തലയണ (കവിത)
നിന്റെ സുഖനിദ്രക്ക് അന്തി-
വെളുക്കുവോളം താങ്ങായ് നിന്നവൾ
നീ വാരിപുണർന്നുറങ്ങിയപ്പോൾ
ഇണപിരിയാതെ ഉണർന്നിരുന്നവൾ
പകലുതീരുവോളം ഏകയായ് നിന്നോർമ്മയിൽ മനസ്സെരിച്ചവൾ
നിന്റെ താക്കോൽകൂട്ടത്തെ
സൂക്ഷിക്കാൻ നീ വിശ്വസിച്ചവൾ
നിന്റെ സ്വാർത്ഥത കണ്ടില്ലെന്നു നടിച്ച്
ഒരുജന്മം എരിച്ചു തീർപ്പവൾ
എന്നിൽ മുഖംചേർത്തുനീഅശ്രു-
പൊഴിച്ചപ്പോൾ സാന്ത്വനിപ്പിച്ചവൾ
നിനക്കാരോ ഓതിയ ദുർചിന്തകൾക്ക്
തലയണ മന്ത്രമെന്നു പഴികേട്ടവൾ.
-കണ്ണനുണ്ണി ജി.