മലയാള സിനിമയുടെ സൂപ്പർ ഹിറോ ‘മിന്നൽ മുരളി’ ഓണത്തിന് :പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ
മലയാളസിനിമയുടെ ആദ്യ സൂപ്പർ ഹീറോ ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’ ഓണത്തിന് തിയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്.
അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ്, തമിഴ് നടൻ സോമ സുന്ദരം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് രചന. വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാന്നറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടൻ മോഹൻലാൽ പുറത്തുവിട്ടു. വാണിജ്യ വിജയം നേടിയ ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പു മുരളിയെന്ന് തെലുഗു പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.
കൊവിഡിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് ക്ലൈമാക്സ് ചിത്രീകരണം പൂർത്തിയായത്. 20 ദിവസങ്ങൾ കൊണ്ടാണ് ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത്.