പെലെ @80; ഫുട്ബോളില്‍ ഒരേ ഒരു രാജാവ് പെലെ മാത്രം; ഐ.എം വിജയന്‍

പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെയോളം മികച്ച താരത്തെ ഫുട്ബോൾ ലോകം കണ്ടിട്ടില്ല. ആയിരത്തിലേറെ ഗോളുകൾ സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണ ബ്രസീലിന്‌ ലോകകപ്പ്‌ നേടിക്കൊടുത്തു. കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവിന് ഇന്ന് 80 വയസ്സ്.

ഇന്ത്യയിലെ കറുത്തമുത്ത് എന്നറിയപ്പെടുന്ന ഐ.എം വിജയന്‍ പെലെയുടെ കളി വിലയിരുത്തുമ്പോള്‍’ ഫുട്ബോളില്‍ ഇന്നേവരെ ഒരേ ഒരുരാജാവ് ഉണ്ടായിട്ടുള്ളു അത് പെലെയാണ്. ഇന്നും അത് അങ്ങനെ തുടരുന്നു. ലോകോത്തര പ്ലേയര്‍ വന്നും പോയികൊണ്ടിരിക്കുന്നു എന്നിരുന്നാലും അദ്ദേഹത്തിന്‍റെ സിംഹാസനത്തില്‍ ഇരിക്കാനുള്ള ഒരു പ്ലേയര്‍ ഇന്നേവരെ ഉണ്ടായിട്ടില്ല.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പെലെയെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് . അന്നത്തെ പാഠ പുസ്തകത്തില്‍ പെലെയെ കുറിച്ച് പഠിക്കാനുണ്ടായിരുന്നു. അന്ന് എനിക്ക് അത്ഭുതമായിരുന്നു ആ അത്ഭുതം ആവേശമായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ഫുട്ബോള്‍ കളിച്ചു തുടങ്ങിയപ്പോള്‍ കാസറ്റില്‍ അദ്ദേഹത്തിന്‍റെ കളി കണ്ടു തുടങ്ങി. മറഡോണയാണോ അതോ പെലെയാണോ ബെസ്റ്റ് പ്ലേയര്‍.. ഈ ചോദ്യം എല്ലാവരും ചോദിക്കുന്നതാണ്. രണ്ടുപേരും ബെസ്റ്റ് പ്ലേയേഴ്സ് തന്നെയാണ്. അവരെ കംമ്പയര്‍ ചെയ്യുന്നത് ശരിയല്ല. രണ്ടുപേര്‍ക്കും അവരുടേതായ കഴിവുകള്‍ ഉണ്ട്. മറഡോണയുടെ കളി ലൈവില്‍ കണ്ടയാള്‍ ആണ് ഞാന്‍. ഒത്തിരി തവണ അദ്ദേഹത്തിന്‍റെ കളി ഞാന്‍ കണ്ടിട്ടുണ്ട്.എന്നാല്‍ പെലെയുടെ കളി നേരിട്ട് കാണാന്‍ എനിക്കോ നിങ്ങള്‍ക്കോ അവസരം ഉണ്ടായിട്ടില്ല. കാസറ്റിലാണ് നമ്മള്‍ അദ്ദേഹത്തിന്‍റെ കളി കണ്ടിട്ടുള്ളത്.


ജപ്പാനും കൊറിയയും നടത്തിയ വേള്‍ഡ് കപ്പില്‍ വെച്ച് അദ്ദേഹത്തെ കാണാന്‍ പറ്റി. വി.ഐ.പി ബോക്സില്‍ അദ്ദേഹം ഇരിക്കുന്നത് ദൂരെ നിന്ന് കണ്ടു . നേരില്‍ കാണാന്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ല. ഇന്ത്യയില്‍ പെലെ വന്നിരുന്നു. കൊല്‍ക്കത്തയില്‍ അദ്ദേഹം വന്നപ്പോള്‍ എനിക്ക് പോകാന്‍ പറ്റിയില്ല. എന്‍റെ ജീവിതത്തിലെ തീരാ നഷ്ടമായാണ് അതിനെ കണക്കാക്കുന്നത്. മറഡോണയെ കാണാനും അടുത്ത് ഇടപഴകാനും നിരവധി അവസരങ്ങളും ഉണ്ടായിട്ടുണ്ട്.’ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോളറായ ഐ.എം വിജയന്‍റെ വാക്കുകളാണിവ.

ഫിഫാ മാഗസിന്‍റെ കണക്കുകള്‍ പ്രകാരം 1363 മത്സരങ്ങളില്‍ നിന്ന് 1281 ഗോളുകള്‍ എന്നതാണ് പെലെയുടെ പേരിലുള്ള റെക്കോര്‍ഡ്.
ദേശീയ ടീമിന് വേണ്ടി അദ്ദേഹം അടിച്ചു കൂട്ടിയത് 95 ഗോളുകള്‍ ആണ്. നാലു ലോകകപ്പില്‍ നിന്നായി അദ്ദേഹം അടിച്ചത് 12 ഗോളുകള്‍ ആണ്.


പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോയുടെ ജനനം. ഒക്ടോബർ 23, 1940 ല്‍ ആണ്.
ഫ്ളുമിനെൻസ് ക്ലബ്ബിന്റെ ഫുട്‌ബോൾ താരമായിരുന്ന ഡോൺഡീന്യോയുടെയും സെലസ്റ്റി അരാന്റസിന്‍റുമാണ് മാതാപിതാക്കള്‍.


1957-ൽ ബ്രസീലിനുവേണ്ടി ആദ്യമത്സരം കളിച്ചു. 1971-ൽ ദേശീയടീമിൽനിന്ന് വിരമിച്ചു. 1956-1974 കാലത്താണ് സാന്റോസ് ക്ലബ്ബിൽ കളിച്ചത്. പെലെ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായിരുന്നു . അദ്ദേഹത്തിന്‍റെ 80ാം വയസ്സിലും അത് അങ്ങനെ തന്നെ തുടരുന്നു. ആദ്ദേഹത്തിന്‍റെ ചക്രവര്‍ത്തി സ്ഥാനം കയ്യേറാന്‍ ഇനി ഒരു താരം ജനിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *