അന്നും മഴപെയ്തിരിക്കാം.


സുഗുണൻ ചൂർണിക്കര


ആദ്യമായ് കണ്ടതെന്നാണോ?
ഓർക്കുന്നതില്ല ഞാനൊന്നും.
ഒന്നുറപ്പാണെനിക്കിന്നും പ്രിയേ,
അന്നും മഴപെയ്തിരിക്കാം !
കാട്ടുപൊന്തയ്ക്കുള്ളിലാർക്കും
നോട്ടമെത്താക്കോണിൽ നിൽക്കും
പാഴ്ച്ചെടിത്തണ്ടുകൾ പോലും ,അന്ന്
പൂത്തുലഞ്ഞാടിയിരിക്കാം!
പാറയിൽ നിന്നുമലിവോലും, തേ –
നൂറിയിട്ടുണ്ടായിരിക്കാം!
പാഴ്മുളന്തണ്ടുകൾ താനേ, പത-
ഞ്ഞേതോ ലഹരിയിലാണ്ടിരിക്കാം!
മിഴികൾ വിടർത്തി നീ നോക്കി നിൽക്കെ, ചാരു-
ശലഭങ്ങൾ ചുറ്റും പറന്നിരിക്കാം!
മധുരമാം മൊഴി കേട്ടു പാട്ടു നിർത്തി, പൂ –
ങ്കുയിലുകൾ അരികത്തിരുന്നിരിക്കാം!
പാഴ്മരക്കൊമ്പുക,ളാരോ നിറംവാരി –
തൂവിയ പോൽ പൂത്തുലഞ്ഞിരിക്കാം!
മൂവന്തിയാട്ടെ വിഭാതമാട്ടെ, കാറ്റു
മൂളാതെ യരികത്തു വന്നിരിക്കാം!

ആദ്യം പറഞ്ഞതെന്താവാം?
ഇഷ്ടമാണെന്നോ, പേടിയാണെന്നോ?
ഒന്നുറപ്പാണെനിക്കിന്നും, പ്രിയേ,
അന്നും മഴപെയ്തിരിക്കാം!
എത്ര ദൂരങ്ങൾ നാം താണ്ടി, പിന്നെ –
യെത്ര സാരംഗിയിൽ ഈണമായി !
എത്ര ഋതുക്കളിൽ വർഷമായി, നമ്മ-
ളെത്ര സന്ധ്യയ്ക്കു ചുവപ്പുനൽകി!
ഇന്നും മഴ വന്നു തോർന്നു നിൽക്കെ, കരൾ –
ചില്ലയിൽ നീയും നനഞ്ഞിരിക്കെ,
കൊണ്ടു പോയീടുമോ ഓർമ്മകൾ നമ്മെയാ-
നല്ല ചിത്രങ്ങൾ തെളിച്ചുകാട്ടാൻ ?
ഒന്നുറപ്പാണെനിക്കിന്നും, പ്രിയേ, അന്നും മഴപെയ്തിരിക്കാം !

Leave a Reply

Your email address will not be published. Required fields are marked *