ആട്ടുകല്ലും നിലവിളക്കും.
അദ്ധ്യായം 1
ഗീത പുഷ്കരന്
മടിക്കുത്തു നിറയെ നൂറിന്റെ നോട്ടുകൾ നിറച്ചു വച്ചിട്ടായിരുന്നു മീനാക്ഷി ചന്തയിൽ പോകുക . തന്നെ കാണുവാൻ ചന്ത
ഇങ്ങോട്ടു വന്നാലോ എന്ന ഉൾഭയം മൂക്കുമ്പോഴായിരുന്നു മീനാക്ഷി ഓലാങ്കൊട്ടയുമായി പടിയിറങ്ങുക.
അന്ന് അങ്ങിനെയൊരു ദിവസമായിരുന്നു
കടും ചുവപ്പുനിറമുള്ള ബ്ളവുസ് ജോസ് മേശരി തയ്ച്ചതാണ്. വിടവും വടിവും തെളിഞ്ഞങ്ങിനെ തലയുയർത്തി നിൽക്കുന്ന പോർമുലകൾ , ഒന്നും കൂടി തലയെടുപ്പോടെ നിൽക്കും ചന്തക്കു പോകുമ്പോൾ – അതിനെ നോക്കുന്നവന്റെ കണ്ണിലേക്ക് അതും തുറിച്ചുനോക്കുന്നതുപോലെ .
ആര്യപറമ്പുകാരുടെ തെന്നുന്ന പാടവരമ്പു വഴി തെന്നിത്തെറിച്ചു് അവളുടെ വരവു കണ്ണിൽപ്പെട്ടപ്പോഴെ ചായയടിക്കുന്ന ദിവാകരൻ ചേട്ടന്റെ മേലോട്ടു പൊങ്ങിയ കൈയ്യിലെ അലൂമിനിയ പാത്രത്തിലെ ചായയുടെ ലക്ഷ്യം തെറ്റി ഇടതുകാലു തളർന്ന കൊച്ചാപ്പിയുടെ
തളന്തൻകാലിൽ പതിച്ചു. കൊച്ചാപ്പിയുടെ വായിൽനിന്ന് കരപ്പുറം ഫേമസ് കലക്കൻ തെറിയൊന്നു പുറത്തേക്കു ചാടി.
നാലുകുറ്റിപുട്ടും കട്ടനുമായി മല്ലിട്ടു കൊണ്ടിരുന്ന മാന്നാറുകാരൻ
പാത്രക്കച്ചോടക്കാരൻ വരത്തൻ റാവുത്തരുടെ
നാവു വായിൽക്കിടന്ന് ആഭാസകരമായി തുഴഞ്ഞു..റാവുത്തരുടെ ചുവന്ന ഉണ്ടക്കണ്ണ് കിഴക്കേ പാടവരമ്പത്തു കണ്ണുനട്ടു നിൽക്കുന്ന ദിവാകരൻ ചേട്ടന്റെ കണ്ണിന്റെ ലക്ഷ്യം പിൻതുടർന്നപ്പോഴായിരുന്നു അത്.
അതു കണ്ടു മരംകേറി തിത്തിലിയുമ്മ
നീട്ടിത്തുപ്പിയ മുറുക്കാൻപത കടമുറ്റത്തേക്കു കയറിവന്ന പാൽക്കാരൻ ദണ്ഡപാണിയുടെ പാൽപ്പാത്രത്തിലും വെള്ളമുണ്ടിലും പൂക്കളമിട്ടതു കണ്ട് പൊട്ടിച്ചിരിച്ച
അരക്കൻ പൗലോസിന്റെ കരണം പുകഞ്ഞു പോം വിധം ഒരടി കൊടുത്തു ഗംഗൻ. പശുക്കയറിൽ ഉരഞ്ഞുരഞ്ഞു തഴമ്പിച്ച കൈയ്യുടെ ചൂട് പൗലോസിനു താങ്ങാനായില്ല.
സംഭവമങ്ങനെ കളറായി വരുന്ന വരവിൽ
റാവുത്തർ കുളക്കടവിൽ പൊങ്ങിപ്പറക്കുന്ന കൊതുകിനെ ചാടിപിടിക്കാനായുന്ന
ബ്രണ്ടൻ തവളെപ്പോലെ ഒറ്റച്ചാട്ടം
കടയ്ക്കു പുറത്തേക്ക്.
കടയുടെ മുറ്റത്തേക്ക് വലം കാലു വച്ച്
ദിവാകരൻ ചേട്ടോ .. ഒരു പാൽച്ചായ
എന്ന് പാൽപ്പത തുളുമ്പുന്ന, തടിച്ചു ലേശംമലർന്ന ചുണ്ടിത്തിരി കൂടി മലർത്തി
വിളിച്ചു പറഞ്ഞ മീനാക്ഷി ഓടിമാറിയില്ലായിരുന്നെങ്കിൽ ചതഞ്ഞു പോയേനെ .
ഇയ്യാക്കിതെന്നാത്തിന്റെ കേടാടോ
കോപ്പേ? ദിവാകരൻ ചേട്ടൻ ചൂടായി.
ഒപ്പം തളന്തൻ കൊച്ചാപ്പി മുതൽ തിത്തിലിയുമ്മ വരെ കോറസു പാടി.
റാവുത്തര് തിരിഞ്ഞു നോക്കാതെ
കടയുടെ പിന്നാമ്പുറം വഴി പടിഞ്ഞാട്ടോടി.
ചന്തേലേത്തിയ മീനാക്ഷി പാത്രക്കടയിലേക്കാണ് ആദ്യം നോക്കിയത്.
റാവുത്തർ കരിപിടിച്ച ചെമ്പു കലങ്ങളെ തോല്പിക്കുന്ന വയറുമായി കുട്ടകം, ചരുവം
കിണ്ടി, നിലവിളക്കു കൂട്ടത്തിന്റെ നടുക്ക്
പുൽപ്പായയിൽ നാലെടങ്ങഴി അരിയിട്ടാട്ടുന്ന ആട്ടുകല്ലിൻമേൽ കല്ലുംപിള്ള എന്നപോൽ ആസനസ്ഥനായിരുപ്പുണ്ട്.
അയാളെ ഊള നോട്ടത്തെ ഒരു തകർപ്പൻ
തുറിച്ചു നോട്ടം കൊണ്ട് മുനമടക്കി മീനാക്ഷി
മീൻകാരുടെ മുന്നിലേക്കു നടന്നു.
പൊഴിച്ചാലിലെ മുട്ടൻവരാലുകൾ കിടന്നു പിടക്കുന്ന അലുമിനിയച്ചരുവത്തിന്റെ പ്ളാസ്റ്റിക്കു മറമാറ്റി മീനാക്ഷി കൈയ്യിട്ട്
കൂട്ടത്തിൽ മുതിർന്നവന്റെ കഴുത്തേൽ പിടിമുറുക്കി നിമിഷംകൊണ്ട് കഴുത്തൊടിച്ചു ഓലാ ങ്കൊട്ടേലേക്കിട്ടു. മീനിന്റെ ഉടമസ്ഥൻ
തന്തേത്തല്ലി സുന്ദരൻ സുന്ദരമായൊരു
ചിരിയോടെ മീനാക്ഷി നീട്ടിയ നൂറിന്റെ നോട്ടുകൾ എണ്ണാതെ പ്ളാസ്റ്റിക്കു പാത്രത്തിലേക്കിട്ടു.
അമ്പഴങ്ങക്കുല കണ്ടു കൈ നീട്ടി മൂന്നാലു കുല ഒന്നിച്ചു വാരി മീനാക്ഷി . പെടക്കണ പള്ളത്തി കാണെടിയെ മീനാച്ചിയേ… എന്ന് ഒരു വശം ചരിഞ്ഞ് പിച്ചാത്തി ത്തുമ്പാൽ
കുഴികുത്തി മുറുക്കാൻ ചവച്ചതു കുഴിയിലേക്കു തുപ്പി മൂടണതിനിടയിൽ പങ്കിച്ചേച്ചി വിളിച്ചു പറഞ്ഞു. നാലു പങ്കു
പള്ളത്തീം എടുത്തു കാശും വാരിക്കൊടുത്ത് മീനാക്ഷി തിരിച്ചു കിഴക്കോട്ടു നടക്കുന്നത് മാരാൻ ഗോപിയുടെ മകൻ നെഞ്ചിലെ
ചെണ്ടമേളം കണക്കാക്കാതെ കണ്ടു നിന്നതാണ്.
സന്ധ്യ മയക്കത്തിന് മീനാക്ഷീടച്ചൻ ചന്തേ ക്കണ്ടോരോടൊക്കെ
മീനാക്ഷിയെ കണ്ടോ എന്നു ചോദിച്ചു നടക്കുന്നതു
കണ്ടു തേങ്ങാവിൽക്കുന്ന സുലഭ ഒരാന്ധാളിപ്പോടെ ചുറ്റുപാടും നോക്കിക്കൊണ്ടു ,കിട്ടിയ കാശും ,ബാക്കി തേങ്ങായും കുട്ടേലേക്ക് വാരിയിട്ട് എഴുന്നേറ്റു പോയി.
പാതിരാക്കാണ് പാത്രക്കടേടെ പിന്നാം പുറത്തെ വാതിലു തള്ളിത്തുറന്ന് കക്കാൻ കേറിയ ആക്രി അശറു കാറിക്കൊണ്ടോടി
ചന്തപിടിച്ച മജീദിന്റെ വീട്ടിലോട്ട് ഓടിക്കേറിയത്.
ആട്ടുകല്ലിന്റെ കുഴവിയിരിക്കാൻ പാകത്തിന് പൊക്കിൾക്കുഴിയുള്ള റാവുത്തരുടെ
വയറ്, നിറം കെട്ട നിലവിളക്കു കടിച്ചു പിടിച്ച കാഴ്ച കണ്ട് മജീദ് എന്റെ പടച്ചോനെ
എന്ന് ഒറ്റവിളി . ബോധം പോയി
ഉത്തരത്തിൽ തൂങ്ങിനിന്ന മീനാക്ഷിയെ സുലഭയാണു കണ്ടത്.
തുടരും
ഫോട്ടോ കടപ്പാട് ഗൂഗിള്
Pingback: ആട്ടുകല്ലും നിലവിളക്കും 2 – Koottukari