വിശന്ന് വരുന്നവര്‍ക്ക് പൈസനോക്കാതെ ഊണ് നല്‍കുന്ന യശോദാമ്മ

photo courtesy Safuvan Safz

യശോദാമ്മ എന്ന പേര് കനിവിന്‍റെ പര്യായമായി ഇന്ന് മാറി. വിശന്ന് വരുന്നവര്‍ക്ക് കാശ് നോക്കോതെ വയറുനിറയെ അവര്‍ വിളമ്പും. അവരുടെ അടുത്ത് നിന്ന് ഭക്ഷണം കഴിക്കാനെത്തുന്നവരോട് ചെറിയ ഒരു തുകമാത്രമെ ഈടാക്കുകയുള്ളു. ‘ഞാനൊരു പണക്കാരിയായിരുന്നേല്‍ വരുന്നവരോട് പൈസവാങ്ങില്ലായിരുന്നു. എന്തിനാ മക്കളെ ഒരു നേരത്തെ ഭക്ഷണത്തിനൊക്കെ ബില്ല് വാങ്ങുന്നത്’. ഇതാണ് യശോദാമ്മ. ഒരു രൂപ കുറഞ്ഞതിന്‍റെ വിളമ്പിവെച്ച ഭക്ഷണം എടുത്ത് കൊണ്ടുപോകുന്ന ഹോട്ടലുകാരെയാണ് നമുക്ക് പരിചയം.
വെളുപ്പിന് അഞ്ചുമണിക്ക് എണീറ്റ് ചെറിയ സദ്യ തന്നെ ഒരുക്കും യശോദാമ്മ. എല്ലാ ജോലികളും 10 മണിയോടെ തന്നെ തീര്‍ക്കും അവര്‍. 50 പേര്‍ക്കുള്ള ഭക്ഷണമാണ് അവര്‍ എന്നും തയ്യാറാക്കുന്നത്.
കരുനാഗപ്പള്ളി സ്വദേശിയായ യശോദാമ്മ വിവാഹം കഴിഞ്ഞതോടെയാണ് തേവള്ളിയിലെത്തുന്നത്.

ഭര്‍ത്താവ് ചന്ദ്രാംഗദന്‍ പന്ത്രണ്ടുവര്‍ഷം മുന്‍പ് മരിച്ചു.അതിനുശേഷം വീടിനുസമീപം ബാങ്ക് കോച്ചിങ്ങിനായെത്തിയ കുട്ടികളാണ് ഭക്ഷണം തയ്യാറാക്കിത്തരാമോ എന്ന് ചോദിച്ചത്. അവര്‍ക്കായി ഭക്ഷണം ഉണ്ടാക്കിത്തുടങ്ങിയതാണ്. എല്ലാദിവസവും ഉച്ചയ്ക്ക് നല്ല തിരക്കാണ് ഇവിടെ.


യശോദാമ്മയെ എഴുതി വൈറലാക്കിയത് സഫ് വാന്‍

സഫ് വാന്‍ ന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്


“ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി”.
സംസാരംപോലെതന്നെ മധുരമാണ് യശോദാമ്മ വിളമ്പുന്ന ഭക്ഷണവും. കാശിന്റെ കണക്ക് നോക്കിയല്ല വരുന്നവര്‍ക്കായി യശോദാമ്മ ഭക്ഷണം തയ്യാറാക്കുന്നത്. വയ്ക്കാനും വിളമ്പാനും ചെറുപ്പംമുതലേയുള്ള ഇഷ്ടംകൊണ്ടാണ്. കൊല്ലം തേവള്ളിയിലെ കാഞ്ഞിരംവിള വീടിനോട് ചേര്‍ന്നുള്ള ചെറിയ ഷെഡ്ഡിലാണ് അമ്മയുടെ ഈ അടുക്കളയുള്ളത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മറ്റ് ഹോട്ടലുകളുടേതുപോലെ ബില്ലൊന്നുമില്ല. കഴിക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളകാശ് കൊടുത്താല്‍മതി. ഇവിടെ മുതലാളിയും തൊഴിലാളിയും സഹായിയുമെല്ലാം യശോദാമ്മ എന്ന ഒറ്റയാള്‍പട്ടാളമാണ്…!!
രാവിലെ അഞ്ചുമണിക്ക് ഉണരും. പിന്നെ ഉച്ചയൂണ് തയ്യാറാക്കലിന്റെ തിരക്കിലേക്ക്. അന്‍പതുപേര്‍ക്കുള്ള ഊണ് മാത്രമാണ് മിക്കപ്പോഴും തയ്യാറാക്കുന്നത്. ഊണെന്ന് പറഞ്ഞാല്‍ മാത്രംപോരാ നിരവധി വിഭവങ്ങളുള്ള ഒരു ചെറിയസദ്യ എന്ന് പറയുന്നതാകും നല്ലത്. ചോറിനൊപ്പം മീന്‍കറി, മീന്‍ വറുത്തത്, കപ്പ വേവിച്ചത്, പുളിശ്ശേരി, തോരന്‍, ചമ്മന്തി, അച്ചാര്‍ ഇങ്ങനെ നീളും കറികള്‍…!!
രാവിലെ പത്തുമണിക്കുള്ളില്‍ മിക്ക ജോലിയും തീരും. മീനുമായെത്തുന്ന സ്ഥിരം കച്ചവടക്കാരി ചിലപ്പോഴൊക്കെ മീന്‍വെട്ടി നല്‍കുന്നതാണ് പുറമേയുള്ള കൈസഹായം. നേരത്തെ പറയുകയാണെങ്കില്‍ ചിലപ്പോള്‍ ഭക്ഷണം കൂടുതലുണ്ടാക്കും. വിളമ്പി ത്തുടങ്ങിയാല്‍ കൂടിപ്പോയാല്‍ ഒരു മണിക്കൂര്‍. അതിനുള്ളില്‍ പാത്രങ്ങളെല്ലാം കാലിയാകും…!!
അമ്മച്ചിയുടെ ഈ ചെറിയ അടുക്കളയില്‍ കഷ്ടിച്ച്‌ പത്തുപേര്‍ക്ക് ഇരിക്കാനുള്ള സ്ഥലമാണുള്ളത്. ഇവിടെ വിഭവങ്ങളെല്ലാം നിരത്തിവച്ച്‌ യശോദാമ്മ പോകും. ആവശ്യമുള്ളത് എടുത്ത് കഴിക്കാം. ആരും ചോദിക്കാന്‍ വരില്ല. വയറുനിറയുമ്പോൾ അവിടെ വച്ചിരിക്കുന്ന ചെറിയ പാത്രത്തില്‍ കാശ് ഇട്ടിട്ട് പോയാല്‍ മതി. ഒരാളുടെ വയറുനിറയ്ക്കുന്നതില്‍ കൂടുതലെന്ത് പുണ്യമാണെന്ന് യശോദാമ്മ ചോദിക്കുന്നു…!!
കരുനാഗപ്പള്ളി സ്വദേശിയായ യശോദാമ്മ വിവാഹം കഴിഞ്ഞതോടെയാണ് തേവള്ളിയിലെത്തുന്നത്. ഭര്‍ത്താവ് ചന്ദ്രാംഗദന്‍ പന്ത്രണ്ടുവര്‍ഷം മുന്‍പ് മരിച്ചു.അതിനുശേഷം വീടിനുസമീപം ബാങ്ക് കോച്ചിങ്ങിനായെത്തിയ കുട്ടികളാണ് ഭക്ഷണം തയ്യാറാക്കിത്തരാമോ എന്ന് ചോദിച്ചത്. അവര്‍ക്കായി ഭക്ഷണം ഉണ്ടാക്കിത്തുടങ്ങിയതാണ്. അമ്മച്ചിയുടെ അടുക്കളയെപ്പറ്റി കേട്ടറിഞ്ഞ് പിന്നീട് കുറെയാളുകള്‍ എത്തി. ഇപ്പോള്‍ ഈ ചെറിയകടയില്‍ നിന്നുതിരിയാന്‍പോലും പറ്റാത്തത്ര തിരക്കാണ്…❤️

Leave a Reply

Your email address will not be published. Required fields are marked *