പ്രണയത്തിന്‍റെ മണമുള്ള തഞ്ചാവൂര്‍ അമ്മവീട്

അമ്മവീടുകൾ തിരുവനന്തപുരത്തിന്റെ പൈതൃക സമ്പത്താണ്. രാജാക്കന്മാർ ഭാര്യമാർക്കായി പണിതുനൽകുന്ന പ്രേമോപഹാരങ്ങളാണ് ഇവ.പ്രണയത്തിന്റെ മണമുള്ള ഈ വീടുകളിൽ ചിലത് കാലത്തിന്റെ കെടുതികളെ അതിജീവിച്ചും നഗരത്തിന്റെ പലഭാഗങ്ങളിൽ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു.

ഏതുദേശത്തുനിന്നാണോ ഭാര്യമാരെ ദത്തെടുത്തു വിവാഹംചെയ്യുന്നത് ആ നാടിന്റെ പേരിലായിരിക്കും അമ്മവീടുകൾ അറിയപ്പെടുന്നത്.നാഗർകോവിൽ, തിരുവട്ടാർ, അരുമന, തഞ്ചാവൂർ, വടശ്ശേരി തുടങ്ങിയ ദേശങ്ങളിലേക്കു ദത്തെടുത്താണ് തിരുവിതാംകൂർ രാജാക്കന്മാർ ഭാര്യമാരെ സ്വീകരിച്ചിരുന്നത്.അതിനാൽ ഈ പേരുകളിലാണ് തലസ്ഥാനത്തെ അമ്മവീടുകൾ അറിയപ്പെടുന്നത്.

സംഗീത സമ്രാട്ടായിരുന്ന സ്വാതി തിരുനാൾ മഹാരാജാവ്, മൂന്നാം ഭാര്യയായ സുന്ദരലക്ഷ്മിക്കായി മനോഹരമായ എട്ടുകെട്ട് കോട്ടയ്ക്കു വെളിയിൽ പണിതുനൽകി.പിന്നീടിത് 16 കെട്ടായി വിപുലീകരിച്ചു.ഇപ്പോഴത്തെ പടിഞ്ഞാറേക്കോട്ടയ്ക്കു സമീപത്താണത്.സുന്ദരലക്ഷ്മി തഞ്ചാവൂരുകാരിയായിരുന്നെങ്കിലും ഈ മാളികയ്ക്ക് വടശ്ശേരി പടിഞ്ഞാറേ അമ്മവീടെന്നായിരുന്നു പേര്.സുന്ദരലക്ഷ്മിയുടെ ചേച്ചി സുഗന്ധപാർവതിയും ഇവിടെ താമസിച്ചിരുന്നു.ഇവരുടെ കാലശേഷം ഈ വീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുറേക്കാലം കിടന്നു.

ശ്രീമൂലം തിരുനാൾ, മകൻ കൊച്ചു ശ്രീനാരായണൻ തമ്പിയ്ക്ക് ഇതു കൈമാറി.അദ്ദേഹം ഇതു സംരക്ഷിക്കുകയും വടക്ക് വശത്ത് മുറ്റത്ത് മനോഹരമായ രണ്ടുനില മാളിക പണിയുകയും ചെയ്തു.തഞ്ചാവൂർ സഹോദരിമാരായ സുന്ദരലക്ഷ്മിയുടെയും സുഗന്ധപാർവതിയുടെയും സ്മരണയ്ക്കായി പുതിയ മാളികയ്ക്ക് തഞ്ചാവൂർ അമ്മവീടെന്നു പേരിട്ടു.അതാണ് പടിഞ്ഞാറേക്കോട്ടയിൽനിന്നു ഈഞ്ചക്കലേക്കുള്ള റോഡിൽ ശ്രീപദ്മം കല്യാണമണ്ഡപത്തിന് എതിർവശത്ത് ഗതകാല പ്രൗഢിയോടെ വിളങ്ങുന്നത്.

നിർമാണരീതിയിൽതന്നെ ഏറെ പ്രത്യേകതകളുള്ളതാണ് ഈ അമ്മവീട്.വിദേശീയവും സ്വദേശീയവുമായ പലവിധ ശൈലികൾ സംയോജിപ്പിച്ചാണ് കെട്ടിടം പണിതത്.ജനലുകൾ കെട്ടിടത്തിനു പുറത്തേക്കു തള്ളുന്നത് തഞ്ചാവൂർ ശൈലിയാണ്.മിന്നാരങ്ങൾ മുഗൾ വാസ്തുശൈലിയിലാണ്.ജനലിലും വാതിലിലും വിക്ടോറിയൻ മാതൃകയിലാണ് ഗ്ലാസുകൾ പതിപ്പിച്ചിട്ടുള്ളത്.ജനൽ കർട്ടനു പകരം പാളികൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഫ്രഞ്ച് ശൈലിയും സ്വീകരിച്ചിട്ടുണ്ട്.കേരളത്തിന്റെ മാതൃകയിലാണ് മേൽക്കൂര സ്ഥാപിച്ചിട്ടുള്ളത്.

ബെൽജിയൻ മിററുകൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.ചവിട്ടുപടികൾ വിദേശ മാതൃകയിലാണ്.ചുവരുകളിൽ പന്തം വെക്കുന്നതിനുള്ള പടികൾ പണിതിട്ടുണ്ട്.കിടപ്പുമുറിയിൽ പങ്ക സജ്ജീകരിച്ചിട്ടുണ്ട്. ചരടുപയോഗിച്ച് കൈകൊണ്ടു പ്രവർത്തിപ്പിക്കുന്നവയാണ് പങ്കകൾ.രണ്ടു നിലകളിലായി 10 മുറികളുണ്ട്.ഇവയ്ക്കു പുറമേ ചെറുതും വലുതുമായ ഹാളുകളും.വെള്ളത്തിന് ഹാൻഡ് പമ്പ് ഉപയോഗിക്കുന്ന ആധുനിക ശുചിമുറികളും ഈ കെട്ടിടത്തിലുണ്ടായിരുന്നു.

തലസ്ഥാനത്ത് ആദ്യം വൈദ്യുതീകരിച്ച കെട്ടിടങ്ങളിലൊന്ന് ഇതാണെന്നു ചരിത്രകാരന്മാർ പറയുന്നു.അപൂർവ എണ്ണച്ചായാച്ചിത്രങ്ങൾ കെട്ടിടത്തെ അലങ്കരിച്ചിരുന്നു.ശ്രീമൂലം തിരുനാളിന്റെ ഭാര്യയുടെ എണ്ണച്ചായാച്ചിത്രം ഇവിടെനിന്നു പണ്ട് മോഷണം പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.1890-കളാണ് ഈ കെട്ടിടത്തിന്റെ നിർമാണകാലമായി കണക്കാക്കുന്നത്.

കടപ്പാട് പ്രവീണ്‍ പ്രകാശ്

Leave a Reply

Your email address will not be published. Required fields are marked *