തനിയെ
സുഗത പ്രമോദ്.
കണ്ണുനീരിൻ
തണുവാർന്നൊരു
തെന്നൽ
എന്നെ തേടി
പടികടന്നെത്തവേ
ഋതുക്കൾ നോക്കാതെ
വസന്തം വിടർത്തിയ
മഹാതരുവിൻ
ശിഖരം കരിയവേ
ചങ്കിനുളളിൽ
പിടയുന്ന രാക്കിളി
പാട്ടു പാടാനാവാതെ
കേഴവേ
കളകളാരവം
ചൊല്ലും കിളികളും അന്തിയായെന്നു
കരുതിയകലവേ
മറവിക്കുപോലും മറക്കുവാനാവാത്തൊ-
രോർമ്മ മരത്തിൻ്റെ
ചില്ല വെടിഞ്ഞു നീ
ഏതുപൂമരക്കൊമ്പിലെ
കൂട്ടിലായ്
തേൻ നുകർന്നു
രസിച്ചിരിക്കുന്നു?
ഓർമ്മയിൽ നട്ടു വച്ച
മുറിവുകൾ എത്ര വേഗം തഴച്ചുവളർന്നെന്നോ
പൂക്കൾ രക്തമായ്
പൂത്തു വിടരുന്ന
കാഴ്ച കണ്ടു നീ
രസിച്ചീടുന്നോ?
വിഷാദ മേഘങ്ങൾ
കൊണ്ടെന്തേ മറച്ചു
വെൺമയേറുമെൻ
പാൽ നിലാവിനെ
ഏതു പുരാതന
നഗര വീഥിയിൽ
കൊഴിഞ്ഞുപോയെൻ്റെ
വയലറ്റു പൂവുകൾ
എൻ്റെ ആകാശം ചോർന്നൊലിക്കുന്നു
എൻ്റെയായുസ്സതിൽ കുതിർന്നീടുന്നു
നീ നടത്തിയ
ജലയാത്രയെല്ലാം
കടലാസ്സുവഞ്ചിയി-
ലാണെന്നറിഞ്ഞില്ല.
വഴിയറ്റത്തൊരു
നിഴൽ പരക്കുന്നു
വഴിയിലാരോ കൺപാർത്തിരിക്കുന്നു
വരുമിനിയുമൊരു
വസന്തമെന്നോതുവാൻ
വരില്ല ശരത്ക്കാലവും പടിയിറങ്ങിപ്പോയ് .
എങ്ങു പോയ് നീ
മറഞ്ഞെൻ്റെ തെന്നലേ
അത്ര മാത്രം
തനിച്ചായിപ്പോയി ഞാൻ.