നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലേക്ക് മരിയ


സിനിമയെന്ന മാസ്മരികലോകം സ്വപ്നം കണ്ടുകൊണ്ട് ഡബ്സ്മാഷ് ചെയ്തുതുടങ്ങിയ പെണ്‍കുട്ടി.. ശോഭനയും ഉര്‍വശിയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയവേഷങ്ങള്‍ മരിയ പ്രിന്‍സ് എന്ന കാലാകാരിയിലൂടെ പുനര്‍ജനിക്കുമ്പോള്‍ ആ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷമിക്ക് വരെ സംശയം തോന്നി ഞാന്‍ ശബ്ദംകൊടുത്തത് ഈ പെണ്‍കുട്ടിക്കോ അതോ അവര്‍ക്കോയെന്ന്. ചിന്താവിഷ്ടയായ ശ്യാമളയിലെ ‘കോഴിയെ പിടിക്കുന്ന രംഗം’ മരിയ പുനരാവിഷ്കരിച്ചപ്പോള്‍ സോഷ്യല്‍ മീഡില്‍ കൈയ്യടിയോടെയാണ് നെഞ്ചിലേറ്റിയത്. മലയാള സിനിമയക്ക് ഭാവിവാഗ്ദാനമായ മരിയ പ്രിന്‍സ് കൂട്ടുകാരിയുടെ പ്രേക്ഷകര്‍ക്കായി തന്‍റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്നു.


ഒരുകാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ നമ്മള്‍ കാണുന്ന സ്വപ്നം യാഥാര്‍ത്ഥ്യലേക്ക് അടുക്കുമെന്ന് മരിയ നമുക്ക് കാണിച്ച് തരുന്നു.
ഇടുക്കി അടിമാലി സ്വദേശികളായ മരിയയും കുംടുംബവും പിതാവിന്‍റെ ജോലിസംബന്ധമായാണ് അട്ടപ്പാടിയിലെത്തിയത്. മരിയ ആദ്യമായി സ്റ്റേജില്‍ കയറുന്നത് പാട്ട് പാടുന്നതിനായാണ്. കുഞ്ഞുനാളില്‍ ക്ഷേത്രപരിപാടിയില്‍ ഗാനം ആലപിച്ചപകൊണ്ടാണ് കുഞ്ഞുമരിയ ആസ്വാദകരുടെ മനം കവര്‍ന്നത്.


ശാസ്ത്രീയമായി പാട്ട് അഭ്യസിച്ചിരുന്നില്ല. നൈസര്‍ഗികമായി കിട്ടിയ കഴിവിന്‍റെ പുറത്താണ് മരിയപാടിയത്. അമ്മയുടെ സ്വരം നല്ലതായിരുന്നു, ആ കഴിവാണ് തനിക്കും കിട്ടിയതെന്ന് മരിയ പറയുന്നു.നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്വദേശത്ത് മരിയയും കുടുംബവും തിരിച്ചെത്തി. യുവജനോത്സവേദികളില്‍ മോണോആക്ട്,നൃത്തം, തുടങ്ങി എല്ലാ മത്സരത്തിനും പങ്കെടുത്തിരുന്നെങ്കിലും കാണികളെ കയ്യിലെടുത്തത് പാട്ടുപാടിയാണ്.എല്ലാ പാട്ട് മത്സരങ്ങളിലും ഒന്നാംസ്ഥാനം മരിയ കരസ്ഥമാക്കിയിരുന്നു. ഇടുക്കിയിലെ അറിയപ്പെടുന്ന ക്വൊയര്‍ ഗായികകൂടിയായിരുന്നു മരിയ.


അന്നൊക്കെ സിനിമാസ്വപ്നം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും സിനിമയിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യം മരിയക്ക് ഉണ്ടായിരിന്നല്ല. ആദ്യം മരിയ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ആങ്കറിംഗിലൂടെയാണ്. ഇടുക്കി പ്രാദേശികചാനലില്‍ അവതാരികയായതോടെയാണ് സിനിമാമോഹം വീണ്ടും മനസ്സില്‍ ഉദിച്ചതെന്നും മരിയപറയുന്നു.2015 ല്‍….. കോളജില്‍ ജേര്‍ണലിസം മലയാളം വിദ്യാര്‍ത്ഥിനിയായിരുന്നു മരിയ. തന്‍റെ സീനിയറായ പ്രിന്‍സ് ആന്‍റണിയുമായി പ്രണയത്തിലാവുകയും പീന്നീട് വിവാഹത്തിലാണ് ആ ബന്ധം ചെന്നവസാനിച്ചത്. മരിയ എന്നകാലാകാരിയുടെ ജീവിതത്തിലെ തന്നെ വഴിത്തിരിവായിരുന്നു ആ ബന്ധം.

മരിയ ഭര്‍ത്താവ് പ്രിന്‍സിനോടൊപ്പം


ആദിത്യന്‍ രാജാക്കാട് മുഖേനയാണ് മരിയയും പ്രിന്‍സും പ്രൊഫഷണല്‍ നാടകത്തിലേക്ക് എത്തുന്നത്. ദമ്പതികളെ നാടകത്തിലേക്ക് ആവശ്യമുണ്ടെന്നറിഞ്ഞ് എത്തിയ ഇത്രയും പ്രായകുറഞ്ഞ ഇരുവരെയും കണ്ട് ഞെട്ടിയ നാടകത്തിന്‍റെ പിന്നണിപ്രവര്‍ത്തകരാണ്. നാടകവേദിയിലെ പ്രായം കുറഞ്ഞ ദമ്പതികളായിരുന്നു പ്രിന്‍സും മരിയയും. ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികളായി നാടകലോകവും തങ്ങളെ അംഗീകരിച്ചതായി മരിയ.
നാടകകൃത്തായ ഹേമന്ത് കുമാര്‍, സംവിധായകന്‍ രാജേഷ് ഇരുളം എന്നിവര്‍ ചേര്‍ന്ന് വള്ളുവനാട് കൃഷ്ണ കലാനിലയത്തിന് വേണ്ടി തയ്യാറാക്കിയ ചിലനേരങ്ങളില്‍ ചിലര്‍ എന്നതായിരുന്നു മരിയയുടെയും പ്രിന്‍സിന്‍റെയും ആദ്യനാടകം. ആസാധ്യ പെര്‍ഫോമന്‍സാണ് ഇരുവരും കാഴ്ചവെച്ചത്.

പ്രിന്‍സ്- മരിയ ദമ്പതികളുടെ നാടകത്തിലെ അഭിരുചി മനസ്സിലാക്കി നാടകകൃത്ത് ഹേമന്ത് കുമാര്‍ ആ ദമ്പതികളെ മനസ്സില്‍ ഉദ്ദേശിച്ച് എഴുതിയ നാടകം ആയിരുന്നു ‘വെയില്‍’. ലഹരി ആസ്പദമായി രചിച്ച വെയില്‍ ആയിരത്തോളം വേദികളില്‍ അവതരിക്കപ്പെട്ടു.
കേരള സംഗീത നാടക അക്കാദമിയുടെ 7 സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ വെയിലിനെ തേടിയെത്തി. മരിയും പ്രിന്‍സും നാടകത്തിലഭിനയിക്കാന്‍ എത്തിയതോടെ പ്രൊഫഷണല്‍ നാടകത്തോട് പുറംതിരിഞ്ഞിരുന്ന അന്നാട്ടിലെ യുവജനത നാടകത്തിലേക്ക് എത്തിയതായും മരിയ പറയുന്നു.

നാടകം തന്‍റെ അഭിനയം മെച്ചപ്പെടുത്താനുള്ള പരിശീലനകളരിയാണെന്ന് മനസ്സിലാക്കിയ മരിയ അല്‍പകാലം നാടകത്തില്‍ ചുവടുറപ്പിക്കുവാന്‍ തീരുമാനിച്ചു. നാടകം കളിക്കുന്നതിനിടെകിട്ടുന്ന ഒഴിവ് സമയങ്ങളില്‍ ഡബ്സ്മാഷ് ചെയ്യുന്നതിനും മരിയ സമയം കണ്ടെത്തിയിരുന്നു. ഉര്‍വശി,ശോഭന, മഞ്ചുവാര്യര്‍ എന്നിവര്‍ അഭ്രപാളികളില്‍ തകര്‍ത്തഭിനയിച്ച കഥാപാത്രങ്ങളാണ് മരിയ പുനരാവിഷ്കരിച്ചത്. തേന്‍മാവിന്‍ കൊമ്പിലെ കാത്തുമ്പിയുടെ ഡബ്സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായിരുന്നു.

മരിയയുടെ ഡബ്സ് മാഷ് കാണാന്‍ ഇടയായ ഭാഗ്യലക്ഷമി ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. ‘എനിക്ക് ഇപ്പോള്‍ സംശയം തോന്നുന്നു ഞാന്‍ ശബ്ദം നല്‍കിയത് ശോഭനയ്ക്കോ അതോ ഈ കുട്ടിക്കോ’ എന്ന്. സംവിധായകനും നടനുമായ നാദിര്‍ഷ, ഗായിക സിത്താര, എന്നിവരും മരിയയുടെ പെര്‍ഫോമന്‍സ് കണ്ട് അഭിനന്ദിച്ചിരുന്നു. ‘കട്ടപ്പനയിലെ ഹൃദിക്ക് റോഷനിലെ’ തമിഴ് പതിപ്പിലേക്ക് നാദിര്‍ഷ ഒരു റോളിനായി ക്ഷണിക്കുകയും ചെയ്തു. ആസമയത്ത് നാടകത്തില്‍ അഭിയക്കുന്നതിനാല്‍ പോകുവാന്‍ കഴിഞ്ഞില്ലെന്നും മരിയ പറയുന്നു. പിന്നെയും മരിയയേ തേടി സിനിമ അവസരങ്ങള്‍ തേടിവന്നു. ഡബ്സ്മാഷ് ആപ്പിലൂടെയാണ് മരിയ ആദ്യം വീഡിയോകള്‍ ചെയ്തത്. ഒരുമിനിറ്റ് മാത്രമേ പെര്‍ഫോം ചെയ്യാന്‍ ഡബ്സ് മാഷില്‍ പറ്റുമായിരുന്നുള്ളു. ഒന്നുരണ്ടു വീഡിയോകള്‍ കൂടിയേ ഈ ആപ്പിലൂടെ ചെയ്തുള്ളു. മരിയയുടെ ഭര്‍ത്താവ് ഫോട്ടോഗ്രാഫര്‍ കൂടിയാണ് അതുകൊണ്ടുതന്നെ പ്രിന്‍സിന്‍റെ സഹായത്തോടെ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മരിയ ചെയ്തുതുടങ്ങി. സംഭാഷണങ്ങള്‍ ഹൃദിസ്തമാക്കിയതിനുശേഷം ആവശ്യമുള്ള റിഹേഴ്സല്‍‌ നടത്തിയതിനുശേഷമാണ് മരിയ ഡബസ്മാഷ് ചെയ്യുന്നത്.

ചന്ദ്രനുദിക്കുന്നദിക്കില്‍, ക്ലാസ്മേറ്റ്സ്,മിന്നാരം,തലയണമന്ത്രം എന്നീ ചിത്രങ്ങളിലെ മരിയയുടെ ഡബസ്മാഷും ശ്രദ്ധേയമാണ്.
ജനപ്രീയ ആപ്പ് ടിക്ടോകില്‍ വീഡിയോ ചെയ്യുന്നതിന് മരിയക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഒരുമിനിറ്റ് മാത്രമാണ് ടിക്ടോക്കില്‍ വീഡീയോ ചെയ്യാന്‍ ഉണ്ടായിരുന്ന സമയം. അതുകൊണ്ട് തന്നെ ടിക്ടോക്കില്‍ വീഡിയോ ചെയ്യാന്‍ താല്‍പര്യം തോന്നിയില്ല. കുറച്ച് ഫോളോവേഴ്സിനെ കിട്ടുമെന്നല്ലാതെ മെച്ചമൊന്നും കണ്ടില്ല. അതുകൊണ്ടാണ് ടിക്ടോക്കില്‍ അക്കൌണ്ട് എടുക്കാതിരുന്നത്. എന്നാല്‍ എന്‍റെ പേരില്‍ ഫെയ്ക്ക് അക്കൌണ്ട് ഉണ്ടായിരുന്നെന്നും മരിയ പറയുന്നു.


മരിയ ചെയ്ത വീഡിയോകള്‍ എല്ലാം തന്നെ വൈറലായിമാറി. സിനിമകളില്‍ നിന്ന് അവസരം തേടിയെത്തിയതോടെ നാടകത്തില്‍ നിന്ന് അല്‍പകാലത്തേക്ക് മാറിനില്‍ക്കാന്‍ മരിയ തീരുമാനിച്ചു.
കുഞ്ചാക്കോബോബന്‍ നായകനായ കൊച്ചൌവ്വ പൌലോ, നിവിന്‍ പോളി ചിത്രം സഖാവ് എന്നീ സിനിമകളില്‍ ചെറിയ വേഷം കൈകാര്യം ചെയ്യാന്‍ മരിയക്ക് സാധിച്ചു. യമണ്ടന്‍‌ പ്രേമകഥയില്‍ സലിംകുമാറിന്‍റെ മകളായി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.


ബിബിന്‍ പോള്‍ സാമുവലിന്‍റെ സംവിധാനം ചെയ്ത മങ്ങിയൊരന്തി വെളിച്ചത്തിൽ മരിയയുടെ ആദ്യ ഷോര്‍ട്ട് ഫിലിം.
ഫോറെവർ,പടക്കുതിര,അന്ന, പ്രകൃതി, വിരാഗ്, ലുട്ടാപ്പി എന്താ പ്രശ്നം കട്ടൻ, സെക്കന്റ് ഹണിമൂൺ തുടങ്ങി പത്തോളം ഷോര്‍ട്ട് ഫിലിമില്‍ മരിയ അഭിനയിച്ചു കഴിഞ്ഞു.തന്‍മയത്വമായ അഭിനയശൈലിയിലൂടെ കാണികളെ കയ്യിലെടുക്കാന്‍ ഷോര്‍ട്ട്ഫിലിമിലെ അഭിനയത്തിലൂടെ ഈ കലാകാരിക്ക് സാധിച്ചു. ജിതിന്‍രാജ് സംവിധാനം ചെയ്ത വിരാഗില്‍ മരിയ എന്ന അഭിനേത്രിയുടെ ഗംഭീര പെര്‍ഫോമന്‍സ് നമുക്ക് കാണാന്‍ കഴിയും
അന്നയിലെ അഭിനയത്തിന് വാക്‌ദേവത പൂനെ ഇന്റര്‍നാഷണലില്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള അവാര്‍ഡും വിരാഗിലെ അഭിനയിത്തിന് വേണുനാഗവള്ളി അവാര്‍ഡ്, ഇടുക്കി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, എന്നിവയില്‍ മികച്ച നടിക്കുള്ള പുരസ്കാരവും മരിയയെ തേടിയെത്തി.


അരയന്നങ്ങളുടെ വീട്, സ്ത്രീപഥം എന്നീ സീരിയലുകളിലും മരിയ വേഷമിട്ടു. മലയാളിയായ അജയ് കുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മരിയക്ക് സാധിച്ചു. കോവിഡ് പ്രതിസന്ധികഴിയുമ്പോള്‍ ചിത്രം തീയേറ്ററുകളിലെത്തും. തന്‍റെ കഥാപാത്രം ജനശ്രദ്ധനേടുമെന്ന പ്രതീക്ഷയിലാണ് മരിയ. ഒന്നു രണ്ട് മലായാള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം വന്നിട്ടുണ്ട്. കോവിഡ്കാലം കഴിഞ്ഞേ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളുവെന്നും മുടങ്ങിപ്പോയ തന്‍റെ ബിരുദ പഠനം പുനരാംഭിക്കണമെന്നും മരിയ കൂട്ടിച്ചേര്‍ക്കുന്നു. ഇപ്പോള്‍ വീണ്ടും ഡബ്സ്മാഷില്‍ ശ്രദ്ധകേന്ദ്രീകിച്ചിരുക്കുകയാണ് ഈ അഭിനേത്രി.

Leave a Reply

Your email address will not be published. Required fields are marked *