വാതരോഗത്തിന് കണിക്കൊന്ന

ഡോ. അനുപ്രീയ ലതീഷ്

വിഷുവിന് കണിക്കൊന്ന ഇല്ലെങ്കില്‍ കണി ഒരുക്കാന്‍ തന്നെ മടിയാണ്. വിഷുക്കണി ഒരുക്കുന്നതില്‍ കണിക്കൊന്നയുടെ പ്രാധാന്യം അത്ര വലുതാണ്.

അലങ്കാരച്ചെടിയായും തണൽ‌വൃക്ഷമായും വച്ചുപിടിപ്പിക്കാറുള്ള കണിക്കൊന്ന കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.

കുടുംബം : സിസാൻ പിനിയേസി
ശാസ്ത്ര നാമം : കാഷിയ ഫിസ്റ്റുല


ഐതീഹ്യം

ശ്രീരാമൻ ബാലിയെ വധിച്ചത് കൊന്ന മരത്തിന് മറഞ്ഞു നിന്നിട്ടാണെന്ന വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് കൊന്ന മരം എന്ന പേരുണ്ടായി എന്ന് ഐതിഹ്യം .ഈ ദുഷ്പേരിന് പരിഹാരമായി ദ്വാപുര യുഗത്തിൽ ആദരിക്കപെടും എന്ന് ശ്രീരാമൻ വരം കൊടുത്തു. ദ്വാപുര യുഗത്തിൽ തന്‍റെ പ്രിയ പുഷ്പമാകാനാണ് ഭഗവാന്‍ കൊന്ന മരത്തിന് അനുഗ്രഹം കൊടുത്തത്

കണികൊന്നയുടെ ഔഷധഗുണങ്ങള്‍


കൊന്നപ്പൂവിന്‍റെ നീരില്‍ രക്തചന്ദനം അരച്ച് പുരട്ടിയാല്‍ വെള്ളപ്പാണ്ട് (VITILIGO) ശമിക്കും.

കൊന്നപ്പൂവ് ചെറുനാരങ്ങാനീരിലരച്ച് ശരീരത്തില്‍ തേച്ചു ഒരു മണിക്കൂര്‍ കഴിഞ്ഞ് കുളിപ്പിച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന്‍ മുതലായവ വേഗം ശമിക്കും.

കയ്യോന്നിയും നീലയമരിയും വള്ളിയുഴിഞ്ഞയും മയിലാഞ്ചിയും ചെമ്പരത്തിയും കൊന്നപ്പൂവും ചേർത് എണ്ണ കാച്ചി തേച്ചാൽ മുടി മുറിയുന്നതും താരനും നിശേഷം മാറും

മലബന്ധം, വയറുവേദന ഇവയ്ക്ക് കണിക്കൊന്നയുടെ ഫലമജ്ജ കുരു കളഞ്ഞു പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശമനം ലഭിക്കും.

കണിക്കൊന്ന തൊലിയും ഫലമജ്ജ കുരുകളഞ്ഞതും ചേര്‍ത്ത് അരച്ച് മുറിവില്‍ പുരട്ടുന്നത് മുറിവ് ഉണങ്ങാന്‍ സഹായകരമാണ്.

കണിക്കൊന്നയുടെ തളിരിലകള്‍ തൈരില്‍ അരച്ച് പുരട്ടുന്നത് ചുണങ്ങു മാറുന്നതിന് ഫലപ്രദമാണ്.

കണിക്കൊന്ന പൂവ് ഉണക്കി പൊടിച്ച് പാലില്‍ സേവിക്കുന്നത് ശരീരശക്തി വര്‍ദ്ധിപ്പിക്കും.

കണിക്കൊന്നയുടെ തളിരിലകള്‍ തോരനാക്കി കഴിക്കുന്നത് കുട്ടികളുടെ മലബന്ധം മാറ്റും.

കണിക്കൊന്നയുടെ ഇലകള്‍ കഷായം വച്ച് കഴിക്കുന്നത് പനി, ചുമ എന്നിവക്ക് ഫലപ്രദമായ ഔഷധമാണ്.

കണിക്കൊന്നയുടെ വേര് കഷായം വച്ച് കുടിക്കുന്നത് മൂത്രതടസം ഇല്ലാതാക്കും.

കണിക്കൊന്നവേരും ചെറുനാരങ്ങാ നീരും അല്‍പം കര്‍പ്പൂരം ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുന്നത് ത്വക്ക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്

Leave a Reply

Your email address will not be published. Required fields are marked *