മരിച്ചവർക്കൊക്കെയും

മരിച്ചു കഴിഞ്ഞ്
വെള്ള മൂടി ഇറയത്ത്‌
കിടക്കുകയെന്നത് അത്രയെളുപ്പമല്ല!

മരിച്ചവനെ
അവസാനമായി ഒരു നോക്ക്
കാണാനെത്തുന്നവർ
തിക്കിതിരഞ്ഞ് അവനെ പൊതിയുമ്പോൾ
അവൻ അനുഭവിക്കുന്ന
ഒരു ശ്വാസം മുട്ടലുണ്ട് !

മാറി മാറി അമരുന്ന
അന്ത്യചുംബനങ്ങൾ കൊണ്ട-
വന്റെ നെറ്റിയിലൊരു
തഴമ്പ് രൂപപ്പെട്ടിരിക്കും..

എത്ര നേരമെന്നില്ലാതെ
ആ കിടപ്പ് കിടക്കുമ്പോൾ
കാലിൽ അരിച്ചു കയറുന്ന
ഉറുമ്പിനെ
ആര് തട്ടി മാറ്റാനാണ് ?

പെരുവിരല് രണ്ടും
കൂട്ടിക്കെട്ടുമ്പോൾ, നോവാതെ
ഒന്നയച്ചു കെട്ടണമെന്നാ-
രോട് പറയാനാണ് ?

അടുത്തിരുന്ന് നാമം ജപിക്കുന്നവന്റെ
അക്ഷരങ്ങൾ ഇടയ്ക്കിടെ
പിഴച്ചു പോകുന്നുണ്ടെ-
ന്നെങ്ങനെ പറഞ്ഞ് ബോധ്യപ്പെടുത്താനാണ്?

കുന്തിരിക്കം പുകച്ചത്
അവന്റെ മൂക്കിൽ വന്ന് കയറുന്ന-
താര് കാണാനാണ്?
ഒന്ന് മാറിക്കിടക്കാൻ അവനെ-
ങ്ങനെ കഴിയാനാണ്?

പൊട്ടിക്കരഞ്ഞ് പായയിൽ
വീണ് കിടക്കുന്നൊരമ്മയെ
കണ്ടു കണ്ടങ്ങനെ മിണ്ടാതെ കിടക്കണം,
അഞ്ചാറു വട്ടം വിളിച്ചിട്ടുമുണ്ണാ-
നെത്താത്ത പരിഭവമിനി അമ്മ
പറയില്ലല്ലോ എന്നോർത്തവൻ വിതുമ്പണം.

എത്ര പാളി നോക്കിയിട്ടും
കാണാത്ത അച്ഛൻ
തെക്കേ ചായ്പ്പിലെ തിണ്ണയിൽ
തല താങ്ങിയിരിക്കയാകുമെന്ന് കരുതണം,
അവസാനമായൊന്ന്
കാലിൽ വീഴാനാവാതെയവന-
ങ്ങനെ നിവർന്നേ കിടക്കണം.

ചുമര് ചാരി പുലമ്പുന്ന പെണ്ണിനെ
കെട്ടിപ്പിടിക്കാനാവാതെ കിടക്കണം,
ചോറിലെ കല്ലു കടിച്ചമർഷമിനി
കാട്ടില്ലെന്ന് പറയാതെ പറയണം.

ഇടയ്ക്കിടെ മുട്ടിലിഴഞ്ഞെത്തി-
നോക്കുന്ന ഉണ്ണിയെ കാണാത്ത പോലെ
തിരിഞ്ഞൂ കിടക്കണം,
ഒരുമ്മ കൊണ്ടവനെ കൊത്തിപറിക്കാന-
ച്ഛനിനി വരില്ലെന്നവനോട് കെഞ്ചണം.

മരണവീട്ടിൽ
കയറി വരുന്നതാരൊക്കെയെന്നാ-
രും കാണാതെ കുറിച്ചിടണം,
കൊറേയെണ്ണമെന്തിന് മോങ്ങുന്നുവെന്നും
ചോദിക്കവയ്യാതങ്ങനേ കിടക്കണം..

മടക്കി വെച്ച കാലൻ കുട;
കോലായിലടുക്കി വെച്ച ചാരുകസേര.
ആറിയിട്ടും അയലിൽ കിടക്കുന്ന
ചുളിഞ്ഞ കുപ്പായം;
പിന്നെ, പകുതി വെട്ടിയിട്ട
കോലും കൊതുമ്പും..
ഇങ്ങനെയിങ്ങനെ
തെക്കോട്ടെടുക്കും മുൻപൊ-
ന്നു കൂടി കാണാൻ കൊതിച്ചവനങ്ങനെ-
യനങ്ങാതെ വെമ്പൽ കൊള്ളണം.

നട്ട തുളസി
അവൻ നനച്ചിരിക്കില്ല,
പെയ്ത മഴയവൻ കേട്ടിരിക്കില്ല,
എന്നും കുളിക്കാനിറങ്ങുന്ന കടവിലെ
കരിങ്കല്ലിൽ
കാലിന്നുരസിയിരിക്കില്ല!

മരിച്ചവൻ
ഇനി മരിക്കാനിടയില്ല.
ഒന്നും മറക്കാനുമിടയില്ല.
തലയിലിങ്ങനെ ഈ ഭൂഗോളം മുഴുവൻ
കത്തി നിൽക്കെ,
മരിച്ചു കഴിഞ്ഞ്
വെള്ള മൂടി ഇറയത്ത്‌
കിടക്കുകയെന്നത് അത്രയെളുപ്പമേയല്ല !

                         -നിസ നർഗീസ്

Leave a Reply

Your email address will not be published. Required fields are marked *