നിയോഗം
ചെറുകഥ: സുഷമ സുരേഷ്
ബസ്സ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയിരിക്കയാണ്. എങ്ങനെയെങ്കിലും ഒന്ന് വീടണയാന്‍ കൊതിക്കുന്ന യാത്രക്കാരുടെ അക്ഷമ നിഴലിക്കുന്ന മുഖങ്ങള്‍. ചിലര്‍ പിറുപിറുത്തുതുടങ്ങിയിരിക്കുന്നു. ഡ്രൈവര്‍ വരുന്നുണ്ടോയെന്ന് നോക്കിയിരിക്കുമ്പോഴാണ് അവള്‍ ആ കാഴ്ച കാണുന്നതും ശബ്ദം കേള്‍ക്കുന്നതും. ശബ്ദമാണാദ്യം കേട്ടതെന്നു തോന്നുന്നു. ഒരു കോഴിയുടെ ദയനീയമായ കരച്ചില്‍.
ആ കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോ്ക്കിയപ്പോഴാണ് അവളത് കണ്ടത്. ഒരാള്‍ കോഴിയെ ഒരു കയ്യില്‍ തൂക്കിയെടുത്ത് കൊണ്ടുപോകുന്നു. അത് വല്ലാതെ കരയുന്നുണ്ട്. കരച്ചിലിന്റെ ശബ്ദം അയാളോടൊപ്പം അകന്നകന്നുപോയി. എങ്ങോട്ടാണ് അയാള്‍ അതിനെ കൊണ്ടുപോയതെന്ന് ആലോചിച്ചുനില്‍ക്കുമ്പോള്‍ അയാള്‍ തിരിച്ചുവരുന്നത് കണ്ടു. കയ്യില്‍ കോഴിയുണ്ട്. അതിന്റെ പൂടയെല്ലാം മാറ്റിയിരിക്കുന്നു. അയാള്‍ അതിനെ മേശപ്പുറത്ത് വച്ച് കഷണങ്ങളാക്കുന്നതും സഞ്ചിയിലാക്കിക്കൊടുക്കുന്നതും കാശ് വാങ്ങിക്കുന്നതും ബാക്കി കൊടുക്കുന്നതുമൊക്കെ
അവള്‍ നോക്കി നിന്നു.
എന്തൊരു വേഗതയാണ് ആ നിമിഷങ്ങളില്‍ അയാളുടെ കൈകള്‍ക്ക് ! അയാള്‍ക്ക് വിശ്രമിക്കാന്‍ നേരമില്ലൈന്ന് തോന്നി. ചിക്കന്‍ സ്്റ്റാളിന്
മുന്നില്‍ കാത്തുനില്‍ക്കുന്നവരുടെ മുഖം കാണുമ്പോള്‍ അയാള്‍ക്ക് സ്പീഡ് പോരെന്ന് തോന്നും.
അയാള്‍ വീണ്ടും ഒരു കോഴിയെ കയ്യിലെടുത്തു. അതിനെ ത്രാസില്‍വച്ച് തൂക്കിനോക്കുകയാണ്. എല്ലാം മനസ്സിലായിട്ടെന്നവണ്ണം കോഴിയുടെ നിര്‍ത്താതെയുളള കരച്ചില്‍. അയാള്‍ കടയുടെ പിന്‍ഭാഗത്തുപോയി അതിന്റെ പൂടമാറ്റി തിരിച്ചുവന്നു. അതിനെ മേശപ്പുറത്തുവച്ച് കഷണങ്ങളാക്കുകയാണ്. പഴയതിന്റെ ആവര്‍ത്തനം. ഡ്രൈവര്‍ ചായകുടി കഴിഞ്ഞ് തിരിച്ചുവന്ന് ബസ്സ് സ്റ്റാര്‍ട്ട് ചെയ്തു. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോഴും അവളുടെ മനസ്സില്‍ അവളുടെ മനസ്സില്‍ ആ കോഴികളായിരുന്നു. വെളുത്ത നിറമുളള ഓമനത്തം തുളുമ്പുന്ന കോഴികളും അവയുടെ ദയനീയമായ കരച്ചിലും മനസ്സില്‍ തങ്ങിനിന്നു.
കോഴിയെപ്പോലുളള ഒരു ജീവിയ്്ക്ക് ഒരിക്കലും സ്വാഭാവികമരണമില്ല. ജീവിതം നല്‍കിയ ആള്‍ തന്നെ അതിന്റെ ജീവനെടുക്കുന്നു. ഇവിടെ രാഷ്ട്രീയ പകപോക്കലുകള്‍ക്കിടയില്‍ ഇതിലും ക്രൂരമായി എത്രപേര്‍ ദിവസവും പിടഞ്ഞുവീഴുന്നു ? മനുഷ്യന്‍ മൃഗമായി മാറുമ്പോള്‍ ശവത്തോടുപോലുമുണ്ട് ക്രൂരത. ആരാണ് അതേക്കുറിച്ചോര്‍ക്കുന്നത് ? ദു:ഖിക്കുന്നത് ? കൊടുംക്രൂരതകള്‍ കണ്ട് മനസ്സ് മരവിച്ചുപോയവരാണ് ഏറെപ്പേരും.
കൊലപാതകങ്ങള്‍ നമുക്ക് വാര്‍ത്ത അല്ലാതായിരിക്കുന്നു. ഒന്നും നമ്മെ ഞെട്ടിപ്പിക്കുന്നുമില്ല.
ഒരു കൈയ്യോ കാലോ വെട്ടിമാറ്റുന്നത് ഒരു മരച്ചില്ല ഒന്നൊടിക്കുന്ന ലാഘവത്തോടെ.
കശാപ്പുകാരന്‍ കോഴികളെ വളര്‍ത്തുന്നതും രാഷ്ട്രീയനേതാവ് അണികളെ വളര്‍ത്തുന്നതും ഒരേ ലക്ഷ്യത്തോടെയാണെന്ന് അവള്‍ക്ക് തോന്നി.
രണ്ടിന്റെയും നിയോഗം ഒന്നുതന്നെയെന്ന് അവള്‍ മനസ്സില്‍ പറഞ്ഞു.