ആട്ടുകല്ലും നിലവിളക്കും 2
ഗീത പുഷ്കരന്‍
പതിവിലും താമസിച്ചാണ് മീനാക്ഷിയെ കാണാതായ ദിവസം സുലഭ ഉണർന്നത്.. പാതിരാക്കോഴി കൂവുമ്പം ചീട്ടുകളീം വെള്ളമടീംകഴിഞ്ഞു കെട്ടിവച്ച ചെറ്റവാതിൽ പൊളിച്ചുകേറിവന്ന ചന്ദ്രപ്പന്റെ ഭ്രാന്തിന് കെടന്നു കൊടുത്ത് നൊന്തും നീറിയും തഴപ്പായേക്കിടന്ന് ഞരങ്ങിയും നേരം വെളുത്തതറിഞ്ഞില്ല. വെച്ചും വെളമ്പീം പാത്രത്തിലാക്കീം വച്ചിട്ട് കെട്ടിയോനെ വലിച്ചു വേലിക്കരുകിലെ മറപ്പെരേലിരുത്തീട്ട് ചുടുവെള്ളം കുളിക്കാൻ
കൊടുത്തിട്ട് പത്തിരുപത്തഞ്ചു പച്ചത്തേങ്ങാ പൊതിച്ചതും വാക്കത്തീം പിച്ചാത്തീം എടുത്തു കൊട്ടേലേക്കിട്ട് ഓടിയതാണ് ചന്തേ ലേക്ക് . കുളി കഴിഞ്ഞുവന്നാ അങ്ങേരു പിന്നേം മുതുകത്താട്ടുകേറും നേരോം കാലോം നോക്കുകേല.
പത്തുമണി കഴിഞ്ഞാ കരിച്ചെറവഴി ആളനക്കമൊണ്ടാവേലാലല്ലാ, കണ്ണെത്തുവോളം കരിപ്പാടങ്ങളാണല്ലാ.. വെള്ളം മെത്തിക്കെടപ്പുമൊണ്ട്.
കാലേലേതാണ്ടു കൊണ്ടെന്നു തോന്നീട്ട് കൊട്ടതാഴത്തു വച്ച് കാലിക്കൊണ്ട കണ്ടത്തിച്ചുള്ളീട മുള്ള് ഊരിയെടുക്കുമ്പോഴാണ് മൊരടനക്കണ ഒച്ച കേട്ടത്. പിന്നാട്ടു തിരിഞ്ഞു നോക്കുമ്പം
പിശാശു വേലാഞ്ചേട്ടൻ. സർവ്വ നാഡീം തളർന്നു കേട്ടാ.. പക്ഷേങ്കി അയാളൊന്നും പറഞ്ഞില്ല. അയാക്കട ന്യായത്തിന്
തോളത്തെ തോർത്തു വലിച്ചു മാറ്റി
മൊല പിടിച്ചു ഞെരിച്ചിട്ടേ അയാ പോ കേള്ളു. വെറച്ചു കൊണ്ടാണ് നിന്നത്, അയാ പോകുംവരെ .
ഇയാക്കെന്നാ പറ്റിയെന്ന് പിശാശ് ഇനി മനുഷേനായാ.. ആർക്കറിയാം.
അയാ തോറ്റിട്ടൊള്ളതു മീനാക്ഷിയോടു മാത്രാണ്. അവളെങ്ങാനും അയാ കണ്ടാ , അയാടെ കൈ നീണ്ടാ അടി ഒറപ്പാണ്.
അതാണ് മീനാക്ഷീടച്ചൻ അവളെ തെരക്കി വന്നപ്പം ഒരു പരവേശം തോന്നിയത്. മീനാക്ഷിയെങ്ങാ ആ വഴി വന്നിട്ടൊണ്ടാന്ന് ആരേടാണൊന്നു തെരക്കണത്.
കഞ്ഞീം കുടിച്ചു കെടന്നിട്ടും എന്നാന്നറീല്ല ഒരു ഏനക്കേടു മനസീ തോന്നീരുന്നു.
പാതിരാക്കാരൻ വന്നപ്പം ഇച്ചിരിയല്ല ഒത്തിരി കൂടുതലു വലിച്ചു കേറ്റീട്ടൊണ്ടാരുന്നു. ഷാപ്പിലല്ലേ പണി.
എഴുപുന്ന മങ്കൂർണീടെ മണം മൂക്കിലാട്ടടിച്ചു കേറി. തീനും ശരിക്കു തിന്നിട്ടുണ്ടാരുന്നു താറാവെറച്ചീം അപ്പോവാരുന്നെടീ കഴിച്ചതെന്ന് പറയുകേം ചെയ്തു.
കാലത്തെ ചന്തേച്ചെന്നപ്പഴാണ് റാവുത്തറുടെ
കടക്കു ചുറ്റും ആളുംബെഹളോം.
ഇച്ചിരി ദൂരെ നിന്നു നോക്കിയപ്പം
പെണ്ണൊരുത്തി തൂങ്ങി കെടക്കണെന്നു തോന്നി കെട്ടാ. മീനാക്ഷിയാണേ തൂങ്ങിക്കെടക്കണതേയെന്ന് അലറിക്കരഞ്ഞു കൈ ചൂണ്ടിയപ്പഴാണ്
നാട്ടുകാരും കണ്ടത്. മീനാക്ഷി തന്നേന്ന്
അവർക്കു തോന്നി. കെട്ടഴിച്ചുതാഴെട്ടപ്പഴാണ് അവളല്ലാന്ന് മനസിലായതേ , പക്ഷേങ്കി ഒരു കിളിന്തു പെണ്ണ്. ഒടലൊക്കെ കൊറച്ചു പൂർണ്ണിച്ചൊരു പെങ്കൊച്ച്.ആർക്കും ഒരു പരിചയോമില്ലാഞ്ഞ പെണ്ണ്
അതും റാവുത്തരടെ കടേ, അയാളു ചത്തു കെടക്കുമ്പം തൂങ്ങാൻ വന്നതെന്നാ വഴിയാണാ ആർക്കറിയാം.. അയാളാണേൽ എന്നും കടപൂട്ടി വീട്ടിപ്പോകണവനും. ഇതെന്നാണ് സംപവിക്കണതേ എന്റെ പകവതീ.
സുലഭ കൈനെഞ്ചത്തു വച്ചു തൊഴുതു നിന്നു തേങ്ങി.
പോലീസും നാട്ടുകാരും കച്ചോടക്കാരും കൂടി ചന്തയിളക്കി മറിക്കണൊണ്ട്. സുലഭ പുറകിലേക്ക് നീങ്ങി ചന്തപ്പിരിവുകാരന്റെ മുറീടെ തിണ്ണേലിരുന്നു
ചായക്കട ദിവാകരന്റെ ചുറ്റും പതിവുകാരൊക്കെ മൗനമാചരിച്ചിരിപ്പുണ്ട്.
അടുപ്പു കത്തിച്ചിട്ടില്ല.
നാടുമൊത്തം ഒരു നിശ്ചലാവസ്ഥ .തളന്തൻ
കൊച്ചാപ്പിടെ വലതു കാലും തളന്നതു പോലെ ഇരിപ്പുണ്ട്. തിത്തിലിയുമ്മ
ഒരു കീറു വെറ്റില ഇടം കൈത്തലത്തിലിട്ട്
വലതു കൈയ്യാൽ തിരുമ്മിത്തിരുമ്മി വെറ്റില
ചവച്ചു തുപ്പിയതു പോലെയായി. ശോകരംഗമങ്ങിനെ അരങ്ങുകൊഴുപ്പിച്ചു നിൽക്കുമ്പോഴാണ് ചങ്ങരംകാട്ടെ പട്ടാളക്കാരൻ തന്റെ ബുള്ളറ്റു വിറപ്പിച്ചു
വരമ്പു വഴി മസിലുപിടിച്ചു വന്നത്.
എന്താണ് ദിവാകരൻ ചേട്ടാ…. വിഷമിച്ചിരിക്കുന്നേ… ചായയില്ലായോ…
ഒരു ചായ കിട്ടിയിരുന്നെങ്കിൽ എന്നു
ജയൻ സ്റ്റയിൽ ഡയലോഗ് വിതറി
നെഞ്ചും തള്ളിച്ച് നിന്നു.
“മീനാക്ഷിയുടെ കാര്യമോർത്താണെങ്കിൽ ….. വേണ്ടാ…. അവളല്ലാ … തൂങ്ങിയത്… വേറാരോ ആണ്…. ചായയിടു ദിവാകരൻ ചേട്ടാ….”
ഹോ… ഒരൊറ്റച്ചാട്ടത്തിന് ദിവാകരൻ ചേട്ടൻ
അടുപ്പു കത്തിച്ചു. കട്ടൻ അനത്തി..
ശോകമൂകമായ രംഗം ചർച്ചയാൽ മുഖരിതമായി.. മീനാക്ഷിയിതെവിടെപ്പോയി എന്ന പ്രശ്നത്തിൽ ക്കുരുങ്ങി കട്ടനിറങ്ങാത്ത
തൊണ്ടകൾ ഗദ്ഗദിച്ചു…
അരക്കൻ പൗലോസു ചേട്ടൻ വിളിച്ചു പറഞ്ഞു … ഇന്നു ചായ എന്റെ വക .
എന്നിട്ടും കട്ടൻ ചായകളിൽ ഈച്ച വീണു ചത്തു.
മീനാക്ഷിയില്ലാത്ത ചായക്കട പരിപ്പുവടയും കട്ടൻ ചായയുമില്ലാത്ത പഴയ പാർട്ടി ആപ്പീസിലെപോലെ ചർച്ചകളെ ശുഷ്ക്കിപ്പിച്ചു. മീനാക്ഷിക്കുവേണ്ടി
നോവുന്ന രംഗത്തിലേക്കു പുതിയൊരു വിവരവുമായി കടപ്പുറത്തുന്നു മീനെടുത്തു കൊണ്ടുവന്നു വിൽക്കണ പരീതിക്കാ
തന്റെ അഭിമാന വാഹനത്തിൽ കുതിച്ചെത്തി. കൂടെ പുതിയൊരു വാർത്തയും .
കരിച്ചെറേലെ കാവൽപ്പുരയ്ക്കു പിന്നിലെ തോട്ടിറമ്പിൽ ഒരു ചെറുപ്പക്കാരന്റെ ശവം.
കണ്ണു രണ്ടും തൊരന്നെടുത്തിട്ടൊണ്ടെന്ന്
വലതുകാലും ഇടതുകൈയ്യും വേറെ കിടപ്പുണ്ടെന്നും .
ചെമ്മീൻകെട്ടിനു കാവൽ കിടക്കുന്ന ദാമോദരൻ ചേട്ടൻ ഒണന്നപാടേ വെളിക്കിരിക്കാൻ പോയപ്പ കണ്ടതാണത്രേ . അയാടെ അലർച്ച കേട്ടു വരമ്പേക്കൂടെ പോയവരു കണ്ടേച്ചുംവന്നു കടപ്പുറത്തു മീനെടുക്കാൻ വന്നപ്പോ പറഞ്ഞതാണെന്ന് പരീതിക്ക
ഇതെന്നാ കാലമാണെടോ എന്ന് , മരുമോളു കട്ടൻ കൊടുക്കാത്തതിനാൽ വടീം കുത്തിപ്പിടിച്ചു ഒരു കട്ടനടിക്കാൻ വന്ന
റിക്ഷാക്കാരൻ പരമുച്ചേട്ടൻ ആധിപ്പെട്ടു.
തുടരും
ആദ്യ ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക