക് അദ്ദേഹം സ്വാതന്ത്ര്യം നല്‍കി. മാധ്യമങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സ്വാതന്ത്ര്യം പ്രസക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തന്റെ ശരികള്‍ മാത്രമല്ല തെറ്റുകളും വിമര്‍ശനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കണമെന്ന് ഉറച്ചുവിശ്വസിച്ച നെഹ്‌റുവിന്റെ don’t spare me Shankar എന്ന വാക്കുകള്‍ക്ക് സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തിയേറെയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും ഭംഗിയുള്ള നിര്‍വ്വചനമാണ് തന്നെ രാഷ്ട്രീയ കാര്‍ട്ടൂണുകളില്‍ നിന്നും ഒഴിവാക്കരുതെന്ന നെഹ്‌റുവിന്റെ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോടുള്ള അഭ്യര്‍ത്ഥന.

എവിടെയാണ് നെഹ്‌റുവിയന്‍ ചിന്തകള്‍ക്ക് മരണം വിധിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് ശിലപാകിയതിന്റെ പേരിലോ ? മതേതരത്വത്തിന് സഹിഷ്ണുതയെന്ന അര്‍ത്ഥം പകര്‍ന്നതിന്റെ പേരിലോ ?

Leave a Reply

Your email address will not be published. Required fields are marked *