നൈസാമുകളുടെ നഗരത്തിലേക്ക്

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കുന്നത് ഞങ്ങളുടെ തട്ടുപൊളിപ്പന്‍ ഹൈദ്രബാദ് ട്രിപ്പിനെകുറിച്ചാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനമായ തെലുങ്കാനയുടെ തലസ്ഥാന നഗരമാണ് ഹൈദരാബാദ്. നേരത്തെ ആന്ധ്രയുടെ തലസ്ഥാനം കൂടി ആയിരുന്നു. ഹൈദരാബാദ് എന്ന പേര് കേൾക്കാത്തവർ ആരും തന്നെയുണ്ടാകില്ല. സൗത്ത് ഇന്ത്യയിലെ എന്നല്ല ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ് ഹൈദരാബാദ്. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായ ഹൈദരാബാദ് ‘നൈസാമുകളുടെ നഗരം’ എന്നും അറിയപ്പെടുന്നു. ഹിന്ദി അറിയാമോ, എങ്കിൽ രക്ഷപ്പെട്ടു. അവിടെയുള്ളവർ തെലുങ്കിനേക്കാൾ കൂടുതൽ പറയുന്നത് ഹിന്ദിയാണ്.നല്ലൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഹൈദ്രബാദ്.

കൊറോണ ഭീതിയൊക്കെ ഒഴിഞ്ഞു കഴിയുമ്പോള്‍ അങ്ങോട്ടൊരു ട്രിപ്പാകാ൦ അല്ലേ…

കേരളം വിട്ട് എവിടേക്ക് പോകാ൦ എന്ന് ആലോചിച്ച് തലപുകഞ്ഞിരുന്ന ഞങ്ങൾ ത്രിമൂർത്തി സുഹൃത്തുക്കൾക്കിടയിലേക്ക് യാദൃശ്ചികമായാണ് ഹൈദരാബാദ് എന്ന പേര് കേറി വന്നത്. അതിന് കാരണക്കാരൻ ഓഫീസിൽ തന്നെയുള്ള ഒരു ചേട്ടാനായിരുന്നു. പുള്ളിക്കാരന്‍റെ ഭാര്യക്ക് അവിടെ ആയിരുന്നു ജോലി. അവരുടെ ഉറപ്പ് കൂടെ കിട്ടിക്കഴിഞ്ഞപ്പോ എന്നാൽ പിന്നെ വണ്ടി അവിടേക്ക് വിടാ൦ എന്നായി. അങ്ങനെ ട്രെയിൻ ടിക്കറ്റൊക്കെ ബുക്ക് ചെയ്തു ഞങ്ങൾ കാത്തിരുന്നു. അപ്പോഴാണ് ഇടയ്ക്കൊരു കല്ലുകടി ഉണ്ടായത്. ആ ചേട്ടനു൦ ഭാര്യക്കും അത്യാവശ്യമായി നാട്ടിലേക്ക് പോരേണ്ടആവശ്യ൦ ഉണ്ടായി. അതോടെ ആശിച്ച ഹൈദരാബാദ് യാത്ര ക്യാൻസലാക്കേണ്ട അവസ്ഥ. പക്ഷേ തോറ്റു കൊടുക്കാൻ ഞങ്ങളിലെ യാത്രക്കാരികൾക്ക് മനസ്സുണ്ടായില്ല. എന്തുവന്നാലു൦ പോകണ൦. മൂന്നുപേർക്കു൦ ഉറച്ച തീരുമാന൦. കൂട്ടത്തിൽ ഒരാളുടെ അമ്മയുടെ ചേച്ചിയു൦ കുടുംബവും താമസിക്കുന്നത് ഹൈദരാബാദിലാണ്. അവരെ വെറുതെ ബുദ്ദിമുട്ടക്കണ്ടല്ലോ എന്ന് കരുതിയാണ് ആദ്യമേ ട്രിപ്പ് കാര്യ൦ സൂചിപ്പിക്കാതിരുന്നത്. പക്ഷേ അവർ നമ്മുടെ ട്രിപ്പിനെ കുറിച്ചറിഞ്ഞു. കൂടെ ഒരു വാഗ്ദാനവു൦ എവിടെ കറങ്ങിയാലു൦ വേണ്ടില്ല, താമസ൦ അവരുടെകൂടെയേ പറ്റൂ, തീർന്നില്ലേ… പിന്നനെയെല്ലാ൦ പെട്ടന്നായിരുന്നു… ബാഗു൦ തൂക്കി ഒരു പോക്ക്.

റോഡ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവും അതോടൊപ്പം തന്നെ വിമാന മാർഗ്ഗവും ഹൈദരാബാദിലേക്ക് എത്തിച്ചേരാം. അവിടെ എത്തിയാലോ ചാർമിനാർ , ഹുസൈൻ സാഗർ തടാകം, ഗോൽക്കൊണ്ട ഫോർട്ട്, റാമോജി ഫിലി൦സിറ്റി, ലു൦ബിനിപാർക്ക്,ശിൽപാരാ൦ അങ്ങനെ അങ്ങനെ…..

ഒരു ദിവസത്തെ ട്രെയിന്‍ യാത്രക്ക് ശേഷ൦ ഹൈദരാബാദിന്‍റെ മണ്ണിൽ ഞങ്ങൾ കാലുകുത്തി.

ഹൈദ്രബാദ് സിറ്റി

റെയിൽവേ സ്റ്റേഷനിൽ ഓൺലൈൻ ടാക്സികാരുടെ വിളയാട്ട൦. ഒരു ടാക്സി വിളിച്ച് നമ്മൾ താമസ സ്ഥലമായ ബഞ്ചാറഹിൽസിലേക്ക് യാത്ര തുടങ്ങി. ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ച് അവരോട് വർത്താനമൊക്കെ കഴിഞ്ഞ് സിറ്റിയിലൂടെ ഒരു കറക്ക൦.

പിറ്റേന്ന് ആദ്യ ദിവസത്തെ യാത്ര ഗോൽക്കൊണ്ട ഫോർട്ടിലേക്കായിരുന്നു. ഒരു കാര്യ൦. യാത്രയിലെല്ലാ൦ ഊബർ, ഒല , ടാക്സികളാണ് ഞങ്ങൾ എടുത്തത്.

ഗോല്‍ക്കൊണ്ട ഫോര്‍ട്ട്

ടിക്കറ്റെടുത്ത് ഫോർട്ടിനുള്ളിലേക്ക്… കണ്ണെത്താദൂരത്തോള൦ പരന്നുകിടക്കുന്ന കോട്ട. മധ്യകാല രാജവംശമായിരുന്ന കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായിരുന്നു ഗോൽക്കൊണ്ട കോട്ട. 120 മീറ്റർ (390 അടി) ഉയരമുള്ള ഒരു ഗ്രാനൈറ്റ് കുന്നിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ഏഴു കിലോമീറ്റർ ചുറ്റളവിൽ തീർത്തിരിക്കുന്ന മനോഹരമായ ഈ കോട്ട സഞ്ചാരികൾ കാണേണ്ട ഒരു സംഭവം തന്നെയാണ്. കോട്ടയുടെ അകത്തളങ്ങള്‍, രാജാവിന്‍റെ മുറികള്‍, പൂന്തോട്ടങ്ങള്‍, ശവകുടീരങ്ങൾ അങ്ങനെ എല്ലാം നമ്മളെ അതിശയിപ്പിക്കും എന്നുറപ്പാണ്. ഉള്ളിൽ ചെറിയൊരു ഷോപ്പുണ്ട്. അത്യാവശ്യ ഭക്ഷണപാനീയങ്ങൾ അവിടുന്ന് കിട്ടു൦. പുറത്ത് നിന്ന് ഒന്നു൦ കയറ്റില്ല.മുകളിൽ നിന്ന് നോക്കിയാൽ ഹൈദരാബാദ് നഗരത്തിന്‍റെ സൌന്ദര്യ൦ മതിയാവോള൦ ആസ്വദിക്കാ൦. അവിടെ നിന്ന് ട്രാവൽ വീഡിയോ ചെയ്ത് ഞങ്ങൾ ഇറങ്ങി.

ബിര്‍ല മന്ദിര്‍

അടുത്ത യാത്ര ബിർള മന്ദിറിലേക്ക്. പിന്നെ യാത്ര ലു൦ബിനി പാർക്കിലേക്ക് ആയി. ഹുസൈസാഗർ തടാകത്തിലൂടെയുള്ള ബോട്ട് യാത്ര. അതു൦ വൈകുന്നേരം, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുഭവ൦ ആയിരുന്നു.

ഹൈദരബാദ് നഗരമധ്യത്തിൽ 1562-ൽ ഇബ്രാഹിം ഖിലി കുത്തബ് ഷായുടെ ഭരണസമയത്ത് ഹസ്രത്ത് ഹുസ്സൈൻ ഷാ വാലി പണി തീർത്ത മനുഷ്യനിർമ്മിത തടാകമാണ് ഹുസ്സൈൻ സാഗർ. ഈ കൃത്രിമ തടാകം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ ഉണ്ടാക്കിയതാണ്. തടാകത്തിന്‍റെ ഒരു കരയിൽ ഹൈദരാബാദും മറുകരയിൽ സെക്കന്തരാബാദും ആണ്. ഈ തടാകത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ബുദ്ധ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകർഷണം.

രണ്ടാ൦ദിന൦ യാത്ര ശിൽപാറാമിലേക്ക്. തനതു കരകൌശലവസ്തുക്കളുടെയു൦ നിർമ്മിതികളുടെയു൦ ഒരിട൦. കാണാനേറയുണ്ട്. അതുപോലെ തന്നെ വാങ്ങാനും.
കണ്ടും വാങ്ങിച്ചു അവിടെ നിന്നിറങ്ങിയ ഞങ്ങൾ യാത്രയുടെ സസ്പെൻസിലേക്ക് പോകുകയാണ്. എവിടേക്കാണെന്നോ…… നവാബിന്‍റെ കൊട്ടാരമായിരുന്ന ഇന്നത്തെ സ്റ്റാർ ഹോട്ടലായ താജ് ഫലക്കനൂമാ പാലസിലേക്ക്….

താജ് പാലസ്

ഇപ്പോഴും അവിടെത്തിയാൽ കൊട്ടാരത്തിന്‍റെ അന്തരീക്ഷമാണ്. ചുറ്റും കണ്ട് ഫോട്ടോയെടുത്ത് കുറേസമയ൦ ചെലവഴിച്ചു.
ബിരിയാണിയില്‍ പെരുമയേറിയ ഹൈദരാബാദ് ബിരിയാണി ആദ്യം രുചിച്ചത് താജിൽ നിന്നാണ്.

ഹൈദരാബാദ് സന്ദർശിക്കുന്ന ഒരാൾ പോലും മിസ്സ് ചെയ്യാത്ത ഒന്നാണ് ഹൈദരാബാദി ബിരിയാണിയുടെ രുചി. രുചി പരീക്ഷിച്ചവരുടെ അഭിപ്രായത്തിൽ നഗരത്തിൽ ഏറ്റവും നല്ല ഹൈദരാബാദി ബിരിയാണി ലഭിക്കുന്നത് സെക്കന്തരാബാദിലെ ഹോട്ടൽ പാരഡൈസിൽ ആണ്. പാരഡൈസിനെ കൂടാതെ കഫെ ബാഹര്‍, ബാവര്‍ച്ചി, ഷാ ഗൌസ്, ഷതാബ് എന്നീ റെസ്റ്റോറന്‍റുകളിലും രുചികരമായ ഹൈദരാബാദ് ബിരിയാണി ലഭിക്കും. ഇവിടെ എത്തുമ്പോള്‍ ബിരിയാണി മിസ് ചെയ്യല്ലേ…..

ചാമിനാര്‍

പിന്നെത്തെ യാത്ര ചാർമിനാറിലേക്ക്. രാത്രിയിലും ഇത്ര തിരക്ക് പിടിച്ച ഒരിട൦ ഞങ്ങളെ അത്ഭുതപ്പെടുത്തി. മിനാരങ്ങളിൽ പുനരുദ്ധാരണ പണികൾ നടക്കുമ്പോഴായിരുന്നു ഞങ്ങള്‍ അവിടം സന്ദര്‍ശിച്ചത്. അത് അല്‍പം അലോസരപ്പെടുത്തിയെങ്കിലും വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ കൊണ്ട് ശ്രദ്ധേയമാണ് അവിടം.

പേര് പോലെ തന്നെ നാല് മിനാരങ്ങളോട് കൂടിയ കെട്ടിടമാണ് ചാർമിനാർ. ചാർമിനാറിലെ 4 മിനാരങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിലെ 4 ഖലീഫകളെയാണ്. ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവകൊണ്ടാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്. വളരെ തിരക്കേറിയ ഹൈദരാബാദ് നഗരത്തിനു നടുവിൽ നിലകൊള്ളുന്ന ചാര്‍മിനാറിനു രാതിയും പകലും വ്യത്യസ്തങ്ങളായ ഭംഗിയാണ്. ഇതെല്ലാം പോരാഞ്ഞു ചാർമിനാറിന്‍റെ പരിസരം നല്ലൊരു ഷോപ്പിംഗ് ഏരിയ കൂടിയാണ്. രണ്ടാ൦ദിന യാത്ര അവിടെ അവസാനിച്ചു.

മൂന്നാം ദിനം സാലാർജ൦ഗ് മ്യൂസിയത്തിലേക്കായിരുന്നു ആദ്യ യാത്ര.
അവിടെ പരിശോധനക്കിടെ ഒരു മലയാളി വനിത കമാൻഡോയെ പരിചയപ്പെട്ടു. അവരോട് സ൦സാരിക്കുന്നതിനിടയിൽ ഞങ്ങൾ വേറെയും മലയാളി ഉദ്യോഗസ്ഥരെ പരിചയപ്പെട്ടു. ഈ മലയാളികളുടെ ഒരു കാര്യ൦ അല്ലേ…. രാജാക്കന്മാരുടെ കാലത്തെ ഉപകരണങ്ങളും വസ്ത്രങ്ങളു൦ പിന്നെ ഹൈദരാബാദിന്‍റെ ചരിത്രവും മനസിലാക്കണമെങ്കിൽ ഈ മ്യൂസിയം തീർച്ചയായും സന്ദർശിച്ചിരിക്കണ൦. പിന്നെ നേരെ താമസസ്ഥലത്തപോയി. ഭക്ഷണം കഴിച്ച് വിശ്രമിച്ചു.

ഹൈദരാബാദ് യാത്രയിലെ നാലാം ദിനം എവിടേക്കാരുന്നെന്ന് അറിയേണ്ടെ.റാമോജി ഫിലിം സിറ്റിയിലേക്ക്. ആകാംക്ഷ വാനോളമുണ്ട്. മനസിൽ ഉദയനാണ് താരത്തിലെ ചില സീനുകൾ വന്നു.

ഇന്ന് ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രമാണ് റാമോജി ഫിലിം സിറ്റി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി, ഏകദേശം 2000 ഏക്കർ സ്ഥലത്തായാണ് പരന്നു കിടക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ‘ഉദയനാണ് താരം’ എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് രാമോജി ഫിലിം സിറ്റിയെക്കുറിച്ച് മലയാളികള്‍ കൂടുതല്‍ കേട്ടറിഞ്ഞത്. ഇന്ന് പലരും ഹൈദരാബാദ് സന്ദർശിക്കുന്നത് ഫിലിംസിറ്റി കാണുക എന്ന മോഹത്തോടെയാണ്. ഒരു ദിവസം നാലായിരത്തോളം ആളുകളാണ് ഈ ഫിലിംസിറ്റി സന്ദർശിക്കുന്നതത്രേ.

രാമോജി ഫിലിംസിറ്റി

ഒരു നിമിഷം നാം എവിടെയാണ് നിൽക്കുന്നത് എന്നുപോലും ചിന്തിച്ചു പോകുന്ന തരത്തിലുള്ളതാണ് രാമോജി ഫിലിംസിറ്റിയിലെ കാഴ്ചകൾ. വിദേശരാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന തെരുവീഥികൾ, രാജ കൊട്ടാരങ്ങൾ, ട്രെയിൻ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷൻ, നാഷണൽ ഹൈവേ, സിനിമകളിലെ പാട്ടുസീനുകൾക്ക് അനുയോജ്യമായ മനോഹരമായ ഉദ്യാനങ്ങൾ അങ്ങനെ നീളുന്നു ഈ കിടിലൻ സിനിമാലോകത്തെ കാഴ്ചകൾ. ബാഹുബലി സിനിമയ്ക്കായി ഒരുക്കിയ സെറ്റ് ഇപ്പോഴും സന്ദർശകർക്കായി അവിടെ നിലനിർത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് രാമോജി ഫിലിം സിറ്റി.

കാഴ്ചകണ്ടിറങ്ങി. ഹൈദരാബാദിനെ മനസിൽ സൂക്ഷിച്ചു. ഷോപ്പിംഗ് നടത്തി.

ഇനി മടക്കയാത്രക്കുള്ള ഒരുക്കമാണ്.ഇനിയും കാണാനേറയുണ്ട്. പിന്നീടൊരിക്കൽ ഒരു വരവും കൂടെ വരു൦ എന്ന് ഞങ്ങൾ ഹൈദരാബാദിനോട് പറഞ്ഞു.

അപ്പോൾ മറക്കല്ലേ… ധൈര്യമായി പോയി വരാ൦.. ഹൈദരാബാദിലേക്ക്.

ജ്യോതി ബാബു

Leave a Reply

Your email address will not be published. Required fields are marked *