മലയാളികളുടെ എവര്‍ഗ്രീന്‍ ആക്ഷന്‍‌ ഹീറോയുടെ ജന്മദിനം

ജി.കണ്ണനുണ്ണി.

അഭ്രപാളികളിൽ ദൃശ്യ വിസ്മയം തീർത്ത മലയാളികളുടെ എക്കാലത്തെയും ആക്ഷൻ ഹീറോ ‘ ജയൻ’ എന്ന കൃഷ്ണൻ നായരുടെ ജന്മദിനമാണ് ഇന്ന്.കേവലം ആറു വർഷങ്ങൾകൊണ്ട് മലയാള സിനിമയുടെ നെറുകയിലെത്തി അകാലത്തിൽ പൊലിഞ്ഞുപോയ അതുല്യപ്രതിഭ.

തന്റെ സിക്സ് പാക്ക് ശരീരംകൊണ്ടും, ഗാംഭീര്യമുള്ള ശബ്ദംകൊണ്ടും, വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും,തന്റേതായ വസ്ത്രധാരണംകൊണ്ടും, ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും മലയാളി സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ജയൻ.ഇംഗ്ലീഷ് ഭാഷ അറിയാത്തവർ പോലും ജയന്റെ അങ്ങാടിയിലെ “വി ആർ നോട്ട് ബെഗ്ഗേഴ്‌സ്” എന്ന സൂപ്പർഹിറ്റ് ഡയലോഗുകൾ പറഞ്ഞു നടക്കുന്ന കാലമുണ്ടായിരുന്നു.

നേവിയിലെ പതിനഞ്ച് വർഷത്തെ സേവനത്തിനു ശേഷം ചീഫ് പെറ്റി ഓഫിസറായി വിരമിച്ച ജയൻ എന്ന കൃഷ്ണൻ നായർ 1974 ശാപമോക്ഷത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നെ വില്ലൻ വേഷങ്ങളിൽ നിന്ന് ഉപനായക വേഷങ്ങളിലേക്കും നായക വേഷങ്ങളിലേക്കും.

ശരപഞ്ജരവും,അങ്ങാടി യും, കരിമ്പനയും,മീനും, ശക്തിയും,മൂർഖനും,ലൗ ഇൻ സിംഗപ്പൂരും,കോളിളക്കവും എല്ലാം ജയൻ എന്ന ആക്ഷൻ ഹീറോയുടെ പ്രതിഭ മിന്നി മറഞ്ഞ സൂപ്പർഹിറ്റ് ചിത്രങ്ങൾ.ശാപമോക്ഷം മുതൽ കോളിളക്കം വരെ ആറു വർഷം കൊണ്ട് അഭിനയിച്ച തൊണ്ണൂറ് ശതമാനത്തിലധികം ചിത്രങ്ങളും സൂപ്പർ ഹിറ്റുകളും. അക്കാലം വരെ മറ്റൊരു സൂപ്പർ സ്റ്റാറിനും കിട്ടാത്ത ഹിറ്റുകൾ ജയൻ എന്ന അഭിനയ പ്രതിഭയെ തേടിയെത്തി.

ജയനെപോലെ ഡ്യൂപ്പില്ലാതെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയും,ചില്ല് തകർക്കുകയും ക്രെയിലിൽ തൂങ്ങി ആടുകയും ചെയ്ത ഒരു ആക്ഷൻ ഹീറോ മലയാള സിനിമയിൽ പിന്നീട് ഉണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്.

എന്നാൽ കോളിളക്കം എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് രംഗത്തിലെ സാഹസികത ജയനെന്ന മലയാളികളുടെ ആക്ഷൻ ഹീറോയുടെ ജീവനെടുത്തു. തമിഴ്‌നാട്ടിലെ ഷോളവാരത്ത് നടന്ന ഹെലികോപ്റ്ററിൽ തൂങ്ങിയുള്ള സാഹസികമായ ക്ലൈമാക്സ് ചിത്രീകരണത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായി. കേരളചരിത്രം കണ്ട വലിയ വിലാപയാത്രയിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്.1980 നവംബർ 16ന് നാല്പത്തിയൊന്നാമത്തെ വയസ്സിൽ പൗരുഷത്തിന്റെയും,സാഹസികതയുടെയും പ്രതീകമായ ജയനെന്ന മലയാളികളുടെ ആക്ഷൻ ഹീറോ നമ്മോട് വിടപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *