സിനിമാ ജീവിതത്തിലെ ആദ്യ പിറന്നാള്‍ ലൊക്കേഷനില്‍ ആഘോഷമാക്കി ഉത്തര ശരത്ത്

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് സിനിമാ ജീവിതത്തിലെ ആദ്യ പിറന്നാള്‍ കാനയുടെ ‘ഖെദ്ദ’ യുടെ ലൊക്കേഷനില്‍ ആഘോഷിച്ചു.


കേക്ക് മുറിച്ച് എല്ലാവര്‍ക്കും മധുരം പങ്കിട്ട് ഉത്തര തന്‍റെ സിനിമാ ജീവിതത്തിലെ ആദ്യപിറന്നാള്‍ ഗംഭീരമാക്കി. കേരളത്തില്‍ വെച്ച് ആദ്യമായിട്ടാണ് ഉത്തര പിറന്നാള്‍ ആഘോഷിക്കുന്നത്. ആദ്യസിനിമയുടെ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് ഇരട്ടിമധുരമായെന്ന് ഉത്തര പറഞ്ഞു. ആശാ ശരത്തും ഉത്തരയും അമ്മയും മകളുമായി ഒന്നിച്ച് അഭിനയിക്കുന്ന മനോജ് കാനയുടെ ഖെദ്ദയുടെ പ്രധാന ലൊക്കേഷന്‍ ആലപ്പുഴ എഴുപുന്നയിലാണ്. അവിടെവെച്ചായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍.


അച്ഛനും അമ്മയ്ക്കും ഒപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. കേരളത്തില്‍ വെച്ച് ഉത്തരയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതും; അത് അവളുടെ ആദ്യ സിനിമയുടെ ലൊക്കേഷനില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു.


ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ഖെദ്ദയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടിയ പ്രതാപ് പി നായര്‍ ക്യാമറയും അശോകന്‍ ആലപ്പുഴ ചിത്രത്തില്‍ കോസ്റ്റ്യൂമും നിര്‍വ്വഹിക്കുന്നു. പട്ടണം ഷാ, മനോജ് കണ്ണോത്ത്, ഹരി വെഞ്ഞാറമൂട്, തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *