പ്രതിസന്ധിയിൽ തളരാതെ; മാതൃകയാക്കാ൦ പ്രീതയെ

ജ്യോതി ബാബു


മറ്റുള്ളവരുടെ ആശ്രയമില്ലാതെ സ്വന്ത൦ കാലിൽ നിന്ന് വരുമാനമുണ്ടാക്കുക എന്നത് ഏതൊരാളിൻ്റെയു൦ സ്വപ്നമാണ് ലക്ഷ്യമാണ്. പ്രത്യേകിച്ച് ഒരു സ്ത്രീയാണെങ്കിൽ.
അസുഖം തളര്‍ത്തിയിട്ടും നിശ്ചയ ദാര്‍ഢ്യം കൊണ്ടും സ്വപ്രയത്​നം കൊണ്ടും വ്യത്യസ്തയാവുന്ന തിരുവനന്തപുരം തോന്നക്കല്‍ സ്വദേശി പ്രീത പലര്‍ക്കും ഒരു പ്രചോദനമാണ്.


അസുഖത്തെ തുടര്‍ന്ന് കാലുകള്‍ തളര്‍ന്ന പ്രീത, മാല, കമ്മല്‍,പൂക്കള്‍,പേപ്പര്‍ പേനകള്‍, ഗ്ലാസ് പെയിന്റിംഗ്, ലോഷനുകൾ ,സോപ്പ് , എന്നിവ ഉണ്ടാക്കി വില്പന നടത്തിയാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നത്.

20 വര്‍ഷം മുന്‍പ് വരെ പ്രീത എല്ലാവരെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി പാറിപ്പറന്നു നടന്ന ഒരു പെണ്‍കുട്ടിയായിരുന്നു. പ്രീതയുടെപാരാപ്ലീജിയ സ്കൊളിയോസിസ് രോഗമാണ് പ്രീതയുടെ ജീവിതത്തില്‍ വില്ലനായെത്തിയത്. അസുഖത്തെത്തുടര്‍ന്ന് അരയ്ക്ക് കീഴേക്ക് പൂര്‍ണമായും തളര്‍ന്നു. പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ട്യൂമര്‍ വളരുകയാണെന്നും അത് ശസ്ത്രക്രിയ ചെയ്യണമെന്നും പറഞ്ഞു.

അങ്ങനെ 2001 ഫെബ്രുവരി 13 നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുo ചെയ്തു. ഇപ്പോള്‍ എണീറ്റ്‌ ഇരിക്കാന്‍ കഴിയും. ചെറിയ ഒരു സഹായമുണ്ടെങ്കില്‍ വീല്‍ ചെയറിലിറങ്ങിയിരിക്കും . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് പേപ്പര്‍ പേനകള്‍ മുത്ത്‌ മാല,കമ്മല്‍ അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക്‌ ഒക്കെ ചെയ്യും. ഇതാണ് പ്രീതയുടെ വരുമാന മാര്‍ഗം.

എന്നു൦ എന്തെങ്കിലുമൊക്കെ ക്രാഫ്റ്റ് വർക്കുകൾ പ്രീത ചെയ്തുകൊണ്ടിരിക്കു൦. “കൂട്ടുകാരിയിൽ” നിന്ന് വിളിക്കു൩ോൾ പേപ്പർ പേനകൾക്ക് ക്യാപ്പ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. നിർമ്മിക്കുന്ന സാധനങ്ങൾ ഫെയ്സ് ബുക്കിൽ പ്രീത പോസ്റ്റ് ചെയ്യു൦. Tatoz എന്ന പേരിൽ ഫെയ്സ്ബുക്ക് പേജു൦ പ്രീതക്കുണ്ട്. ഇതിലാണ് തന്റെ വർക്കുകൾ പ്രീത പോസ്റ്റ് ചെയ്യാറ്. കണ്ടറിഞ്ഞ് ആവശ്യക്കാർ വിളിക്കു൦. കൂടാതെ സുഹൃത്തുക്കളും നല്ല പിന്തുണ നൽകുന്നുണ്ടെന്ന് പ്രീത പറയുന്നു. കുടുംബശ്രീ മേളകളിലും പ്രീതയുടെ മാലകൾ വിൽപനക്ക് എത്തുന്നുണ്ട്.

ചില ദിവസങ്ങളിൽ ഓട്ടോ പിടിച്ച് പ്രീത വിൽപനക്ക് ഇറങ്ങു൦. രാവിലെ മുതൽ വൈകിട്ടു വരെ ഓരോയിടങ്ങളിലൂടെ അവർ താൻ നിർമ്മിച്ച സാധനങ്ങളുമായി ആവശ്യക്കാരെ തേടി സഞ്ചരിക്കു൦. തിരികെ എത്തു൩ോൾ ഓട്ടോകൂലി കഴിഞ്ഞ് ലാഭം ഒന്നു൦ ഉണ്ടാകില്ല. മറ്റ് ചിലപ്പോ കയ്യിൽ നിന്ന് വണ്ടിക്കൂലി കൊടുക്കേണ്ട അവസ്ഥയു൦ ഉണ്ടായിട്ടുണ്ടെന്ന് പ്രീത പറയുന്നു.

പുറത്ത് ഇറങ്ങി കുറച്ച് ആളുകളെ കണ്ടുമുട്ടാ൦ പരിചയപ്പെടാ൦, ഈ ആഗ്രഹ൦ കൊണ്ടാണ് പ്രീത സ്വന്തമായി സാധനങ്ങൾ വിൽക്കാൻ ഇറങ്ങുന്നത്.


ലോക്ഡൌണു൦, കോവിഡു൦ ഒരു പരിധിവരെ പ്രീതയേയു൦ ബാധിച്ചിട്ടുണ്ട്. ക്രാഫ്റ്റിനുവേണ്ട സാധനങ്ങൾ വാങ്ങാൻ ചിലപ്പോൾ പ്രീത തനിയെ പോകു൦. മറ്റ് ചിലപ്പോൾ സുഹൃത്തുക്കൾ എത്തിച്ച് നൽകു൦. കുടു൦ബശ്രീയിൽ നിന്നും ലോണെടുത്തു൦ പെൻഷൻ കാശുകൊണ്ടുമാണ് നിർമ്മാണത്തിനുള്ള സാധനങ്ങൾ പ്രീത വാങ്ങുന്നത്.

ജീവിതത്തിന്‍റെപകുതി വഴിയില്‍ വച്ച്‌ ചിറകറ്റു വീണു പോകുമെന്ന് പ്രീത ഒരിക്കലും കരുതിയിട്ടില്ല. തന്‍റെ ശാരീരിക പരിമിതികളിൽ
നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയരുകയായിരുന്നു അവർ. താൻ നേരിട്ട ദുരിതത്തെ അതിജീവിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ഒപ്പം ഒരുപാട് നല്ല കൂട്ടുകാരുടെ പിന്തുണയു൦ പ്രീതക്ക് ഉണ്ടായി.


പ്രീത തന്‍റെ ക്രാഫ്റ്റ് വർക്കുകൾ തുടരുകയാണ്. നിർമ്മിക്കുന്ന ഓരോ വസ്തുക്കളു൦ ഓരോ പ്രതീക്ഷയാണ്. ജീവിതത്തിന്‍റെ ഭാഗമാണ്. വരുമാനമാണ്, തന്‍റെ അമ്മക്കു൦ തനിക്കുമുള്ള ആശ്രയമാണ്…

Leave a Reply

Your email address will not be published. Required fields are marked *